Thursday, July 14, 2016

ഇടപ്പിള്ളി ട്രോൾ !


ഈ അടുത്ത കാലം വരെ കേരളത്തിലെ ഇടപ്പിള്ളി എന്ന സ്ഥലനാമം കേൾക്കുമ്പോൾ മനസ്സിൽ തോന്നിയിരുന്ന വികാരങ്ങൾ, സ്നേഹത്തിനെ കുറിച്ചുള്ള അനശ്വര കാവ്യങ്ങൾ മലയാളി സമൂഹത്തിൻറെ ചുണ്ടിലും മനസ്സിലും പതിപ്പിച്ചുവച്ച ഇടപ്പിള്ളി രാഘവൻ പിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നീ കവികളോടുള്ള സ്നേഹവും ആദരവുമായി ഇട കലർന്നതായിരുന്നു. എന്നാൽ ഇന്ന് ഇടപ്പിള്ളി എന്ന് കേൾക്കുമ്പോൾ ഈ പ്രദേശം കടന്ന് യാത്ര ചെയ്യേണ്ടവരുടെ മനസ്സിൽ തോന്നുന്നത് കടുത്ത അമർഷവും ദേഷ്യവും മനം മടുപ്പും മാത്രം.
രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ലുലു മാൾ എന്ന വൻ പ്രസ്ഥാനം ഇന്ന് അത്യാവശ്യ യാത്രകൾക്കായി വീടുകളിൽ നിന്ന് ഇറങ്ങിത്തിരിക്കുന്ന ജനങ്ങൾക്ക് ഉണ്ടാക്കുന്ന ദുരിതവും കടുത്ത പിരിമുറുക്കവും എത്രയാണെന്ന് പറഞ്ഞറിയിക്കുക വിഷമം. യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന വിധം മണിക്കൂറുകളോളം അവരെ വഴിയിൽ കുടുങ്ങിക്കിടക്കാൻ ഇട വരുത്തുന്ന തരത്തിൽ ഈ മാളിന് ഈ സ്ഥലം തന്നെ അനുവദിച്ചുകൊടുത്തതിന് ആർക്കാണ് ഉത്തരവാദിത്തം? പണി തുടങ്ങിവച്ച കാലങ്ങളിൽ പറഞ്ഞുകേട്ടത് ആ പ്രദേശത്തെ ട്രാഫിക്കിനെ ബാധിക്കാത്ത തരത്തിൽ ഫ്‌ളൈ ഓവറോ പാലമോ മറ്റോ കെട്ടിക്കൊടുക്കാൻ പൈസ മുടക്കുന്നവർ തയ്യാറായിരുന്നു എന്നാണ്. അതിന് അന്ന് ഇടംകോലിട്ടത് ആരൊക്കെയാണ് എന്നും നിശ്ചയമില്ല. എന്തായാലും വർഷങ്ങൾ മുന്നോട്ട് പോകും തോറും ഈ യാത്രാദുരിതം കൂടിവന്നുകൊണ്ടിരിക്കുന്നു.

അയൽ സംസ്ഥാനത്തു പഠിക്കുന്ന മകൻ അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കഴിഞ്ഞ ദിവസം ആറരയ്ക്ക് ആലുവ ബൈപാസിൽ എത്തേണ്ട കോച്ച് ബസിന് കാത്തുനിന്നു. ആറ് മണിക്ക് വൈറ്റിലയിൽ നിന്നു പുറപ്പെട്ട ബസ് ലുലുവിന്റെ മുന്നിലെ വാഹന കുരുക്കിൽ പെട്ട് ചക്രശ്വാസം വലിച്ച് ആലുവ ബൈപാസിൽ എത്തുന്നത് രാത്രി എട്ടരയോടടുത്ത്. ഈ രാത്രി നേരമത്രയും ആ ബസിൽ പോകാനായി വന്നവർ വഴിയരികിലെ ഷെഡിൽ പൊരിഞ്ഞ മഴയത്ത് സ്വയം ശപിച്ചും പ് രാകിയും നിൽക്കുമ്പോൾ അവിടെ ലുലുമാളിൽ ഡിസ്‌കൗണ്ട് സെയിൽ മഹോത്സവം പൊടിപൊടിക്കുകയായിരുന്നു. ഇതുപോലെ മുന്നോട്ടുള്ള സ്റ്റോപ്പുകളിൽ ഈ ബസിനായി കാത്തുനിന്നവരിൽ വൃദ്ധരും പെൺകുട്ടികളും ഒക്കെ കണുമായിരുന്നിരിക്കാം. ഇതുപോലെ നിത്യേന എത്ര അനുഭവങ്ങൾ. ലുലുവിൽ ഡിസ്‌കൗണ്ട് സെയിൽ എന്ന് കേട്ടാൽ അതുവഴി പതിവായി ജോലിക്കും, പഠിക്കാനും, മറ്റ് അത്യാവശ്യങ്ങൾക്കായും മറ്റും പോകുന്നവർക്ക് സ്വതവേ ഉള്ള മാനസിക സംഘർഷം അതിൻറെ ഉച്ചകോടിയിൽ എത്തും. ടാക്സിക്കാരേയും ഓട്ടോക്കാരേയും ആ വഴിയ്ക്കു ഓട്ടം വരാൻ സമ്മതിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.

അന്യ ജില്ലകളിൽ നിന്ന് മാത്രമല്ല , അന്യ സംസ്ഥാനത്തു നിന്നു വരെ ഈ ലുലു എന്ന ഊരാക്കുടുക്കിനെ കാണാൻ ജനങ്ങൾ എത്തുന്നുണ്ട് എന്നു ഞാൻ പറയുമ്പോൾ അത് ലുലു മാളിന് വേണ്ടിയുള്ള ഒരു പരസ്യവാചകമായല്ല എടുക്കേണ്ടത്. മറിച്ച് ഒരു നഗരത്തിലെ മൊത്തം വാഹനനീക്കത്തിന് ഹാനിയായി തീരുന്നു എന്നറിഞ്ഞിട്ടും ഒരു മനഃസാക്ഷിക്കുത്തും ഇല്ലാതെ കണ്ണുമടച്ച് ഇരിക്കാൻ ഇതിൻറെ തലപ്പത്തിരിക്കുന്നവർക്കും ഈ വകുപ്പെല്ലാം കൈകാര്യം ചെയ്യേണ്ടതായ സർക്കാർ അധികാരികൾക്കും എങ്ങിനെ കഴിയുന്നു എന്ന നിരാശയോടെയാണ് പറയുന്നത്. (കഴിഞ്ഞ മന്ത്രിസഭയിലെയും ഈ മന്ത്രിസഭയിലെയും ഇനി വരാനിരിക്കുന്ന മന്ത്രിസഭകളിലെയും മുഴുവൻ അധികാരികളെയുമാണ് ഉദ്ദേശിച്ചത്) .

കൊച്ചി മെട്രോയുടെ പണി ആണ് എല്ലാ വാഹന കുരുക്കുകൾക്കും കാരണം എന്നു പറഞ്ഞ് എല്ലാ പഴിയും അവരുടെ തലയിൽ കെട്ടി വയ്ക്കാനാണ് പലരുടെയും ശ്രമം. നാടിൻറെ പൊതുവിലുള്ള വികസനത്തിനായി ഉള്ള ഒരു പ്രധാന ചുവടുവയ്പ്പായ മെട്രോയുടെ പണി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് നേരിടുമ്പോഴും ജനത്തിന്റെ മനസ്സിൽ ഒരു പ്രതീക്ഷയുണ്ട്. ഇതിൻറെ പണി കഴിഞ്ഞാലുള്ള യാത്രാ സൗകര്യങ്ങളെ കുറിച്ച്. ഒരു പ്രദേശത്തിൻറെ മുഴുവനും അടിസ്ഥാന യാത്രാ സൗകര്യമാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. അതും പൊതുജനത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിൽ ബദ്ദശ്രദ്ധരാണ് ഇതിൻറെ തലപ്പത്തുള്ളവർ. ബുദ്ധിമുട്ടിൻറെ അളവ് ഇതിലും കുറച്ചുകൊണ്ട് മെട്രോയുടെ പണി മുന്നോട്ടു കൊണ്ടുപോകാൻ നമ്മുടെ നാട്ടിലെ ഇന്നത്തെ അടിസ്ഥാന സൗകര്യങ്ങൾ അനുസരിച്ച് സാധിക്കില്ല തന്നെ. എങ്കിലും പണി കഴിയുന്ന മുറയ്ക്ക് മെട്രോ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തീരും എന്നൊരു പ്രതീക്ഷയുണ്ട്. എന്നാൽ ഈ ലുലു മാൾ മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ നിന്ന് എങ്ങിനെ രക്ഷപ്പെടും?

അത്യാസന്ന നിലയിൽ ആശുപത്രിയിലേയ്ക്ക് ചികിത്സയ്‌ക്കോ പ്രസവത്തിനോ അല്ലെങ്കിൽ വിമാനത്താവളത്തിലേക്കോ, പരീക്ഷകൾക്കോ ഒക്കെയായി വീട്ടിൽ നിന്ന് തിരിക്കുന്നവരുടെ മനസ്സിൽ ലുലു മാളിന് വഴിയിൽ നേരിടാനുള്ള ഒരു ഭീകര രാക്ഷസൻറെ രൂപമാണ്. ഈ മാൾ ഇവിടെ പ്രവർത്തനം ആരംഭിച്ച ശേഷം ഇതിലൂടെയുള്ള യാത്ര എത്ര ദുരിതപൂർണമാണ് എന്ന് അനുഭവസ്ഥർക്ക് ഏവർക്കും അറിയാം. ഇതുമൂലം പാഴായിപ്പോകുന്ന ഇന്ധനത്തിനും മനുഷ്യൻറെ സമയത്തിനും ഒരു വിലയുമില്ലേ? ടൗൺ പ്ലാനിംഗിൻറെയും മറ്റും ചുമതല വഹിക്കുന്നവർ ഇത്തരം വരുംവരായ്കകളെ കുറിച്ചൊക്കെ ആഴത്തിൽ പഠിച്ച ശേഷമല്ലേ ഇതുപോലുള്ള വൻ പ്രസ്ഥാനൾക്കൊക്കെ സ്ഥലം അനുവദിക്കാവൂ.

കാര്യം, ഞാനും മുൻപ് ആഹ്ലാദപൂർവ്വം പറഞ്ഞിട്ടുണ്ട്, ലുലുവിലേയ്ക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് അധിക ദൂരമില്ല എന്ന്. ലുലു മാളിൽ പോയി സന്തോഷത്തോടെ ഷോപ്പിംഗ് നടത്തിയിട്ടുമുണ്ട്. പക്ഷെ നിത്യേനയുള്ള ഈ യാത്രാദുരിതം കാണുമ്പോൾ ഒരു വീണ്ടുവിചാരം, ബന്ധപ്പെട്ടവർ ഈ ഗതാഗതക്കുരുക്കിന് ഒരു പരിഹാരം കാണുന്നത് വരെ എൻറെ ഷോപ്പിംഗ് ഇനത്തിൽ ഒരു നയാപൈസ പോലും ഇടപ്പിള്ളിയിലെ ഈ മാളിൻറെ പണപ്പെട്ടിയിൽ ഇടില്ല എന്ന്. എൻറെ ഒരാളുടെ പോക്കറ്റിലെ പൈസ കിട്ടാഞ്ഞാൽ ലുലു പാപ്പരാകും എന്ന അതിമോഹമൊന്നും എനിക്കില്ല. എന്നാലും ഇങ്ങനെയെങ്കിലും പ്രതികരിക്കുന്നത് മനസ്സിലെ അമർഷം അടക്കാനെങ്കിലും ഉപകരിക്കും എന്ന് തോന്നുന്നു. ഒരു നിസ്സഹകരണപ്രസ്ഥാനം, അത്ര മാത്രം.താത്പ്പര്യമുള്ളവർക്ക് പരീക്ഷിക്കാം.

ശ്രീ യൂസഫ് അലി അവർകളോട് ഒരു വാക്ക്...

താങ്കളോട് തികഞ്ഞ ബഹുമാനമാണുള്ളത്. ജീവിതത്തിലുടനീളം കടുത്ത പരിശ്രമത്തിലൂടെ താങ്കൾ നേടിയെടുത്തിട്ടുള്ള വിജയങ്ങൾ എല്ലാവർക്കും ഉണർവ് നല്കുന്നതാണ്. താങ്കളുടെ പ്രധാന സ്ഥാപനമായ ലുലു ഞങ്ങൾ വിദേശമലയാളികളുടെ ജീവിതത്തിൻറെ ഒരു ഭാഗം തന്നെയാണ്. ഒരു വൻ മലയാളി സമൂഹത്തിനും മറ്റൊരുപാട് രാജ്യക്കാർക്കും തൊഴിൽ എന്ന കിട്ടാക്കനി നൽകിയ വൻവൃക്ഷമാണ് ശ്രീ യൂസഫ് അലി എന്നതും വളരെ വലിയ കാര്യം. അങ്ങിനെയുള്ള താങ്കൾ ജനങ്ങളുടെ ഇത്തരം ദുരിതങ്ങൾക്ക് ഒരു കാരണക്കാരനാകണം എന്ന വിചാരം വച്ചുപുലർത്തുകില്ല എന്നു തന്നെ ഉറച്ച് വിശ്വസിക്കുന്നു.
ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും അധികാരികളുമായി താങ്കൾ പുലർത്തിപ്പോരുന്ന നല്ല ബന്ധം നാട്ടുകാർക്ക് പലപ്പോഴും തുണയായിട്ടുണ്ട്. ആ നല്ല ബന്ധം ഉപയോഗിച്ച്, ജനത്തിനെ വലയ്ക്കുന്ന ഈ തലവേദനയ്ക്ക് ഒരു പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

4 comments:

 1. തികച്ചും ഉചിതമായതും,അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പോന്നതുമായ കുറിപ്പ്.ഞാന്‍ ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
  ഏതെങ്കിലും ആവശ്യത്തിന് എറണാകുളത്തു പോകണമെന്ന് നിനച്ചാല്‍
  തലവേദനയാണ് അവിടത്തെ ഗതാഗതക്കുരുക്കിന്‍റെ കാര്യമോര്‍ത്ത്.ഇന്നുത്തീരും,നാളെത്തീരും എന്നുവിചാരിച്ച് കഴിയുമ്പോഴും കാലംചെല്ലുന്തോറും ഏടാകൂടങ്ങളും കൂടിവരികയാണ്.കാത്തുകെട്ടിക്കിടക്കുന്ന യാത്രക്കാരുടെ പ്രാക്കും,പരാതിയും ആ ഭാഗത്തെ അന്തരീക്ഷത്തില്‍ രൂപംപ്രാപിച്ചുനില്പുണ്ട്.ക്രമേണ അത് ശാപമായി ഫലിക്കുമെന്നോര്‍ക്കണം അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍...
  പരിഹാരം കാണാന്‍ സന്മനസ്സുള്ളവര്‍ക്ക്‌ കഴിയുമെന്ന് വിശ്വസിക്കുന്നു.......
  ആശംസകള്‍ ടീച്ചര്‍

  ReplyDelete
 2. ഇടപ്പള്ളി ലുലു കവലയിൽ ഫ്ലൈഓവ റിന്റെ പണി തീർന്നുകൊണ്ടിരിക്കുന്നു. അത് ടാറിംഗ് തീർന്നു കൊണ്ടിരിക്കുന്നു. അത് കഴിഞ്ഞാൽ ഗതാഗതം സുഗമമാകുമെന്ന് കരുതുന്നു.പിന്നെ സിഗ്നലിനായി കാത്തു കെട്ടി കിടക്കേണ്ടി വരില്ല.

  ReplyDelete
 3. യൂസഫ് അലി സാഹിബിനു വേണമെങ്കിൽ സിറ്റിയിൽ നിന്ന് മാറി ഈ മാൾ നടത്താവുന്നതേയുണ്ടായിരുന്നുള്ളു. സെന്ററിൽ നിന്ന് മാറി എന്നോർത്ത് ലുലുവിൽ ആളെത്താതിരിക്കുകയുമില്ല. ടൗൺ പ്ലാനർ (അങ്ങനെ വല്ലവരും ഉണ്ടെങ്കിൽ) ആയിരുന്നു സിറ്റിയുടെ നടുവിൽ ഈ മാൾ വരുന്നതിനെപ്പറ്റി ഭരണക്കാർക്ക് പറഞ്ഞുകൊടുക്കേണ്ടിയിരുന്നത്

  ReplyDelete
 4. യൂസഫലിയെ എന്തിനു കുറ്റം പറയുന്നു? അയാൾ ബിസിനസ്സ് ചെയ്യുന്നു. കാശു ഉണ്ടാക്കുക എന്നത് മാത്രം ലക്ഷ്യം. നമ്മളല്ലേ ഈ ലുലു മാൾ വളർത്തുന്നത്? സാധാരണ കടയിൽ കിട്ടുന്ന സാധനം അമിത കൊടുത്തു അവിടെ ചെന്നു വാങ്ങുന്നു. എന്തോ മഹാത്ഭുതം പോലെ കുഞ്ഞു കുട്ടി സഹിതം അതു കാണുവാൻ പോകുന്നു. ഈ മാളിനോടുള്ള ആസക്തി നിറുത്തൂ. പോകാതിരിക്കൂ. അതു തനിയെ പൂട്ടിക്കോളും. ഞാൻ ഇതേ വരെ ആ മാളിൽ പോയിട്ടില്ല.

  ReplyDelete