Followers

Tuesday, August 30, 2022

മംഗളവിഘ്‌നേശ്വരം  

നമ്മുടെ പൂർവ്വഋഷിപ്രജ്ഞയിലുണർന്ന സൂക്ഷ്മവും നിഗൂഢവുമായ പ്രതീകാത്മകസങ്കേതങ്ങളും തത്വങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയും ചിട്ടയുമുള്ളതാണ്. അവ ലോകത്തിൻറെ 
ആത്മീയവും  മാനസികവുമായ ഉത്ക്കർഷത്തിനുതകുന്നതും 
ദീർഘവീക്ഷണത്തോടുകൂടിയതുമാണ്.
ഉയർന്ന സങ്കല്പശക്തിയുടെ ഉചിതമായ  പ്രയോജനപ്പെടുത്തൽകൊണ്ട് വൈവിദ്ധ്യസുന്ദരങ്ങളും സദ്‌സന്ദേശവാഹികളുമാണ് സനാതനധർമ്മത്തിലെ ഓരോ ദേവതാസൃഷ്ടിയും. എന്നാൽ ആത്മാന്വേഷണത്തിലോ അതിനുള്ള പ്രധാനമാർഗ്ഗമായ  സ്വാദ്ധ്യായമനനങ്ങളിലോ ഗുരുവചനങ്ങളിലോ സ്വന്തം ഉള്ളിലുള്ള ചൈതന്യത്തിൽപ്പോലുമോ  ഒരുറപ്പും താല്പര്യവുമില്ലാത്തവർക്ക്  ഇവയെല്ലാം പുറമേനിന്നുനോക്കുമ്പോൾ  അബദ്ധജടിലങ്ങളായി തോന്നിയേക്കാം. 

 ഉദാഹരണത്തിന് അജ്ഞന്മാരാൽ എല്ലായിപ്പോഴും വളരെയേറെ പരിഹസിക്കപ്പെടുന്നതാണ് നമ്മൾ ഏറെ മംഗളകരമായി കരുതുന്ന ഗണപതിഭഗവാൻ്റെ രൂപം. ആനത്തലയും ഒറ്റക്കൊമ്പും കുടവയറും...  പരിഹസിക്കുന്നവർക്ക് അങ്ങനെ ഏറെ അബദ്ധധാരണകൾ ഉണ്ട്.  അറിവില്ലായ്മ കൊണ്ടു പരിഹസിക്കുന്നവരെ നമുക്ക്  മാറ്റിനിർത്താം. എന്നാൽ ജ്ഞാനവഞ്ചകന്മാർ എന്ന് മറ്റൊരു വിഭാഗമുണ്ട്. അവർക്ക്  ദേവതാസൃഷ്ടികളിലെ സദ്ഭാവനാസമ്പന്നമായ സങ്കൽപ്പത്തെക്കുറിച്ച്  അറിയാഞ്ഞിട്ടല്ല.   അന്ധവിശ്വാസനിർമ്മാർജ്ജനം, ശാസ്ത്രചിന്ത തുടങ്ങി പൊതുസ്വീകാര്യതയുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു എന്ന ഭാവേന മനഃപൂർവ്വം തെറ്റായ വ്യാഖ്യാനങ്ങൾ നൽകി തലമുറകളെ വഴിതെറ്റിക്കുന്ന  ഇവരുടെ വലയിൽ പെടാതിരിക്കാനെങ്കിലും നമ്മൾ നമ്മുടെ ആദ്ധ്യാത്മികഗ്രന്ഥങ്ങൾ സ്വായത്തമാക്കുകയും അതിലെ ദേവതാസങ്കൽപ്പത്തിലെ യഥാർത്ഥ വിവക്ഷകളെക്കുറിച്ച് ബോധവാന്മാരാകുകയും വരുംതലമുറയ്ക്ക് തന്നാലാവുംവിധം  പറഞ്ഞുകൊടുക്കുകയും വേണം.  

ഒരു 1950- 60 -70 കാലഘട്ടത്തിൽ ജനിച്ച നമ്മുടെ തലമുറയുടെ തലച്ചോറ് ആ കാലഘട്ടത്തിൻ്റെ പ്രത്യേകതയായ അരാജകവിപ്ലവത്തിൻ്റെയും പാശ്ചാത്യസംസ്കാരഭ്രമത്തിത്തിൻ്റെയും സദാചാരനിഷേധത്തിൻ്റെയുമെല്ലാം  പിടിയിൽപ്പെട്ട് നാടിനും വീടിനും ഗുണമില്ലാത്ത രീതിയിൽ  സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.  അധികാരത്തോടും  നിയമവിരുദ്ധമായ സ്വത്തുസമ്പാദനത്തിനോടും  സുഖലോലുപതയോടുമുള്ള അതിരറ്റ  ഭ്രമത്തിൽ കാലം ചെല്ലുന്തോറും  ഭരണകർത്താക്കൾ  മുങ്ങിപ്പോവുകയും   നിയമപാലകരെയും നിയമജ്ഞരെയുംപോലും  വിശ്വാസയോഗ്യമല്ലാതാക്കുംവിധം അച്ചടക്കരാഹിത്യം എല്ലാ രംഗങ്ങളിലും പ്രബലമാകുകയും ചെയ്തു. ഇവയുടെയെല്ലാം  ദംശനത്താൽ  നമ്മുടെ ബുദ്ധി വിഷലിപ്തമാക്കപ്പെ ട്ടപ്പോൾ  നമ്മളാൽ ശ്രദ്ധയോടെ പരിപാലിക്കപ്പെടേണ്ടിയിരുന്ന നമ്മുടെ  മക്കൾക്കും ആ വിഷബാധയേറ്റു. നമ്മളതിനെ ഇത്രയുംകാലം പരിഷ്ക്കരമെന്നു കരുതി അഭിമാനിച്ചു. ഇപ്പോൾ തിരിച്ചറിവിൻറെ ഒരു നേർത്ത  വെളിച്ചം വീശിത്തുടങ്ങിയിട്ടുണ്ട്.  ഇനി വരുന്ന തലമുറകളുടെ തലച്ചോറിലെങ്കിലും നമ്മെ ബാധിച്ച   അച്ചടക്കരാഹിത്യത്തിൻ്റെയും,  ആത്മാഭിമാനമില്ലായ്കയുടെയും സ്വധർമ്മനിഷേധത്തിൻ്റെയും  വിഷം തീണ്ടാതിരിക്കട്ടെ. അതിന് ഏറ്റവും അത്യാവശ്യം ഭാരതീയമൂല്യങ്ങളെ നമ്മുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ്. നമ്മുടെ പൈതൃകമായ ആഘോഷങ്ങളും ആചരണങ്ങളുമെല്ലാം നമ്മുടെ പൂർവ്വികർ കാണിച്ച അതേ കരുതലോടെ നമുക്ക് തിരിച്ചുപിടിക്കാം.   നല്ല ശീലങ്ങൾ വ്യക്തിയിൽ ഉറപ്പിക്കാനാണ്  ആചാരങ്ങൾ അനവധി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇനിയുള്ള കുട്ടികളെങ്കിലും  അതുകണ്ടും ഉൾക്കൊണ്ടും ചിട്ടയോടെ  വളരട്ടെ. ആവർത്തിച്ചുള്ള ആചാരണങ്ങളിലൂടെയാവണം ശീലങ്ങൾ ഉറക്കേണ്ടത്. അല്ലാതെ കഷ്ടി നാലിഞ്ച് നീളവും രണ്ടിഞ്ച് വീതിയും ഉള്ള സ്മാർട്ട് ഫോൺ എന്ന ദീർഘചതുരത്തിനുള്ളിലേയ്ക്കു മനുഷ്യമസ്തിഷ്ക്കത്തിൽ നിന്നും തിരിച്ചും പ്രായഭേദമന്യേ പ്രവഹിക്കുന്ന വികൃതമായ ആശയങ്ങളിലൂടെയും കാഴ്ചകളിലൂടെയും ആകാതിരിക്കട്ടെ. മനസ്സ് ധർമ്മത്തിൽ ഉറച്ചശേഷമാണെങ്കിൽ  ഏതു മുന്തിയ സാങ്കേതികവിദ്യയും അവ അടിച്ചേൽപ്പിക്കുന്ന  പ്രലോഭനങ്ങൾക്കടിപ്പെടാതെതന്നെ  ലോകനന്മയ്ക്കായി അനായാസേന ഉപയോഗപ്പെടുത്താനാവും. 

സനാതനധർമ്മത്തിൻ്റെ അടിസ്ഥാനമൂലമായ വേദോപനിഷദ്‌തത്ത്വങ്ങൾ കാലംചെല്ലുന്തോറും സാമാന്യജനത്തിന് ഗ്രഹിക്കുവാൻ ക്ലിഷ്ടതരമായതിനാലാണ്  പുരാണങ്ങളിൽ കഥാരൂപത്തിൽ അവയെ ലളിതമായും സരസമായും ധാരാളം പ്രതീകങ്ങളും ഉപമകളുമെല്ലാമുപയോഗിച്ച് അല്പം അതിഭാവുകത്വം കലർത്തിയുമൊക്കെ നമ്മുടെ പൂർവ്വികാചാര്യന്മാർ നമുക്കായി കുറിച്ചിട്ടത്.  സൂക്ഷ്മവും അർത്ഥഗർഭവും പ്രായോഗികജീവിതവുമായി ഇഴചേർന്നുകിടക്കുന്നതും  എന്നാൽ അത്യഗാധവും  അതിവിശാലവുമായ  അന്തരാർത്ഥങ്ങളുടെ അമൂല്യഖനിയെ  ഒളിപ്പിച്ചിരിക്കുന്നുവയാണ് നമ്മുടെ പ്രാചീനഗ്രന്ഥങ്ങൾ. ആത്മലാഭത്തിനായി സങ്കൽപ്പിച്ച് പ്രാർത്ഥിച്ച്  ക്ഷമയോടെയും ശ്രദ്ധയോടെയും അവയെ  തേടിപ്പോകുന്ന അന്വേഷികൾക്കുമാത്രം ലഭിക്കുന്നതാണ് ആ ഖനി. അവനവൻ്റെ  സ്വരൂപത്തെയാണ് തേടുന്നത് എന്ന ബോധത്തോടെയാവണം ആ തേടൽ. ആത്മലാഭത്തിന് എളുപ്പവഴികളൊന്നുമില്ലെന്ന തിരിച്ചറിവോടെ ആ തേടൽ പൂർത്തിയാക്കുവാൻ സ്വാദ്ധ്യായമനനങ്ങളിലൂടെയും ശ്രേഷ്ഠരായ ഗുരുക്കന്മാരുടെ സഹായത്തോടെയും  ഓരോരുത്തർക്കുമാവട്ടെയെന്നും ഓരോ ആഘോഷങ്ങളും ആവർത്തിച്ചുള്ള ആചരണങ്ങളും അതിനു നമ്മെ പ്രാപ്തരാക്കട്ടെയെന്നും സങ്കൽപ്പിച്ചു പ്രാർത്ഥിക്കുന്നു. ആ ലക്ഷ്യത്തിലേക്കായി എന്നാലാവുന്നത് യഥാശക്തി ഞാനും ശ്രമിക്കുന്നു. 

നാം ധർമ്മത്തെയും ധർമ്മം നമ്മെയും സദാ രക്ഷിക്കുമാറാകട്ടെ.

ഏവർക്കും മൂല്യവത്തായ വിനായകചതുർത്ഥി ആശംസകൾ.   

 

മംഗളവിഘ്‌നേശ്വരം                                                                                 -ഗിരിജനവനീതകൃഷ്ണൻ 

ഓം 

ഗണ ഗണ ഗണ ഗണനായകനേ
ശുഭസർവ്വാരംഭസുപൂജിതനേ 
 
ണൻമകനാകുമിഭാനനനേ  
ഗിരിനന്ദിനിനന്ദനസുന്ദരനേ! 

പങ്കജപാണി! സുമോദകനേ 
ഗജതുമ്പിക്കര! തുന്തോദരനേ 

തിഥിനാഥാടോപാന്തകനേ 
രദിമുഖനേ ദന്തവിലോപിതനേ 
  
മംഗളദീപാരാധിതനേ  
ശിവശങ്കരഭൂതഗണാധിപനേ 

ഗതിശരണപ്രണവാത്മകനേ  
പ്രിയകേരഫലാന്നസുപോഷിതനേ
 
ളത്വമതിത്വഗുണപ്രദനേ    
വരതത്ത്വസ്വരൂപവിനായകനേ 

മൂഷകക്രൗഞ്ചനിയാമകനേ
ഛിദിപാശകശസ്ത്രാഭൂഷണനേ 
 
ഓംകാരപ്രണവാകൃതനേ  
ഭോ! ഓംകാരായ നാമാമി സദാ.    

മംഗളം 

മംഗളസംഭവ ഗംഗണപാലക വാരണരൂപിത വിഘ്നഹരേ 
മുരുഗസഹോദര മണികണ്ഠാനുജ ശുഭഗൃഹദായക പാതു സദാ
ഗം ഗണ ഗണ  ഗണമണിരവപൂജിത സുന്ദര ശംഭുസുതായ നമഃ 
സങ്കടഹര നമഃ ശങ്കരസുത നമഃ നിർമ്മലശാന്ത നമോസ്തു സദാ    



പദങ്ങളുടെ അർത്ഥവും വിവരണവും 

  1.  ഗണനായകൻ 
    ശിവൻ്റെ ഭൂതഗണങ്ങളുടെ നായകൻ, സർവഭൂതങ്ങളുടെയും നായകൻ 
  2. ശുഭസർവ്വാരംഭസുപൂജിതൻ
    സർവ്വ ശുഭകാര്യങ്ങളുടെയും ആരംഭത്തിൽ   പൂജിക്കപ്പെടുന്നവൻ (കാര്യങ്ങൾക്ക് തടസ്സം വരാതെ ആദ്യന്തം ശുഭമാകാൻ)
  3. ണൻമകൻ
    ണൻ + മകൻ (ണൻ = ശിവൻ) = പരമശിവൻ്റെ മകൻ 
  4. ഇഭാനനൻ
    ആനയോടു സദൃശമായ  തലയുള്ളവൻ
    ( ഇഭം= ആന, ആനനം =മുഖം ) 
  5. ഗിരിനന്ദിനിനന്ദനൻ 
    ഗിരിയുടെ നന്ദിനിയുടെ നന്ദനൻ = ശ്രീപാർവ്വതിയുടെ മകൻ=ഗണപതി 
    ( ഗിരിനന്ദിനി= പർവ്വതപുത്രി = പാർവ്വതി, നന്ദനൻ=പുത്രൻ)
  6. പങ്കജപാണി = താമരപ്പൂവേന്തിയ കയ്യുള്ളവൻ
    (  മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയടങ്ങിയ  അന്തഃകരണത്തെയാണ്  ഗണപതിയുടെ നാലു കൈകൾ പ്രതിനിധാനം ചെയ്യുന്നത്. വലതുഭാഗത്തു പുറകിലെ കയ്യിലെ താമരപ്പൂവ്   ധ്യാനാവസ്ഥയിലെ പരമാനന്ദപദത്തെ സൂചിപ്പിക്കുന്നു.)
  7. സുമോദകൻ = നല്ലവണ്ണം സന്തോഷിപ്പിക്കുന്നവൻ
    ( ഭഗവാൻറെ വലതുഭാഗത്തെ മുൻകൈയിൽ പ്രിയഭക്ഷണമായ മോദകം പിടിച്ചിരിക്കുന്നതിനാൽ സുമോദകൻ. ഭക്തന്മാരിൽ വളരെ വേഗം  പ്രസാദിക്കുന്നതിൽ  പ്രസിദ്ധനാണ് ഗണപതിഭഗവാൻ)  
  8. ഗജതുമ്പിക്കരൻ = ആനയുടെ തുമ്പിക്കൈ പോലുള്ള അംഗത്തോടുകൂടിയവൻ  (ഗജം= ആന) 
  9. തുന്ദോദരൻ = കുടം പോലെവീർത്ത വയറോടു കൂടിയവൻ
    ( തുന്ദം = എടുത്തുനിൽക്കുന്നത്, ഉന്തിനിൽക്കുന്നത്)
  10. തിഥിനാഥാടോപാന്തകൻ
    തിഥി+നാഥ+ആടോപ+അന്തകൻ = ചന്ദ്രൻ്റെ അഹങ്കാരം  ശമിപ്പിച്ചവൻ       
    (  തിഥിനാഥൻ= തിഥിയുടെ നാഥൻ=ചന്ദ്രൻ, ആടോപം=അഹങ്കാരം, അവിവേകം)   
     ഗണപതി ഒരിക്കൽ ചന്ദ്രൻ്റെ അഹങ്കാരം തീർക്കുന്ന കഥ  പുരാണത്തിൽ  പ്രതിപാദിച്ചിട്ടുണ്ട്. വിനായകചതുർത്ഥിയുടെ പ്രാധാന്യം   ഈ കഥയുമായി ബന്ധിപ്പിച്ചുപറയുന്നു.)  
  11. രദിമുഖൻ = ആനയുടേതു പോലുള്ള മുഖത്തോടു കൂടിയവൻ രദി = ആന 
  12. ദന്തവിലോപിതൻ = ദന്തത്തിനു ലോപം സംഭവിച്ചവൻ ഗണപതിക്ക്  വലതുവശത്ത് ഒടിഞ്ഞ  കൊമ്പാണുള്ളത്.  ഗണപതിയുടെ കൊമ്പ് നഷ്ടമാകാൻ കാരണമായ ഒരു കഥ  പുരാണത്തിൽ  പറയുന്നുണ്ട്. സകല ദ്വന്ദഭാവവും ഉപേക്ഷിച്ച് അദ്വൈതവും പരമവുമായ പൊരുളിനെ  അറിയുന്നവൻ്റെ പ്രതീകമാണ് ഗണപതിയുടെ ഒടിഞ്ഞ കൊമ്പ്.)
  13. മംഗളദീപാരാധിതൻ = മംഗളകരമായ അഗ്നിദീപത്താൽ ആരാധിക്കപ്പെടുന്നവൻ 
  14. ശിവശങ്കരഭൂതഗണാധിപൻ = പരമശിവൻ്റെ സേനയായ  ഭൂതഗണങ്ങളുടെ അധിപൻ 
  15. ഗതിശരണപ്രണവാത്മകൻ = പ്രപഞ്ചഗതിയ്ക്കാകെ  ശരണമായ പ്രണവം (ഓംകാരം) ആത്മാവായിട്ടുള്ളവൻ 
  16. പ്രിയകേരഫലാന്നസുപോഷിതൻ - ഇഷ്ടഫലമായ നാളികേരത്താൽ നന്നായി സൽക്കരിക്കപ്പെട്ടവൻ    
    കേരഫലം=നാളികേരം (ഗണപതി നാളികേരപ്രിയനാണ്)
  17. ളത്വമതിത്വഗുണപ്രദൻ - ദിവ്യത്വമാർന്ന ബുദ്ധിയാകുന്ന ഗുണത്തെ പ്രദാനം ചെയ്യുന്നവൻ 
    (ളത്വം = ദിവ്യത്വം , മതി= ബുദ്ധി) 
  18. വരതത്ത്വസ്വരൂപവിനായകൻ = ശ്രേഷ്ഠമായ തത്വത്തെ (പ്രണവതത്വം) സ്വരൂപമാക്കിയ വിനായകൻ  
  19. മൂഷകക്രൗഞ്ചനിയാമകൻ = ഗണപതിയുടെ വാഹനമായ എലിയുടെ പേരാണ് ക്രൗഞ്ചൻ.
    നിയാമകൻ= നിയന്ത്രിക്കുന്നവൻ
    (പുരാണത്തിൽ പ്രദിപാദിച്ചിരിക്കുന്നതിൻപ്രകാരം ക്രൗഞ്ചൻ ഒരു അസുരരാജാവായ താരകൻ്റെ സൈന്യത്തിൽ ഉള്ള രാക്ഷസനായിരുന്നു. ഗണപതിയുടെ സഹോദരനായ കാർത്തികേയനുമായുള്ള  യുദ്ധത്തിൽ ക്രൗഞ്ചൻ ഒരു വൻപർവ്വതമായി നിലകൊണ്ടു.    താരകാസുരനിഗ്രഹത്തിനുശേഷം  പർവ്വതാകാരനായ  ക്രൗഞ്ചനെ പിളർന്ന് അതിൻ്റെ ഒരു ഭാഗത്താൽ ഒരു മൂഷികനെ സൃഷ്ടിച്ച് കാർത്തികേയൻ തൻ്റെ  സഹോദരനായ ഗണേശനുനല്കി.)   സർവ്വത്ര ഓടിനടന്നു നാശം ചെയ്യുന്ന ഒരു ചെറുജീവിയായ എലി ഇവിടെ പ്രതിനിധാനം ചെയ്യുന്നത് അടക്കമില്ലായ്മ കൊണ്ട് നാശം വിളിച്ചുവരുത്തുന്ന നമ്മുടെ മനസ്സിനെയാണ്. സംസാരമായയിൽ പെട്ടങ്ങുമിങ്ങും ഓടുന്ന ഭക്തൻറെ മനോരഥമാകുന്ന ആ എലിയെ ഗണപതിഭഗവാൻ ആശ്വസിപ്പിച്ച് നിയന്ത്രിച്ച്  തന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി തൻ്റെ മേൽനോട്ടത്തിൽ ഇരുത്തിയിരിക്കുന്നു  എന്നതാണ്  സങ്കൽപ്പം.)
  20. ഛിദിപാശകശസ്ത്രാഭൂഷണൻ -  ഛിദി+പാശക+ശസ്ത്ര+ആഭൂഷണൻ =  ഛിദി, പാശകം എന്നീ ആയുധങ്ങൾ ഭൂഷണമാക്കിയവൻ 
    ഛിദി= കോടാലി, വജ്രായുധം
    ( അനുചിതവും, അശ്രീകരവും ആപത്ക്കരവുമായ ഇന്ദ്രിയപ്രേരണകളുടേയും  ലൗകികഭോഗങ്ങളുടേയും ബന്ധനം വെട്ടിമാറ്റി മനസ്സിനെ സ്വതന്ത്രവും നിർഭയവുമാക്കാനുള്ള  ആയുധമായി ഇതിനെ വിവക്ഷിക്കുന്നു.)

  21. പാശകം =കയറു കൊണ്ടുള്ള ആയുധം - ബന്ധിക്കാനോ നിയന്ത്രിക്കാനോ  ഉപയോഗിക്കുന്നത് (ഗണപതിയുടെ  വലതുഭാഗത്തു പുറകിലെ കയ്യിൽ പിടിച്ചിരിക്കുന്ന കയർ ബുദ്ധിയെയും വിവേകത്തെയും പ്രതിനിധീകരിക്കുന്നു. വിവേകമുപയോഗിച്ച് നാം നേരിടുന്ന വിഘ്നങ്ങളെ  വരിഞ്ഞുബന്ധിക്കാനുള്ള ആയുധമാണ് അത്.
    ശസ്ത്രം = ആയുധം,
    ആഭൂഷണം = ആഭരണം, അലങ്കാരം 
  22. ഓംകാരപ്രണവാകൃതൻ = പ്രണവമന്ത്രമായ   ഓംകാരത്തിൻ്റെ സ്വരൂപമായിട്ടുള്ളവൻ.  (മഹാഗണപതിയുടെ ശരീരം  ഓംകാരരൂപമായി സങ്കല്പിച്ചിരിക്കുന്നു. ഓംകാരത്തിൻ്റെ  ദേവതയായും ഗണപതിയെ പൂജിക്കുന്നു. ഓംകാരരൂപനായ ഗണപതിയെ ചിത്രീകരിക്കുമ്പോൾ  പാദങ്ങൾ അകാരവും  ഉദരം  ഉകാരവും  ശിരസ്സ്  മകാരവുമായി സങ്കൽപ്പിച്ചുകാണാറുണ്ട്.)
  23. ഭോ! = 'ഹേ' എന്നു ബഹുമാനപൂർവ്വം സംബോധന ചെയ്യാനായി സംസ്കൃതത്തിൽ ഉപയോഗിക്കുന്ന വാക്ക്. 
  24. ഓംകാരായ നമാമി സദാ = ഞാൻ സദാ ഓംകാരനെ നമസ്കരിക്കുന്നു.
  25. മംഗളസംഭവൻ = മംഗളങ്ങളെ  സംഭവിപ്പിക്കുന്നവൻ 
  26. ഗം = ബീജമന്ത്രം 
  27. ഗണമണിരവപൂജിതൻ = കൂട്ടത്തോടെയുള്ള മണിയടിശബ്ദത്താൽ പൂജിക്കപ്പെടുന്നവൻ
    ( ഗണം = കൂട്ടം, രവം = ശബ്ദം)
  28. മുരുകസഹോദരൻ = ഗണപതി, ശ്രീ സുബ്രഹ്മണ്യൻ്റെ സഹോദരൻ   
  29. മണികണ്ഠാനുജൻ = ശ്രീ അയ്യപ്പൻ്റെ  സഹോദരൻ 
  30. ശുഭഗൃഹദായകൻ = ശുഭവും ഭദ്രവുമായ ഗൃഹം  നൽകുന്നവൻ.
    ശുദ്ധമായ ഭക്തിയോടെയും ഭദ്രമായ സങ്കല്പത്തോടെയും ശിവശക്തിമാരുടെ വത്സലപുത്രനായ ഗണപതിയെ ഏതു കർമ്മം ചെയ്യുമ്പോഴും സ്മരിക്കുകയും  സ്തുതിച്ചുപ്രാർത്ഥിക്കുക്കുകയും ചെയ്യുന്നത് ഗൃഹത്തിൽ തീർച്ചയായും മംഗളം കൊണ്ടുവരുന്നു.
    ( ഗണപതിഭഗവാൻ്റെ മാതാപിതാക്കളായ പരമശിവനെയും   ശ്രീപാർവ്വതിയെയും സനാതനധർമ്മാനുസാരികൾ  ജഗത്പിതാവും ജഗത്മാതാവുമായിട്ടാണ്  ആരാധിക്കുന്നത്. ശിവനും ശക്തിയും ചേർന്നുപരിപാലിക്കുന്ന ഈ മഹാപ്രപഞ്ചത്തിൻ്റെ പ്രതീകം തന്നെയാണ് ശിവകുടുംബം. ശിവപാർവ്വതിമാരും സൽസന്താനങ്ങളും ശിവഭൂതഗണങ്ങളുമൊക്കെയടങ്ങിയ ആ കുടുംബം തന്നെയാണ് സുദൃഢവും സുഭദ്രവുമായ ഭാരതീയകുടുംബസങ്കല്പത്തിൻ്റെ അടിത്തറ. ശിവനും ശക്തിയും എന്നപോലെ  ദമ്പതിമാർ ഒന്നിച്ച് ശ്രേയസ്സിനും ലോകമംഗളസൃഷ്ടിക്കുമായി മത്സരമില്ലാതെ പരസ്പരപൂരകമായി  പ്രവർത്തിക്കുമ്പോൾ കുടുംബങ്ങളിലും പ്രപഞ്ചത്തിലൊന്നാകെയും ഭദ്രതയുണ്ടാകുന്നു.)    
  31. പാതു സദാ = എപ്പോഴും രക്ഷിക്കണേ എന്ന അപേക്ഷ  
  32. വാരണരൂപിതൻ = ആനയുടെ രൂപമുള്ളവൻ 
    വാരണം= ആന 
  33.  വിഘ്നഹരേ = വിഘ്നങ്ങളെ ഹരിക്കുന്നവനേ
  34. സങ്കടഹരൻ = സങ്കടങ്ങളെ ഇല്ലാതാക്കുന്നവൻ 
  35.  ശംഭുസുതൻ, ശങ്കരസുതൻ  = ശിവപുത്രൻ = ഗണപതി 
  36. നിർമ്മലശാന്തൻ = നിർമ്മലനും ശാന്തനുമായ പരബ്രഹ്മസ്വരൂപൻ 

അഭ്യർത്ഥന 
(ഏറെ പഴക്കമില്ലാത്തതും  പരിമിതമായതുമായ  വായനയിലൂടെ ലഭിച്ച അറിവുകളേയുള്ളൂ. അതിനാൽ  ഇതു വായിക്കുമ്പോൾ  അവതരണത്തിലോ അക്ഷരങ്ങളിലോ ഋഷിപ്രോക്തങ്ങളായ ആശയങ്ങൾക്കു  വിപരീതമായ അബദ്ധങ്ങൾ  വല്ലതും കടന്നുകൂടിയിട്ടുണ്ടെന്നുതോന്നിയാൽ തീർച്ചയായ്യും അഭിപ്രായത്തിൽ കുറിക്കുക.)




മഴയത്തം












അത്തം കൊടികേറീ

ഒപ്പം മഴയെത്തി

ഈറൻ തുകിൽ ചുറ്റി

പൂക്കൾ തലയാട്ടി.

മഴ നിന്നാറാടി,

പകലോനും വാടി.

കുളിരിൽ വിറകൊള്ളും

ഇതളിൻ തുമ്പാട്ടി

പൂക്കൾ ചോദിച്ചൂ,

അത്തം ഇന്നല്ലേ?

വൃത്തക്കളമില്ലേ?

തണവാറ്റാനുള്ളിൽ

കയറിയിരുന്നോട്ടെ?

അത്തക്കളമൊന്നിൽ

ഒന്നിച്ചിടതിങ്ങി

പമ്മിയിരുപ്പുണ്ടേ

പുത്തൻപുതുപൂക്കൾ.

പൂമുഖമിരുളേണ്ട,

മഴ വന്നേ പോട്ടെ.

അത്തമിരുണ്ടാലും

പത്തിനു വെയിലല്ലേ




Thursday, August 11, 2022

ആവണിഅവിട്ടം

വേദപഠനയജ്ഞത്തിലേർപ്പെട്ടിരിക്കുന്ന വേദാർത്ഥികൾക്കേവർക്കും

ആവണിഅവിട്ടനാൾ  ആശംസകൾ... 













വേദമന്ത്രോപാസനാർത്ഥമുണരുമീ 

ശ്രാവണമാസനിലാവിൽക്കുളിച്ചിടാം,  

പൂർവ്വസൂനുക്കളാമാചാര്യരെ സ്മരി-

ച്ചാചാരപൂർവ്വമറിവിനെക്കൈതൊഴാം! 

ഇന്നീയവിട്ടവിളക്കാൽത്തെളിയട്ടെ 

വേദവെളിച്ചമീ വിശ്വം മുഴുവനും!  

മന്ത്രദ്രഷ്ടാക്കളാം മാമുനിവൃന്ദങ്ങ-

ളീശ്വരസത്യമുൾകണ്ണാലറിഞ്ഞവർ, 

വേദവേദാംഗപാരംഗതർ, വാമൊഴി-

യാലെയറിവു പകർന്നു പൊയ്‌പ്പോയവ-

രേവരെയും മനസ്സാലെ നമിച്ചുകൊ-

ണ്ടിന്നു വേദാഭ്യാസയജ്‌ഞം തുടങ്ങിടാം. 

വേദവേദാന്തപുരാണേതിഹാസങ്ങ-

ളന്തമില്ലാതോളമുള്ള മഹാർണ്ണവ-

ത്തിങ്കൽ നിന്നിറ്റു നുകരുവാനാശയോ-

ടേറ്റമുഴറുമർത്ഥിയ്ക്കു മുന്നിൽ ദൃഢ-   

മെത്തും യദൃച്ഛയാ ജ്ഞാനിയാം സദ്ഗുരു!

ഇന്നീയവിട്ടവിളക്കാൽത്തെളിയട്ടെ 

വേദവെളിച്ചമീ വിശ്വം മുഴുവനും!