Saturday, October 17, 2015

നാട്ടുപൂക്കൾ


മുക്കുറ്റി
ഗൂഗിൾ ചിത്രം


കുഞ്ഞുതെങ്ങെന്ന പോൽ നീളെ മുക്കുറ്റികൾ 
തിങ്ങും തൊടികൾക്കിതെന്തു ചന്തം!
സംയുക്ത പത്രങ്ങൾ വൃത്തമൊത്തങ്ങനെ 
ഭൂമി മേൽ  പച്ചക്കുട കണക്കെ 

അക്കുടയ്ക്കുള്ളിൽ നിന്നെത്തി നോക്കീടുന്നു 
കുഞ്ഞുമഞ്ഞപ്പൂക്കളിമ്പമോടെ 
ശാലീന ഗ്രാമീണ ദേവത തന്നുടെ 
നാസിക തന്നിൽ മൂക്കുത്തി പോലെ!

നില വിട്ടു പൊങ്ങിടാത്തെങ്ങു പോലുള്ളതി-
നാൽ 'നിലംതെങ്ങെ'ന്നുമുണ്ടൊരു പേർ 
ഔഷധപൂരിത പുഷ്പദശങ്ങളി-
ലൊന്നിവളഞ്ചിതൾ പൂവുള്ളവൾ 

ഇദ്ദശ പുഷ്പമണിഞ്ഞു തരുണിക-
ളുല്ലസിക്കും തിരുവാതിര നാൾ 
കർക്കിടക പ്പഞ്ഞമാസത്തിലും മുടി-
ച്ചാർത്തിലായ് ചൂടുമൈശ്വര്യത്തിനായ്  

ചിങ്ങത്തിൽ മാബലിത്തമ്പുരാനെയെതി-
രേൽക്കുവാൻ മുന്നിൽ ചിരിച്ചു നിൽക്കും
കേരള മണ്ണിൻറെ യോമനയായവൾ 
മാമാലനാടിൻ തനിമയിവൾ 

താഴ്മയോടെന്നുമീ ഭൂമിയിൽ ചേർന്നു നി-
ന്നീടുന്ന മുക്കുറ്റിയെത്ര ധന്യ!  
ആയുസ്സിവൾക്കൊരു വർഷം തികച്ചുമി-
ല്ലെങ്കിലുമാദരവുറ്റ  ജന്മം!

Friday, October 16, 2015

ആഗോളപതനം

 

സത്യങ്ങളൊക്കെയും പേടിച്ചരണ്ടൊരു 
മൂലയ്ക്കിരുന്നു  വിറച്ചിടുന്നു 
നൂതന മാദ്ധ്യമാധർമിഷ്ഠരാം തീവ്ര -
വാദികൾ തൻ നിഴൽ തട്ടിടാതെ 

സത്യം വളച്ചൊടിച്ചേതു രൂപത്തി ലും 
തൂക്കി വിൽക്കും പുതു മാദ്ധ്യമങ്ങൾ 
സത്യമൊഴിച്ചുള്ളതൊക്കെയും മേമ്പൊടി 
ചേർക്കും കലികാല  സഞ്ജയന്മാർ*!

സത്യം വെടിയാതെ സഞ്ജയനന്നു
കുരുടൻറെ കണ്ണിൻ വെളിച്ചമായി 
ഇന്നുള്ള സഞ്ജയർ കണ്ണിൽ പൊടിയിട്ട-
ണയ്ക്കുന്നു നാടിൻ  വെളിച്ചമെല്ലാം

കാലത്തെഴുന്നേറ്റുണർന്നാൽ പൊതുജന-
മൊക്കെയും പത്രപ്രവർത്തകന്മാർ! 
തന്തയെ തല്ലാനും തള്ളയെ കൊല്ലാനു-
മാഹാ! യീ സ്വാതന്ത്ര്യ സോഷ്യലിസം!!

തെക്കോട്ട് ചാഞ്ഞവൻ തെക്കിനെ വാഴ്ത്തിടും 
ഉത്തരം ചാഞ്ഞവൻ  വാഴ്ത്തും വടക്കിനെ 
തെക്കും വടക്കും വളയാത്ത സത്യ -
മടിച്ചുമുടച്ചുമവർ ഞെളിയും 

നാട് വാഴുന്നവർ കട്ടുമുടിക്കവേ  
നാറിയ തന്ത്രങ്ങൾക്കെന്തു പാപം?
മേലാകെ മുള്ളുമുരുക്ക് വളർന്നാ-
ലതും ചൊറിയാനുള്ളൊരായുധം താൻ!

എന്തൊരു സ്വാതന്ത്ര്യമെന്തു കുതന്ത്രവും 
കാട്ടുവാൻ പറ്റിയ കാലമത്രേ!
പരദൂഷണാർത്ഥമീ നാക്കെന്നു ചിന്തിച്ച് 
നാടു നീളെ വിഷം ചീറ്റിടുന്നു  

സ്വാര്‍ഥമോഹങ്ങളെ സാക്ഷാത്ക്കരിക്കുവാൻ 
പേക്കോലമാടുന്നു  പേയ് പിടിച്ചോർ 
ഇത്രമേൽ വേണമോ സ്വാതന്ത്ര്യമാരെയും
വ്യക്തിഹത്യക്കിരയാക്കിടുവാൻ?"അന്യൻറെ നാസികത്തുമ്പിൽ നിലയ്ക്കു-
ന്നപരൻറെ സ്വാതന്ത്ര്യസീമയെല്ലാം"
ഈയുള്ളൊരാപ്തവാക്യം പഠിച്ചീടുകിൽ
തീരുന്നു മാലോക വൈരമെല്ലാം. 

ബുദ്ധിയെന്നുള്ളതലങ്കാരമാക്കിടാ -
തൊന്നുണർന്നീടാം നമുക്കിനിമേൽ 
കാകോള വാർത്തകൾ ചുട്ടെരിച്ചീടുവാൻ 
പ്രജ്ഞ തൻ ചൂട്ട് കത്തിച്ചു നിർത്താം.


(*കണ്ണുകാണാത്ത ധൃതരാഷ്ട്രർക്ക്‌ വേണ്ടി  മഹാഭാരതയുദ്ധം തത്സമയ സംപ്രേക്ഷണം നടത്തിയ വ്യക്തിയാണല്ലോ സഞ്ജയൻ!)