Followers

Thursday, May 26, 2016

ശൂന്യതയ്ക്ക് മുൻപ്


കണ്ണുചിമ്മിത്തുറന്നിടും വേഗത്തിൽ 
വന്നുപോകുന്നിതോരോ ദിനങ്ങളും 
ഇന്നു നേരം പുലരുന്നതിൻ മുമ്പു  
വന്നണയുന്നു സന്ധ്യതൻ രശ്മിയും 
നേരമാരെയും കാത്തിടാതങ്ങിനെ 
മിന്നൽവേഗത്തിലല്ലോ കുതിക്കുന്നു 
ഒട്ടുവിശ്രമമില്ലാതെയിങ്ങനെ 
ചുറ്റിടുന്നുവീ ഭൂമി നിരന്തരം 

സൂര്യനെ വലംവയ്ക്കുന്ന ഭൂമിതൻ 
ആയമൊന്നിനൊന്നേറി വന്നിട്ടൊരു 
നാളതിന്നച്ചുതണ്ടിൽ നിന്നൂറ്റമോ-
ടൂരിയെങ്ങാൻ  തെറിച്ചുവീണീടുമോ?! 
ഉൽക്കയായി നാം കത്തിക്കരിയുമോ?!
വായുവില്ലാത്ത ലോകത്തിലെത്തുമോ?!
എത്ര കോടി പ്രകാശവർഷംകട-
 ന്നെങ്ങുചെന്നു പതിക്കുമോ ഗർത്തമായ്?

എന്തൊരത്ഭുത ഗോളമീ ഭൂമിതൻ 
പുറം പറ്റിനിൽക്കുന്നു കീടങ്ങൾ നമ്മളും! 
എത്ര കോടി യുഗങ്ങളായീ ദിശ 
തെറ്റിടാതെ കറങ്ങുന്നു മേദിനി
ദിശ തെറ്റി നീങ്ങുന്ന മാനവരാശിയെ 
തണ്ടിലേറ്റി വലിച്ചുകൊണ്ടീ വിധം... 
ഓർക്കുകിൽ ചിത്രമെത്രയുമൊക്കെയും 
ശൂന്യതയ്ക്കു മുമ്പുള്ളോരു കാഴ്ചകൾ!! 
ശൂന്യതയ്ക്കു മുമ്പുള്ളോരു കാഴ്ചകൾ!! 


Thursday, May 19, 2016

നഷ്ട സുഗന്ധങ്ങളിലൂടെ



എങ്ങു നിന്നുയരുന്നിതു പൂമണം
വന്നു തിങ്ങി നിറയുന്നുവോർമ്മയിൽ
പണ്ടു മുറ്റത്ത് വെൺമെത്ത തീർത്തൊരാ 
പാരിജാതം പൂ വിതറിയോ പിന്നെയും?

വെള്ളി നക്ഷത്രമെല്ലാമടർന്നൊരു 
കുഞ്ഞു കാവിൻറെ  മണ്ണിലേക്കൂർന്ന പോൽ 
പൊന്നിലഞ്ഞി തൻ പൂക്കളേ വീണ്ടുമീ 
വിണ്ട മണ്ണിൻറെ മാറിൽ ചിതറിയോ?

ചൂതമൊന്നിനെ ചുറ്റിപ്പടർന്നൊരു 
മുല്ല വള്ളിയിൽ പൂത്ത പ്രണയമേ 
വെണ്ണിലാവിൻറെ പന്തലിൽ നിങ്ങൾ തൻ 
മംഗലമിന്നു വീണ്ടും നടന്നുവോ?

പച്ചിലച്ചാർത്തിലെത്ര  പവിത്രമാം  
ഗന്ധമേറ്റിടും രാമത്തുളസികൾ 
സന്ധ്യനേരത്ത്‌ ദീപം കൊളുത്തുവാൻ 
മൺ വിളക്കുമായ്‌ വന്നു വിളിച്ചുവോ?

ചെമ്പവിഴമിട കലർന്നുള്ളൊരു 
വെള്ളമുത്തിൻറെ മാലയും ചാർത്തിയാ  
പൊൻപവിഴമല്ലിച്ചെടി  പൂത്തതിൻ 
ഗന്ധമുള്ളൊരു ചിന്ത പരന്നുവോ?

പാതിരാവിലും കണ്ണു ചിമ്മാതെയ-
ന്നാറ്റുനോറ്റിരുന്നോരോ ദളങ്ങളും 
മെല്ലെ മെല്ലെ വിടർത്തിയ  വശ്യയാം 
വെൺ നിശാഗന്ധി തന്നുടെയോർമ്മയോ? 

ദൂരെയുള്ളൊരു വീടിൻ തൊടിയിലെ 
ചെമ്പകം പൂത്തുലഞ്ഞുവെന്നുള്ളൊരു 
ദൂതുമായ്‌ വന്ന തെന്നലിൻ മഞ്ചലെ-
ങ്ങാനുമീ  വഴി പിന്നെയും വന്നുവോ?

പണ്ടു കേട്ടൊരു യക്ഷിക്കഥയിലെ 
പാല പൂത്തതിന്നുന്മാദ ഗന്ധമോ 
ജെണ്ടുമല്ലിയിൽ  ചുണ്ടമർത്തീടവേ 
നാസികത്തുമ്പിലൂർന്നൊരാ ഗന്ധമോ?

ഭൂതകാലത്തിനോർമ്മ തൻ പൂവുകൾ 
പൂത്തു നിൽക്കുന്ന പാതയിലൂടവേ 
കാവ്യദേവത പോയിവന്നീടവേ 
കൊണ്ടുവന്നതാണിന്നീ പരിമളം 
കൊണ്ടു തന്നതാണിന്നീ പരിമളം.