ഒരു വിരൽത്തുമ്പിന്നരികെ നീയുണ്ടെന്ന
തോന്നലിൽ കാലം കടന്നു പോകെ
തോന്നലിൽ കാലം കടന്നു പോകെ
പറയുവാൻ നേരമില്ലാതെ നാം മാറ്റി വ-
ച്ചൊന്നല്ലൊരായിരം കുഞ്ഞു കാര്യം
അരികിലായ് തന്നെയിരിക്കയാലെപ്പൊഴും
കരഗതമെന്നു നിനക്കയാലെ
പലകുറി മാറ്റി വച്ചീടുന്നു പങ്കു
വച്ചീടുവാനാഞ്ഞൊരു ചിന്തകളും
ഒരു ദിനം തീർന്നു തളർന്നിരവിൻ മടി
മേലെ മയങ്ങിയുണർന്നിടുമ്പോൾ
മറവി തൻ മൂടൽമഞ്ഞാകെ പുതയുന്നു,
പറയാതെ ചിന്തകൾ മാഞ്ഞിടുന്നു
കരുതലായ് നീയെന്നുമരികിലുണ്ടെന്നു
ഞാൻ കരുതിയെൻ നിദ്രയിൽ വീണുപോകെ
ഒരു നാളമണയുന്ന പോലെ നാമൊരുദിനം
നിദ്രയിൽ നിന്നുണരാതെ വന്നാൽ
പറയാതെ,യറിയാതെ തമ്മിൽ ചൊരിയാതെ
യൊരുവേള പാഴായിടാം വാക്കുകൾ
ഇട മുറിയാതൊരു മഴ വന്നു പോവുകി-
ലൊഴുകിമാറാം കരിമേഘ ജാലം
ഒരു തരി നേരവും കളയുവാനില്ല നി-
ന്നരികിലായ് തന്നെയിരുന്നിടട്ടെ
ഇനിയോരൊഴിവും പറയൊല്ല നാ,മിതു
ജീവിതത്തിന്നിടവേളയല്ലേ
ഇളവെയിൽ തീർന്നുവെന്നിതുവഴി
വന്നോരിണക്കിളി തൻ മൊഴി കേട്ടതല്ലേ
പലകുറി പറയുവാനോർത്തു മറന്നൊരാ
പഴയ കാര്യങ്ങൾ പരതിടട്ടെ
വിരൽ തൊട്ടു നിൽക്കവേയിഴ ചേർന്നു നിന്നിടും
മധുരമാമോർമ്മകൾ പൂവിടട്ടെ
ജര വന്നു മൂടിയെന്നാകിലും പ്രണയമേ
യിനിമയെന്നും നമുക്കിടയിലില്ലേ!
മരണമേയൊരു വേളയരികത്തു വന്നെന്നെ
യരുമയായ് തട്ടി വിളിച്ചിടുമ്പോൾ
പ്രിയനോടുരിയാടി മതി വന്നിടാത്തൊരെൻ
മൊഴി മുഴുമിക്കാനിട തരണേ
കരതലം ചേർത്തു പിടിച്ചു 'വിട'യെ-
ന്നുരയ്ക്കും വരേക്കൊന്നു കാത്തിടേണേ...
അതുവരെ കണ്ടു മതി മറന്നങ്ങു നീ
മരണമേ വഴി മാറി നിൽക്കുകില്ലേ?
ഹൃദയസ്പര്‍ശിയായ വരികള്‍
ReplyDeleteമനുഷ്യന്‍ ഒന്നു നിനക്കുമ്പോള്‍ നിയതിയുടെ നിയോഗം മറ്റൊന്നാകുമ്പോള്‍ മാറ്റിവെക്കപ്പെട്ടതെല്ലാം വ്യര്‍ത്ഥമല്ലോ!!
ചിന്തിപ്പിക്കുന്ന നല്ലൊരുകവിത
ആശംസകള്‍ ടീച്ചര്‍
അതേ സർ "നാളെയാരെന്നുമെന്തെന്നുമാർക്കറിയാം"
Deleteനല്ല വരികൾ!!!
ReplyDeleteThank you Sudhi
Deleteകവിത മനോഹരം. ജീവിതത്തിൽ പറയാനിനി എത്ര കാര്യങ്ങൾ. എത്ര പറഞ്ഞാലും ബാക്കി നിൽക്കുന്നു. നന്നായി അവതരിപ്പിച്ചു. കവിത താളത്തിൽ ചൊല്ലാനുള്ളത് കൂടിയാണെന്ന പഴയ ചിന്താഗതി പിന്തുടരുന്ന നല്ല കവിത.
ReplyDeleteരണ്ടാമത്തെ വരിയിലെ "ചിന്തയിൽ" എന്ന വാക്ക് യോജിക്കുന്നതായി തോന്നിയില്ല."കരുതലിൽ" എന്നോ മറ്റോ ആയിരുന്നുവെങ്കിൽ മെച്ചമായേനെ.അതേ വരിയിൽ ''നാം'' മാറ്റി വച്ചതോ ഞാൻ മാറ്റി വച്ചതോ നല്ലത്? "നീയുമീ നിദ്രയിൽ" അർത്ഥമാക്കിയത് നീ പോയാലും എന്നാണെന്ന് തോന്നി. പക്ഷെ ''ഞാൻ'' പോകുന്നതിനല്ലേ പ്രാധാന്യം? അതല്ലേ പറഞ്ഞു വന്നത്? ഇതൊക്കെ ചെറിയ കാര്യങ്ങൾ. കവിത നന്നായി.
* രണ്ടാമത്തെ വരിയിലെ 'ചിന്തയിൽ' എന്നത് 'തോന്നലിൽ' എന്നാക്കിയിട്ടുണ്ട് .
Delete*'നാം' എന്നെഴുതിയത് 'രണ്ട് പേരും' എന്ന ഉദ്ദേശത്തിലാണ്.
"ഒരു നാളമണയുന്ന പോലെ ഞാൻ, നീയുമീ
നിദ്രയിൽ നിന്നുണരാതെ വന്നാൽ " എന്ന വരികളിൽ
ഒരു നാളം അണയുന്നതു പോലെ 'ഞാനോ നീയോ' ഒരുദിവസം നിദ്രയിൽ നിന്ന് ഉണരാതെ വന്നാൽ എന്നാണ് ഉദ്ദേശിച്ചത് .
ആരാണ് ആദ്യം പോകുക എന്ന് ആർക്ക് പറയാനാകും . ആര് പോയാലും ബാക്കിയാകുന്നു, തമ്മിൽ പറയുവാൻ കരുതിയ കാര്യങ്ങൾ.
ചെറിയ കാര്യങ്ങളിലെ വലിയ കരുതലിന് ഏറെ നന്ദി ബിപിൻ സർ .