Followers

Friday, September 26, 2014

അധികം + കരം = അധികാരം

കരമൊടുക്കി ജനത്തിനിന്നിരു -
കരമൊടിഞ്ഞു തളർന്നു പോയ്‌ 
കരമെടുത്തു മുടിച്ചുമങ്ങു 
തടിച്ചിടും ഭരണകൂടമേ  

ആര് വന്നു ഭരിക്കിലും കഥ-
മാറ്റമില്ലൊരു  നാളിലും 
വലത്ത്  നിന്ന് ഭരിക്കിലും വല- 
യിടത്  നിന്ന് വിരിക്കിലും! 

ഇടയ്ക്ക്  നിന്നു കരം കൊടുപ്പവ-
നിറ്റുമില്ലൊരു   ശരണവും 
കരം തരുന്നതിനൊത്തവണ്ണമൊരു 
മെച്ചമില്ല ഭരണത്തിലും 

കരണീയമല്ലിതു കരുതിനിന്നു  
കരുത്തു കാട്ടുക നമ്മളും 
കരുണ കാട്ടരുതിക്കിരാത 
ഭരണം പൊറുക്കരുതൊരുത്തരും 

കണക്കു കാണണ മിത്ര നാളു 
മൊടുക്കി വന്ന കരത്തിനും 
നനഞ്ഞ മണ്ണ് കുഴിച്ചു മേവു-
മനാസ്ഥയാമാധികാരമേ 

നിരത്തു തോറുമൊരുക്കി വയ്ചൊ -
രഗാധ ഗർത്ത മതിനായിനി 
വിയർപ്പു തുള്ളികൾ വീഴ്ത്തി നേടിയൊ -
ർത്ഥവും തരികില്ലിനി 

കട്ട വൈദ്യുതിയൊന്നിനും
നിശയൊട്ടു നീളു മിരുട്ടിനും 
കട്ട തൻ പുറമേറ്റി വച്ച *ഗജ  
ചക്ര വാഹനമൊന്നിനും 

നാരു പോൽ വരുമീ ജലം 
കാത്തൊട്ടു  പോയ ദിനത്തിനും 
മാത്ര വച്ചു പകുത്തു നൽകിയ 
പൈപ്പു വെള്ളമതൊന്നിനും 

സർക്കാര് സ്കൂളിനവസ്ഥയ്ക്കും 
പുനരാശുപത്രികളൊക്കെയ്ക്കും 
വന്നു കൂടിയ കണ്ടകശനി 
കണ്ടില്ലെന്ന നടിപ്പിനും 

റോഡു നീളെ കൂന കൂട്ടിയ 
മാലിന്യക്കൂമ്പാരവും 
നാടിൻ ഭൂഷണ മെന്ന ഭാവം 
കാട്ടിയുള്ളയിരുപ്പിനും 

നിയമ സഭയിലിരുന്നു വെറുതെ 
നിദ്ര പൂകുമമാത്യർക്കും 
മാസം തോറും നിങ്ങൾ പറ്റും 
ഘനമേറും ശമ്പള സഞ്ചിക്കും 

ഇത്ര നാളു മടച്ചതാം കര-
മത്രയും മതി പുംഗവാ 
ഒരു മനുഷ്യായുസ്സൊടുങ്ങാ-
നുള്ളതത്രയും തന്നില്ലേ?

കൊല്ലം തോറു മടച്ചിടും കര-
മാവിയാക്കിയതിനി മതി 
കാണണം അതു നാട്ടുകാരുടെ 
നന്മകൾക്കുതകും വിധം 

കട്ടു തിന്നതു ശീലമായിനി 
യൊട്ടുമില്ല സഹിഷ്ണുത 
കരമുയർത്തുക കൂട്ടരേ നാം 
സ്വരമുയർത്തുക കൂട്ടരേ 

മദ്യമെന്ന വിപത്ത് വിറ്റ് 
സമാഹരിച്ച ധനത്തിനാൽ 
മത്തനായി നടന്നതിന്നു ജന-
മുത്തരം നൽകേണമോ?

അതിന്റെ കമ്മി നികത്തുവാനിനി 
യില്ല പൗരനു ബാധ്യത 
തിന്നു കൂട്ടിയ കൊള്ള ലാഭ-
മെടുത്തു കുറവ് നികത്തുക 

ഏട്ടിലുള്ള വികസനം കൊ-
ണ്ടിനിയും പാട്ടിലാക്കീടുവാൻ 
നോക്കിടേണ്ടിനി കാട്ടണം 
തെളിവോടെയുള്ള പുരോഗതി 

എങ്കിൽ മാത്രമൊരുങ്ങുക 
കൈ നീട്ടി നിന്നു കരത്തിനായ് 
അല്ലയെന്നാൽ പോന്നിടേണ്ടിനി 
വോട്ടിനായി തെണ്ടുവാൻ 

വീട്ടിലുള്ളൊരു ചൂലും പിന്നെ 
കള പറിയ്ക്കും യന്ത്രവും 
വേണ്ട പോലുപയോഗിച്ചീടുവാൻ
ത്രാണി നേടുക നമ്മളും 


(*ഗജ  ചക്ര വാഹനം -  നമ്മുട സ്വന്തം ആന വണ്ടി KSRTC)

Wednesday, September 10, 2014

ഞങ്ങൾ ജ്വാലാമുഖികൾ

[ഇന്ത്യയിൽ വിവിധയിടങ്ങളിൽ നടന്നിട്ടുള്ള ആസിഡ് ആക്രമണങ്ങളുടെ ആഘാതത്താൽ  വഴി മാറി പോയ ജീവിതവുമായി  പൊരുത്തപ്പെട്ടു മുന്നേറാൻ ശ്രമിക്കുന്ന പെണ്‍കുട്ടികളുടെ മനസ്സ് കാണാൻ ശ്രമിച്ചു കൊണ്ട്   ഈ വരികൾ ... ]

Indian acid attack victims ban together in
heartwarming fashion shoot

(വിവിധ മാധ്യമങ്ങളിലൊന്നിൽ  വന്ന ചിത്രവും വാർത്തയും)

The photo session focused on young women photographed by Rahul Saharan as they wore clothes from a line called Rupa Designs — whose creator herself was one of the victims. They have spent years hiding their faces in shame. But united, they bravely came forward.





[അനിഷ്ടകരമായതൊന്നും  നമുക്ക് സംഭാവിക്കാത്തിടത്തോളം നമ്മൾ  ഓരോരുത്തരും സുഖകരമായ നിഷ്ക്രിയത്വ ത്തിലാണ്. 
ചുറ്റുമുള്ള സമൂഹജീവികളായ നമ്മളോടും, നിയമങ്ങളോടും  ഈ പെണ്‍കുട്ടികൾക്ക് എന്താണ് പറയാനുണ്ടാവുക? ഒന്ന് ചെവിയോർത്താൽ നമ്മുടെ മനസാക്ഷിയിൽ നിന്ന് കേൾക്കാം അവരുടെ സ്വരം. അതിപ്രകാരമല്ലേ?]

ഞങ്ങൾ ജ്വാലാമുഖികൾ

വരികീ പ്രദർശനം  കാണ്‍ക സമൂഹമേ 
നിൻ നീച ചിന്ത തൻ ബാക്കിപത്രം 
പാതിയും  വെന്ത മുഖങ്ങൾക്കു പൊള്ളും 
വിലയിട്ടു വെല്ലു വിളിപ്പു ഞങ്ങൾ 
അമ്ലമൊഴിച്ചുമെരിച്ചുമുറഞ്ഞൊരീ  
വ്രണിത  സൗന്ദര്യമിതാസ്വദിക്ക 

കാട്ടുനിയമമേ  നിൻറെ പഴുതുകൾ 
തന്നിലൂടൊളി കണ്ണു കൊണ്ടു കാണ്‍ക, 
തസ്കരരെന്ന പോലിരുളിൽ പ്പതുങ്ങി 
നിന്നാ  കിരാതർക്കുതകും വിധത്തിൽ   
വഴി വിട്ടു വ്യാഖ്യാനം ചേർത്തു ചമച്ചു നീ 
വിപണിയിൽ  വച്ചൊരാ നീതി സാരം
നിർബാധമതിനാൽ   വിഹരിച്ചിടും കൊടും- 
കൃത്യങ്ങൾ ചെയ്തവർ നാട് തോറും 
നിയമം പിഴച്ചുള്ള  ദേശം നശിച്ചിടും 
ഇരകൾ തൻ കണ്ണീർ വീണേടം മുടിഞ്ഞിടും 


ഭയമില്ല, നോവില്ല മേൽകീഴുമില്ലിനി  
തീയിൽ കുരുത്തതീ ബാക്കി ജന്മം 
മനസ്സില്ല  പൊത്തിലൊളിച്ചിരിക്കാൻ, മൂടു -
പടമിട്ടു വദനം  മറച്ചു നിൽക്കാൻ 
കരിവേറ്റ  മുഖമല്ല കാട്ടുന്നു ഞങ്ങളി -  
തലിവറ്റ ലോകത്തിനന്തരംഗം 
കണ്‍ തുറന്നെല്ലാരും  കണ്ടിടട്ടെ കരിം-
കല്ലിൻ മനസ്സുള്ള കപട ലോകം 
പ്രതികരിച്ചീടുവാനുള്ളൊരു  ത്രാണിയും  
പണയത്തിലായ്  പിണമായ ലോകം 

കണ്ണുകൾ പൊത്തിയും  കാതടച്ചും സദാ 
നാക്കിൽ കുരുക്കിട്ടു  വായടച്ചും 
മിണ്ടാതെ, മേലൊരു മണ്‍ തരി വീഴാതെ 
യെന്തുമെതിർക്കാതെ സമ്മതിച്ചും   
ഈ വിധം ഭൂവിതിൽ ചത്തതിനൊത്ത പോൽ  
ജീവിച്ചു ശീലമായ് പോയവരേ  
നാളെയനീതിക്ക് പാത്രമാകേണ്ടവർ 
നിങ്ങളാകാതെയിരുന്നിടട്ടെ
ആശിപ്പൂ ഞങ്ങളിന്നാകയാൽ ലോകമീ   
കാഴ്ചകൾ  നിശ്ചയം കണ്ടിടട്ടെ...