Sunday, August 6, 2017

തച്ചനക്കരയ്ക്ക് ഒരു ആമുഖം

[കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യഅക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ് എന്നിവ കരസ്‌ഥമാക്കിയ ശ്രീ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന്  ഒരു ആസ്വാദനം.]

ഇനിയങ്ങോട്ട് കടുങ്ങലൂരിനെ തച്ചനക്കര എന്നല്ലാതെ മററൊരു പേരും വിളിക്കാൻ തോന്നിപ്പിക്കാത്തവിധം തൻറെ  തൂലികയാകുന്ന വീതുളി കൊണ്ട് വായനക്കാരുടെ മനസ്സിൽ ആ പ്രദേശത്തെ ആഴത്തിൽ കൊത്തിവച്ച ദേശത്തെ പെരുംതച്ചൻ ശ്രീ സുഭാഷ് ചന്ദ്രന് നമോവാകം!

എത്ര നീണ്ട കാലത്തെ അതീവശ്രദ്ധയോടെയും ഏകാഗ്രതയോടെയും ഉള്ള ധ്യാനം വേണം ഒരാൾക്ക് തൻറെ മുന്നിലൂടെ കടന്നുപോയ ഇക്കാണായ കാലമാകെ ചേർത്തുവച്ച്,  ഒരു പുഴ അതിൻറെ ഉത്ഭവസ് ഥാനത്ത് മടങ്ങിച്ചെന്ന് ഒരിക്കൽക്കൂടി പുറപ്പെട്ട് ഇടമുറിയാതെ മുന്നോട്ട് ഒഴുകുന്നതുപോലെ, ഒരു ദേശം അല്ലെങ്കിൽ ഒരു ജനത ജീവിച്ചുതീർത്ത, നൂറ്റാണ്ടുകളോളം പഴക്കമുള്ള ഇന്നലെകളുടെ
കണ്ണികളെ ഇഴപൊട്ടാതെ ഓർത്തും ചേർത്തും വച്ച്  ഇത്തരത്തിലൊരു നോവലാക്കി രൂപാന്തരപ്പെടുത്താൻ!
നോവലിസ്റ്റിൻറെ തന്നെ ശൈലി കടമെടുത്തുപറഞ്ഞാൽ ഈ അന്യാദൃശമായ കണ്ണിചേർക്കൽ പാടവം കണ്ട് ഞാൻ "ഹരിഹരപ്പെട്ടുപോയി! "
ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് തൂണുകളിൽ ഉറപ്പിച്ചിരിക്കുന്നു എന്ന് നോവലിസ്റ്റ് പരിചയപ്പെടുത്തുന്ന ഈ നോവൽ ഓരോ തച്ചിലും കാലത്തിൻറെ സൂക്ഷ്മതയും ശൈലിയുടെ സൗന്ദര്യവും ഒത്തിണങ്ങിയ ബൃഹത് വാസ്തുശില്പമായി വായനക്കാർക്കുമുന്നിൽ മനുഷ്യമനസ്സുകളുടെ സങ്കീർണ്ണതകളിലേക്കും  അതുവഴി കാലദേശചരിത്രത്തിലേക്കുമുള്ള അനവധി വാതായനങ്ങൾ തുറന്നിടുന്നു.
തലമുറകളുടേയും ചരിത്രത്തിന്റെയും സങ്കീർണ്ണതകളിലേക്ക് പടർന്നുപന്തലിക്കുന്ന പല പ്രശസ്ത നോവലുകളും നമുക്കുണ്ട്. ഓർത്തുവക്കാൻ ക്ലേശകരമായ, തലമുറതലമുറകൾ നീളുന്ന കഥാപാത്രസൃഷ്ടികളുടെയും ചരിത്രപശ്ചാത്തലങ്ങളുടെയും ബാഹുല്യത്തിൽ കുഴങ്ങി എഴുത്തുകാരനെ അനുഗമിക്കാൻ കഴിയാതെ വഴിമുട്ടി നിൽക്കുക മൂലം പല കൃതികളും വായനക്കാരൻ വളരെ ക്ലേശിച്ച് വായിച്ചവസാനിപ്പിക്കുകയോ ക്ലേശകരമായ ഭാഗങ്ങൾ വിട്ട് വിട്ട് വായിക്കുകയോ വായന പാതി വഴിയിൽ ഉപേക്ഷിക്കുക തന്നെയോ ചെയ്തുവരാറുണ്ട്. ഈ കഥാകാരനാകട്ടെ തന്റെ കഥാകഥനവഴിയിൽ ഇടെയിടെ തിരിഞ്ഞുനിന്ന് അനുവാചകർ കൂടെത്തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തുന്നു. അദ്ദേഹം തന്റെ കഥപറച്ചിലിന്റെ രസച്ചരട് മുറിഞ്ഞുപോകാതെയും കഥാതന്തുവിൽ നിന്ന് വഴിമാറിപ്പോകാതെയും നമ്മുടെ നാടിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഇടം പിടിച്ച അനേകം ചെറുതും വലുതുമായ സംഭവങ്ങൾ വായനക്കാരെ മുഷിപ്പിക്കാത്ത രീതിയിൽ നോവലിൽ കൃത്യതയോടെ വിളക്കിച്ചേർത്തിരിക്കുന്നു. കാലത്തോടൊപ്പം തങ്ങൾ കടന്നുവന്ന വഴികളിൽ മറന്നുവെച്ച ഓർമ്മകൾ പെറുക്കിക്കൂട്ടി കഥാകാരനോടൊപ്പം നടക്കാൻ ഇവിടെ അനുവാചകർക്ക് അനായാസം കഴിയുന്നുണ്ട്. 
ഏതൊരു വായനക്കാരനും സ്വന്തം ജീവിതത്തെ ബന്ധപ്പെടുത്തി ചിന്തിക്കാൻ കഴിയുന്ന തരത്തിൽ ഇണങ്ങിനിൽക്കുന്ന കഥാസന്ദർഭങ്ങൾ നൽകാൻ കഴിയുന്പോഴാണ് ഒരു കൃതി അവന് പ്രിയപ്പെട്ടതാവുക. അത്തരത്തിൽ ചിന്തിക്കുന്പോൾ ആലുവാക്കാർക്ക് ഈ പുസ്തകത്തോട് കുറച്ച് കൂടുതൽ വാത്സല്യം തോന്നുക സ്വാഭാവികം. കാരണം അവരുടെകൂടി ദേശത്തിന്റെ കഥയാണ് ഈ നോവൽ. കണ്ടുമറന്നതും കേട്ടുമറന്നതുമായ കാഴ്ച്ചകളും കേട്ടുകേൾ വികളും വായനയിലൂടെ പുനർജ്ജനിക്കുന്പോൾ അവർക്ക് ഈ പുസ്തകത്തെ നെഞ്ചേറ്റാതിരിക്കാനാവില്ല.
ഖസാ
ക്കിന്റെ ഇതിഹാസത്തിലൂടെ തസ്രാക്ക് എന്ന പാലക്കാടൻ ഗ്രാമത്തെ അനശ്വരതയിലേക്ക് ഉയർത്താൻ ഓ. വി. വിജയന് കഴിഞ്ഞത് പോലെ മനുഷ്യന് ഒരു ആമുഖത്തിലൂടെ തച്ചനക്കരയെ മൃത്യുഹാരിയാക്കാൻ സുഭാഷ് ചന്ദ്രനും സാധിച്ചിരിക്കുന്നു. 
"മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല" എന്ന് തന്റെ കഥാനായകനെ കൊണ്ട് പറയിപ്പിക്കുന്നുണ്ടെങ്കിലും സ്വന്തം സൃഷ്ടിപരതയാൽ തന്റെ ദേശത്തെ മരണമില്ലാത്ത ഒരു അക്ഷരഖനിയാക്കി പുനഃപ്രതിഷ്ഠിച്ചതിൽ നോവലിസ്റ്റിന് അഭിമാനിക്കാതെ വയ്യല്ലോ! 

മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഇനി ജനിക്കാനിരിക്കുന്നവരും അടങ്ങുന്ന മനുഷ്യരാശിയുടെ ഒരു ചെറിയ ആമുഖം മാത്രമേ ആകുന്നുള്ളൂ  ഓരോ മനുഷ്യന്റെയും ജീവിതം എന്നതാണ് സത്യം. എന്നാൽ ആ മനുഷ്യന്റെ കഥയ് ക്ക്   "മരണമെന്ന തെളിച്ചമുള്ള മഷി" കൊണ്ട് ശ്രീ സുഭാഷ് ചന്ദ്രൻ രചിച്ച  ആമുഖമാണ് ഈ നോവൽ. ഏതാണ്ട് 1925  മുതൽ 2026 വരെയുള്ള ഒരു ശതാബ്ദകാലമാണ് നോവലിലെ കാലഘട്ടം. 1972ൽ ജനിച്ച് അന്പത്തിനാലാം വയസ്സിൽ മരണം വരിക്കുന്ന കഥാനായകൻ താൻ ജനിക്കുന്നതിനും മുൻപുള്ള 47 വർഷത്തെ ദേശക്കാഴ്ചകളിലേക്കുകൂടി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. പുസ്തകത്തിൽ പ്രതിപാദിക്കുന്ന വർഷങ്ങളുടേയും ചരിത്രസംഭവങ്ങളുടെയും ക്രമവും കൃത്യതയും നോവലിസ്റ്റിൻറെ ചരിത്രാവബോധത്തിന്റേയും ഗണിത സാമർത്ഥ്യത്തിന്റെയും കൂടി ദൃഷ്ടാന്തമാകാം. ഏറെ ശ്രമകരമായ ഈ വിളക്കിച്ചേർക്കലുകളിൽ ചെലുത്തിയിരിക്കുന്ന കൃത്യത ഈ നോവലിനെ ഒരു സത്യസന്ധമായ സാംസ്കാരികപ്രവർത്തനമാക്കിയിരിക്കുന്നു. 

ധർമ്മം, അർത്ഥം , കാമം, മോക്ഷം എന്ന നാല് തൂണുകളിൽ ഉറപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെ അതിലൊന്നായ മനുഷ്യന്റെ സ്വാഭാവികമായ ലൈംഗികതൃഷ്ണകൾ അതർഹിക്കുന്ന ഗൗരവത്തോടെയും കയ്യടക്കത്തോടെയും നോവൽ ആദ്യന്തം കൈകാര്യം ചെയ്യുന്നുണ്ട്. അതൊരിക്കലും അതിരുവിട്ട അശ്ലീലത്തിലേക്കോ ആഭാസത്തിലേക്കോ കൂപ്പുകുത്താതെ പ്രകൃതിനിയപ്രകാരമുള്ള മനുഷ്യന്റെ മാനസികചോദനകളായി അടയാളപ്പെട്ടുകിടക്കുന്നു. കാമമോഹങ്ങളുടെ നിരർത്ഥകതയെ കുറിച്ച് ചിന്തിപ്പിക്കുന്ന സന്ദർഭങ്ങളാകട്ടെ എല്ലാ വികാരത്തള്ളലിനും മീതെ മരണമാകുന്ന മോക്ഷമെന്ന പരമ സത്യത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വായനയ്‌ക്കിടയിൽ ഒരിടത്തും മുഖം ചുളിക്കേണ്ടിവന്നില്ലേ എന്ന് ചോദിച്ചാൽ വന്നു. അത് 'പ്രകൃതിയുടെ വിളി'  കേൾക്കെ കാപ്പിച്ചെടികൾക്കിടയിലേക്ക് പോകുന്ന നാറാപിള്ളയുടെ സൂക്ഷ്മചലനങ്ങളുടെ  വർണ്ണനയും തത്തുല്യമായ മറ്റു വർണ്ണനകളുമാണ്. അത്തരം വർണ്ണനകൾ വായനക്കാരിൽ അറപ്പുളവാക്കുന്നവയാണെങ്കിൽ  അത് എഴുത്തുകാരന്റെ കഴിവോ കഴിവുകേടോ എന്ന് പറയാൻ ഞാനാളല്ല. എന്നാൽ അത്തരം രംഗങ്ങൾ ചേർക്കുന്നത് ഒരു നോവലിന്റെ സ്വാഭാവികപുരോഗതിക്ക് അത്യാവശ്യമാണോ എന്നത് തികച്ചും എഴുത്തുകാരന്റെ സ്വാതന്ത്ര്യവും ആ ഭാഗങ്ങൾ വായിക്കണമോ വിട്ടുകളയണമോ എന്നത് വായനക്കാരന്റെ സ്വാതന്ത്ര്യവും ആണ് എന്നുമാത്രം ഞാൻ തിരിച്ചറിയുന്നു. 
 "പൂർണ്ണവളർച്ചയെത്താതെ മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ" എന്ന ആദ്യവാചകത്തിന് നാനാവിധങ്ങളായ സങ്കുചിതചിന്തകളിൽ നിന്ന് പൂർണ്ണമോചനം  നേടാതെ മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ എന്നൊരു വ്യാഖാനം കൂടി ആകാം എന്ന ചിന്ത കഥാന്ത്യത്തോളം വായനക്കാരെ അനുഗമിക്കുന്നു. വ്യക്തിപരമായി ഒരു മേന്മയും അവകാശപ്പെടാനില്ലാതെ  വരുന്പോൾ ഒരാൾ തന്റെ ജാതിമിടുക്കുമായി രംഗത്ത് ചാടുന്നു എന്നും നമ്മുടെ നാട് അത്തരം ശപ്പന്മാരെക്കൊണ്ട് നിറയുവാൻ പോകുകയാണ് എന്നും  ഒരിക്കൽ ജിതൻ ആൻമേരിക്കയച്ച കത്തിൽ പറയുന്നുണ്ട്. 

നോവലിന്റെ അദ്ധ്യായങ്ങൾ പുരോഗമിക്കുന്നതോടൊപ്പം രണ്ട് കാലഘട്ടങ്ങൾ ഒരേ സമയം വിടർന്നുവരുന്ന ആഖ്യാനരീതി പുതുമയുള്ളതാണ്. ജിതേന്ദ്രൻ ആൻമേരിക്ക് എഴുതുന്ന കത്തുകളിലൂടെ പുരോഗമിക്കുന്ന കഥാനായകന്റെ കാലഘട്ടവും കഥാനായകൻ താൻ എന്നെങ്കിലും എഴുതുമെന്ന് മോഹിച്ച് സൂക്ഷിച്ച് വച്ചിരുന്ന  ഒരു പുസ്തകത്തിന്റെ സംക്ഷിപ്തരൂപത്തിലുള്ള കുറിപ്പുകളിലൂടെ വായനക്കാർക്ക് തെളിഞ്ഞുകിട്ടുന്ന ഭൂതകാലവും ഒരേ സമയം വായനക്കാരെ തച്ചനക്കരയുടെയും പ്രാന്തപ്രദേശങ്ങളുടെയും ഒപ്പം ആയ്യാട്ടുന്പിള്ളി എന്ന തറവാടിന്റെയും ദൃശ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. 

ആത്മീയഗുരുക്കന്മാരുടെയും സാംസ്കാരിക രംഗത്തെ അതുല്യ പ്രതിഭകളുടെയും ജനനം കൊണ്ടും നിസ്വാർത്ഥസേവനം കൊണ്ടും  ശുദ്ധീകരിക്കപ്പെട്ട ഒരു ജനത നൂറു വർഷത്തെ അതിന്റെ പരിണാമപരന്പരയിൽ അവരുടെ പിൻഗാമികൾക്ക് മാതൃകയായി ചൂണ്ടിക്കാണിച്ചുകൊടുക്കാൻ ഉള്ളിൽ വെളിച്ചമുള്ള ഒരു ഗുരുവോ സാരഥിയോ  ഇല്ലാത്ത, മൂല്യാധിഷ്ടിതജീവിതം അനാവശ്യമായ  ഏച്ചുകെട്ടലാണ് എന്ന്  പോലും ചിന്തിക്കുന്ന  ഒരു ജനതയായി അധ:പതിച്ചതിന്  സാക്ഷിയായ എഴുത്തുകാരൻ അതിന്റെ വേദന കഥയിലുടനീളം തന്റെ കഥാപാത്രങ്ങളിലൂടെ വായനക്കാരിലേക്കും പകർന്നുതരുന്നുണ്ട്. കാണാമറയത്തിരുന്ന് പരസ്പരം രസനായുദ്ധം നടത്തുന്ന, വെറും സാങ്കൽപ്പിക അടയാളങ്ങളുടെ മൂഢസ്വർഗ്ഗം ചുമന്നുനടക്കുന്ന, ഏതുനിമിഷവും എത്ര നിസ്സാര കാര്യത്തിനും വികാരം വ്രണപ്പെടാൻ വെന്പിനിൽക്കുന്ന ഒരു ജനതയിലേക്കുള്ള ദയനീയപരിവർത്തനത്തിന്റെ  നൂറു വർഷങ്ങൾ!
മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികരംഗങ്ങൾ അതിന്റെ ഏറ്റവും ജീർണ്ണാവസ് ഥയിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിന്റെ നിറുകയിൽ നിന്ന് തൂലിക ചലിപ്പിച്ചുകൊണ്ട്  ആ എഴുത്തുകാരൻ തനിക്കാകാവുന്നത്ര  ഉച്ചത്തിൽ തന്റെ നാടിന്റെ അപചയത്തെ ആട്ടുകയാണ് , "ഫോ!".... 
 
-------------------------------------------------------------------------------------


Thursday, August 3, 2017

ഓണം വരണം! (കുട്ടിക്കവിത)
ആറുമാസം പൂത്തു, പൂക്കുലകൾ
കാടുതോറും കാറ്റിലാടിടുമ്പോൾ
ഓണമെൻ വീട്ടിലും വന്നുകേറാൻ
നേരമായെൻ കളിക്കൂട്ടുകാരേ!

കർക്കിടകക്കരിക്കാറു പോയാൽ
ചിങ്ങനിലാക്കുടം വീണുടയും,
തുമ്പയെ സ്നേഹിച്ച തമ്പുരാനും
തുമ്പികളുമുടൻ വന്നുചേരും.

പച്ചപ്പരവതാനി വിരിക്കാൻ
തുമ്പക്കുടമൊരു ചാക്കുവേണം,
തൃക്കാക്കരപ്പന് വിശ്രമിക്കാൻ
വൃത്തമൊത്തുള്ള പൂമ്പട്ട് വേണം. 

നാട്ടുമാവിൻ കൊമ്പിലൂയൽ വേണം
കോടിയുടുക്കാൻ പുടവ വേണം,
തൂശനിലയടയൊട്ടു വേണം
നാളികേരപ്പൊളിത്തിങ്കൾ വേണം. 

കള്ളത്തരങ്ങൾ കളഞ്ഞിടേണം
കള്ളപ്പറയുമെറിഞ്ഞിടേണം,
എല്ലാർക്കുമുള്ളിലൊരുമ വേണം
പൊള്ളയല്ലാത്തൊരോണം വരണം! 

എല്ലാർക്കുമെന്നുമോണം വരണം!!
എല്ലാർക്കുമെന്നുമോണം വരണം!!

Wednesday, August 2, 2017

മോക്ഷാടനം

ആലിലക്കണ്ണുകൾ ലാസ്യമാടുന്നുവോ,
പൂത്താലിക്കയ്യുകൾ കൂന്പുന്നുവോ!
ആലുവാപ്പുഴ തൻ കളാരവമാലില-
ത്തുന്പുകളേറ്റേറ്റുപാടുന്നുവോ!

ആലിലക്കണ്ണന്റെ മുറ്റത്തു നിന്നെന്റെ
ആലുവാതേവരെ കാണുംനേരം
ഇരുദേവപാദങ്ങളെപ്പുൽകുമീ പെരി-
യാറിനെയല്ലോ നമിക്കുന്നു ഞാൻ!

ശ്രീഗുരുനാഥനും ശങ്കരനും
പുണ്യപാദങ്ങളർപ്പിച്ച പൂർണ്ണാനദി-
യെൻകൈക്കുടന്നയിൽ കൊള്ളവേയാത്മാവി-
ലാകെ പ്രകാശം പരന്നിടുന്നു!

ദേശാടനം മഹാമോക്ഷാടനം ചെയ്യൂ-
മീ മുരചീനദി തൊട്ട മണ്ണിൻ
രേണുക്കളെന്നിരു പാദങ്ങൾ മൂടവേ-
യെന്നഘം തീർന്നകം മിന്നുന്നുവോ!

തൊട്ടതെല്ലാം പൊന്നുതന്നെയായ് തീർത്തുകൊ-
ണ്ടീ പുണ്യതീർത്ഥമൊഴുകിടുന്പോൾ
വറ്റും നദികളെയോർത്തു തപിക്കുമെൻ
വേദനയെല്ലാം മറന്നിടുന്നു!
വേദനയെല്ലാം മറന്നിടുന്നു!

***********************

*മുരചീ നദി - പെരിയാർ

Thursday, July 6, 2017

കേൾക്കാത്ത നിലവിളിതൊട്ടുമുൻപുള്ള മാത്രയിൽ കൊഞ്ചിയും 
പട്ടുപോലുള്ള പർണങ്ങൾ വീശിയും
നിന്നെയുരുമ്മിയിരുന്നവളിക്ഷണം 
ഹാ! പക്ഷമറ്റുകിടക്കുന്നു പാതയിൽ. 

പ്രാന്തമെല്ലാം മറന്നു പ്രണയത്താൽ 
ഭ്രാന്തമായിടുമാനന്ദവായ്പ്പിനാൽ 
തുള്ളുമുള്ളത്തൊടൊപ്പം പറന്നൊരാ 
പാതമദ്ധ്യേയിരുന്നുവോ നിന്നിണ?

ചീറി വന്നൊരാ വാഹനവ്യൂഹമാ 
കൊച്ചുജീവനെ തട്ടിക്കടന്നുപോയ് 
ഞെട്ടിനിന്ന നിൻ നെഞ്ചിലെ വേദന 
കണ്ടുഞെട്ടറ്റു വീണെൻറെ ചേതന... 

പാതയിൽ പഞ്ഞി പോലെ പതിഞ്ഞൊരാ 
പക്ഷിതൻ ഛദം കാറ്റിൽ പറക്കവേ 
കൊക്ക് കൊണ്ടു നീ തൊട്ടുനോക്കുന്നുവോ  
ചത്ത പ്രാണൻ പുനർജ്ജനിപ്പിക്കുവാൻ?

ഒറ്റ മാത്രയേ നോക്കിയുള്ളൂ, മതി... 
വയ്യ വയ്യിനിപ്പൂട്ടുക കണ്ണുകൾ 
ആർത്തനായൊരാ കൊച്ചുപറവ തൻ 
ദൈന്യമാം മുഖം വിസ്മരിച്ചീടുമോ!

മർത്ത്യനോ  മനം വേദനിച്ചീടുകിൽ 
ആർത്തനാദനായ് പേർത്തുകരഞ്ഞിടാം 
ചിത്തമാകെ മുറിഞ്ഞൊരാ  പക്ഷിതൻ 
വീർത്ത ദുഃഖമതെങ്ങനെ തോർന്നിടും? Wednesday, May 31, 2017

നാറാണത്ത് ചരിതം[പറയി പെറ്റ പന്തിരുകുലകഥകൾ കുട്ടിക്കാലത്തു കേട്ടപ്പോൾ തോന്നിയ അതിശയം ഒരിറ്റു പോലും ചോർന്നുപോകാതെ ഇപ്പോഴും കൂടെയുണ്ട്. അതിൽതന്നെ  ഏറ്റവും അതിശയിപ്പിച്ച കഥാപാത്രമാണ് നാറാണത്ത് ഭ്രാന്തൻറെത്. ആ കഥാപാത്രത്തോട് തോന്നിയ ഇഷ്ടവും അദ്ദേഹത്തിൻറെ ചെയ്തികളെ  കുറിച്ച് തോന്നിയ ജിജ്ഞാസയും മൂലം ഭ്രാന്ത് എന്ന അവസ്ഥാവിശേഷത്തോട് പോലും സ്നേഹം തോന്നിയിട്ടുണ്ട്. ഇന്നും മനസ്സിൽ നാറാണത്ത് ഭ്രാന്തൻ ഒരു സൂപ്പർ ഹീറോ ആണ്. ഇന്നത്തെ കുട്ടികൾ എത്ര പേർ നാറാണത്ത് ഭ്രാന്തനെ കുറിച്ച് കേട്ടിട്ടുണ്ട് എന്നറിയില്ല. അവർക്ക് കൂടി മനസ്സിലാകുന്ന രീതിയിൽ ഒരു കവിതയിലൂടെ നാറാണത്തിനെ  അവതരിപ്പിക്കാനുള്ള ഈ ശ്രമം എത്രത്തോളം വിജയിക്കും എന്നും അറിയില്ല. മുൻകാലങ്ങളിൽ നാറാണത്തിനെ കഥകളിലൂടെയും കവിതകളിലൂടെയും ഒക്കെ അവതരിപ്പിച്ച ഗുരുതുല്യരായ സാഹിത്യകാരെ എല്ലാം മനസ്സിൽ  ഓർത്തുകൊണ്ട് ഒരിക്കൽ കൂടി പാടട്ടെ നാറാണത്ത് ചരിതം.]

**************************************************************************************************************

ഗൂഗിൾ ചിത്രം 


പറയിക്കുണ്ടായ് പന്തിരുമക്കൾ 
അവരിലൊരാളോ ദിവ്യൻ ഭ്രാന്തൻ. 
ചെത്തല്ലൂരിൽ അത്തിപ്പറ്റ-
ക്കുന്നിൽ കുട്ടിക്കാലമലഞ്ഞോൻ 

അഴവേഗപ്പുറമില്ലം തന്നിൽ 
പഠനവുമായി വസിച്ചൊരു കാലം 
ഭ്രാന്തും കാലിലെ മന്തും അവനിൽ  
അരുമകളെന്നതുപോലൊന്നിച്ചു!  

അകുതോഭയനാ  ഭ്രാന്തൻ പലവുരു 
മല തൻ തലയിലുരുട്ടിയുയർത്തിയ 
ശിലയതു പിടിവിട്ടടിപറ്റുന്നത് 
കണ്ടുചിരിപ്പതുകളിയല്ലെന്നോ?!

കളിയല്ലതിലൊരു ജീവിതസത്യ-
മൊളിഞ്ഞുകിടപ്പതു കണ്ടുചിരിപ്പോൻ, 
അതികഠിനം മല കയറിച്ചെല്ലാൻ,
അടി പതറാനോ, അണുവിട പോരും!

അല്ലവനല്ലൊരു ഭ്രാന്തൻ, പലവുരു 
ചിന്തിച്ചാലും പിടി നല്കാത്തോൻ! 
ചുടുകാടാട്ടെ, മലമേടാട്ടെ 
എവിടെയുമവനുടെയാലയമല്ലോ. 

ഭൂതപ്രേതപിശാചുക്കളെയും 
ഇല്ലില്ലവനൊരു തെല്ലും ഭയവും!
തീയും നീരും കണ്ടാലവിടം 
തന്നെയവനുടെ രാത്രിയ്ക്കഭയം.

അങ്ങനെയൊരുനാൾ  ചുടലക്കാട്ടിൽ 
ചെന്നവനന്നൊരു രാത്രി കഴിക്കാൻ, 
ചുടലത്തീയിൽ പാകം ചെയ്തവ-
നത്താഴത്തിന് മാർഗ്ഗം നോക്കി. 

പലവിധമരണം കണ്ടു മടുത്തൊരു 
ചുടലക്കാടിൻ നടുവിൽ ഭ്രാന്തൻ 
തലചായ്ക്കാനായ് ആയും നേരം 
പരിചൊടണഞ്ഞു പരിവാരങ്ങൾ!

ചുടലക്കാളിയുമാളികളും തൻ 
രാത്രിസവാരിക്കെത്തിയ നേരം 
ചുടലക്കാടിനെയരമനയാക്കിയ 
മർത്ത്യനൊരുത്തൻ മരുവീടുന്നു!

അമ്പമ്പോ! ഇവനാരിതു ധീരൻ, 
പ്രേതങ്ങൾ തന്നരികിലിരിപ്പോൻ?!
പേടിപ്പിച്ചിട്ടോടിക്കാനായ് 
രാത്രിഞ്ചരികളൊരുമ്പെട്ടല്ലോ. 

താണ്ഡവനൃത്തവുമാടി ഭയാനക 
ശബ്ദമെടുത്തവരട്ടഹസിച്ചു. 
തെല്ലൊരു കൂസലുമില്ലാതങ്ങനെ 
പുല്ലു പറിച്ചു ഞൊടിച്ചൂ  കേമൻ. 

ഇങ്ങനെയുണ്ടോ മർത്ത്യനൊരുത്തൻ 
ജീവനിലൊട്ടും ഭയമില്ലാത്തോൻ! 
അപമാനിതയായ് ചുടലക്കാളി 
ഭീഷണിപലതു തൊടുത്തൂ വീണ്ടും. 

ഫലമതുകാണാഞ്ഞടവുകൾ മാറ്റീ 
സൗഹൃദഭാവം പൂണ്ടൂ കാളി,  
"പറയുക, നിന്നിൽ സംപ്രീതയിവൾ,
എന്ത് വരം ഞാൻ നല്കീടേണം?"

ആശകളൊക്കെയുമാമയമെന്നൊരു 
സത്യമറിഞ്ഞവനല്ലോ ഭ്രാന്തൻ 
വരരുചിസുതനുടെയറിവിനുമേലെ
മറ്റൊരുവരമിനിയെന്തിനു വേറെ!

ഒന്നിലുമൊന്നിനുമിച്ഛയതില്ലാ-
തുള്ളു തുറന്നുചിരിച്ചൂ ഭ്രാന്തൻ.  
കെഞ്ച ീ കാളി , "ഒരു വരമെങ്കിലു-
മെന്നിൽ  നിന്നും വാങ്ങീടുക നീ"

"ആട്ടെ,യെങ്കിൽ ചൊല്ലുകയിനിയും 
എത്ര ദിനങ്ങൾ ജീവിക്കും ഞാൻ?" 
ചോദ്യമെറിഞ്ഞു നാറാണത്തും 
കൃത്യം മറുപടി ചൊല്ലീ കാളി.

"അങ്ങനെയെങ്കിൽ കൂട്ടിത്തരുനീ 
എന്നുടെയായുസ്സൊരുനാൾ കൂടി."  
"ആയുസ്സു നീട്ടാൻ ഞാനാളല്ലതു   
പരമാത്മാവിൻ കൈകളിലല്ലോ!" 

"എങ്കിലെടുക്കുക കാളീ,യൊരു ദിന-
മെന്നുടെയായുർ രേഖയിൽ നിന്നും." 
"വയ്യതുമെന്നുടെ കൈകളിലല്ലാ, 
മറ്റൊരു വരമാരായുക വേഗം." 

"എന്തൊരു മാരണമെന്നുടെ  മുന്നിൽ 
നിന്നുമൊഴിഞ്ഞുതരൂ നീ വേഗം"
എന്നുപറഞ്ഞുചൊടിച്ചൂ ഭ്രാന്തൻ, 
കെഞ്ച ീ ചുടലക്കാളിയുമൊപ്പം. 

തെല്ലൊരു പരിഹാസത്തോടപ്പോൾ 
കാളിയെ നോക്കി ചൊല്ലീ ഭ്രാന്തൻ, 
"കണ്ടോ, എൻറെ വലംകാൽ മന്തിത- 
ടർത്തി,യിടത്തേ കാലിനു നൽകുക!"

കാളിക്കതിശയമേറീയുള്ളിൽ
ഇവനുടെയുള്ളിലിരിപ്പാരറിവൂ! 
ഭ്രാന്തോ മണ്ടത്തരമോ ഇവനുടെ
ഇംഗിത,മെന്തു പൊരുൾ താനതിനും?

ഇവ്വിധമൊരു വരമാരും ഭൂവിൽ  
ചോദിച്ചിട്ടില്ലിന്നേ  വരെയും! 
പൂർണ്ണസുഖത്തെ വരിക്കാനാഗ്രഹ- 
മില്ലാത്തവരുണ്ടാമോ വാഴ്വിൽ?

ഇങ്ങനെ പലവിധ ചിന്തകൾ വന്നു 
നിറഞ്ഞൂ കാളിയ്ക്കുള്ളത്തിങ്കൽ.
എങ്കിലുമവനുര ചെയ്തതുപോലൊരു 
വരമതു നൽകാം, കാളി നിനച്ചു.

"നിന്നഭിലാഷം നിറവേറട്ടെ, 
നല്ലതുവന്നു ഭവിച്ചീടട്ടെ!" 
ഇത്ഥം ചൊല്ലി മറഞ്ഞൂ കാളി, 
ഭ്രാന്തൻചിരി തൻ മാറ്റൊലി പൊങ്ങീ. 

ഭ്രാന്തല്ലിതു മണ്ടത്തരമല്ലിവ-
നല്ലോ ജീവിതസത്യമറിഞ്ഞോൻ!
മോഹം തന്നുടെ മായാഭ്രാന്തിൽ 
പെട്ടുഴലുന്നവരല്ലോ നമ്മൾ.  

ഇരുകാൽ മന്ത് ചുമന്നുനടപ്പവർ 
ഒരുകാൽ മന്തനെ നിന്ദിച്ചീടും. 
ഭ്രാന്തിവനിൽ നാമാരോപിക്കേ 
നേരു നുണഞ്ഞവനുണ്ടോ ദുഃഖം!

മോഹം മർത്ത്യനു ദു:ഖനിദാനം 
പിടിപെട്ടാലൊരു ശമനവുമില്ല, 
നാറാണത്തിൻ മന്ത് കണക്കത് 
കൂടെക്കൂടും  മരണം  വരെയും! 

ദിവ്യൻ ഭ്രാന്തൻ, തന്നുടെ ചെയ്തികൾ 
തന്നിലൊളിപ്പൂ വൻപൊരുൾ പലതും!
കുന്നിൻ മുകളിൽ നിന്നുചിരിക്കു-
നിന്നും ഭ്രാന്തൻ നമ്മളെ നോക്കി!!
----------------------------------------------------------


പദാർത്ഥം
----------------- 
അകുതോഭയൻ = ഒന്നിനേയും ഭയമില്ലാത്തവൻ 
ആലയം = വീട്  
നീര് = വെള്ളം 
പരിചൊട് = ഭംഗിയായി 
പരിവാരം = സേന, അകമ്പടിക്കാർ  
ആളി = തോഴി  
അരമന = കൊട്ടാരം  
മരുവുക = സ്ഥിതി ചെയ്യുക, പാർക്കുക
രാത്രിഞ്ചരി = രാക്ഷസി  
ആമയം = ദുഃഖം 
മാരണം = വലിയ ഉപദ്രവം 
ഇംഗിതം = ആശ, ആഗ്രഹം 
ഉര ചെയ്യുക = പറയുക 
ഇത്ഥം = ഇപ്രകാരം Thursday, April 20, 2017

കണ്ണൻറെ ചിരി!
google image അമ്പലപ്പുഴക്കണ്ണാ, കരിമുകിൽ 
മാലയല്ലതു പോയതെന്നോർക്കണം! 
ചൊല്ലു, നീയാർക്കായ് തുറന്നുകൊടുത്തു നിൻ 
നല്ല ശ്രീകോവിൽ വാതിലിൻ  പാളികൾ?
ചെമ്പകശ്ശേരി വാഴുന്ന കാലത്ത് 
നല്ല രത്‌നങ്ങളൊക്കെപ്പതിച്ചു ഞാൻ 
തന്നതല്ലേ നിനക്കാ പതക്കവും 
കൊണ്ടുപോയ്ക്കളഞ്ഞിട്ടു ചിരിപ്പിനോ?!
നല്ലൊരുമുളം തണ്ടൊടിച്ചെത്രയും 
വേഗമെത്തുമന്വേഷണസംഘവും 
കട്ട കള്ളനെ കിട്ടിയില്ലെങ്കിലോ 
കണ്ണനെത്തന്നെ ലോക്കപ്പിലാക്കിടും! 
വന്നുകാണുവാനാകുമെന്നായിടിൽ 
വല്ല വിധത്തിലും കൊണ്ടുപോന്നേനെ ഞാൻ 
കൊണ്ടുകാരാഗൃഹത്തിലിടും മുൻപ് 
ചൊല്ലുകൊന്നെൻറെ കണ്ണാ പരമാർത്ഥം!!!

Tuesday, March 14, 2017

പ്രശസ്തൻപ്രശസ്തനാകാനെന്തു  പോംവഴി?
നന്മ ചെയ്യുകയേറെക്കഷ്ടമല്ലേ !
വല്ലവനുമിട്ട് രണ്ട് തല്ലുകൊടുത്താ, -
ലല്ലേലമ്മയെത്തന്നങ്ങു തല്ലിയാലോ?!

രണ്ടു പക്ഷക്കാരുമെത്തുമുടൻ, പത്ര -
വാർത്തയും പിന്നെ വീഡിയോയും,
ഒക്കേതിലും കൂസ്സലന്യേ ചിരിച്ചൊരു -
 പത്രസമ്മേളനോമൊപ്പിക്കണം

ചിത്രമനവധി വാരിവിതറണ-
മെഫ്‌ബിയിലാരേം പഴിച്ചിടേണം
മേമ്പൊടിയ്ക്കിത്തിരിയശ്ലീലവും കൂടി
യൊപ്പിച്ചുവച്ചാലതികേമനാകാം

സന്ധ്യക്ക് ചർച്ചയിൽ നാൽക്കള്ളിവാർത്തയി-
ലൊന്നാമനായ്ത്തന്നെ വന്നിടേണം
നട്ടാൽക്കുരുക്കാനുണകൾ പറയുവാൻ
നന്നായി നാക്കു മിന്നിച്ചിടേണം

പറ്റുമെങ്കിൽ മുറ്റിനിൽക്കുന്ന രാഷ്ട്രീയ
കക്ഷിയെ ഡാവിൽ സ്തുതിച്ചിടേണം
പിന്നൊരുകാര്യമുണ്ടെത്ര നെറികേട്
തോന്നിലും, തോന്നരുതിറ്റു  നാണം

പത്തുനാളിങ്ങനെ കത്തിനിന്നീടുകിൽ
പിന്നെ ഞാനെന്നും പ്രശസ്തനല്ലോ!
പിന്നൊരു തട്ടുകേടും വരില്ലെന്നുടെ
യമ്മ തൻ പ്രാക്കൊഴിച്ചിഭ്ഭൂമിയിൽ!!

Friday, February 10, 2017

ബാലപാഠങ്ങൾ


എത്ര പെട്ടെന്നാണ് ജീവിതത്തിൻറെ ക്യാൻവാസുകൾ മാറിക്കൊണ്ടിരിക്കുന്നത്.  മുഴുമിപ്പിക്കാനാവാത്ത മനോവിചാരങ്ങളെയും കണ്ടുമതിയാകാത്ത കാഴ്ചകളെയും   കൊണ്ട് നിറയുന്ന ജീവിതം, അപൂർണ്ണചിത്രങ്ങളുടെ ഒരു അപൂർവ്വ കലവറ തന്നെ! 

ഇന്ന്, ജീവിതത്തിൻറെ ഈ മധ്യഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ അത്ര അസാധാരണമായ അനുഭവസമ്പത്തൊന്നും അവകാശപ്പെടാനില്ലെങ്കിലും ചില ചിത്രങ്ങൾ, ചില തിരിച്ചറിയലുകൾ... അതിന്നും  മിഴിവുള്ളതാണ് . അറിഞ്ഞോ അറിയാതെയോ ജീവിതത്തെ സ്വാധീനിച്ചതെന്തൊക്കെയായിരുന്നു എന്ന് ഓർത്തെടുക്കാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. അങ്ങിനെയുള്ള നിമിഷങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന ചില മുഖങ്ങളുണ്ട്, ചില വീടുകളുണ്ട്, ചില മണങ്ങളുണ്ട്, ചില ഈണങ്ങളുണ്ട്, ഓർമ്മകളുടെ ഒരു വലിയ ലോകമുണ്ട്. ആ വലിയ ലോകത്തെ ചെറിയ സന്തോഷങ്ങൾ ഒന്നോർത്തെടുക്കാൻ എന്ത് സുഖമാണ്!അയ്യ,  അതാണ് അവരുടെ പേര്. അടുക്ക്, ചിട്ട, ക്രമം ഇതിലൊക്കെ സൗന്ദര്യമുണ്ടെന്ന ജീവിതപാഠം ആദ്യം പഠിപ്പിച്ചുതന്നവർ. അന്നവർക്ക് അറുപതിനോടടുത്ത് പ്രായം ഉണ്ടായിരുന്നിരിക്കാം. അലക്കിഅലക്കി മങ്ങിപ്പോയതെങ്കിലും വൃത്തിയുള്ള വെള്ള ഒറ്റമുണ്ടും വെള്ള റൗക്കയുമാണ് വേഷം. മേൽമുണ്ട് ഇടുന്ന ശീലം പതിവായി ഇല്ലെങ്കിലും 'ഞാൻ സ്ത്രീസ്വാതന്ത്ര്യവാദിയാണ്' എന്നുള്ള ഭാവമൊന്നും  അവരിൽ കണ്ടിരുന്നില്ല. ഇന്നാണെങ്കിൽ മേൽമുണ്ട് ധരിക്കാതെ നടക്കുന്നതിൻറെ പേരിൽ സ്ത്രീസ്വാതന്ത്ര്യവാദികൾ അവരെ പ്രകടങ്ങളുടെ മുൻനിരയിൽ കൊണ്ടുനിറുത്തിയേനെ! 

ബ്രാക്കറ്റ് പോലുള്ള കാലുകൾ ധൃതിയിൽ നീട്ടിവച്ച് നിത്യവും രാവിലെ പടിപ്പുര കടന്നെത്തുന്ന അയ്യയെ കാത്തിട്ടല്ല  എന്ന മട്ടിൽ തറവാടിൻറെ ഇറയത്ത് ഉറങ്ങിത്തീരാത്ത കണ്ണുകൾ  പായിച്ച് ഇരുന്നിരുന്ന ഒരു എട്ട് വയസ്സ്കാരി ഉണ്ടായിരുന്നു. എത്തിയാൽ ഉടൻ വടക്കോറത്ത്*  വച്ചിരിക്കുന്ന കുറ്റിച്ചൂൽ കയ്യിലൊതുക്കി   തൻറെ നിത്യവൃത്തി തുടങ്ങുകയായി അയ്യ. അത് കാണാനാണ് എട്ട് വയസ്സ്കാരി കണ്ണും കൂർപ്പിച്ച് ഇരിക്കുന്നത്. രാവിലെ എഴുന്നേൽക്കുന്നത് തന്നെ ആ  കാഴ്ച നഷ്ടപ്പെടാതിരിക്കാനാണ്.  എന്തൊരു ഭംഗിയാണ് രാത്രി മുഴുവൻ കുളിരിൽ കഴിഞ്ഞ് ഈറനായ പൂഴിമണൽ നിറഞ്ഞ മുറ്റത്ത് അയ്യ പ്രഭാതത്തിൽ തീർക്കുന്ന അർദ്ധവൃത്തങ്ങൾ കാണുവാൻ. അടുക്കും ചിട്ടയും തെറ്റാതെ വശങ്ങളിൽ നിന്ന് വശങ്ങളിലേക്ക് വീശുന്ന ചൂലിനൊപ്പം പുറകോട്ട് പുറകോട്ട് നീങ്ങുന്ന അയ്യ. അതിനൊപ്പം തെളിഞ്ഞു തെളിഞ്ഞു വരുന്ന, ഈർക്കിലിത്തുമ്പുകളാൽ വരഞ്ഞ 'റ'  'റ'  എന്ന അക്ഷരങ്ങൾ.
ചെയ്യുന്ന ജോലി എത്ര ആസ്വദിച്ച്  ചെയ്യാമെന്ന് അവരിൽ നിന്നാണ് ആദ്യമായി അറിഞ്ഞത്. അങ്ങിനെ ചെയ്യുന്ന ജോലിയുടെ സൗന്ദര്യവും പൂർണ്ണതയും എത്രയായിരിക്കുമെന്നും. പിന്നീട് വരുന്ന പാൽക്കാരിയോ പത്രക്കാരനോ, എന്തിന് ഒരു പട്ടിയോ പൂച്ചയോ പോലും അർദ്ധവൃത്താലംകൃതമായ  ആ മുറ്റത്ത് ചവിട്ടുന്നത് സങ്കടമായിരുന്നു. 

അടിച്ചുവാരൽ കഴിഞ്ഞാൽ പിന്നെ വടക്കോറത്തെ കണ്ടമാണ് അടുത്ത ഉന്നം. കണ്ടത്തിൻറെ  കരയിൽ വച്ചിരിക്കുന്ന അലൂമിനിയക്കലങ്ങളും ഓട്ട് വിളക്കുകളും മറ്റ് അടുക്കളപ്പാത്രങ്ങളും 'മോറുക'യാണ് ലക്‌ഷ്യം. (കഴുകുക എന്നതിന് മോറുക എന്നാണ് അവിടുത്തെ ഗ്രാമ്യഭാഷ.) ഇറയത്തെ ഉത്തരത്തിൽ തൂക്കിയിട്ടിരിക്കുന്ന മൺപാത്രത്തിൽ  നിന്ന് ഉപ്പ് കലർന്ന ഉമിക്കരിയിലൽപ്പവും മുറ്റത്തെ തൈത്തെങ്ങിൽ നിന്ന് ഒടിച്ചെടുത്ത പച്ച ഈർക്കിലിയും കയ്യിലെടുത്ത് ചൂണ്ടുവിരൽബ്രഷു കൊണ്ട് പല്ലു തേച്ച് കറുത്ത പല്ലും ഇളിച്ചുപിടിച്ച്  അയ്യയെ പിന്തുടരും എട്ടുവയസ്സുകാരി. 
ചേമ്പിലയിൽ കൂട്ടി വച്ചിരിക്കുന്ന  ചാരം ഇട്ട് അമർത്തി തേക്കുമ്പോൾ കരിക്കലങ്ങൾ തിളങ്ങുന്ന വെള്ളിപ്പാത്രങ്ങൾ പോലെയാകുമെന്നും  മുറ്റത്തെ പുളിമരത്തിൽ നിന്ന് പൊഴിഞ്ഞ്‌വീണു കിടക്കുന്ന ചെമ്മീൻപുളി ഇട്ടു തേച്ചാൽ ഓട്ട് പാത്രങ്ങൾ സ്വർണവർണം വീണ്ടെടുക്കുമെന്നുമുള്ള രസതന്ത്രപാഠങ്ങൾ പഠിപ്പിച്ച് തന്നതും സ്‌കൂളിൻറെ പടി കണ്ടിട്ടില്ലാത്ത അയ്യയായിരുന്നു!

കശുമാവ് പൂത്ത് കായ്ച്ച് കശുവണ്ടി പൊഴിയുന്ന  കാലമായാൽ അയ്യക്ക് കുറച്ച് പത്രാസ്സ് കൂടും. കാരണം, ഞങ്ങൾ, കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും അയ്യയ്ക്ക് നിവേദനം കൊടുക്കുന്ന കാലമാണത്. കശുവണ്ടി വറുത്ത് തല്ലി തൊണ്ട് കളഞ്ഞ് ഭരണിയിൽ ആക്കിത്തരാനുള്ള നിവേദനം. "നിക്ക് പിടിപ്പത് പണീണ്ടെൻറെ കുട്ട്യോളേ" എന്ന് വീമ്പ് പറയുന്ന അയ്യയിൽ സഹതാപതരംഗം ഉണർത്താൻ  കുട്ടികൾ സംഘഗാനമായി ചിണുങ്ങിയിരുന്നത് എന്തായാലും "പ്ലീസ് അയ്യാ, പ്ളീസ്" എന്നായിരുന്നില്ല! കൂട്ടത്തിൽ അമ്മൂമ്മയുടെ  ശുപാർശയും വരും, "ആ കുട്ട്യോള് അവധി കഴിഞ്ഞ് തിരിച്ച് പോണേന് മുമ്പ് അതൊന്ന് വർത്ത് കൊടുക്ക്വോൻറയ്യേ..." രണ്ടുമൂന്ന് ദിവസത്തെ ഹർജ്ജി സമർപ്പിക്കലിന് ശേഷം അയ്യ പ്രഖ്യാപിക്കും, ഇന്ന് കശുവണ്ടി വറുക്കാം. പിന്നെ ഒരു ഉത്സവമാണ്. മുറ്റത്ത് അടുപ്പ് കൂട്ടി വലിയ ഉരുളി വച്ച് കശുവണ്ടി വറുക്കൽ പൊടി പൊടിക്കും. ചൂടോടെ മണ്ണിൽ കുഴിച്ചിട്ട കശുവണ്ടി തല്ലി പരിപ്പെടുക്കുന്നത് ഒരു ദിവസം കഴിഞ്ഞാണ്.  കശുവണ്ടി വറുക്കുമ്പോൾ ഊറി വരുന്ന നെയ്യ് എടുത്ത് കുപ്പിയിൽ സൂക്ഷിച്ചാൽ കാല് വിണ്ടുപൊട്ടുന്നതിനുള്ള മരുന്നാണെന്ന് പഠിപ്പിച്ചതും വൈദ്യയല്ലാത്ത അയ്യ തന്നെ.

അങ്ങിനെയങ്ങിനെ എന്തെല്ലാം അറിവുകൾക്ക് അയ്യയോട് കടപ്പെട്ടിരിക്കുന്നു! അന്നൊന്നും ക്യാമറ എന്നത് ഒരു സാധാരണ വസ്തു അല്ലാഞ്ഞത് കൊണ്ടും ചാഞ്ഞതും  ചരിഞ്ഞതും വീണതും എല്ലാം സെൽഫി എടുക്കുന്ന കാലം അല്ലാതിരുന്നതുകൊണ്ടും അയ്യയുടെ ഒരു ഛായാചിത്രം പോലും കയ്യിലില്ലാതെ പോയി എന്നത് ഒരു സ്വകാര്യനഷ്ടം തന്നെ. എങ്കിലും മനസ്സിൻറെ ക്യാൻവാസിൽ അയ്യയുടെ ചിത്രം എന്നും തെളിഞ്ഞുതന്നെ. 
------------------------------------------------------------------------------

*('വടക്കേപ്പുറ'മാകാം 'വടക്കോറ'മായത് )

Monday, February 6, 2017

ഏകം


ഹിന്ദുവോ മുസ്ലിമോ സിക്കോ ഈസായിയോ 
ആരുമാകട്ടെ, നാമേകാത്മകാത്മജർ,  
ആരാധനാലയം ആത്മാവിനാലയം 
ആത്മചൈതന്യം തുടിച്ചുനിൽക്കുന്നിടം 

ആത്മാവിലേക്കുള്ള പാതയിലിന്ദ്രിയ- 
നിഗ്രഹത്തിന്നു നാം വന്നുചേരുന്നിടം, 
ഇന്ദ്രിയമായകൾ കൊണ്ടു വലഞ്ഞിടും 
ചഞ്ചലമാനസർ തന്നഭയസ്ഥലം

നമ്മൾ  സൃഷ്ടിച്ച ദൈവത്തിനായല്ല, നാം 
നമ്മെ സൃഷ്ടിച്ച ദൈവത്തിനായ് വാഴണം 
എന്തിന്നരിഞ്ഞുവീഴ്ത്തുന്നതിൻ പേരിൽ നാ-
മിച്ചെറുനീർപ്പോള പോലുള്ള ജീവിതം?  

അന്യനുമില്ലന്യജാതിയുമില്ലനാ -
മൊക്കെയും മർത്ത്യകുലത്തിൽ പിറന്നവർ 
കീഴ്‌ജാതിയല്ല മേൽജാതിയുമല്ല, നാം 
കർമ്മയോഗത്തിനാൽ* ശ്രേഷ്‌ഠരാകേണ്ടവർ 

സത്യമായ് ചെയ്യുന്ന കർമ്മങ്ങളൊക്കെയും 
മെച്ചമാണില്ലതിലുച്ചനീചത്വവും 
അത്രയേ ചിന്തിച്ചിടേണ്ടതുള്ളൂ, മനം 
കത്തുന്ന വൈരാഗ്യമൊക്കെ ശമിക്കുവാൻ 

പായുന്ന കാറ്റിൻറെയൊപ്പവും, പാറുന്ന 
പക്ഷിതൻ കാഷ്ഠത്തിനൊപ്പവും യാത്രയായ്,  
വീഴുന്ന വിത്തുകൾ പൊട്ടിമുളയ്ക്കുന്നു 
ദേശാന്തരങ്ങളെ സ്വന്തമാക്കീടുന്നു!

സ്വന്തമെന്നുള്ളൊരു ചിന്തയിൽ നിന്നുടൻ 
വന്നുഭവിക്കുന്നു ദ്വന്ദമെന്നുള്ളതും!
പിന്നീടു ചിന്തിച്ചിടുന്നതിലൊക്കെയു-
'മെൻറെയെൻറേ'തെന്ന പാഴ് ശ്രുതി മാത്രമാം 

സങ്കൽപ്പരേഖകൾ കൊണ്ടൊരീ പാരിനെ- 
യാദ്യമായ് ഖണ്ഡിച്ച മർത്ത്യമസ്തിഷ്കമേ, 
എന്തിന്നപരാധമീ വിധം ചെയ്തു നീ-
യിന്നതിനാലിങ്ങരുംകൊലയെന്നുമേ. 

കോവിലോ മസ്ജിദോ പള്ളിയോ, മാർഗ്ഗ-
മതേതുമാകട്ടെ നാമെത്തുമൊരേയിടം 
പർവ്വതാഗ്രം തന്നിലെത്തുന്നു, താഴ്‌വര-
ച്ചുറ്റിൽ നിന്നെത്തുന്ന പാതകളൊക്കെയും! 

മാർഗ്ഗമദ്ധ്യേ  വന്നുവീഴുന്ന സ്പർദ്ധകൾ 
നീചരൊളിഞ്ഞിരുന്നെയ്യുന്നൊരമ്പുകൾ
മാർഗ്ഗം മുടക്കുന്ന മായാതിമിരമാ-
ണെന്നു തിരിച്ചറിഞ്ഞാൽ ശുഭമൊക്കെയും.

അജ്ഞാനമാകുമിരുട്ടിൻ  കരിമ്പട-
ക്കീഴിലൊളിക്കുമറിവിൻ വിളക്കുകൾ 
അക്ഷരദീപം തെളിച്ചകറ്റീടണം 
ആത്മാവ് മൂടുന്ന ക്ളാവും കറകളും  

അക്ഷരമൂറുന്ന നാക്കുകളേ, വിഷം 
ചേർക്കാത്ത വാക്കുകൾ കാതുകൾക്കേകുക 
വാക്കിലെയഗ്നി തൻ ശുദ്ധിയും സത്യവും
മായ്ക്കട്ടെ പാരിലെയജ്ഞതയൊക്കെയും 

കർണ്ണപീയൂഷവും കർമ്മപീയൂഷവും 
നിർമ്മലമായ്ത്തീർക്കുമീ വിശ്വമൊക്കെയും   
സീമകൾ മായുന്ന നാൾ വന്നുചേരുകിൽ 
ലോകമേ നീ സ്വർഗ്ഗഭൂമിയായ്‌ തീർന്നിടും!
--------------------------------------------------------------------------------------


(*കർമ്മയോഗം = ഫലേച്ഛ കൂടാതെയുള്ള കർമ്മാനുഷ്‌ഠാനം) 

Tuesday, January 10, 2017

പൂർവാപരം
പൂർവാപരം എന്നാൽ 'മുമ്പത്തേതും പിന്നാലെവരുന്നതും'(before & behind) എന്ന് അർത്ഥം. ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം ഇംഗ്ലീഷ് നിഘണ്ടുവിൽ east & west എന്നും അർത്ഥം കൊടുത്തിരിക്കുന്നു.


ആദ്യത്തെ വാക്കിൽ തുടങ്ങി അവസാനത്തെ വാക്കിൽ തീരുന്ന ഈ ഒറ്റ വാചകക്കവിത, ഇടയിൽ  വിരാമചിഹ്നം ഇല്ലാത്ത ഒരു പരീക്ഷണമാണ്. ആശയങ്ങളെ കൂട്ടിക്കെട്ടിയ ഒരു മാല.  ഒറ്റ ശ്വാസത്തിൽ വായിക്കാൻ ശ്രമിച്ചാൽ  അർത്ഥം തെളിയും.  യുക്തിഭംഗം ഉണ്ടോ എന്നറിയില്ല. 
Monday, January 2, 2017

നിന്ദാവിപ്ലവത്തിനോട്പൈതൃകം നൽകിയ 
ശീതളച്ഛായയിൽ 
മെയ്യനങ്ങാതങ്ങു   
തിന്നിരിക്കുന്നവർ 

വന്നിരിക്കുന്നുവീ 
മണ്ണിൽ മുളയിടും 
വിത്തുകൾക്കുള്ളിൽ 
വിഷം നിറച്ചീടുവാൻ 

പണ്ടുള്ള സത്തുക്കൾ 
ചൊല്ലിയതൊക്കെയും 
നിന്ദിച്ചിടുന്നതോ 
പുത്തനാം വിപ്ലവം?

നന്നെന്നു കേട്ടു 
വളർന്നവയൊക്കെയും 
ചേറെന്നു ചൊല്ലുന്ന-
തത്രേ പുതുമതം!

സദാചാരമിന്നു കാലാ-
വധി തീർന്നതാം 
പാഴ്‌പുരാവസ്തുവെ-
ന്നോതിടുന്നൂ ചിലർ 

സംസ്കാരമെന്ന വാ-
ക്കോതുകിൽ നിശ്ചയം 
പന്തം കൊളുത്തി 
പ്രകടനം കണ്ടിടാം!

നന്നായ് നടപ്പതിനെ 
പിന്നെയൊന്നാകെ 
യില്ലായ്മ ചെയ്തു 
വരുത്തുന്നു വിപ്ലവം! 

ബഹുമാനമെന്നാ-
ലടിമത്വമെന്നതോ  
ഇന്നത്തെ സ്വാതന്ത്ര്യ 
വിപ്ലവസൂക്തവും?! 

നിന്ദിച്ചു നിന്ദിച്ചു 
തീരുന്ന ജീവിതം 
കൊണ്ടു സുഖമാർക്കു 
വന്നിടാനൂഴിയിൽ?

വന്നതില്ലാർക്കുമേ 
യിന്നേ വരേയ്ക്കൊരു 
വല്ലായ്മയും മഹത് 
വാക്കുകൾ കേൾക്കയാൽ 

വടിവൊത്ത വാക്കുകൾ 
തൻ ശുദ്ധിയൊക്കെയും 
അണുബാധയേറ്റ പോ-
ലിന്നു വികലമായ് 

പകരുന്ന വ്യാധിയെ 
പടരുവാൻ വിട്ടവ-
രഴുകും വിഴുപ്പു 
ചുമക്കുമണുക്കളായ്‌

വിപ്ലവമല്ലിതു
ചപ്പിളികുപ്പയാ-
ണെത്രയുംവേഗം 
പടരുമണുക്കളും 

വളരുന്ന മക്കളു-
മതിനടിപെട്ടുപോം 
അതിനാലാവർക്കു
സൽബുദ്ധി  നൽകീടണം

അണുതുല്യജീവിതം  
ഗുണമുറ്റതാക്കുവാൻ 
തൃണതുല്യമായി നാം 
വിനയം വരിക്കണം 

മെതിയേറ്റടിഞ്ഞുപോം 
തൃണമെന്നിരിക്കിലും 
കറുകതൻ തുമ്പിനെ 
കാറ്റു പിടിക്കൊലാ!

കടയറ്റ വൻമരം 
ഉയിരറ്റു പോയിടും, 
ഉയരത്തിൽ നിന്നു
പതിക്കും പ്രപാതവും  

മനുജപ്രതാപവു-
മൊരുനാൾ ശമിച്ചിടും 
അതിരറ്റഹന്തയിൽ 
പാറിപ്പറക്കുകിൽ 

ഉയരത്തിലേക്കു നാം 
കയറുന്ന  കോണിയും 
തറയിൽ നിന്നടിതെറ്റി 
യെന്നാലുതകിടാ! 

മനമുറച്ചീടണം 
അടിയുറച്ചീടുവാൻ, 
അടിയുറച്ചീടണം 
പടിയുറച്ചീടുവാൻ 

പിടിവിട്ട വാക്കുകൾ 
ചൊരിയുന്ന  നാക്കിനെ 
വരുതിയിലാക്കുവാൻ 
വിനയം പഠിക്കണം! 

അഹമെന്ന ഭാവത്തി-
നറുതി വരുത്തുകി-
ലിഹസുഖം വന്നു 
ഭവിച്ചിടും നിശ്ചയം! 

ഇതുകേട്ടു  കടുകയ്‌പ്പു 
നീർ കുടിച്ചെന്നപോൽ 
പുരികം വളയ്ക്കുന്നു 
പരിഹാസചിന്തകർ.