Followers

Saturday, October 22, 2016

അപ്പുറം



കൂട്ടിക്കുറച്ചും ഹരിച്ചും പെരുക്കിയും 
കണ്ടെത്തി നാമെന്നുറപ്പിച്ചൊരുത്തരം 
കണ്ടു ചിരിക്കുന്നു തമ്പുരാൻ ഗൂഢമായ്,
ഇപ്രപഞ്ചത്തിൻ ഗണിതം കുറിച്ചവൻ !

തൊള്ളായിരത്തോളമാഗ്രഹമുള്ളത്തിൽ 
നുള്ളിയെറിയുവാനാകാതെ തുള്ളവേ  
ഉള്ളതു കൊണ്ടുള്ളടക്കം വരാഞ്ഞിട്ടു 
കൊള്ളുന്നു ഗദ്ഗദം തെല്ലുള്ള നേരവും 

തങ്ങളിൽത്തന്നെ കറങ്ങിത്തിരിഞ്ഞു നാം 
കൂപമണ്ഡൂകങ്ങളായിച്ചമഞ്ഞു പോയ്‌ 
കൂപത്തിൽ നിന്നു പുറത്തു കടക്കുവാൻ 
കാലപാശച്ചുരുൾ താനേയഴിയണം! 

എന്തെന്തു വേഷങ്ങളാടണം മായയാം 
വേഷങ്ങളൊക്കെയഴിഞ്ഞു വീഴും വരെ 
കാലത്തുണർന്നു മിഴിച്ചിടും കണ്‍കളാൽ 
കാണുവാനെന്തെന്തു കാഴ്ചകൾ ബാക്കിയോ!

"കണ്ടിടാം നാളെ"യെന്നുള്ളോരു വാക്കു കൊ-
ണ്ടിന്നു നാം  ചൊല്ലി യാത്രാമൊഴി  തങ്ങളിൽ 
കാണുമെന്നില്ലായുറപ്പിനി മേലിലെ-
ന്നാകിലും പാഴ്വാക്ക് ചൊല്ലുന്നു പിന്നെയും 

കാലം  കറക്കും കളിപ്പമ്പരമെത്ര 
നേരം കറങ്ങുമെന്നാരഞ്ഞീടുവാൻ!  
കാലൻ വരും വരെ നേരം കളയുവാ-
നെന്തെന്തു കാര്യങ്ങൾ ചിന്തിച്ചിടുന്നു നാം!

കാലമീരേഴുലോകം കടന്നെത്തിടും 
മുമ്പുപടിയാറുമേറിക്കഴിയണം  
കാലനും മായ്ക്കുവാനാകാത്ത ജീവിതം 
കൊണ്ടുനാം നമ്മൾക്കു സ്മാരകം തീർക്കണം. 


1 comment:

  1. ധന്യമാം ജീവിതം
    ഈ വാക്കുകള്‍ ജീവിച്ചിരിക്കുമ്പോള്‍ കേള്‍ക്കാന്‍ കഴിയാത്തവരല്ലോ....
    ജീവിതഗന്ധിയായ വരികള്‍
    ആശംസകള്‍ ടീച്ചര്‍

    ReplyDelete