Followers

Friday, February 10, 2017

ബാലപാഠങ്ങൾ


എത്ര പെട്ടെന്നാണ് ജീവിതത്തിൻറെ ക്യാൻവാസുകൾ മാറിക്കൊണ്ടിരിക്കുന്നത്.  മുഴുമിപ്പിക്കാനാവാത്ത മനോവിചാരങ്ങളെയും കണ്ടുമതിയാകാത്ത കാഴ്ചകളെയും   കൊണ്ട് നിറയുന്ന ജീവിതം, അപൂർണ്ണചിത്രങ്ങളുടെ ഒരു അപൂർവ്വ കലവറ തന്നെ! 

ഇന്ന്, ജീവിതത്തിൻറെ ഈ മധ്യഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ അത്ര അസാധാരണമായ അനുഭവസമ്പത്തൊന്നും അവകാശപ്പെടാനില്ലെങ്കിലും ചില ചിത്രങ്ങൾ, ചില തിരിച്ചറിയലുകൾ... അതിന്നും  മിഴിവുള്ളതാണ് . അറിഞ്ഞോ അറിയാതെയോ ജീവിതത്തെ സ്വാധീനിച്ചതെന്തൊക്കെയായിരുന്നു എന്ന് ഓർത്തെടുക്കാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. അങ്ങിനെയുള്ള നിമിഷങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന ചില മുഖങ്ങളുണ്ട്, ചില വീടുകളുണ്ട്, ചില മണങ്ങളുണ്ട്, ചില ഈണങ്ങളുണ്ട്, ഓർമ്മകളുടെ ഒരു വലിയ ലോകമുണ്ട്. ആ വലിയ ലോകത്തെ ചെറിയ സന്തോഷങ്ങൾ ഒന്നോർത്തെടുക്കാൻ എന്ത് സുഖമാണ്!അയ്യ,  അതാണ് അവരുടെ പേര്. അടുക്ക്, ചിട്ട, ക്രമം ഇതിലൊക്കെ സൗന്ദര്യമുണ്ടെന്ന ജീവിതപാഠം ആദ്യം പഠിപ്പിച്ചുതന്നവർ. അന്നവർക്ക് അറുപതിനോടടുത്ത് പ്രായം ഉണ്ടായിരുന്നിരിക്കാം. അലക്കിഅലക്കി മങ്ങിപ്പോയതെങ്കിലും വൃത്തിയുള്ള വെള്ള ഒറ്റമുണ്ടും വെള്ള റൗക്കയുമാണ് വേഷം. മേൽമുണ്ട് ഇടുന്ന ശീലം പതിവായി ഇല്ലെങ്കിലും 'ഞാൻ സ്ത്രീസ്വാതന്ത്ര്യവാദിയാണ്' എന്നുള്ള ഭാവമൊന്നും  അവരിൽ കണ്ടിരുന്നില്ല. ഇന്നാണെങ്കിൽ മേൽമുണ്ട് ധരിക്കാതെ നടക്കുന്നതിൻറെ പേരിൽ സ്ത്രീസ്വാതന്ത്ര്യവാദികൾ അവരെ പ്രകടങ്ങളുടെ മുൻനിരയിൽ കൊണ്ടുനിറുത്തിയേനെ! 

ബ്രാക്കറ്റ് പോലുള്ള കാലുകൾ ധൃതിയിൽ നീട്ടിവച്ച് നിത്യവും രാവിലെ പടിപ്പുര കടന്നെത്തുന്ന അയ്യയെ കാത്തിട്ടല്ല  എന്ന മട്ടിൽ തറവാടിൻറെ ഇറയത്ത് ഉറങ്ങിത്തീരാത്ത കണ്ണുകൾ  പായിച്ച് ഇരുന്നിരുന്ന ഒരു എട്ട് വയസ്സ്കാരി ഉണ്ടായിരുന്നു. എത്തിയാൽ ഉടൻ വടക്കോറത്ത്*  വച്ചിരിക്കുന്ന കുറ്റിച്ചൂൽ കയ്യിലൊതുക്കി   തൻറെ നിത്യവൃത്തി തുടങ്ങുകയായി അയ്യ. അത് കാണാനാണ് എട്ട് വയസ്സ്കാരി കണ്ണും കൂർപ്പിച്ച് ഇരിക്കുന്നത്. രാവിലെ എഴുന്നേൽക്കുന്നത് തന്നെ ആ  കാഴ്ച നഷ്ടപ്പെടാതിരിക്കാനാണ്.  എന്തൊരു ഭംഗിയാണ് രാത്രി മുഴുവൻ കുളിരിൽ കഴിഞ്ഞ് ഈറനായ പൂഴിമണൽ നിറഞ്ഞ മുറ്റത്ത് അയ്യ പ്രഭാതത്തിൽ തീർക്കുന്ന അർദ്ധവൃത്തങ്ങൾ കാണുവാൻ. അടുക്കും ചിട്ടയും തെറ്റാതെ വശങ്ങളിൽ നിന്ന് വശങ്ങളിലേക്ക് വീശുന്ന ചൂലിനൊപ്പം പുറകോട്ട് പുറകോട്ട് നീങ്ങുന്ന അയ്യ. അതിനൊപ്പം തെളിഞ്ഞു തെളിഞ്ഞു വരുന്ന, ഈർക്കിലിത്തുമ്പുകളാൽ വരഞ്ഞ 'റ'  'റ'  എന്ന അക്ഷരങ്ങൾ.
ചെയ്യുന്ന ജോലി എത്ര ആസ്വദിച്ച്  ചെയ്യാമെന്ന് അവരിൽ നിന്നാണ് ആദ്യമായി അറിഞ്ഞത്. അങ്ങിനെ ചെയ്യുന്ന ജോലിയുടെ സൗന്ദര്യവും പൂർണ്ണതയും എത്രയായിരിക്കുമെന്നും. പിന്നീട് വരുന്ന പാൽക്കാരിയോ പത്രക്കാരനോ, എന്തിന് ഒരു പട്ടിയോ പൂച്ചയോ പോലും അർദ്ധവൃത്താലംകൃതമായ  ആ മുറ്റത്ത് ചവിട്ടുന്നത് സങ്കടമായിരുന്നു. 

അടിച്ചുവാരൽ കഴിഞ്ഞാൽ പിന്നെ വടക്കോറത്തെ കണ്ടമാണ് അടുത്ത ഉന്നം. കണ്ടത്തിൻറെ  കരയിൽ വച്ചിരിക്കുന്ന അലൂമിനിയക്കലങ്ങളും ഓട്ട് വിളക്കുകളും മറ്റ് അടുക്കളപ്പാത്രങ്ങളും 'മോറുക'യാണ് ലക്‌ഷ്യം. (കഴുകുക എന്നതിന് മോറുക എന്നാണ് അവിടുത്തെ ഗ്രാമ്യഭാഷ.) ഇറയത്തെ ഉത്തരത്തിൽ തൂക്കിയിട്ടിരിക്കുന്ന മൺപാത്രത്തിൽ  നിന്ന് ഉപ്പ് കലർന്ന ഉമിക്കരിയിലൽപ്പവും മുറ്റത്തെ തൈത്തെങ്ങിൽ നിന്ന് ഒടിച്ചെടുത്ത പച്ച ഈർക്കിലിയും കയ്യിലെടുത്ത് ചൂണ്ടുവിരൽബ്രഷു കൊണ്ട് പല്ലു തേച്ച് കറുത്ത പല്ലും ഇളിച്ചുപിടിച്ച്  അയ്യയെ പിന്തുടരും എട്ടുവയസ്സുകാരി. 
ചേമ്പിലയിൽ കൂട്ടി വച്ചിരിക്കുന്ന  ചാരം ഇട്ട് അമർത്തി തേക്കുമ്പോൾ കരിക്കലങ്ങൾ തിളങ്ങുന്ന വെള്ളിപ്പാത്രങ്ങൾ പോലെയാകുമെന്നും  മുറ്റത്തെ പുളിമരത്തിൽ നിന്ന് പൊഴിഞ്ഞ്‌വീണു കിടക്കുന്ന ചെമ്മീൻപുളി ഇട്ടു തേച്ചാൽ ഓട്ട് പാത്രങ്ങൾ സ്വർണവർണം വീണ്ടെടുക്കുമെന്നുമുള്ള രസതന്ത്രപാഠങ്ങൾ പഠിപ്പിച്ച് തന്നതും സ്‌കൂളിൻറെ പടി കണ്ടിട്ടില്ലാത്ത അയ്യയായിരുന്നു!

കശുമാവ് പൂത്ത് കായ്ച്ച് കശുവണ്ടി പൊഴിയുന്ന  കാലമായാൽ അയ്യക്ക് കുറച്ച് പത്രാസ്സ് കൂടും. കാരണം, ഞങ്ങൾ, കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും അയ്യയ്ക്ക് നിവേദനം കൊടുക്കുന്ന കാലമാണത്. കശുവണ്ടി വറുത്ത് തല്ലി തൊണ്ട് കളഞ്ഞ് ഭരണിയിൽ ആക്കിത്തരാനുള്ള നിവേദനം. "നിക്ക് പിടിപ്പത് പണീണ്ടെൻറെ കുട്ട്യോളേ" എന്ന് വീമ്പ് പറയുന്ന അയ്യയിൽ സഹതാപതരംഗം ഉണർത്താൻ  കുട്ടികൾ സംഘഗാനമായി ചിണുങ്ങിയിരുന്നത് എന്തായാലും "പ്ലീസ് അയ്യാ, പ്ളീസ്" എന്നായിരുന്നില്ല! കൂട്ടത്തിൽ അമ്മൂമ്മയുടെ  ശുപാർശയും വരും, "ആ കുട്ട്യോള് അവധി കഴിഞ്ഞ് തിരിച്ച് പോണേന് മുമ്പ് അതൊന്ന് വർത്ത് കൊടുക്ക്വോൻറയ്യേ..." രണ്ടുമൂന്ന് ദിവസത്തെ ഹർജ്ജി സമർപ്പിക്കലിന് ശേഷം അയ്യ പ്രഖ്യാപിക്കും, ഇന്ന് കശുവണ്ടി വറുക്കാം. പിന്നെ ഒരു ഉത്സവമാണ്. മുറ്റത്ത് അടുപ്പ് കൂട്ടി വലിയ ഉരുളി വച്ച് കശുവണ്ടി വറുക്കൽ പൊടി പൊടിക്കും. ചൂടോടെ മണ്ണിൽ കുഴിച്ചിട്ട കശുവണ്ടി തല്ലി പരിപ്പെടുക്കുന്നത് ഒരു ദിവസം കഴിഞ്ഞാണ്.  കശുവണ്ടി വറുക്കുമ്പോൾ ഊറി വരുന്ന നെയ്യ് എടുത്ത് കുപ്പിയിൽ സൂക്ഷിച്ചാൽ കാല് വിണ്ടുപൊട്ടുന്നതിനുള്ള മരുന്നാണെന്ന് പഠിപ്പിച്ചതും വൈദ്യയല്ലാത്ത അയ്യ തന്നെ.

അങ്ങിനെയങ്ങിനെ എന്തെല്ലാം അറിവുകൾക്ക് അയ്യയോട് കടപ്പെട്ടിരിക്കുന്നു! അന്നൊന്നും ക്യാമറ എന്നത് ഒരു സാധാരണ വസ്തു അല്ലാഞ്ഞത് കൊണ്ടും ചാഞ്ഞതും  ചരിഞ്ഞതും വീണതും എല്ലാം സെൽഫി എടുക്കുന്ന കാലം അല്ലാതിരുന്നതുകൊണ്ടും അയ്യയുടെ ഒരു ഛായാചിത്രം പോലും കയ്യിലില്ലാതെ പോയി എന്നത് ഒരു സ്വകാര്യനഷ്ടം തന്നെ. എങ്കിലും മനസ്സിൻറെ ക്യാൻവാസിൽ അയ്യയുടെ ചിത്രം എന്നും തെളിഞ്ഞുതന്നെ. 
------------------------------------------------------------------------------

*('വടക്കേപ്പുറ'മാകാം 'വടക്കോറ'മായത് )

Monday, February 6, 2017

ഏകം


ഹിന്ദുവോ മുസ്ലിമോ സിക്കോ ഈസായിയോ 
ആരുമാകട്ടെ, നാമേകാത്മകാത്മജർ,  
ആരാധനാലയം ആത്മാവിനാലയം 
ആത്മചൈതന്യം തുടിച്ചുനിൽക്കുന്നിടം 

ആത്മാവിലേക്കുള്ള പാതയിലിന്ദ്രിയ- 
നിഗ്രഹത്തിന്നു നാം വന്നുചേരുന്നിടം, 
ഇന്ദ്രിയമായകൾ കൊണ്ടു വലഞ്ഞിടും 
ചഞ്ചലമാനസർ തന്നഭയസ്ഥലം

നമ്മൾ  സൃഷ്ടിച്ച ദൈവത്തിനായല്ല, നാം 
നമ്മെ സൃഷ്ടിച്ച ദൈവത്തിനായ് വാഴണം 
എന്തിന്നരിഞ്ഞുവീഴ്ത്തുന്നതിൻ പേരിൽ നാ-
മിച്ചെറുനീർപ്പോള പോലുള്ള ജീവിതം?  

അന്യനുമില്ലന്യജാതിയുമില്ലനാ -
മൊക്കെയും മർത്ത്യകുലത്തിൽ പിറന്നവർ 
കീഴ്‌ജാതിയല്ല മേൽജാതിയുമല്ല, നാം 
കർമ്മയോഗത്തിനാൽ* ശ്രേഷ്‌ഠരാകേണ്ടവർ 

സത്യമായ് ചെയ്യുന്ന കർമ്മങ്ങളൊക്കെയും 
മെച്ചമാണില്ലതിലുച്ചനീചത്വവും 
അത്രയേ ചിന്തിച്ചിടേണ്ടതുള്ളൂ, മനം 
കത്തുന്ന വൈരാഗ്യമൊക്കെ ശമിക്കുവാൻ 

പായുന്ന കാറ്റിൻറെയൊപ്പവും, പാറുന്ന 
പക്ഷിതൻ കാഷ്ഠത്തിനൊപ്പവും യാത്രയായ്,  
വീഴുന്ന വിത്തുകൾ പൊട്ടിമുളയ്ക്കുന്നു 
ദേശാന്തരങ്ങളെ സ്വന്തമാക്കീടുന്നു!

സ്വന്തമെന്നുള്ളൊരു ചിന്തയിൽ നിന്നുടൻ 
വന്നുഭവിക്കുന്നു ദ്വന്ദമെന്നുള്ളതും!
പിന്നീടു ചിന്തിച്ചിടുന്നതിലൊക്കെയു-
'മെൻറെയെൻറേ'തെന്ന പാഴ് ശ്രുതി മാത്രമാം 

സങ്കൽപ്പരേഖകൾ കൊണ്ടൊരീ പാരിനെ- 
യാദ്യമായ് ഖണ്ഡിച്ച മർത്ത്യമസ്തിഷ്കമേ, 
എന്തിന്നപരാധമീ വിധം ചെയ്തു നീ-
യിന്നതിനാലിങ്ങരുംകൊലയെന്നുമേ. 

കോവിലോ മസ്ജിദോ പള്ളിയോ, മാർഗ്ഗ-
മതേതുമാകട്ടെ നാമെത്തുമൊരേയിടം 
പർവ്വതാഗ്രം തന്നിലെത്തുന്നു, താഴ്‌വര-
ച്ചുറ്റിൽ നിന്നെത്തുന്ന പാതകളൊക്കെയും! 

മാർഗ്ഗമദ്ധ്യേ  വന്നുവീഴുന്ന സ്പർദ്ധകൾ 
നീചരൊളിഞ്ഞിരുന്നെയ്യുന്നൊരമ്പുകൾ
മാർഗ്ഗം മുടക്കുന്ന മായാതിമിരമാ-
ണെന്നു തിരിച്ചറിഞ്ഞാൽ ശുഭമൊക്കെയും.

അജ്ഞാനമാകുമിരുട്ടിൻ  കരിമ്പട-
ക്കീഴിലൊളിക്കുമറിവിൻ വിളക്കുകൾ 
അക്ഷരദീപം തെളിച്ചകറ്റീടണം 
ആത്മാവ് മൂടുന്ന ക്ളാവും കറകളും  

അക്ഷരമൂറുന്ന നാക്കുകളേ, വിഷം 
ചേർക്കാത്ത വാക്കുകൾ കാതുകൾക്കേകുക 
വാക്കിലെയഗ്നി തൻ ശുദ്ധിയും സത്യവും
മായ്ക്കട്ടെ പാരിലെയജ്ഞതയൊക്കെയും 

കർണ്ണപീയൂഷവും കർമ്മപീയൂഷവും 
നിർമ്മലമായ്ത്തീർക്കുമീ വിശ്വമൊക്കെയും   
സീമകൾ മായുന്ന നാൾ വന്നുചേരുകിൽ 
ലോകമേ നീ സ്വർഗ്ഗഭൂമിയായ്‌ തീർന്നിടും!
--------------------------------------------------------------------------------------


(*കർമ്മയോഗം = ഫലേച്ഛ കൂടാതെയുള്ള കർമ്മാനുഷ്‌ഠാനം)