Followers

Wednesday, December 30, 2020

തിരുവാതിര 


 












അചഞ്ചലം

പ്രണയഭക്തിശൈലം 

സനാതനം

ശിവശക്തിദുർഗ്ഗം

അദ്യുതീയം

അർദ്ധനാരീശ്വരീയം

ഭാരതീയം

സകലകുടുംബഭദ്രം!

Wednesday, December 23, 2020

"ഇനിയൊരല്പമിരുന്നുകൊള്ളട്ടേ..."

ആലാപനം 

പ്രിയപ്പെട്ട സുഗതകുമാരിടീച്ചറിന്  പ്രണാമം...  










ബധിരമീ ലോകവേദി വിട്ടേകയായ്,
കൂടൊഴിഞ്ഞു  പോയീടുന്നു പൂങ്കുയിൽ
അശ്രാന്തം പാട്ടുപാടിത്തളർന്നവൾ,
അരുതെന്നനുദിനം നമ്മോടു കേണവൾ,
പ്രകൃതിതൻ ദൂതുചൊല്ലിക്കരഞ്ഞവൾ, 
മർത്ത്യഗീതികൾ നിത്യം  ജപിച്ചവൾ, 

പോകുവോളവും  കമിഴ്ക്കുടങ്ങളിൽ
നീരു കോരുവാൻ പാഴ്‌വേല ചെയ്തവൾ...
ഇന്നാക്കുയിൽ കൂടുപേക്ഷിച്ചു പോകവേ
നിത്യയായ്  ഭവൽപ്പാദത്തിലെത്തവേ
പാഴ്ക്കുടങ്ങൾ നാമേറ്റുപാടുന്നുണ്ടി-
ന്നാപ്പൂങ്കുയിൽതൻ്റെ  പ്രാണൻറെ പാട്ടുകൾ............... 


***

ഇന്നു ശോകം കഴിഞ്ഞാൽ നമുക്കുടൻ
കുന്നിടിച്ചുനിരത്തുവാൻ പോകണം,
കാവുമാറും കുളങ്ങളും തീണ്ടണം 
ബോധവൃക്ഷങ്ങളെല്ലാം മുറിക്കണം,
പാറപൊട്ടിച്ചിടുംപോൽ കഠിനമാം
തീവ്രകാവ്യങ്ങൾ പാടിപ്പഠിക്കണം,
വേദികൾ തോറും വാശിയും വീറു-
മേറിടും മത്സരങ്ങൾ നടത്തണം! 



 


                                             






Sunday, November 1, 2020

കീരവാണി

 


കേരളത്തിൻ ജന്മനാളിൽ ദൂരേ  
ശാരികപ്പൈതൽതൻ പാട്ടു കേൾപ്പൂ... 
മലയാളമേയെൻ്റെയഭിമാനമേ, 
ശ്രീ രാമാനുജൻതൻ്റെ വരദാനമേ, 
വരവാണിയണിയുന്ന മണിഹാരമേ, 
മലയളനാടിന്നലങ്കാരമേ, 
മലനാട്ടിൽ വാഴുന്ന മന്നവർതൻ 
നാവിലിരുന്നുവിളങ്ങയെന്നും. 
അക്ഷരമാലയെ വന്ദിച്ചിടാൻ 
നന്നായവരെ തുണയ്ക്കയെന്നും! 
കള്ളം കളമൊഴിഞ്ഞെൻ്റെ നാടി-
ന്നുള്ളം തെളിയാൻ നമിച്ചിടുന്നേൻ! 

                        



Monday, October 26, 2020

മൂകാംബികാസ്തുതി 






















മൂകനാം മർത്ത്യനും വാക്കിൻ കൃപാവരം
നീട്ടുമെൻ മൂകാംബികേ തൊഴുന്നേൻ!
സംസാരമാകുമാരണ്യമദ്ധ്യത്തിലും 
ആത്മപ്രകാശം തെളിയ്ക്കുമമ്മേ

അഷ്ടരാഗാസുരവർഗ്ഗങ്ങളാൽ സദാ 
കഷ്ടത തിങ്ങുമീ കാനനത്തിൽ 
ദർപ്പനാശം വരുത്തീടുവാൻ സർവദാ 
കൂട്ടായിരിക്കണം സർവ്വാത്മികേ 

കെട്ട വാക്കിൻ വിളയാട്ടത്തിനാക്കാതെ-
യെന്നുടെ ജിഹ്വയിൽ കീലകമായ് 
വർത്തിച്ചിടേണമോം ശക്തീ പരാശക്തി 
സദ്ഭാവനാമൃതദാനേശ്വരീ 

തായ കാട്ടും  മഹാമായകൾ  തന്നുടെ-
യന്തരാർത്ഥങ്ങൾ ഗ്രഹിച്ചീടുവാൻ 
ഉൾക്കണ്ണിലുൺമയായ്‌  വാഴണമംബികേ 
നാരായണീ ശിവേ  നാദാത്മികേ!

ദേവീ മൂകാംബികേ വിദ്യാസ്വരൂപിണീ 
വേദാത്മികേ സദാ കൈ തൊഴുന്നേൻ!!

Thursday, October 15, 2020

ഇതളടരുംപോൽ...

ഒരുദിനംവരു,മതിശാന്തം!

ജീവിതപുഷ്പവാടിയെനിയ്ക്കു
നീട്ടുമൊരു മൃതിപുഷ്പം, മനോഹരം!  

ഞെട്ടൊടിയ്ക്കാതെ സക്ഷമം 
ചോട്ടിലിരുന്നു ഞാൻ നോക്കും,
കുഞ്ഞായ് സാകൂതം മിഴിക്കും!  

അതുവരെയറിയാത്തൊരു 
മാസ്മരഗന്ധം പരക്കും... 

പിന്നെയിതളിതളായടരും
പുഷ്പമെന്നെയൊരു ചിരിയിൽ മയക്കും!!

ശുഭ,മതിശാന്ത,മനന്തരം
ഇതളടരുംപോൽ നിശബ്ദം 
വിടകൊള്ളുമതിനൊപ്പം, സുഖം!

Thursday, September 10, 2020

കൃഷ്ണാ!

 




















രോഹിണീനക്ഷത്രദിവ്യജാതം 
മൃദുലകോമളകാന്തബാലരൂപം! 
വൃന്ദാവനം   മധുരഗാനസാന്ദ്രം  
മുരളീരവം ശ്രവണമമൃതതുല്യം 
സുചിരം സുഖകരം മനോജ്‌ഞം  
സുമുഖം ചിദാനന്ദശാന്തരൂപം!  

വനമാലിനം ശ്രീഹരിണകണ്ഠം 
കൃഷ്ണം വശ്യചൂർണ്ണകുന്തളം 
കരുണാമൃതം ശ്രീവദനസൂനം
ശരണാഗതം തവചരണയുഗളം 
ഭാവസാഗരം തരണാർത്ഥമിത്ഥം
തവപൂജനം സുകൃതമേകകൃത്യം! 

Wednesday, August 5, 2020

സാകേതം





 
രാമരാമേതി ജപിക്കുകിലുള്ളിലെ
രാവണാംശമകന്നുപൊയ് പ്പോയിടും  
രാവണാംശമകന്നുപോയാൽ മനം 
രാവകന്നു തെളിഞ്ഞു നന്നായ് വരും 
രാവകന്നാൽ ചിദാകാശമണ്ഡലം 
രാഗമെട്ടുമൊഴിഞ്ഞുവിളങ്ങിടും 
രാഗമുക്തി കൈവന്നാലതിന്നുമേൽ 
രോഗമുക്തി മറ്റെന്തൊരീ ജന്മത്തിൽ!
രാജധർമ്മാനുസാരി ജയ ജയ!
രാമരാമ സാകേതരാമാ ജയ!

Tuesday, April 14, 2020

കൊന്നയില്ലാക്കണി





കൊന്നയില്ലാക്കണിക്കൊന്നയില്ലാ !
മഞ്ഞമണിക്കണിക്കൊന്നയില്ലാ,
നാളികേരപ്പൊളിത്തിങ്കളില്ലാ,
മഞ്ഞക്കണിവെള്ളരിയുമില്ലാ... 
എങ്കിലുമെൻ മുകിൽവർണ്ണനുണ്ടേ 
ചുണ്ടിലാപ്പുഞ്ചിരിയിന്നുമുണ്ടേ 
കണ്ണൻ്റെ  മഞ്ഞത്തുകിലുകണ്ടാൽ 
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ!
കണ്ണനെക്കണ്ടുതൊഴുതുനിന്നാൽ 
എന്നും വിഷുക്കണി തന്നെയല്ലേ!
ഉള്ളതുകൊണ്ടെൻ്റെയുള്ളിലെന്നും 
പൊന്നിൻവിഷുക്കണി വന്നുചേരാൻ 
കണ്ണാ തുണയ്ക്കണ,മിക്കുറിയെൻ
കൊന്നയില്ലാക്കണി കൈക്കൊള്ളണം!