Followers

Thursday, December 29, 2016

ഭൂമി കുലുക്കുന്നവർ

ഭൂമികുലുക്കിപക്ഷിയൊരെണ്ണം 
വാല് കുലുക്കിച്ചൊല്ലുന്നൂ 
"കണ്ടോ എന്നുടെ വാലിൻ തുമ്പിൽ 
ഞാന്നുകിടപ്പൂ ഭൂഗോളം 
വാലൊന്നാഞ്ഞു കുലുക്കും നേരം 
ഭൂമി കുലുങ്ങി വിറയ്ക്കുന്നൂ 
അമ്പട ഞാനേ അമ്പട ഞാനേ 
കണ്ടോ എന്നുടെ കേമത്തം!" 

അതു കേട്ടരിശം പൂണ്ടൊരു  മർത്യൻ 
കിളിയോടിങ്ങനെ ചൊല്ലുന്നൂ 
"എന്നുടെ പാദം കണ്ടിട്ടല്ലോ 
ഭൂമി ഭയന്നു വിറയ്ക്കുന്നൂ 
എന്നുടെ കാലിന്നടിയിലമർന്നാ-
ലുണ്ടോ ഭൂമി കുലുങ്ങുന്നു?
നിന്നുടെ വാലു ചുരുട്ടിക്കെട്ടി 
തോറ്റുമടങ്ങുക വേഗം നീ"

ഭൂമി കുലുങ്ങിച്ചിരിയൊടു ചിരിയീ 
തർക്കം കേട്ടു രസിച്ചയ്യോ 
ആടിയുലഞ്ഞു പതിച്ചാ  മർത്യൻ 
കേണുതുടങ്ങീ ദയനീയം 
"വമ്പില്ലെന്നുടെ കാലിൻ തുമ്പിൽ 
തെല്ലും,നിൻ കൃപയല്ലാതെ 
ചൊല്ലില്ലിങ്ങനെയില്ലാക്കഥയും 
വമ്പത്തരവും ഇനിമേലിൽ 
മെല്ലെയുയർത്തുക മണ്ണിന്നടിയിൽ 
നിന്നും എന്നുടെ പാദങ്ങൾ" 

വാലുകുലുക്കിപ്പക്ഷിയുയർന്നു 
പറന്നൊരു മൂളിപ്പാട്ടോടെ 
ഭൂമിയിലേക്കൊരു നോട്ടമെറിഞ്ഞു 
പറഞ്ഞൊരു കള്ളച്ചിരിയോടെ
"ആരാന്റമ്മയ്ക്കെങ്ങാൻ പ്രാന്ത് 
പിടിച്ചാൽ കാണാൻ ശേലല്ലേ! 
എന്തിനുമേതിനുമേറ്റുപിടിച്ചു 
നടക്കുന്നോർക്കിതു പതിവാണേ
കെണിയിൽ വീണു കിടന്നോളൂ നീ 
ഞാനെൻ പാട്ടിനു പോകട്ടെ."


Saturday, November 26, 2016

ശില്പവിസ്മയം







ഇത് സലാവത് ഫിദായ്. കൂട്ടുകാർക്ക് പലർക്കും ഈ മുഖം പരിചിതമായിരിക്കും. പ്രത്യേകിച്ചും ഈ വർഷത്തെ 
ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവം ഹൃദയത്തിലേറ്റിയവർക്ക്.
പ്രശസ്ത
നായ റഷ്യൻ മിനിയേച്ചർ ആർട്ടിസ്റ്റ് ആണ് നാൽപ്പത്തിരണ്ടുകാരനായ സലാവത്ത് ഫിദായ്.    ഈശ്വരൻ വാരിക്കോരിക്കൊടുത്ത സർഗ്ഗശേഷിയാൽ ഇദ്ദേഹം തൻറെ കലയുടെ ലോകം കൊത്തിയെടുക്കുന്നതാവട്ടെ, എഴുതുവാനും വരയ്ക്കുവാനും മാത്രം എന്ന് നമ്മൾ കരുതുന്ന സാധാരണ പെൻസിൽ മുനകളിലും. തൻറെ സൂക്ഷ്മമായ ശില്പചാതുര്യം കാട്ടി  കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് ഇദ്ദേഹവുമുണ്ടായിരുന്നു ഇക്കഴിഞ്ഞ മുപ്പത്തഞ്ചാമത്‌ ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയായ ഷാർജ എക്സ്പോ സെൻററിൽ.

ഈ കലാകാരൻറെ കരവിരുത് തെളിയിക്കുന്ന  പെൻസിൽതുമ്പുകളുടെ ചിത്രങ്ങൾ  ആലേഖനം ചെയ്ത   പുസ്തകോത്സവത്തിൻറെ തീം ബാനറുകളും ഭീമൻ പരസ്യ ബോർഡുകളും ഷാർജയിലെ റോഡുകളിൽ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ആ ചിത്രത്തിൻറെ പിന്നിലെ കഥ എന്താണെന്നറിയാൻ ഒരു ജിജ്ഞാസ തോന്നിയിരുന്നു. പിന്നീട് വന്ന പത്രവാർത്തകളിൽ നിന്ന് അണിയറയിലെ കലാകാരനെയും കലയെയും കുറിച്ച് വായിച്ചറിഞ്ഞു. അന്നേ ആഗ്രഹിച്ചിരുന്നു ഈ കലാകാരനെ നേരിട്ട് കാണണമെന്ന്. അങ്ങിനെയാണ് ഞങ്ങൾ എക്സ്പോ സെൻററിൽ ഇദ്ദേഹത്തെ അന്വേഷിച്ച് ചെന്നത്. 

ചെന്നപ്പോഴോ, കണ്ണും കയ്യും മനസും ഏകാഗ്രമാക്കി തൻറെ മുന്നിലെ മൈക്രോസ്കോപ്പ് ലെൻസിനടിയിൽ വച്ച പെൻസിൽ തുമ്പുകളെ   മൂർച്ചയേറിയ ഒരു ബ്ലേഡ് ഉപയോഗിച്ച്   സൂക്ഷ്മതയോടെ  പലവിധമായ  ശില്പങ്ങളാക്കി മാറ്റുന്ന ഒരു മാന്ത്രികനെയാണ്  കണ്ടത്. 



ചുറ്റുമുള്ള കണ്ണാടിക്കൂടുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പെൻസിൽ ഗ്രാഫൈറ്റ് ശിൽപ്പങ്ങൾ മാഗ്നിഫയിങ് ഗ്ലാസ്സിലൂടെ നോക്കിക്കാണുന്നവരുടെയൊക്കെ കണ്ണുകളിൽ വിസ്മയം നിറഞ്ഞു നിന്നിരുന്നു. ഫാൽക്കൺ, ലൈറ്റ് ബൾബ്, കപ്പും സോസറും, ഗിറ്റാർ, ആൾരൂപങ്ങൾ എന്നുവേണ്ട ചുറ്റിലും കാണുന്നതെന്തിനെയും തൻറെ പെൻസിൽ മുനകളിലേക്ക് ആവാഹിച്ച് ഭാവനയും സൂക്ഷ്മതയും സമ്മേളിക്കുന്ന സുന്ദരശില്പങ്ങളാക്കി മാറ്റാനുള്ള സലാവത്തിൻറെ കഴിവിനെ അത്ഭുതം എന്നേ വിളിക്കാനാവൂ.

ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ഞങ്ങളുടെ അഭ്യർത്ഥന വളരെ   സന്തോഷപൂർവ്വം സമ്മതിച്ച സലാവത്ത് ഫിദായ് ഞങ്ങളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള സന്മനസ്സും കാണിച്ചു. ഞാൻ ഒരു ആർട്ട് ടീച്ചറാണെന്ന് പരിചയപ്പെടുത്തിയപ്പോൾ
അദ്ദേഹത്തിൻറെ അച്ഛനും ഒരു ആർട്ട് ടീച്ചറായിരുന്നു എന്ന് ചിരിച്ചുകൊണ്ട്    മറുപടി. ശില്പി മാത്രമല്ല, ഒരു നല്ല ചിത്രകലാവിദഗ്ദ്ധന്‍ കൂടിയാണ് ഇദ്ദേഹം.
http://www.salavatfidai.com/ എന്നതാണ് അദ്ദേഹത്തിൻറെ വെബ് അഡ്രസ്സ്.

ഓർമ്മക്കായി ഒരു പെൻസിൽ ശിൽപ്പം എനിക്കും സ്വന്തമാക്കണം എന്ന മോഹം  ഓരോ ശിൽപ്പത്തിൻറെ  ചുവട്ടിലും കുറിച്ചുവച്ചിരിക്കുന്ന വില കണ്ട ഞെട്ടലിൽ ഞെട്ടറ്റുവീണു!! 2000 ഡോളർ മുതൽ മുകളിലേക്കാണ്  ഓരോന്നിനും വിലയിട്ടിരുന്നത്. തൽക്കാലം ഓർമ്മയിൽ സൂക്ഷിക്കാൻ   സലാവത്ത് ഫിദായ് എന്ന അതുല്യ കലാകാരനോടൊപ്പം എടുത്ത  ഫോട്ടോ മാത്രം മതിയെന്ന് സമാധാനിച്ച്  ഞങ്ങൾ അദ്ദേഹത്തോട് യാത്ര പറഞ്ഞു. 


Wednesday, November 16, 2016

'വെണ്മലയാളം' പ്രകാശിതമായി



പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കൾക്ക്,







'വെണ്മലയാളം' വെളിച്ചം കണ്ടിരിക്കുന്നു. ഈ ഭൂമിമലയാളത്തിന്  
സമർപ്പിക്കാൻ  
എന്റേതായി ഒരു കവിതാസമാഹാരം കൂടി.  2014 ൽ സീയെല്ലെസ് ബുക്സ് പുറത്തിറക്കിയ 'പഞ്ചഭൂതാത്മകം ബ്രഹ്മം' എന്ന ആദ്യ കവിതാസമാഹാരത്തിനു ശേഷം 2014 ആഗസ്തിനും  2016 ആഗസ്തിനും ഇടയ്ക്ക് എഴുതിയ 38 കവിതകളാണ് 'വെണ്മലയാളം'  എന്ന പുതിയകവിതാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  തൃശൂരിലെ അയ്യന്തോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ബുക്സ് ആണ് വെണ്മലയാളത്തിൻറെ പ്രസാധകർ. 


ഇക്കഴിഞ്ഞ ഒക്ടോബർ മാസം മുപ്പതാം തീയതിയാണ് പുസ്തകത്തിൻറെ ആദ്യപ്രതി കയ്യിൽ കിട്ടുന്നത്. മുപ്പത്തഞ്ചാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ (2016 November 2 to November 12) ഗ്രീൻ ബുക്സിൻറെ സ്റ്റാൾ വഴി പുസ്തകം ആദ്യമായി വിൽപ്പനയ്‌ക്കെത്തി. 

മേളയിൽ വച്ച് തന്നെ പുസ്തകത്തിൻറെ
ഔപചാരിക പ്രകാശനകർമ്മവും ലളിതമായ രീതിയിൽ നടത്താൻ കഴിഞ്ഞു എന്നത് ഈശ്വരകൃപയായി കാണുന്നു. പുസ്തകത്തിൻറെ കവർ പേജ് ചിത്രമായി ഉപയോഗിച്ചിരിക്കുന്നത് എൻറെ പ്രിയസഹോദരി ഗീത മുരളീധരൻറെ
ഓയിൽ പെയ്ന്റിംഗ് ആണ് എന്നത്
മറ്റൊരു സന്തോഷം.  


2016 നവംബർ മാസം എട്ടാം തീയതി, 
മുപ്പത്തഞ്ചാമത്‌ ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവം നടന്ന ഷാർജ എക്സ്പോ സെൻററിൽ വച്ചാണ് പുസ്തകത്തിൻറെ പ്രകാശനകർമ്മം നടന്നത്. ബഹുമാനപ്പെട്ട ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ വൈ. എ. റഹിം ആണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത മാധ്യമപ്രവർത്തകനും
യു. എ. ഇ യിലെ ആദ്യ മലയാള റേഡിയോ ആയ ഉം-അല്‍- കോയിന്‍ റേഡിയോയുടെ സ്ഥാപകരിൽ  പ്രധാനിയുമായ  ശ്രീ കെ. പി. കെ. വേങ്ങര പുസ്തകം ഏറ്റുവാങ്ങി. ഇരുവരും ചടങ്ങിൽ സംസാരിക്കുകയുണ്ടായി.   

പുസ്തകപരിചയം നടത്തിയത് 
മലയാളികളുടെ ഓൺ ലൈൻ
കൂട്ടായ്മയായ കൂട്ടം.കോമിൻറെ
സ്ഥാപകനും ഇക്കഴിഞ്ഞ
ഒക്ടോബറിൽ നിലവിൽ വന്ന
ഓ.എൻ.വി ഫൗണ്ടേഷൻ്റെ
ചെയർമാനുമായ
ശ്രീ എൻ. എസ്. ജ്യോതികുമാർ ആണ്. 

പലപ്പോഴായി എഴുതിയ മുപ്പത്തിയെട്ട് കവിതകളാണ് 'വെണ്മലയാളം' എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് പറഞ്ഞുവല്ലോ.   അക്കൂട്ടത്തിൽ മലയാളഭാഷയെ കുറിച്ചെഴുതിയ ഒരു കവിതയുടെ പേരായ 'വെണ്മലയാളം' എന്ന ശീർഷകം തന്നെ പുസ്തകത്തിനും സ്വീകരിച്ചത് മാതൃഭാഷയോടുള്ള ആദരവായിത്തന്നെയാണ്. കവിതകളിലെ വിഷയങ്ങൾ പ്രകൃതി വർണ്ണന, ആദരാഞ്ജലി, ആനുകാലിക സംഭവങ്ങൾ, ആക്ഷേപഹാസ്യം, ഭക്തി, തത്ത്വചിന്തകൾ, കുട്ടിക്കവിതകൾ എന്നിങ്ങനെ പലതാണ്. അവയെല്ലാം ഈണത്തിൽ എഴുതാനാണ് ശ്രമിച്ചിട്ടുള്ളത്.
കേരളം ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന 2016 നവംബർ മാസം തന്നെ വെണ്മലയാളത്തെ വെളിച്ചം കാണിക്കാനായത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സംതൃപ്തി നൽകിയ കാര്യമാണ്. മലയാളഭാഷയാകുന്ന പാലാഴിയിലേക്ക് വെണ്മയുടെ ഒരു ഒരു കുഞ്ഞുതുള്ളിയെങ്കിലും ഇറ്റിക്കാൻ 'വെണ്മലയാള'ത്തിന് കഴിയണമേ എന്നാണ് എൻറെ  പ്രാർത്ഥന. 

വെണ്മലയാളം പുസ്തകമായതിൻറെ നാൾവഴികളെ കുറിച്ചോർക്കുമ്പോൾ ഞാൻ പലരോടും കടപ്പെട്ടിരിക്കുന്നു. അതിലാദ്യം നന്ദി പറയേണ്ടത് ഞാൻ  കവിതകൾ ബ്ലോഗിൽ ഇടുമ്പോൾ അത് വായിക്കാനും അഭിപ്രായം അറിയിക്കാനും സമയം കണ്ടെത്താറുള്ള എൻറെ പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളോടാണ്. നിങ്ങളുടെ പ്രോത്സാഹനമാണ്  ഈ കവിതകളെ ഒരു പുസ്തകരൂപത്തിൽ ആക്കാൻ എനിക്ക് ധൈര്യം തന്നത്. 


പി.നാരായണക്കുറുപ്പ്സാറിൻറെ  അവതാരിക 

സിറിയക് സാറിൻറെ ആശംസ
പുസ്തകത്തിൻറെ അവതാരിക എഴുതാൻ ഏറ്റവും ആദരണീയനായ പി നാരായണക്കുറുപ്പ് സാറിനെ ലഭിച്ചത് മറ്റൊരു അനുഗ്രഹം. ആ അനുഗ്രഹത്തിന് കാരണക്കാരനായ ബിപിൻ സാറിനോടുള്ള കൃതജ്ഞത വാക്കുകളിൽ തീർക്കാനാവില്ല. എനിക്കും കുടുംബത്തിനും ഗുരുവും വഴികാട്ടിയും ആയ  ഞങ്ങളുടെ എത്രയും പ്രിയപ്പെട്ട സിറിയക് സാറിൻറെ ആശംസയ്ക്കും വാത്സല്യത്തിനും ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും. എഫ് ബി യിലെ എൻറെ സുഹൃത്തുക്കളും അല്ലാത്തവരുമായ വായനക്കാർ, അഭ്യുദയകാംക്ഷികൾ എല്ലാവരോടും ഈ വേളയിൽ പറയാൻ നന്ദി മാത്രം. ഗ്രീൻ ബുക്സിൻറെ മാർക്കറ്റിങ്ങ് മാനേജർ ശ്രീ ശ്രീനിവാസൻ, സബ് എഡിറ്റർ ശ്രീമതി ശോഭ എന്നിവരോടും നന്ദി പറയുന്നു. ഈ പ്രകാശനച്ചടങ്ങ് ഭംഗിയായി നടത്താൻ സഹായിച്ച പ്രിയമിത്രം ശ്രീകുമാർ, സന്തോഷ്, വേണു എല്ലാവർക്കും അകമഴിഞ്ഞ നന്ദി. 

വിദേശികൾക്ക് ഇവിടെ ഈ പ്രവാസഭൂമിയിൽ നിന്നുകൊണ്ട് അവരവരുടെ മാതൃഭാഷയെ പരിപോഷിപ്പിക്കാൻ അവസരങ്ങളൊരുക്കുന്ന യു എ ഇ ഭരണാധികാരികളുടെ, പ്രത്യേകിച്ചും ഷാർജ പ്രസിഡൻറ്  ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ  ഹൃദയവിശാലതയെ നമിക്കാതെ വയ്യ!

ഇതിനൊക്കെ പുറമേ ഈ ഷാർജ പുസ്തകോത്സവവേളയിൽ ലഭിച്ച കുറെയേറെ സുഹൃത്തുക്കൾ ഉണ്ട്. പേരെടുത്ത് പറഞ്ഞാൽ അത് വലിയ ലിസ്റ്റ് ആകും. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ കൂട്ടത്തിലുള്ളവരുടെ എല്ലാ അക്ഷരസംരഭങ്ങളിലും പങ്കാളികളാകാനും  തങ്ങളുടെ ഒത്തൊരുമ കൊണ്ട് അവയെ വേര് പിടിപ്പിക്കാനും വളർന്നുവരാനും എന്നും പ്രോത്സാഹിപ്പിക്കുന്നവർ. എഫ് ബി യുടെ ചുമരുകൾക്കുള്ളിൽ നിന്ന് പുറത്ത് വന്ന് ഒരു കൂട്ടായ്മയായവർ. പലരെയും ആദ്യമായി കാണുകയായിരുന്നു എങ്കിലും ഏറെ നാളത്തെ അടുപ്പം തോന്നിപ്പിച്ചുകൊണ്ടാണ് പലരും മേള കഴിഞ്ഞു പിരിഞ്ഞത്, വീണ്ടും ഒരുമിച്ച് കൂടാം എന്ന സന്തോഷവുമായി. അവരോരുത്തരുടെയും സൗഹൃദവും  സഹകരണവും ഈ പുസ്തകപ്രകാശനവേളയിൽ ഞാൻ അനുഭവിച്ചു. ഒരുപാട്  നന്ദി. ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മനോഹര ചിത്രങ്ങൾ പ്രവീൺ പാലക്കീൽ എന്ന സുഹൃത്ത് എടുത്തതാണ്.(https://www.facebook.com/praveenpnr)
പുസ്തകപ്രകാശനം നടന്നതിന്റെ അടുത്ത ദിവസം സി ഡി യുമായി ഒരാൾ ചിരിച്ചു കൊണ്ട് മുൻപിൽ. "ഇതാ ടീച്ചറിൻറെ പുസ്തകപ്രകാശനത്തിൻറെ ഫോട്ടോസ്" എന്ന് പറഞ്ഞുകൊണ്ട്. ഈ പുസ്തകമേളയിലുടനീളം പ്രവീണിൻറെ കയ്യൊപ്പ് പതിഞ്ഞ മനോഹര ഫോട്ടോകൾ അതിൽ പങ്കെടുത്ത ഓരോരുത്തർക്കും സൂക്ഷിച്ചുവയ്ക്കാനായി  സമ്മാനിച്ച പ്രവീൺ ഈ ദിവസങ്ങളെ അവിസ്മരണീയമാക്കി എന്ന് പറയാതെ വയ്യ. പ്രവീണിന് ഒരുപാട് നന്ദി. ശ്രീ നിസ്സാർ ഇബ്രാഹിമും തൻറെ ക്യാമറയിൽ പകർത്തിയ ഫോട്ടോകൾ അയച്ചുതരികയുണ്ടായി. തികച്ചും നിസ്വാർത്ഥമായ ഇത്തരം സൗഹൃദങ്ങൾ ലഭിച്ചു എന്നതാണ് ഈ പുസ്തകമേള എനിക്ക് തന്ന മറ്റൊരു പുണ്യം.

എൻറെ ഭർത്താവിനും മക്കൾക്കും കൂടി ഉള്ള നന്ദി കുറിക്കാതെ   അവസാനിപ്പിക്കാൻ വയ്യ. ഓരോ കവിതയും പിറക്കുന്നതിൻറെ മുന്നോടിയായി  എൻറെ ശ്രദ്ധ വേണ്ടത്ര പതിയാതെ  പോകുന്നത് അവരിലാണല്ലോ. അവരുടെ ഈ സഹനം തന്നെയാണ് എന്നും എനിക്കുള്ള തുണ.

പുസ്തകം വാങ്ങിച്ച എല്ലാവർക്കും എൻറെ നന്ദി. വാങ്ങലിൽ മാത്രം ഒതുക്കാതെ പുസ്തകം വായിക്കുകയും നിങ്ങളുടെ യോജിപ്പുകളും വിയോജിപ്പുകളും അറിയിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
വായനക്കാരുടെ അംഗീകാരം നേടുമ്പോൾ ആണ് ഏത് എഴുത്തും അർത്ഥ വത്തായിത്തീരുന്നത്. പുസ്തകം വായനക്കാർക്ക് എത്തിച്ചുകൊടുത്തുകഴിഞ്ഞാൽ രചയിതാവ്  പിൻവാങ്ങണം. ശേഷം  പുസ്തകത്തിൻറെ ഭാവി  തീരുമാനിക്കേണ്ടത്  വായനക്കാർ  ആണ്.

പുസ്തകം വാങ്ങുവാനും വായിച്ച് അഭിപ്രായം അറിയിക്കുവാനും ഈ അവസരത്തിൽ എൻറെ പ്രിയ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ഗ്രീൻബുക്സിൻറെ ഔറ്റ്‌ലെറ്റുകളിലും  അവരുടെ എക്സിബിഷൻ നടക്കുന്നിടത്തും പുസ്തകം ലഭ്യമായിരിക്കും. കൂടാതെ ഓൺലൈൻ സ്റ്റോർ വഴിയും പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്. പുസ്തകം ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന  contacts ഉപയോഗിക്കാവുന്നതാണ്.

Sreenivasan
Senior Manager, Marketing 
marketing@greenbooksindia.com
Mob: 8129097778

Green Books Online Store link:



പുസ്തകം വായിക്കപ്പെടുമെന്ന പ്രതീക്ഷയോടെ 
സ്നേഹപൂർവ്വം

ഗിരിജ നവനീതകൃഷ്ണൻ 
girijanavaneeth@gmail.com





Saturday, October 22, 2016

അപ്പുറം



കൂട്ടിക്കുറച്ചും ഹരിച്ചും പെരുക്കിയും 
കണ്ടെത്തി നാമെന്നുറപ്പിച്ചൊരുത്തരം 
കണ്ടു ചിരിക്കുന്നു തമ്പുരാൻ ഗൂഢമായ്,
ഇപ്രപഞ്ചത്തിൻ ഗണിതം കുറിച്ചവൻ !

തൊള്ളായിരത്തോളമാഗ്രഹമുള്ളത്തിൽ 
നുള്ളിയെറിയുവാനാകാതെ തുള്ളവേ  
ഉള്ളതു കൊണ്ടുള്ളടക്കം വരാഞ്ഞിട്ടു 
കൊള്ളുന്നു ഗദ്ഗദം തെല്ലുള്ള നേരവും 

തങ്ങളിൽത്തന്നെ കറങ്ങിത്തിരിഞ്ഞു നാം 
കൂപമണ്ഡൂകങ്ങളായിച്ചമഞ്ഞു പോയ്‌ 
കൂപത്തിൽ നിന്നു പുറത്തു കടക്കുവാൻ 
കാലപാശച്ചുരുൾ താനേയഴിയണം! 

എന്തെന്തു വേഷങ്ങളാടണം മായയാം 
വേഷങ്ങളൊക്കെയഴിഞ്ഞു വീഴും വരെ 
കാലത്തുണർന്നു മിഴിച്ചിടും കണ്‍കളാൽ 
കാണുവാനെന്തെന്തു കാഴ്ചകൾ ബാക്കിയോ!

"കണ്ടിടാം നാളെ"യെന്നുള്ളോരു വാക്കു കൊ-
ണ്ടിന്നു നാം  ചൊല്ലി യാത്രാമൊഴി  തങ്ങളിൽ 
കാണുമെന്നില്ലായുറപ്പിനി മേലിലെ-
ന്നാകിലും പാഴ്വാക്ക് ചൊല്ലുന്നു പിന്നെയും 

കാലം  കറക്കും കളിപ്പമ്പരമെത്ര 
നേരം കറങ്ങുമെന്നാരഞ്ഞീടുവാൻ!  
കാലൻ വരും വരെ നേരം കളയുവാ-
നെന്തെന്തു കാര്യങ്ങൾ ചിന്തിച്ചിടുന്നു നാം!

കാലമീരേഴുലോകം കടന്നെത്തിടും 
മുമ്പുപടിയാറുമേറിക്കഴിയണം  
കാലനും മായ്ക്കുവാനാകാത്ത ജീവിതം 
കൊണ്ടുനാം നമ്മൾക്കു സ്മാരകം തീർക്കണം. 


Thursday, October 20, 2016

വസന്തം (വിവർത്തനം)

[1567 ൽ  ജനിച്ച് 1593 ൽ നിര്യാതനായ വിവാദകവി ആണ് ഇംഗ്ലീഷ്കാരനായ തോമസ് നാഷ്. ലഘുലേഖകര്‍ത്താവ്‌(pamphleteer), കവി, നാടകകൃത്ത്, ആക്ഷേപഹാസ്യകാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച തോമസ് നാഷ് രാജ്യദ്രോഹക്കുറ്റമടക്കം പല വിവാദങ്ങളിലും ചെന്നുപെട്ട് കുപ്രസിദ്ധി ആർജ്ജിച്ച  വ്യക്തി കൂടിയായിരുന്നു. തോമസ് നാഷിൻറെ 'Spring' എന്ന ചെറു കവിത  ഓക്സ് ഫോർഡ് പുറത്തിറക്കിയ 'The Golden Treasury' (Palgrave's Golden Treasury of the best songs and lyrical poems in the English Language)  എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ആ കവിതയ്ക്ക് ഒരു പരിഭാഷ എഴുതാനുള്ള ശ്രമഫലമാണ്  'വസന്തം' എന്ന ഈ കവിത.

പരിഭാഷ എഴുതുക എന്നത് ക്ലേശകരമായ ജോലിയാണ്. മറ്റൊരു എഴുത്തുകാരൻറെ മനസ്സിലൂടെ കടന്നുപോവുക എന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട കർമ്മവും. എങ്കിലും എൻറെ ഭാവനാലോകത്തിന് വേണ്ടത്ര വ്യാപ്തി പോരാ എന്ന തിരിച്ചറിവിൽ അന്യഭാഷാ കവികളുടെ ഭാവനാലോകത്തിലേക്ക് ഒന്ന് അതിക്രമിച്ച് കടക്കാമെന്നും   അവയ്ക്ക് ഒരു പരിഭാഷ എഴുതാൻ ശ്രമിക്കാമെന്നും തോന്നി. ഇത് ഒരു വെറും ശ്രമം മാത്രമാണ്. ബാല്യദശയിലുള്ള ഒരു പിച്ച വയ്ക്കൽ.  എഴുത്ത് എന്ന ഭാവനാവിലാസത്തെ സ്നേഹിക്കുന്നതുകൊണ്ട് അതിൽ സ്വയം നന്നാവാനുള്ള വഴികൾ തേടുന്നതിൻറെ ഭാഗമായുള്ള ഒരു അഭ്യാസം! അത്ര മാത്രം]




Spring by Thomas Nash

Spring, the sweet spring, is the year's pleasant king,
Then blooms each thing, then maids dance in a ring,
Cold doth not sting, the pretty birds do sing:
     Cuckoo, jug-jug, pu-we, to-witta-woo!


The palm and may make country horses gay,
Lambs frisk and play, the shepherds pipe all day,
And we hear aye birds tune this merry lay:
     Cuckoo, jug-jug, pu-we, to-witta-woo!


The fields breathe sweet, the daisies kiss our feet,
Young lovers meet, old wives a-sunning sit,
In every street these tunes our ears do greet:
     Cuckoo, jug-jug, pu-we, to-witta-woo!
                Spring, the sweet spring!


വസന്തം

 ഋതുരാജനാം വസന്തം 
മൃദുഹാസമാർന്നണഞ്ഞു 
കുളിരുന്ന കാറ്റിനൊപ്പം 
വിടരുന്നു പൂക്കളെങ്ങും

ഋതുകന്യ നൃത്തമാടും 
കിളികൾ മദിച്ചുപാടും 
ഇഴചേർന്നിടുന്ന വിണ്ണിൽ  
കളകൂജനം മുഴങ്ങും 

കാലിക്കിടാങ്ങളെങ്ങും 
നവഹർഷമായലഞ്ഞും
ചിരിയാർന്ന ഗ്രാമഭംഗി 
പ്രസരിച്ചുയർന്നുവെങ്ങും 

ഇടയൻറെയീറ മൂളും 
ഹൃദയം തുളുമ്പുമീണം 
ചിറകിട്ടടിച്ചുപൊങ്ങും 
ഉയിരിൻ വസന്തമെങ്ങും 

വയലേല പൂത്തുലഞ്ഞും 
ഉന്മാദഗന്ധമാർന്നും 
പാദം മുകർന്നു പൂക്കൾ 
പകരുന്നു ചുംബനങ്ങൾ 

പ്രണയം നിറഞ്ഞുവിങ്ങും 
ഹൃദയങ്ങളെങ്ങുമെങ്ങും 
കൈകോർത്തു മെയ്‌ മറന്നും 
തമ്മിൽ പുണർന്നിടുന്നു 

കാന്തൻറെയോർമ്മ പൂക്കും 
കനവിൻ നിലാത്തുണ്ടുകൾ 
കാർവണ്ടിണകണ്ണിനാൽ 
നുണയുന്നു  കാമിനികൾ  

അലയിട്ടുയർന്നു പൂന്തേൻ 
ചൊരിയും വസന്തഗീതം  
നലമോടു  വീശിയെങ്ങും 
ഗ്രാമങ്ങളെങ്ങുമെങ്ങും 

പുതുപൂക്കളെന്നുമെന്നും 
വിരിയും സുഗന്ധകാലം 
ഹൃദയത്തിലെന്നുമെന്നും  
മധുരം വസന്തകാലം 

Wednesday, October 12, 2016

വീനസ് ഫ്ളൈട്രാപ്പ്

Google image














കണ്ടാൽ മനോഹരി, 
ചേതോഹരമിഴി 
നീണ്ടിടം പെട്ട കൺ-
പീലിയാൾ,ആരിവൾ?

കണ്ടുമോഹിച്ചു വ- 
ന്നെത്തിടും വണ്ടുകൾ
വീണുപോയാക്കട-
ക്കണ്ണിലെ  മായയിൽ 

നീണ്ട കൺപീലികൾ 
നീണ്ടു ദംഷ്ട്രങ്ങളായ് 
ചേർന്നടഞ്ഞുള്ളിലെ 
വണ്ടോ കെണിയിലായ്  

വീണ്ടും മിഴി തുറന്നു-
ള്ളിൽ ചതിയുടെ 
ശോണിമയാൽ  കട-
ക്കണ്ണെറിയുന്നവൾ 

കാട്ടുചെടി,യിര 
കാത്തു കിടപ്പവൾ, 
നോക്കിപ്പഠിച്ചുവോ 
നാട്ടുമനുഷ്യരും! 

Tuesday, October 4, 2016

ശലഭചിന്തകൾ



മരിക്കുമെന്നുറച്ചനാളുറഞ്ഞ മൗനമോടെ ഞാ-

നിരുന്ന വീട് വിട്ടു മേൽ പറന്നുപോയിടട്ടിനി.

സമാധിയിൽ കഴിഞ്ഞ നാൾ സമസ്തമസ്തമിച്ചതായ്

നിനച്ചു,വെൻറെ നാളുകൾ കഴിഞ്ഞുവെന്നു നിശ്ചയം

മരിച്ചതില്ല പിന്നെയോ, വിചിത്രമെൻറെ മേനിയിൽ

പൊടിച്ചുവന്നു പൂവിതൾ കണക്കെയീ  ചിറകുകൾ!

സമാധി തൻ ദിനങ്ങളിൽ സദാ മയക്കമാർന്നൊരെൻ

നനുത്ത മെയ്യിലാകവേ നിറം പകർന്നതാരൊരാൾ?!

പ്രതീക്ഷയറ്റു സർവ്വവും തകർന്നുവെന്ന ചിന്തയിൽ

നിലച്ചുപോയ പ്രാണനെയുയർത്തിവച്ച ദൈവമേ!

നമിച്ചിടുന്നു നിന്നെ ഞാൻ നയിക്കുകെന്നെയെന്നുമേ

നിലച്ചിടാത്ത നന്മയാൽ നിറയ്‌ക്കുകെൻറെ ലോകവും! 



To Watch on You Tube

Monday, August 29, 2016

രൂഢമൂലം

ശാസ്ത്രം പഠിച്ചു ഞാനെന്നുള്ള ഗർവ്വിലോ 
ഈശനെ തള്ളിപ്പറയുന്നു മാനുഷർ? 
ശാസ്ത്രമറിഞ്ഞോരു മർത്ത്യനൊരിക്കലും 
വാഴ്ത്താൻ  മടിക്കില്ലയീശനെ  നിശ്ചയം 
മർത്ത്യന്നതീതമായ് വാഴുന്ന ശക്തിയെ 
പേരെന്തു ചൊൽകിലും, മാനിച്ചിടും ബുധർ 

പൂവിൻ ദളങ്ങളെ യിത്രമേൽ ചേലില-
ങ്ങാരടുക്കീടുവാനിന്നീ പ്രകൃതിയിൽ 
പൂവിൻറെ ശാസ്ത്രം പഠിച്ചവനായിടാ 
ശൂന്യതയിൽ നിന്നലർ വിടർത്തീടുവാൻ 
ഭൂമി തൻ ശാസ്ത്രം പഠിച്ചവനും സ്വയം- 
ഭൂവായ് പിറക്കുവാനാകില്ല ഭൂമിയിൽ 

വൻവൃക്ഷമൊന്നു നാം നട്ടുവെന്നാകിലു-
മാദ്യത്തെ വിത്തിൻ പൊരുളെന്തതിശയം!
സൃഷ്ടിച്ചതാരെന്നറിയാത്ത വസ്തുവിൽ 
നിന്നു നാം സൃഷ്ടിച്ചിടുന്നു മറ്റൊക്കെയും
ആരുയിർ നല്കിയീ പാരിന്നപാരമാം 
പ്രാണൻ തുടിച്ചിടും പ്രാണികൾക്കാദ്യമായ്?

പേരറിയാത്തൊരാ  ശക്തിയാണീശ്വരൻ 
പേരെന്തു ചൊൽകിലും സത്യമാണീശ്വരൻ 
മൃത്യുവിലേക്കുള്ള പാതയിൽ നേർക്കുനേർ 
നിൽക്കവേ മുന്നിൽ തെളിഞ്ഞിടുമീശ്വരൻ 
അത്ര കാതം കടന്നെത്തുന്ന നാൾ വരെ-
ഗർവ്വിൻ സുധാകരം മൂടുന്നു മർത്ത്യനെ 

വാക്കുകൾ, വാളിൻ തലപ്പുകൾ  നാൾക്കുനാൾ 
മൂർച്ചയേറ്റിക്കൊണ്ടിരിന്നിടുന്നൂ  ചിലർ 
വെട്ടം പരത്തും വിളക്കു കെടുത്തിടും  
കെട്ട മനുഷ്യരിരുട്ടു പരത്തിടും 
താനാണ് സർവ്വവുമെന്നു ശഠിപ്പവൻ 
മൂഢനല്ലാതെ മറ്റാരുവാനീ വിധം?




Friday, July 29, 2016

വൈക്രാന്തം




അത്രമേലാശിച്ചുവാ ക്രാന്തദർശിയാ-
മബ്‌ദുൾകലാമിനെക്കാണുവാനന്നു ഞാൻ
മൃത്യു, ഹാ! കഷ്ടമെൻ മോഹം തകർത്തൊരു
നിഷ്ഠയില്ലാതെയാ ജീവൻ കവർന്നുവോ?
മന്നിൽ മനുഷ്യനായ് വന്നുജനിച്ചൊരു
വജ്രനക്ഷത്രമേയങ്ങേക്കു വന്ദനം!
സാർത്ഥകമാകുമാ ജീവിതദർശനം
പൂർണ്ണതയോടെയനുഭവിച്ചീടുവാൻ
ഭാഗ്യമില്ലാതെയായ്പ്പോയീ ജനത്തിനും
മത്സരമില്ലാതൊഴിഞ്ഞു നീ നിൽക്കയാൽ
ഭാരതത്തിൻ പുതുനാമ്പുകൾക്കെത്ര മേ-
ലൂർജ്ജം പകർന്നില്ലയാനല്ല  ജീവിതം!
വാക്കുകൾക്കുള്ളിലുൾപ്രേരണയായിടും
തീക്കനലെന്നും കെടാതെ സൂക്ഷിച്ചൊരാൾ!
കത്തുന്നു  സൂര്യന്‍റെ സ്വർണക്കതിരുപോൽ
ഇന്ത്യതൻ നെഞ്ചിലാവാക്കുകൾ ജ്വാലയായ്
"നിദ്രയിൽ കാണ്മതിൻ പേരല്ല, പിന്നെയോ,
സ്വപ്നമെന്നാൽ നിദ്ര മായ്ക്കുന്നൊരഗ്നിയാം"
കുഞ്ഞുമനസ്സുകൾക്കഗ്നിച്ചിറകുകൾ
തുന്നിപ്പിടിപ്പിച്ച മാന്ത്രികനെങ്ങുപോയ്?
കർമ്മനിരതമാം ജീവിതം കൊണ്ടൊരു
ധർമ്മശാസ്ത്രം വിരചിച്ച മഹാമതേ!
കണ്ണികൾ മെല്ലെയിണക്കുന്ന വിദ്യപോൽ
കുഞ്ഞിനെപ്പോലൊരു പുഞ്ചിരി തൂകി നീ
വിണ്ണിൽ നിന്നൊന്നു തൊടുക്കുമോ ഭൂമിയിൽ
സൗഹൃദം നീളേ വിതറുന്ന  പേടകം?!

Monday, July 18, 2016

എൻ്റെ തൃപ്രയാർ












തീവ്രാനദിക്കരെ വാണരുളീടുമെൻ 
തൃപ്രയാറപ്പനെക്കണ്ടുവണങ്ങണം 
ദ്വാരകയാഴിയിലാഴ്ന്നതിൻ മുൻപു  ശ്രീ-
കൃഷ്ണൻ ഭജിച്ചോരു വിഗ്രഹം കാണണം 

രാക്ഷസനാം  ഖരൻ തന്നോടു  യുദ്ധവും 
വെന്നമരും  രാമപാദം നമിക്കണം  
വില്ലും ശരങ്ങളും ശംഖചക്രങ്ങളും 
ഹാരവുമേന്തിടും ബാഹുക്കൾ കാണണം 

ചന്ദനം ചാർത്തിയ സുന്ദരരൂപമെൻ 
ചിന്തയിൽ   സന്തതം ശാന്തിയേകീടണം  
നാരായണൻ, ചതുർബാഹുവാം തേവരെൻ 
മോഹങ്ങളിൽ നിന്നുമുക്തി നല്കീടണം 

അഞ്ജനക്കല്ലിലെചിന്മയരൂപമെൻ
ആത്മാവിലെന്നും തെളിഞ്ഞുനിന്നീടണം 
ആഞ്ജനേയൻ തൻറെ ശ്രീരാമഭക്തിയിൽ  
ആറാടിനിൽക്കുമോരമ്പലം ചുറ്റണം 

പൊട്ടും കതിനകൾക്കൊപ്പമെന്നുള്ളിലെ 
തെറ്റായചിന്തകൾ കെട്ടുപോയീടണം 
രാമത്തുളസിത്തളിരു പോലെന്നുടെ 
ജന്മവും ദിവ്യഗന്ധം വഹിച്ചീടണം 

നിൻപുണ്യപാദാരവിന്ദത്തിലർച്ചിച്ച 
ധന്യയാം താമരപ്പൂവിതളെന്ന പോൽ 
ശ്രീരാമചന്ദ്രാ നമിക്കുന്നു നിൻപാദ-
യുഗ്മങ്ങളെന്നുമെൻ ചിത്തത്തിലേറ്റി ഞാൻ!   

Thursday, July 14, 2016

ഇടപ്പിള്ളി ട്രോൾ !


ഈ അടുത്ത കാലം വരെ കേരളത്തിലെ ഇടപ്പിള്ളി എന്ന സ്ഥലനാമം കേൾക്കുമ്പോൾ മനസ്സിൽ തോന്നിയിരുന്ന വികാരങ്ങൾ, സ്നേഹത്തിനെ കുറിച്ചുള്ള അനശ്വര കാവ്യങ്ങൾ മലയാളി സമൂഹത്തിൻറെ ചുണ്ടിലും മനസ്സിലും പതിപ്പിച്ചുവച്ച ഇടപ്പിള്ളി രാഘവൻ പിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നീ കവികളോടുള്ള സ്നേഹവും ആദരവുമായി ഇട കലർന്നതായിരുന്നു. എന്നാൽ ഇന്ന് ഇടപ്പിള്ളി എന്ന് കേൾക്കുമ്പോൾ ഈ പ്രദേശം കടന്ന് യാത്ര ചെയ്യേണ്ടവരുടെ മനസ്സിൽ തോന്നുന്നത് കടുത്ത അമർഷവും ദേഷ്യവും മനം മടുപ്പും മാത്രം.
രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ലുലു മാൾ എന്ന വൻ പ്രസ്ഥാനം ഇന്ന് അത്യാവശ്യ യാത്രകൾക്കായി വീടുകളിൽ നിന്ന് ഇറങ്ങിത്തിരിക്കുന്ന ജനങ്ങൾക്ക് ഉണ്ടാക്കുന്ന ദുരിതവും കടുത്ത പിരിമുറുക്കവും എത്രയാണെന്ന് പറഞ്ഞറിയിക്കുക വിഷമം. യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന വിധം മണിക്കൂറുകളോളം അവരെ വഴിയിൽ കുടുങ്ങിക്കിടക്കാൻ ഇട വരുത്തുന്ന തരത്തിൽ ഈ മാളിന് ഈ സ്ഥലം തന്നെ അനുവദിച്ചുകൊടുത്തതിന് ആർക്കാണ് ഉത്തരവാദിത്തം? പണി തുടങ്ങിവച്ച കാലങ്ങളിൽ പറഞ്ഞുകേട്ടത് ആ പ്രദേശത്തെ ട്രാഫിക്കിനെ ബാധിക്കാത്ത തരത്തിൽ ഫ്‌ളൈ ഓവറോ പാലമോ മറ്റോ കെട്ടിക്കൊടുക്കാൻ പൈസ മുടക്കുന്നവർ തയ്യാറായിരുന്നു എന്നാണ്. അതിന് അന്ന് ഇടംകോലിട്ടത് ആരൊക്കെയാണ് എന്നും നിശ്ചയമില്ല. എന്തായാലും വർഷങ്ങൾ മുന്നോട്ട് പോകും തോറും ഈ യാത്രാദുരിതം കൂടിവന്നുകൊണ്ടിരിക്കുന്നു.

അയൽ സംസ്ഥാനത്തു പഠിക്കുന്ന മകൻ അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കഴിഞ്ഞ ദിവസം ആറരയ്ക്ക് ആലുവ ബൈപാസിൽ എത്തേണ്ട കോച്ച് ബസിന് കാത്തുനിന്നു. ആറ് മണിക്ക് വൈറ്റിലയിൽ നിന്നു പുറപ്പെട്ട ബസ് ലുലുവിന്റെ മുന്നിലെ വാഹന കുരുക്കിൽ പെട്ട് ചക്രശ്വാസം വലിച്ച് ആലുവ ബൈപാസിൽ എത്തുന്നത് രാത്രി എട്ടരയോടടുത്ത്. ഈ രാത്രി നേരമത്രയും ആ ബസിൽ പോകാനായി വന്നവർ വഴിയരികിലെ ഷെഡിൽ പൊരിഞ്ഞ മഴയത്ത് സ്വയം ശപിച്ചും പ് രാകിയും നിൽക്കുമ്പോൾ അവിടെ ലുലുമാളിൽ ഡിസ്‌കൗണ്ട് സെയിൽ മഹോത്സവം പൊടിപൊടിക്കുകയായിരുന്നു. ഇതുപോലെ മുന്നോട്ടുള്ള സ്റ്റോപ്പുകളിൽ ഈ ബസിനായി കാത്തുനിന്നവരിൽ വൃദ്ധരും പെൺകുട്ടികളും ഒക്കെ കണുമായിരുന്നിരിക്കാം. ഇതുപോലെ നിത്യേന എത്ര അനുഭവങ്ങൾ. ലുലുവിൽ ഡിസ്‌കൗണ്ട് സെയിൽ എന്ന് കേട്ടാൽ അതുവഴി പതിവായി ജോലിക്കും, പഠിക്കാനും, മറ്റ് അത്യാവശ്യങ്ങൾക്കായും മറ്റും പോകുന്നവർക്ക് സ്വതവേ ഉള്ള മാനസിക സംഘർഷം അതിൻറെ ഉച്ചകോടിയിൽ എത്തും. ടാക്സിക്കാരേയും ഓട്ടോക്കാരേയും ആ വഴിയ്ക്കു ഓട്ടം വരാൻ സമ്മതിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.

അന്യ ജില്ലകളിൽ നിന്ന് മാത്രമല്ല , അന്യ സംസ്ഥാനത്തു നിന്നു വരെ ഈ ലുലു എന്ന ഊരാക്കുടുക്കിനെ കാണാൻ ജനങ്ങൾ എത്തുന്നുണ്ട് എന്നു ഞാൻ പറയുമ്പോൾ അത് ലുലു മാളിന് വേണ്ടിയുള്ള ഒരു പരസ്യവാചകമായല്ല എടുക്കേണ്ടത്. മറിച്ച് ഒരു നഗരത്തിലെ മൊത്തം വാഹനനീക്കത്തിന് ഹാനിയായി തീരുന്നു എന്നറിഞ്ഞിട്ടും ഒരു മനഃസാക്ഷിക്കുത്തും ഇല്ലാതെ കണ്ണുമടച്ച് ഇരിക്കാൻ ഇതിൻറെ തലപ്പത്തിരിക്കുന്നവർക്കും ഈ വകുപ്പെല്ലാം കൈകാര്യം ചെയ്യേണ്ടതായ സർക്കാർ അധികാരികൾക്കും എങ്ങിനെ കഴിയുന്നു എന്ന നിരാശയോടെയാണ് പറയുന്നത്. (കഴിഞ്ഞ മന്ത്രിസഭയിലെയും ഈ മന്ത്രിസഭയിലെയും ഇനി വരാനിരിക്കുന്ന മന്ത്രിസഭകളിലെയും മുഴുവൻ അധികാരികളെയുമാണ് ഉദ്ദേശിച്ചത്) .

കൊച്ചി മെട്രോയുടെ പണി ആണ് എല്ലാ വാഹന കുരുക്കുകൾക്കും കാരണം എന്നു പറഞ്ഞ് എല്ലാ പഴിയും അവരുടെ തലയിൽ കെട്ടി വയ്ക്കാനാണ് പലരുടെയും ശ്രമം. നാടിൻറെ പൊതുവിലുള്ള വികസനത്തിനായി ഉള്ള ഒരു പ്രധാന ചുവടുവയ്പ്പായ മെട്രോയുടെ പണി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് നേരിടുമ്പോഴും ജനത്തിന്റെ മനസ്സിൽ ഒരു പ്രതീക്ഷയുണ്ട്. ഇതിൻറെ പണി കഴിഞ്ഞാലുള്ള യാത്രാ സൗകര്യങ്ങളെ കുറിച്ച്. ഒരു പ്രദേശത്തിൻറെ മുഴുവനും അടിസ്ഥാന യാത്രാ സൗകര്യമാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. അതും പൊതുജനത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിൽ ബദ്ദശ്രദ്ധരാണ് ഇതിൻറെ തലപ്പത്തുള്ളവർ. ബുദ്ധിമുട്ടിൻറെ അളവ് ഇതിലും കുറച്ചുകൊണ്ട് മെട്രോയുടെ പണി മുന്നോട്ടു കൊണ്ടുപോകാൻ നമ്മുടെ നാട്ടിലെ ഇന്നത്തെ അടിസ്ഥാന സൗകര്യങ്ങൾ അനുസരിച്ച് സാധിക്കില്ല തന്നെ. എങ്കിലും പണി കഴിയുന്ന മുറയ്ക്ക് മെട്രോ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തീരും എന്നൊരു പ്രതീക്ഷയുണ്ട്. എന്നാൽ ഈ ലുലു മാൾ മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ നിന്ന് എങ്ങിനെ രക്ഷപ്പെടും?

അത്യാസന്ന നിലയിൽ ആശുപത്രിയിലേയ്ക്ക് ചികിത്സയ്‌ക്കോ പ്രസവത്തിനോ അല്ലെങ്കിൽ വിമാനത്താവളത്തിലേക്കോ, പരീക്ഷകൾക്കോ ഒക്കെയായി വീട്ടിൽ നിന്ന് തിരിക്കുന്നവരുടെ മനസ്സിൽ ലുലു മാളിന് വഴിയിൽ നേരിടാനുള്ള ഒരു ഭീകര രാക്ഷസൻറെ രൂപമാണ്. ഈ മാൾ ഇവിടെ പ്രവർത്തനം ആരംഭിച്ച ശേഷം ഇതിലൂടെയുള്ള യാത്ര എത്ര ദുരിതപൂർണമാണ് എന്ന് അനുഭവസ്ഥർക്ക് ഏവർക്കും അറിയാം. ഇതുമൂലം പാഴായിപ്പോകുന്ന ഇന്ധനത്തിനും മനുഷ്യൻറെ സമയത്തിനും ഒരു വിലയുമില്ലേ? ടൗൺ പ്ലാനിംഗിൻറെയും മറ്റും ചുമതല വഹിക്കുന്നവർ ഇത്തരം വരുംവരായ്കകളെ കുറിച്ചൊക്കെ ആഴത്തിൽ പഠിച്ച ശേഷമല്ലേ ഇതുപോലുള്ള വൻ പ്രസ്ഥാനൾക്കൊക്കെ സ്ഥലം അനുവദിക്കാവൂ.

കാര്യം, ഞാനും മുൻപ് ആഹ്ലാദപൂർവ്വം പറഞ്ഞിട്ടുണ്ട്, ലുലുവിലേയ്ക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് അധിക ദൂരമില്ല എന്ന്. ലുലു മാളിൽ പോയി സന്തോഷത്തോടെ ഷോപ്പിംഗ് നടത്തിയിട്ടുമുണ്ട്. പക്ഷെ നിത്യേനയുള്ള ഈ യാത്രാദുരിതം കാണുമ്പോൾ ഒരു വീണ്ടുവിചാരം, ബന്ധപ്പെട്ടവർ ഈ ഗതാഗതക്കുരുക്കിന് ഒരു പരിഹാരം കാണുന്നത് വരെ എൻറെ ഷോപ്പിംഗ് ഇനത്തിൽ ഒരു നയാപൈസ പോലും ഇടപ്പിള്ളിയിലെ ഈ മാളിൻറെ പണപ്പെട്ടിയിൽ ഇടില്ല എന്ന്. എൻറെ ഒരാളുടെ പോക്കറ്റിലെ പൈസ കിട്ടാഞ്ഞാൽ ലുലു പാപ്പരാകും എന്ന അതിമോഹമൊന്നും എനിക്കില്ല. എന്നാലും ഇങ്ങനെയെങ്കിലും പ്രതികരിക്കുന്നത് മനസ്സിലെ അമർഷം അടക്കാനെങ്കിലും ഉപകരിക്കും എന്ന് തോന്നുന്നു. ഒരു നിസ്സഹകരണപ്രസ്ഥാനം, അത്ര മാത്രം.താത്പ്പര്യമുള്ളവർക്ക് പരീക്ഷിക്കാം.

ശ്രീ യൂസഫ് അലി അവർകളോട് ഒരു വാക്ക്...

താങ്കളോട് തികഞ്ഞ ബഹുമാനമാണുള്ളത്. ജീവിതത്തിലുടനീളം കടുത്ത പരിശ്രമത്തിലൂടെ താങ്കൾ നേടിയെടുത്തിട്ടുള്ള വിജയങ്ങൾ എല്ലാവർക്കും ഉണർവ് നല്കുന്നതാണ്. താങ്കളുടെ പ്രധാന സ്ഥാപനമായ ലുലു ഞങ്ങൾ വിദേശമലയാളികളുടെ ജീവിതത്തിൻറെ ഒരു ഭാഗം തന്നെയാണ്. ഒരു വൻ മലയാളി സമൂഹത്തിനും മറ്റൊരുപാട് രാജ്യക്കാർക്കും തൊഴിൽ എന്ന കിട്ടാക്കനി നൽകിയ വൻവൃക്ഷമാണ് ശ്രീ യൂസഫ് അലി എന്നതും വളരെ വലിയ കാര്യം. അങ്ങിനെയുള്ള താങ്കൾ ജനങ്ങളുടെ ഇത്തരം ദുരിതങ്ങൾക്ക് ഒരു കാരണക്കാരനാകണം എന്ന വിചാരം വച്ചുപുലർത്തുകില്ല എന്നു തന്നെ ഉറച്ച് വിശ്വസിക്കുന്നു.
ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും അധികാരികളുമായി താങ്കൾ പുലർത്തിപ്പോരുന്ന നല്ല ബന്ധം നാട്ടുകാർക്ക് പലപ്പോഴും തുണയായിട്ടുണ്ട്. ആ നല്ല ബന്ധം ഉപയോഗിച്ച്, ജനത്തിനെ വലയ്ക്കുന്ന ഈ തലവേദനയ്ക്ക് ഒരു പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

Monday, July 11, 2016

യു എ ഇ യിൽ നിന്നുള്ള  മലയാളം ചാനൽ ആയ NTV  ഇക്കഴിഞ്ഞ ജൂൺ ആറാം തീയതി ടെലികാസ്റ്റ് ചെയ്ത മിഴിയോരം പരിപാടിയിൽ ഉൾപ്പെടുത്തിയ അഭിമുഖത്തിൻറെ യു ട്യൂബ് ലിങ്ക്   .  ഈ അവസരം തന്നതിന് NTV യോട് പ്രത്യേകം നന്ദി.

NTV UAE Mizhiyoram June 6, 2016 Interview with Girija Navaneethakrishnan

Monday, June 27, 2016

സായാഹ്നഗീതം




ഒരു വിരൽത്തുമ്പിന്നരികെ നീയുണ്ടെന്ന 
തോന്നലിൽ കാലം കടന്നു പോകെ 
പറയുവാൻ നേരമില്ലാതെ നാം മാറ്റി വ-
ച്ചൊന്നല്ലൊരായിരം കുഞ്ഞു കാര്യം 

അരികിലായ് തന്നെയിരിക്കയാലെപ്പൊഴും 
കരഗതമെന്നു നിനക്കയാലെ 
പലകുറി മാറ്റി വച്ചീടുന്നു പങ്കു 
വച്ചീടുവാനാഞ്ഞൊരു ചിന്തകളും 

ഒരു ദിനം തീർന്നു തളർന്നിരവിൻ മടി 
മേലെ മയങ്ങിയുണർന്നിടുമ്പോൾ 
മറവി തൻ  മൂടൽമഞ്ഞാകെ പുതയുന്നു, 
പറയാതെ ചിന്തകൾ മാഞ്ഞിടുന്നു 

കരുതലായ് നീയെന്നുമരികിലുണ്ടെന്നു 
ഞാൻ കരുതിയെൻ നിദ്രയിൽ വീണുപോകെ 
ഒരു നാളമണയുന്ന പോലെ നാമൊരുദിനം   
നിദ്രയിൽ നിന്നുണരാതെ വന്നാൽ 

പറയാതെ,യറിയാതെ തമ്മിൽ ചൊരിയാതെ 
യൊരുവേള പാഴായിടാം വാക്കുകൾ 
ഇട മുറിയാതൊരു മഴ വന്നു പോവുകി-
ലൊഴുകിമാറാം കരിമേഘ ജാലം 

ഒരു തരി നേരവും കളയുവാനില്ല നി-
ന്നരികിലായ് തന്നെയിരുന്നിടട്ടെ 
ഇനിയോരൊഴിവും പറയൊല്ല നാ,മിതു 
ജീവിതത്തിന്നിടവേളയല്ലേ 

ഇളവെയിൽ തീർന്നുവെന്നിതുവഴി  
വന്നോരിണക്കിളി തൻ മൊഴി കേട്ടതല്ലേ 
പലകുറി പറയുവാനോർത്തു മറന്നൊരാ 
പഴയ കാര്യങ്ങൾ പരതിടട്ടെ 

വിരൽ തൊട്ടു നിൽക്കവേയിഴ ചേർന്നു നിന്നിടും 
മധുരമാമോർമ്മകൾ പൂവിടട്ടെ 
ജര വന്നു മൂടിയെന്നാകിലും പ്രണയമേ 
യിനിമയെന്നും നമുക്കിടയിലില്ലേ! 

മരണമേയൊരു വേളയരികത്തു വന്നെന്നെ 
യരുമയായ് തട്ടി വിളിച്ചിടുമ്പോൾ
പ്രിയനോടുരിയാടി മതി വന്നിടാത്തൊരെൻ 
മൊഴി മുഴുമിക്കാനിട തരണേ 

കരതലം ചേർത്തു പിടിച്ചു 'വിട'യെ-
ന്നുരയ്ക്കും വരേക്കൊന്നു കാത്തിടേണേ... 
അതുവരെ കണ്ടു മതി മറന്നങ്ങു നീ
മരണമേ വഴി മാറി നിൽക്കുകില്ലേ?

Thursday, May 26, 2016

ശൂന്യതയ്ക്ക് മുൻപ്


കണ്ണുചിമ്മിത്തുറന്നിടും വേഗത്തിൽ 
വന്നുപോകുന്നിതോരോ ദിനങ്ങളും 
ഇന്നു നേരം പുലരുന്നതിൻ മുമ്പു  
വന്നണയുന്നു സന്ധ്യതൻ രശ്മിയും 
നേരമാരെയും കാത്തിടാതങ്ങിനെ 
മിന്നൽവേഗത്തിലല്ലോ കുതിക്കുന്നു 
ഒട്ടുവിശ്രമമില്ലാതെയിങ്ങനെ 
ചുറ്റിടുന്നുവീ ഭൂമി നിരന്തരം 

സൂര്യനെ വലംവയ്ക്കുന്ന ഭൂമിതൻ 
ആയമൊന്നിനൊന്നേറി വന്നിട്ടൊരു 
നാളതിന്നച്ചുതണ്ടിൽ നിന്നൂറ്റമോ-
ടൂരിയെങ്ങാൻ  തെറിച്ചുവീണീടുമോ?! 
ഉൽക്കയായി നാം കത്തിക്കരിയുമോ?!
വായുവില്ലാത്ത ലോകത്തിലെത്തുമോ?!
എത്ര കോടി പ്രകാശവർഷംകട-
 ന്നെങ്ങുചെന്നു പതിക്കുമോ ഗർത്തമായ്?

എന്തൊരത്ഭുത ഗോളമീ ഭൂമിതൻ 
പുറം പറ്റിനിൽക്കുന്നു കീടങ്ങൾ നമ്മളും! 
എത്ര കോടി യുഗങ്ങളായീ ദിശ 
തെറ്റിടാതെ കറങ്ങുന്നു മേദിനി
ദിശ തെറ്റി നീങ്ങുന്ന മാനവരാശിയെ 
തണ്ടിലേറ്റി വലിച്ചുകൊണ്ടീ വിധം... 
ഓർക്കുകിൽ ചിത്രമെത്രയുമൊക്കെയും 
ശൂന്യതയ്ക്കു മുമ്പുള്ളോരു കാഴ്ചകൾ!! 
ശൂന്യതയ്ക്കു മുമ്പുള്ളോരു കാഴ്ചകൾ!! 


Thursday, May 19, 2016

നഷ്ട സുഗന്ധങ്ങളിലൂടെ



എങ്ങു നിന്നുയരുന്നിതു പൂമണം
വന്നു തിങ്ങി നിറയുന്നുവോർമ്മയിൽ
പണ്ടു മുറ്റത്ത് വെൺമെത്ത തീർത്തൊരാ 
പാരിജാതം പൂ വിതറിയോ പിന്നെയും?

വെള്ളി നക്ഷത്രമെല്ലാമടർന്നൊരു 
കുഞ്ഞു കാവിൻറെ  മണ്ണിലേക്കൂർന്ന പോൽ 
പൊന്നിലഞ്ഞി തൻ പൂക്കളേ വീണ്ടുമീ 
വിണ്ട മണ്ണിൻറെ മാറിൽ ചിതറിയോ?

ചൂതമൊന്നിനെ ചുറ്റിപ്പടർന്നൊരു 
മുല്ല വള്ളിയിൽ പൂത്ത പ്രണയമേ 
വെണ്ണിലാവിൻറെ പന്തലിൽ നിങ്ങൾ തൻ 
മംഗലമിന്നു വീണ്ടും നടന്നുവോ?

പച്ചിലച്ചാർത്തിലെത്ര  പവിത്രമാം  
ഗന്ധമേറ്റിടും രാമത്തുളസികൾ 
സന്ധ്യനേരത്ത്‌ ദീപം കൊളുത്തുവാൻ 
മൺ വിളക്കുമായ്‌ വന്നു വിളിച്ചുവോ?

ചെമ്പവിഴമിട കലർന്നുള്ളൊരു 
വെള്ളമുത്തിൻറെ മാലയും ചാർത്തിയാ  
പൊൻപവിഴമല്ലിച്ചെടി  പൂത്തതിൻ 
ഗന്ധമുള്ളൊരു ചിന്ത പരന്നുവോ?

പാതിരാവിലും കണ്ണു ചിമ്മാതെയ-
ന്നാറ്റുനോറ്റിരുന്നോരോ ദളങ്ങളും 
മെല്ലെ മെല്ലെ വിടർത്തിയ  വശ്യയാം 
വെൺ നിശാഗന്ധി തന്നുടെയോർമ്മയോ? 

ദൂരെയുള്ളൊരു വീടിൻ തൊടിയിലെ 
ചെമ്പകം പൂത്തുലഞ്ഞുവെന്നുള്ളൊരു 
ദൂതുമായ്‌ വന്ന തെന്നലിൻ മഞ്ചലെ-
ങ്ങാനുമീ  വഴി പിന്നെയും വന്നുവോ?

പണ്ടു കേട്ടൊരു യക്ഷിക്കഥയിലെ 
പാല പൂത്തതിന്നുന്മാദ ഗന്ധമോ 
ജെണ്ടുമല്ലിയിൽ  ചുണ്ടമർത്തീടവേ 
നാസികത്തുമ്പിലൂർന്നൊരാ ഗന്ധമോ?

ഭൂതകാലത്തിനോർമ്മ തൻ പൂവുകൾ 
പൂത്തു നിൽക്കുന്ന പാതയിലൂടവേ 
കാവ്യദേവത പോയിവന്നീടവേ 
കൊണ്ടുവന്നതാണിന്നീ പരിമളം 
കൊണ്ടു തന്നതാണിന്നീ പരിമളം.