Followers

Thursday, May 19, 2016

നഷ്ട സുഗന്ധങ്ങളിലൂടെഎങ്ങു നിന്നുയരുന്നിതു പൂമണം
വന്നു തിങ്ങി നിറയുന്നുവോർമ്മയിൽ
പണ്ടു മുറ്റത്ത് വെൺമെത്ത തീർത്തൊരാ 
പാരിജാതം പൂ വിതറിയോ പിന്നെയും?

വെള്ളി നക്ഷത്രമെല്ലാമടർന്നൊരു 
കുഞ്ഞു കാവിൻറെ  മണ്ണിലേക്കൂർന്ന പോൽ 
പൊന്നിലഞ്ഞി തൻ പൂക്കളേ വീണ്ടുമീ 
വിണ്ട മണ്ണിൻറെ മാറിൽ ചിതറിയോ?

ചൂതമൊന്നിനെ ചുറ്റിപ്പടർന്നൊരു 
മുല്ല വള്ളിയിൽ പൂത്ത പ്രണയമേ 
വെണ്ണിലാവിൻറെ പന്തലിൽ നിങ്ങൾ തൻ 
മംഗലമിന്നു വീണ്ടും നടന്നുവോ?

പച്ചിലച്ചാർത്തിലെത്ര  പവിത്രമാം  
ഗന്ധമേറ്റിടും രാമത്തുളസികൾ 
സന്ധ്യനേരത്ത്‌ ദീപം കൊളുത്തുവാൻ 
മൺ വിളക്കുമായ്‌ വന്നു വിളിച്ചുവോ?

ചെമ്പവിഴമിട കലർന്നുള്ളൊരു 
വെള്ളമുത്തിൻറെ മാലയും ചാർത്തിയാ  
പൊൻപവിഴമല്ലിച്ചെടി  പൂത്തതിൻ 
ഗന്ധമുള്ളൊരു ചിന്ത പരന്നുവോ?

പാതിരാവിലും കണ്ണു ചിമ്മാതെയ-
ന്നാറ്റുനോറ്റിരുന്നോരോ ദളങ്ങളും 
മെല്ലെ മെല്ലെ വിടർത്തിയ  വശ്യയാം 
വെൺ നിശാഗന്ധി തന്നുടെയോർമ്മയോ? 

ദൂരെയുള്ളൊരു വീടിൻ തൊടിയിലെ 
ചെമ്പകം പൂത്തുലഞ്ഞുവെന്നുള്ളൊരു 
ദൂതുമായ്‌ വന്ന തെന്നലിൻ മഞ്ചലെ-
ങ്ങാനുമീ  വഴി പിന്നെയും വന്നുവോ?

പണ്ടു കേട്ടൊരു യക്ഷിക്കഥയിലെ 
പാല പൂത്തതിന്നുന്മാദ ഗന്ധമോ 
ജെണ്ടുമല്ലിയിൽ  ചുണ്ടമർത്തീടവേ 
നാസികത്തുമ്പിലൂർന്നൊരാ ഗന്ധമോ?

ഭൂതകാലത്തിനോർമ്മ തൻ പൂവുകൾ 
പൂത്തു നിൽക്കുന്ന പാതയിലൂടവേ 
കാവ്യദേവത പോയിവന്നീടവേ 
കൊണ്ടുവന്നതാണിന്നീ പരിമളം 
കൊണ്ടു തന്നതാണിന്നീ പരിമളം.

8 comments:

 1. കാവ്യദേവത വന്നുപോയരൊരു പരിമളം ഈ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നല്ലോ

  ReplyDelete
  Replies
  1. ഇടയ്ക്ക് പിണങ്ങിപ്പോയോ എന്ന് സംശയിച്ചപ്പോൾ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നതാണ് കാവ്യദേവതയെ. ഒരു ചെറു പരിമളമെങ്കിലും മുടങ്ങാതെ തന്നു പോകണേ എന്നാണ് ആ ദേവതയോടുള്ള പ്രാർത്ഥന.

   Delete
 2. മനോഹരമായി കവിത.
  ആശംസകള്‍ ടീച്ചര്‍

  ReplyDelete
 3. ദേവത ആയാലും ചില മനുഷ്യ സ്വഭാവം കാണും. പിണക്കം, പരിഭവം തുടങ്ങിയവ. ആ പിണക്കം ആണ് ഇവിടെ കണ്ടത്.
  ദേവതയുടെ പറച്ചിലിൽ ഒരു ഒഴുക്കില്ല. ഭാഷയിൽ ഒരു സൌന്ദര്യം ഇല്ല. കൂടുതൽ ഇടപഴകൂ കൂട്ടുകാരിയാക്കൂ. പരിഭവം എല്ലാം മാറും. അവൾ അണിഞ്ഞോരുങ്ങിയ ഒരു സുന്ദരി ആയി ഞങ്ങളുടെ മുന്നിൽ വരും.

  ReplyDelete
  Replies
  1. സത്യം! ഒരു തല്ലിക്കൊട്ട് കവിതയാണെന്ന് എനിക്കും തോന്നി!!നിർബന്ധിച്ച് കൂട്ടിക്കൊണ്ട് വന്നത് കൊണ്ടാവും. സത്യം സത്യം പോലെ പറയുന്ന ബിപിൻ സാറിന് നന്ദി.

   Delete
 4. ഈണമുള്ള കവിതകള്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നു..... കാവ്യദേവത കൂടെയുണ്ടെന്നത് സത്യം, തീര്‍ച്ചയായും അതിന്റെ പരിമളവുമുണ്ട്. കവിത വളരെ നന്നായിട്ടുണ്ട്, ടീച്ചര്‍...... ആശംസകള്‍

  ReplyDelete