Followers

Wednesday, June 25, 2014

ഹർഷാമൃതം

വര - ഗിരിജ നവനീത് 


നിൻ തിരുനടയിൽ നിൽക്കുമ്പോൾ  
തൊഴുകൈ കൂപ്പി വണങ്ങുമ്പോൾ 
എന്തേയിങ്ങനെ ഭഗവാനേയെൻ
മിഴികൾ രണ്ടും നിറയുന്നു?!

അഴലിൻ നിഴലുകളുള്ളത്തിൽ 
നിൻ കൃപയാലിന്നില്ലൊട്ടും, 
പിന്നെയുമെന്തെൻ മിഴിനീരാൽ 
മറയുന്നിതു തവമുഖപദ്മം?


പലനാൾകൂടി കണ്ടിട്ടോ? നിൻ  
പരിഭവവചനം കേട്ടിട്ടോ?
ഓടക്കുഴൽവിളിനാദത്തിൽ 
വിരഹത്തിൻ ശ്രുതി ചേർന്നിട്ടോ?

എഴുതിരി തീർക്കും കതിരൊളിതൻ 
തീഷ്ണതയാൽ മുറിവേറ്റിട്ടോ ?
കഴലിണ കഴുകിയ തീർത്ഥത്താലെൻ 
കണ്ണിൻ പീലി നനഞ്ഞിട്ടോ?

കർപ്പൂരത്തിൻ  ധൂപച്ചുരുളെൻ 
കണ്‍കളെരിക്കുന്നതിനാലോ ?
ഹരിനാമത്താൽ മുഖരിതമെന്നുടെ 
ചിത്തം  വിങ്ങുന്നതിനാലോ ?

ശിരസ്സു നമിക്കും പൊൻപടി മേൽ   
നിൻ പാദം കണ്ടതിനാലോ !
നടയിലെ മണ്ണിൻതരി കണ്ണിൽ 
പുണ്യംപോൽ പെട്ടതിനാലോ?

നിൻ മേഘച്ചുരുൾമുടിയിൽ നി- 
ന്നെൻ മിഴിയിൽ മഴ പെയ്തിട്ടോ? 
നിറുകിൽ പീലികളാടുമ്പോൾ 
*ജരനെയ്തോരമ്പോർത്തിട്ടോ?

എരകപ്പുൽമുനയാലങ്ങെൻ 
ദർപ്പമൊടിക്കുന്നതിനാലോ?  
അണ മുറിയാതൊഴുകുന്നുണ്ടെൻ 
മിഴിയും മനവും ഒരുപോലെ !

കലരും ഭക്തിക്കടലിൻ നിൻ 
കരുണാമയമാം തിരുരൂപം 
അവതാരപ്പൊരുളുൾക്കൊള്ളാൻ 
കഴിയാഞ്ഞെൻ മിഴി കവിയുന്നു !!

*(യാദവകുലത്തിന്‍റെ അന്ത്യത്തിൽ ജരൻ  എന്ന വേടനാണു ശ്രീകൃഷ്ണന്‍റെ പാദം കണ്ടിട്ടു മാനായി തെറ്റിദ്ധരിച്ച് അമ്പെയ്തത് എന്ന് പുരാണങ്ങളിൽ പറയുന്നു.)






Sunday, June 15, 2014

വിലയം


[ഭൂമിയും ആകാശവും തമ്മിൽ തൊടുന്നതായി തോന്നുന്നിടമാണ് ചക്രവാളം. ഋതു ഭേദങ്ങളും രാവും പകലും മഴയും വെയിലും... മറ്റെല്ലാം വന്നുപോയാലും ഭൂമിയും ആകാശവും പ്രണയാതുരരായി തമ്മിൽ ചേരാൻ വെമ്പി ചക്രവാളത്തിനിരുപുറം അങ്ങിനെ നിൽപ്പാണ്. അവരുടെ നിതാന്ത പ്രണയമാണ് ഈ കവിത]



  വിലയം 

ചക്രവാളമാം സീമയ്ക്കിരുപുറം 
തൊട്ടു നിൽക്കുന്നു വാനവും ഭൂമിയും 
തമ്മിൽതമ്മിൽ വഴിയും പ്രണയമാം 
തന്ത്രി തൻ വിരൽ തൊട്ടും തൊടാതെയും 

ഋതുക്കളെത്രയോ വന്നു കടന്നുപോ-
യെത്രയായിരം കൽപങ്ങളീ വിധം 
അന്നു തൊട്ടുള്ള നാളിന്നിതുവരെ -
യുമ്മവയ്ക്കുവാൻ വെമ്പുന്നിരുവരും 

അതിരു കാക്കും കതിരവൻ തൻ മിഴി 
കത്തും തീയുമായെത്തി നോക്കീടവേ 
രക്തപുഷ്പം വിടർന്നു പ്രണയത്താ-
ലെന്നു ചിത്തം തുടിക്കിന്നിരുവർക്കും! 

രാത്രി തന്നിരുൾ രാക്ഷസ രൂപങ്ങ-
ളൊട്ടു ഭയം ജനിപ്പിക്കുന്ന വേളയിൽ 
ഒന്നിനോടൊന്നു ചേർന്നു പുണർന്നു കൊ-
ണ്ടൊന്നു ഞങ്ങളെന്നോതുന്നിരുവരും! 

അമ്പിളിക്കല കണ്ടവർ മോഹിച്ചു -
വൊന്നു ചേർന്നു തുഴയാൻ നിലാക്കടൽ, 
കണ്ണു ചിമ്മുന്നതാരകൾ മിന്നിടും 
വേളിപ്പന്തൽ കിനാക്കണ്ടിരുന്നവർ.

കാലമേഘക്കുതിരയെ പൂട്ടിയ 
തേരിലാർത്തു പേമാരി വന്നീടവേ  
സ്വപ്നമാകുന്ന പൊയ്കയിൽ നിന്നു നൽ 
തീർത്ഥമിറ്റുന്നതെന്നേ നിനച്ചവർ! 

വെള്ളി തീർക്കുന്ന മിന്നൽ പിണരുകൾ 
വരണമാല്യമാണെന്നു  കൊതിച്ചു പോയ്‌, 
ഘോരമാമിടിവെട്ടും നിനാദങ്ങൾ 
മംഗലധ്വനിയെന്നേ നിരൂപിച്ചു !

കാറ്റു ചുറ്റിച്ചുഴലിയായെത്തിടു-
മൊട്ടി നിൽക്കുമിവരെയകറ്റുവാൻ 
വായുവേഗത്തിലായത്തിലൊപ്പമാ-
യൂയലാട്ടുന്ന വള്ളിയായ് തീർത്തവർ ! 

പേർത്തും പേർത്തും പെരിയ  കൊടുമക-
ളൊക്കെയും പുഷ്പവർഷങ്ങളെന്ന പോ-
ലോർത്തു കണ്‍കളിൽ നോക്കിനിന്നീടുന്നു-
വിന്നുമീ മുഗ്ദ്ധ വാനവും ഭൂമിയും...  

തൊട്ടു തൊട്ടില്ലയെന്നപോൽ നിർത്തിടും 
ചക്രവാളമാം സങ്കൽപ സീമ തൻ 
കെട്ട് പൊട്ടിച്ചു വാനവും ഭൂമിയു -
മൊന്നു ചേർന്നിടും നാൾ വന്നു ചേരുമോ?!

ചക്രവാളമാം സീമയ്ക്കിരുപുറം 
തൊട്ടു നില്ക്കുന്നു വാനവും ഭൂമിയും 
രാത്രി തന്നിരുൾ രാക്ഷസ രൂപങ്ങ-
ളൊട്ടു ഭയം ജനിപ്പിക്കുന്ന വേളയിൽ 
ഒന്നിനോടൊന്നു ചേർന്നു പുണർന്നു കൊ-
ണ്ടൊന്നു ഞങ്ങളെന്നോതുന്നിരുവരും!








Tuesday, June 10, 2014

പഞ്ചഭൂതാത്മകമിദം സർവം

[പഞ്ചഭൂതങ്ങളിൽ നിറയുന്ന നാദവും  പഞ്ചഭൂതങ്ങളാൽ നിറയുന്ന നാദവും വെളിപ്പെടുത്തുന്നത്  എല്ലാം  ഒന്ന് തന്നെയെന്ന പരമ സത്യത്തെ തന്നെ. കാറ്റു തട്ടി മുള പാടുന്നതും, ജലം മേഘമായും പിന്നീട് ശബ്ദമായും മേഘം വീണ്ടും ജലമായും പരിണമിക്കുന്നതും, ജലം ഭൂമിക്കു മേലെ ഒഴുകുന്നതും ഭൂമി ജലത്തിനും അഗ്നിക്കും മീതെ ആവരണം ചെയ്തിരിക്കുന്നതും,  വായുവിന്റെ ചലനം അഗ്നിയെ ആളിച്ച് എല്ലാം ഭസ്മമാക്കി മണ്ണോടു മണ്ണാക്കുന്നതും മണ്ണിൽ  നിന്നും വീണ്ടും ജീവൻ പൊടിക്കുന്നതും ഈ പരമ സത്യത്തെയല്ലാതെ മറ്റെന്താണ് നമ്മോടു പറയുന്നത്!   ഒന്ന് മറ്റൊന്നിനോട് എത്ര മാത്രം ചേർന്നിരിക്കുന്നുവെന്നും , ഒന്നില്ലാതെ മറ്റൊന്നിന് നില നിൽപ്പില്ല എന്നുമുള്ള പരമാർത്ഥം ഗ്രഹിക്കാൻ പഞ്ചഭൂത നിർമിതമായ മനുഷ്യൻ ഇനിയും വൈകിക്കൂടാ എന്നൊരു ചിന്ത ഇവിടെ പങ്കു വച്ചുകൊണ്ട്....   ]

പഞ്ചഭൂതാത്മകമിദം സർവം 

നിനാദം നിതാന്തപ്രപഞ്ചം നിറയും 
ഉയിരിന്നനന്തമാമാദിമനാദം 

പഞ്ചഭൂതങ്ങൾ   ലയിക്കും പ്രകൃതി ത-
ന്നാത്മാവിനജ്ഞാത  നാദപ്രഭാവം 

അനാദിതന്നാനന്ദനാദം വലംപിരി 
ശംഖിൽ നിറയുമൊരോംകാര നാദം 

ഉഷസ്സിൻ പ്രകാശവിലയവിന്യാസ-
ശ്രുതി ചേർത്തുണർത്തും  കിളികൾതൻ നാദം 

ചപലപത്രങ്ങൾ കലപില  ചൊല്ലു -
മൊരാലിൻറെ  ചില്ലതൻ മർമരനാദം 

കളകളം പാടി  പല നാടു താണ്ടി-
യൊഴുകും പുഴകൾതൻ ശിഞ്ജീരനാദം

കാറ്റൊന്നു തൊട്ടാലമൃതം ചുരത്തും 
മുളംകാടിനോടക്കുഴൽവിളിനാദം 

അനന്തൻ ഫണം വിരിച്ചാടും കണ-
ക്കുഗ്രഭാവം നിറയുമലകടൽനാദം 

അമ്പരപ്പിൻ പരകോടിയാമംബരം 
തിങ്ങിടുമംബുദഗർജ്ജനനാദം

സ്ഫുടംചെയ്തു ശുദ്ധി വരുത്തും മഹാഗ്നിതൻ 
നാളങ്ങളാളിപ്പടരുന്ന നാദം 

ഭൂമി, ജലം, വായുവാകാശമഗ്നിയാം
പഞ്ചഭൂതങ്ങളുണർത്തുന്ന നാദം 

പ്രപഞ്ചസത്യത്തിൻ മഹാമൌന നാദ-
മെൻ പഞ്ചേന്ദ്രിയങ്ങൾ നിറയുന്ന നാദം. 

അറിയുന്നതില്ല ഞാനെന്നുള്ളിൽനിന്നു-
മാവിർഭവിച്ചീടും പ്രപഞ്ചത്തിൻ നാദം 

വന്നുപതിക്കുമെൻ കർണപുടങ്ങളി-
ലിന്നൊരു നാദമീ  വൈകിയ വേളയിൽ, 

പഞ്ചഭൂതങ്ങൾ തൻ ക്രോധാഗ്നി  വിശ്വം
ദഹിപ്പിച്ചിടും മഹാ താണ്ഡവ നാദം 

പ്രകൃതിയെയാട്ടിപ്പടിയടച്ചീടുന്ന 
വിഡ്ഢി തൻ സ്മാരകം തീപ്പെടും നാദം.