Followers

Saturday, November 26, 2016

ശില്പവിസ്മയം







ഇത് സലാവത് ഫിദായ്. കൂട്ടുകാർക്ക് പലർക്കും ഈ മുഖം പരിചിതമായിരിക്കും. പ്രത്യേകിച്ചും ഈ വർഷത്തെ 
ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവം ഹൃദയത്തിലേറ്റിയവർക്ക്.
പ്രശസ്ത
നായ റഷ്യൻ മിനിയേച്ചർ ആർട്ടിസ്റ്റ് ആണ് നാൽപ്പത്തിരണ്ടുകാരനായ സലാവത്ത് ഫിദായ്.    ഈശ്വരൻ വാരിക്കോരിക്കൊടുത്ത സർഗ്ഗശേഷിയാൽ ഇദ്ദേഹം തൻറെ കലയുടെ ലോകം കൊത്തിയെടുക്കുന്നതാവട്ടെ, എഴുതുവാനും വരയ്ക്കുവാനും മാത്രം എന്ന് നമ്മൾ കരുതുന്ന സാധാരണ പെൻസിൽ മുനകളിലും. തൻറെ സൂക്ഷ്മമായ ശില്പചാതുര്യം കാട്ടി  കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് ഇദ്ദേഹവുമുണ്ടായിരുന്നു ഇക്കഴിഞ്ഞ മുപ്പത്തഞ്ചാമത്‌ ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയായ ഷാർജ എക്സ്പോ സെൻററിൽ.

ഈ കലാകാരൻറെ കരവിരുത് തെളിയിക്കുന്ന  പെൻസിൽതുമ്പുകളുടെ ചിത്രങ്ങൾ  ആലേഖനം ചെയ്ത   പുസ്തകോത്സവത്തിൻറെ തീം ബാനറുകളും ഭീമൻ പരസ്യ ബോർഡുകളും ഷാർജയിലെ റോഡുകളിൽ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ആ ചിത്രത്തിൻറെ പിന്നിലെ കഥ എന്താണെന്നറിയാൻ ഒരു ജിജ്ഞാസ തോന്നിയിരുന്നു. പിന്നീട് വന്ന പത്രവാർത്തകളിൽ നിന്ന് അണിയറയിലെ കലാകാരനെയും കലയെയും കുറിച്ച് വായിച്ചറിഞ്ഞു. അന്നേ ആഗ്രഹിച്ചിരുന്നു ഈ കലാകാരനെ നേരിട്ട് കാണണമെന്ന്. അങ്ങിനെയാണ് ഞങ്ങൾ എക്സ്പോ സെൻററിൽ ഇദ്ദേഹത്തെ അന്വേഷിച്ച് ചെന്നത്. 

ചെന്നപ്പോഴോ, കണ്ണും കയ്യും മനസും ഏകാഗ്രമാക്കി തൻറെ മുന്നിലെ മൈക്രോസ്കോപ്പ് ലെൻസിനടിയിൽ വച്ച പെൻസിൽ തുമ്പുകളെ   മൂർച്ചയേറിയ ഒരു ബ്ലേഡ് ഉപയോഗിച്ച്   സൂക്ഷ്മതയോടെ  പലവിധമായ  ശില്പങ്ങളാക്കി മാറ്റുന്ന ഒരു മാന്ത്രികനെയാണ്  കണ്ടത്. 



ചുറ്റുമുള്ള കണ്ണാടിക്കൂടുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പെൻസിൽ ഗ്രാഫൈറ്റ് ശിൽപ്പങ്ങൾ മാഗ്നിഫയിങ് ഗ്ലാസ്സിലൂടെ നോക്കിക്കാണുന്നവരുടെയൊക്കെ കണ്ണുകളിൽ വിസ്മയം നിറഞ്ഞു നിന്നിരുന്നു. ഫാൽക്കൺ, ലൈറ്റ് ബൾബ്, കപ്പും സോസറും, ഗിറ്റാർ, ആൾരൂപങ്ങൾ എന്നുവേണ്ട ചുറ്റിലും കാണുന്നതെന്തിനെയും തൻറെ പെൻസിൽ മുനകളിലേക്ക് ആവാഹിച്ച് ഭാവനയും സൂക്ഷ്മതയും സമ്മേളിക്കുന്ന സുന്ദരശില്പങ്ങളാക്കി മാറ്റാനുള്ള സലാവത്തിൻറെ കഴിവിനെ അത്ഭുതം എന്നേ വിളിക്കാനാവൂ.

ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ഞങ്ങളുടെ അഭ്യർത്ഥന വളരെ   സന്തോഷപൂർവ്വം സമ്മതിച്ച സലാവത്ത് ഫിദായ് ഞങ്ങളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള സന്മനസ്സും കാണിച്ചു. ഞാൻ ഒരു ആർട്ട് ടീച്ചറാണെന്ന് പരിചയപ്പെടുത്തിയപ്പോൾ
അദ്ദേഹത്തിൻറെ അച്ഛനും ഒരു ആർട്ട് ടീച്ചറായിരുന്നു എന്ന് ചിരിച്ചുകൊണ്ട്    മറുപടി. ശില്പി മാത്രമല്ല, ഒരു നല്ല ചിത്രകലാവിദഗ്ദ്ധന്‍ കൂടിയാണ് ഇദ്ദേഹം.
http://www.salavatfidai.com/ എന്നതാണ് അദ്ദേഹത്തിൻറെ വെബ് അഡ്രസ്സ്.

ഓർമ്മക്കായി ഒരു പെൻസിൽ ശിൽപ്പം എനിക്കും സ്വന്തമാക്കണം എന്ന മോഹം  ഓരോ ശിൽപ്പത്തിൻറെ  ചുവട്ടിലും കുറിച്ചുവച്ചിരിക്കുന്ന വില കണ്ട ഞെട്ടലിൽ ഞെട്ടറ്റുവീണു!! 2000 ഡോളർ മുതൽ മുകളിലേക്കാണ്  ഓരോന്നിനും വിലയിട്ടിരുന്നത്. തൽക്കാലം ഓർമ്മയിൽ സൂക്ഷിക്കാൻ   സലാവത്ത് ഫിദായ് എന്ന അതുല്യ കലാകാരനോടൊപ്പം എടുത്ത  ഫോട്ടോ മാത്രം മതിയെന്ന് സമാധാനിച്ച്  ഞങ്ങൾ അദ്ദേഹത്തോട് യാത്ര പറഞ്ഞു. 


3 comments:

  1. സലാവത്ത് ഫിദായ് എന്ന അതുല്യനടനെ പരിചയപ്പെടുത്തിയത് നന്നായി.
    അദ്ദേഹം കര്‍മ്മമാര്‍ഗ്ഗത്തില്‍ കാണിക്കുന്ന കണിശവും, കൈയും,മെയ്യും,മനസ്സും ഏകാഗ്രമാക്കി പ്രവൃത്തിയില്‍ കാണിക്കുന്ന സൂക്ഷ്മശ്രദ്ധയും നല്ലൊരു പാഠമാണ്.
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  2. ഗിരിജ, ഇങ്ങിനെയൊരു കലാകാരനെ പരിചയപ്പെടുത്തിയതില്‍ സന്തോഷം. ആ വെബ്സൈറ്റ് കൂടെ ഒന്ന് കണ്ട് വരട്ടെ :)

    ReplyDelete
  3. എന്റെ
    സംശയങ്ങള്‍ക്കും
    ഉത്തരമായി. നന്ദി ടീച്ചര്‍...

    ReplyDelete