Followers

Monday, December 16, 2013

ഡിസംബർ പതിനാറു തൊട്ട് ഡിസംബർ പതിനാറ് വരെ

ഇന്ന് ഡിസംബർ പതിനാറ്. ഭാരതചരിത്രത്തിലെ  ഏറ്റവും ഹീനമായ ഓർമ ദിവസം. ഇന്നും മനസ്സിലെ പ്രതിക്ഷേധം കെട്ടടങ്ങുന്നില്ല.

ഒരു വർഷം മുൻപ് ഇന്നേ ദിവസമാണ് ഭാരത സ്ത്രീയുടെ മാനം മുൻപെങ്ങുമില്ലാത്ത വിധം ക്രൂരമായി പെരുവഴിയിലേക്ക്‌ വലിച്ചെറിയപ്പെട്ടത്. 

അന്ന് ഇന്ത്യ കണ്ട പ്രതിഷേധാഗ്നി ഇന്ന് ഡൽഹിയിലെ ഭരണമാറ്റം വരെ എത്തി നിൽക്കുന്നു. 

എങ്കിലും ഒരിക്കലുമില്ലാത്ത വിധം ഇന്നു  ഭാരതമൊട്ടാകെ പടർന്നു പിടിച്ചിട്ടുള്ള  ഭയത്തിന്റെ അലകൾ കെടുത്താൻ ഒരു ഭരണാധികാരിക്കും നിയമസംവിധാനത്തിനും, നീതിന്യായ വ്യവസ്ഥയ്ക്കും കഴിഞ്ഞിട്ടില്ല.

പൊതുജനം അത്ര മേൽ നിരാശരും അശരണരും പ്രതീക്ഷാശൂന്യരും മാറി മാറി വരുന്ന ഒരു ഭരണത്തിലും വിശ്വാസമില്ലാത്തവരും ആയിത്തീർന്നിരിക്കുന്നു. 

നീതിന്യായ വ്യവസ്ഥയിൽ വന്നിട്ടുള്ള മൂല്യച്യുതിയാണ് ഇന്ന് നമ്മെ ഏറ്റവും ഭയാശങ്കയിൽ ആഴ്ത്തുന്നത്. ഭരണാധികാരികളിൽ നിന്ന് ലഭിക്കാത്ത നീതി ഉന്നത നീതി പീഠത്തിൽ നിന്ന് ലഭിക്കുമെന്ന ഒരു ഉറച്ച  വിശ്വാസം മുൻപൊക്കെ പൊതുജനത്തിനുണ്ടായിരുന്നു. ഇന്ന് അവിടെയും അഴിമതിയുടെ വേരുകൾ ആഴത്തിൽ പടർന്നിരിക്കുന്നു.

ഇന്നത്തെ മിക്കവാറും കോടതി വിധികൾ ഭൂരിപക്ഷം വരുന്ന,നിക്ഷിപ്തതാൽപര്യങ ളില്ലാത്ത,  പൊതുജനഹിതത്തിൽ നിന്ന് ഒരുപാടു അകന്നു നില്ക്കുന്നു. 

 ഡൽഹി സംഭവത്തിന്‌ ശേഷവും അത് പോലെയുള്ള  എണ്ണിയാലൊടുങ്ങാത്ത കേസുകൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട് ചെയ്യപ്പെട്ടു. സ്ത്രീ പീഡനത്തിൽ  ഇന്ത്യ ഒരു ഗിന്നസ്റിക്കോർഡിനൊരുങുകയാണെന്നു തോന്നിപ്പിക്കും വിധം. 

ഡൽഹി സംഭവം തന്നെയെടുക്കുക, പെണ്‍കുട്ടിയെ ഏറ്റവും ഹീനമായി പീഡിപ്പിച്ച പതിനേഴര വയസ്സുകാരനോട് കോടതി കാണിക്കുന്ന അകമഴിഞ്ഞ അനുകമ്പ  കോടതി തന്നെ ഒരു സ്ത്രീ പീഡകനായി മാറുന്നതിനു തുല്യമാണ്. മറ്റൊരു പീഡകനെ (ഗോവിന്ദ ചാമി ) കോടതി ചെല്ലും ചിലവും കൊടുത്ത് ഊട്ടിയുറക്കി പരിപാലിക്കുന്നു. 
കോടതി വിധികൾ നടപ്പിലാക്കാൻ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത്രയും കാലതാമസം വരുന്നു എന്നത് എത്രയാലോചിച്ചിട്ടും പിടി കിട്ടാത്ത കാര്യമാണ്.

അപ്പോഴും വിവാഹ പ്രായം കുറയ്ക്കുക തുടങ്ങിയ മണ്ടൻ ആശയങ്ങളാണ് പരിഹാരമായി കോടതിയുടെ മനസ്സിൽ ഉദിച്ചത് എന്നത് ഓരോ ഇന്ത്യക്കാരനെയും നാണിപ്പിക്കുന്നതാണ്.  (പലപ്പോഴും കോടതി മണ്ടനായി അഭിനയിക്കുന്നു എന്ന് വേണം കരുതാൻ) 
ആട്ടിൻ തോലിട്ട  ചെന്നായ്ക്കളെ പ്രീണിപ്പിക്കാനും  അവസരം മുതലെടുത്ത്‌ മറ്റു പല സ്ഥാപിത താല്പര്യങ്ങളും ജനങ്ങളിൽ അടിച്ചേൽപ്പിക്കാനും  മാത്രമുള്ളതായിരിക്കണം ഇത്തരത്തിലുള്ള ആശയങൾ.

എന്തുകൊണ്ടാണ് തുടരെ തുടരെ ആവർ ത്തിക്കപ്പെടുന്ന ഒരു കുറ്റകൃത്യത്തിന്റെ അടിസ്ഥാന കാരണം ഉന്മൂലനം ചെയ്യാൻ ഒരു ഭരണ വ്യവസ്ഥയും മുതിരാത്തത്? ഇന്ന് നമ്മുടെ നാട്ടിൽ നടമാടുന്ന കുറ്റകൃത്യങ്ങളുടെ തൊണ്ണൂറു ശതമാനവും മദ്യാസക്തിയുടെയും,മയക്കുമരുന്നിന്റെയും ബാക്കിപത്രങ്ങളാണ്. എന്തുകൊണ്ട് ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ഒരു ഭരണാധികാരിയും ഒരു കോടതിയും ശ്രമിക്കുന്നില്ല? വിഷം വിറ്റു വരുമാനമുണ്ടാക്കുന്ന ഒരു ദേശത്തെ കുറിച്ചാണ് ചോദ്യം എന്നത് മറക്കുന്നില്ല. 

ഇവിടെ എല്ലാ നിയമങ്ങളും ഉപരിപ്ളവം മാത്രം. പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം എന്ന് നാട് നീളെ എഴുതി വച്ചതോടെ എല്ലാം ശുഭം, ഭദ്രം.. സ്ത്രീ പീഡനം സ്ത്രീയുടെ മാത്രം ആരോഗ്യത്തിന് ഹാനികരമായ കാര്യമായതു കൊണ്ട് അതിനെതിരെ മുന്നറിയിപ്പൊന്നും കാണുന്നുമില്ല!! സ്ത്രീയെ പീഡിപ്പിച്ചാൽ പീഡിപ്പിക്കുന്നവന്റെ ശരീരത്തിനും ഹാനിയേൽക്കും എന്നൊരു ധാരണ ഉണ്ടാക്കാൻ സ്ത്രീയ്ക്ക് കഴിഞ്ഞാൽ ഒരു പക്ഷെ അങ്ങിനെ ഒരു മുന്നറിയിപ്പ് ഉടനെ ഉണ്ടായേക്കാം(ഒരു 'female 22' ലൈൻ)!!

എന്തിനാണ് നമുക്ക് ഇത്രയേറെ മന്ത്രിമാരും എം. പി മാരും എം. എൽ. എ മാരും? ഖജനാവ് കാലിയാക്കാമെന്നതും  അഴിമതികളുടെ എണ്ണവും വ്യാപ്തിയും കൂട്ടാമെന്നതുമ ല്ലാതെ എന്ത് നന്മയാണ് ഇവരെക്കൊണ്ട് പൊതുജനത്തിനു ഉണ്ടാകുന്നത്. ഇപ്പോൾ അവർ  മറയില്ലാതെ സ്ത്രീ പീഡ നത്തിനും ഇറങ്ങിയിരിക്കുന്നു! (കുറെയെല്ലാം മാധ്യമ സൃഷ്ടികളാണെങ്കിലും)

എന്നും കൂലംകഷമായ ചർച്ചയിലാണ് ഇക്കൂട്ടർ. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ചർച്ചയല്ല. പകരം രാജ്യത്തെ ഒന്നോടെ വിഴുങ്ങുന്ന ഇവർ പ്രതിനിധീകരിക്കുന്ന ഒരായിരം വെള്ളാന പാർടികളും അവയുടെ നിലനില്പും അവയ്ക്കുള്ളിലെ അഴിമതിയും, അവമതിയും കുതികാൽ വെട്ടും അതിനുള്ള പ്രതികാരവും, പാര വയ്പ്പും പ്രീണനവും... ഇതൊക്കെ മാത്രമാണ് ഇവരുടെ ചർച്ചാ വിഷയങ്ങൾ. രാജ്യം പാർട്ടികൾക്ക് വേണ്ടിയല്ലെന്നും പാർട്ടികൾ രാജ്യത്തിന്‌ വേണ്ടിയാകണമെന്നും ഈ നാട് വിഴുങ്ങികൾ മറന്നു പോകുന്നു.

എന്തിനാണ് നമുക്ക് ഇത്രയേറെ ന്യൂസ് ചാനലുകൾ എന്ന് എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ? എത്ര രാഷ്ട്രീയ പാർടികളുണ്ടോ അത്രയും ന്യൂസ് ചാനലുകൾ. ഓരോ പാർടിക്കും ഓരോ ചാനൽ. പണ്ടൊക്കെ സംഭവം നടന്നു കഴിഞ്ഞിട്ടാണ് ന്യൂസ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ന്യൂസ് ഉണ്ടാക്കിയതിനു ശേഷം സംഭവം ഉണ്ടാകുന്നു. ശരിക്കും ഇവരാണ് ന്യൂസ് മേയ്കെഴ്സ്! ഇവരോടിടഞ്ഞാൽ നാളെ ഒരുത്തനും വഴി നടക്കില്ല! 

നീതി നടപ്പാക്കേണ്ടവർ രാഷ്ട്രീയ പാർട്ടികളോട് ചായവു ള്ളവരാകുമ്പോൾ ഒരു രാഷ്ട്രം അരക്ഷിതമാകുന്നു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കൂടിയാകുമ്പോൾ എല്ലാം അശുഭം. 

ഈശ്വരോ രക്ഷതു...Friday, October 25, 2013

ഇതോ ന്യൂ ജനറേഷൻ?

പറയുന്നവർക്കും  കേൾക്കുന്നവർക്കും ചിന്തിക്കുന്നവർക്കും  പ്രതീക്ഷയും പുതുമയും നൽകുന്ന  ഒരു പദപ്രയോഗമാണ് 'ന്യൂ ജനറേഷൻ ' എന്നത്. അങ്ങിനെയാണ് ആകേണ്ടത് . പക്ഷേ നിർഭാഗ്യമെന്നു  പറയട്ടെ  ഇന്ന് ന്യൂ ജനറേഷൻ എന്ന വാക്ക് താനറിയാതെ  തന്നെ തനിക്കു സംഭവിച്ചിരിക്കുന്ന  വിധിവൈപരീത്യത്തെ  ഓർത്ത് പരിതപിക്കുന്നുണ്ടാകാം. ന്യൂ ജനറേഷൻ എന്ന വാക്ക് കേൾക്കുമ്പോൾ ഇന്ന് ആരുടെയും മനസ്സിലേയ്ക്ക് ഓടിയെത്തുക ആഭാസകരമായ ചേഷ്ടകളും പദപ്രയോഗങ്ങളും കുത്തി നിറച്ച്, ഓരോ  സംഭാഷണ ശകലത്തിലും കേട്ടാലറയ്ക്കുന്ന തെറിപ്രയോഗങ്ങൾ കൊണ്ട് അരോചകമായ, അവിഹിതബന്ധങ്ങൾ അവശ്യഘടകമായ (കഥയുടെ പുരോഗതിക്കു ആവശ്യമല്ലെങ്കിൽ പോലും ), ഞങ്ങൾ പച്ചയ്ക്ക് പറയുവാൻ ശ്രമിക്കുന്നു എന്നവകാശപ്പെടുന്ന, ഒരു മൂല്യവുമില്ലാത്ത ( ഉള്ള മൂല്യം തന്നെ അവതരണ ശൈലി കൊണ്ട് വികൃതമാക്കപ്പെട്ട) കുറെ മലയാള സിനിമകളാണ്.

എല്ലാ കാലഘട്ടത്തിലും അക്കാലത്തെ വിപ്ളവകരമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം മാറ്റങ്ങൾ എല്ലാം തന്നെ ധാരാളം വിമർശനങ്ങളും  ഏറ്റുവാങ്ങിയിരുന്നു. നൂറു വർഷങ്ങൾക്ക് മുൻപ് അത്തരം ഒരു വിപ്ളവത്തിലൂടെയാണ് മലയാള സിനിമ ജനിക്കുന്നതും. പക്ഷെ ആ മാറ്റങ്ങൾ ഒന്നും തന്നെ സാധാരണക്കാരന്റെ അകത്തളങ്ങളിലേയ്ക്കും മൂല്യങ്ങളിലേയ്ക്കും ഇത്രയധികം അതിക്രമിച്ചു കയറിയിരുന്നില്ല.

ന്യൂ ജനറേഷൻ എന്ന പേര് ഇത്തരം ആഭാസകരമായ സിനിമാ  പ്രവണതകൾക്കു ആദ്യമായി കൽപ്പിച്ചരുളിയത്  ആരാണെന്നറിയില്ല. എന്തായാലും ഇത്തരം വൃത്തികേടുകളെ രേഖപ്പെടുത്താൻ ഇത്രയും പ്രതീക്ഷാ നിർഭരമായ ഒരു വാക്കിനെ ഉപയോഗിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു.

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറഞ്ഞത് പോലെ ഇവിടെയുമുണ്ട് രണ്ടു പക്ഷം. നിലവാരം തകർന്ന ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും ആകെത്തുകയായ ഇത്തരം സിനിമകൾ പടച്ചു വിടുന്നവരും അതിനു പക്ഷം പിടിക്കുന്നവരും സ്ഥിരം ഉന്നയിക്കുന്ന ഒരു ന്യായമുണ്ട്.
"നിങ്ങളെ ആരും നിർബന്ധിച്ചില്ലല്ലൊ സിനിമ കാണാൻ" അല്ലെങ്കിൽ   "പ്രേക്ഷകന് കാണാനും കാണാതിരിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ടല്ലോ" എന്ന്. ശരിയാണ്. കുറെ വർഷങ്ങൾക്കു  മുൻപുള്ള സിനിമകളുടെ കാലത്ത്.  അന്ന് ഇവിടെ കുറേക്കൂടി ശക്തവും സ്വതന്ത്രവും ആയ ഒരു സെൻസർ ബോർഡ് നില നിന്നിരുന്നു. അവർ സിനിമകളെ വ്യക്തമായി പല ശ്രേണികളിലായി തരം  തിരിച്ചിരുന്നു. കുടുബസമേതം കാണാവുന്ന സിനിമകൾ, കുട്ടികളുടെ സിനിമകൾ, പ്രായപൂർത്തിയായവർക്ക് മാത്രമുള്ള സിനിമകൾ, ഭയപ്പെടുത്തുന്ന സിനിമകൾ, ദേശീയോദ്ഗ്രഥന സിനിമകൾ എന്നിങ്ങനെ. ഇങ്ങിനെ അടയാളപ്പെടുത്തിയ സിനിമകൾ സ്വന്തം അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കുവാനുള്ള  പൂർണസ്വാതന്ത്ര്യം പ്രേക്ഷകനുണ്ടായിരുന്നു. എന്നാൽ ഇന്ന് നാമമാത്രമായി നിലകൊള്ളുന്ന സെൻസർ ബോർഡ് ഇവിടെ എന്ത് ധർമ മാണ് നിർവഹിക്കുന്നത്?

സിനിമ എന്ന വിസ്മയകരമായ മാധ്യമം ഇഷ്ടപ്പെടാത്തവരായി ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അധികം ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെയാണ് ഓരോ സിനിമയും അവർ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്നത്. പ്രേക്ഷകർ പല തരക്കാരായിരിക്കാം.
 സിനിമയെ വളരെ ഗൌരവപൂർണമായി സമീപിക്കുന്നവരും നേരം പോക്കിന് വേണ്ടി മാത്രം കാണുന്നവരും ഫലിതം ആസ്വദിക്കുവാൻ കൊതിക്കുന്നവരും അശ്ലീലം ആസ്വദിക്കുന്നവരും.. എന്നിങ്ങനെ പലതരം പ്രേക്ഷകർ. ഓരോരുത്തർക്കും വേണ്ടത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ജനത്തിനുണ്ടാകണമെങ്കിൽ ഇവിടെ ശക്തമായ സെൻസർ ബോർഡ് നിയമങ്ങൾ ഉണ്ടാകണം. പക്ഷെ ഇന്ന് കേരളത്തിലെ ആകെ കുത്തഴിഞ്ഞു കിടക്കുന്ന സർവ ഭരണ മേഖലകളുമെന്നപൊലെ സിനിമയുടെ നിലവാര നിർണയം നടത്തുന്നവരും നിലവാരത്തകർച്ച നേരിടുന്നു.

ഇതൊക്കെയാണെങ്കിലും കണ്ടവർ പറഞ്ഞുകേട്ട അറിവ് വച്ച് സിനിമയെ വിലയിരുത്തി കാണണമോ വേണ്ടയോ എന്ന് പ്രേക്ഷകന് ചിലപ്പോഴൊക്കെ തീരുമാനിക്കാനായേക്കും. പക്ഷെ അപ്പോഴും മറ്റൊരു അപകടം പതിയിരിക്കുന്നു. അത് നമ്മുടെയൊക്കെ സ്വന്തം സ്വീകരണ മുറിയിൽ തന്നെ. ടെലിവിഷനിലൂടെ മാധ്യമങ്ങൾ പുറത്തു വിടുന്ന സിനിമാശകലങ്ങൾ എങ്ങിനെ നമ്മൾ നിയന്ത്രിക്കും? ഇഷ്ടമുള്ള ഒരു പരിപാടി  കാണുവാൻ ടെലി വിഷനു മുന്നിലിരിക്കുന്ന നമ്മുടെ മുന്നിലേയ്ക്ക് ചില നിർബന്ധിത കാഴ്ചകൾ സിനിമാ പരസ്യ രൂപേണയും  ഗാനചിത്രീകരണ രൂപേണയുമെല്ലാം കടന്നു വരുന്നുണ്ട്. അപ്പോൾ എവിടെയാണ് ഈ പറയുന്ന പ്രേക്ഷക സ്വാതന്ത്ര്യം?
ശരി, പ്രായപൂർത്തിയായവർക്ക് സ്വയം ചിന്തിച്ച് വേണ്ടാത്ത രംഗങ്ങൾ കാണാതിരിക്കാം എന്ന് തന്നെ വക്കുക. പക്ഷെ നല്ലതും ചീത്തയും വേർ തിരിക്കാൻ പ്രാപ്തിയാകാത്ത ഒരു ഇളം തലമുറ നമുക്കുണ്ടെന്ന സത്യം പ്രേക്ഷക സ്വാതന്ത്ര്യം ഉദ്ധരിച്ച് ഇത്തരം സിനിമകൾക്ക് പക്ഷം പിടിക്കുന്നവർ മറന്നു പോകുന്നു.

പണ്ടുള്ളവർ പൊതിഞ്ഞു പറഞ്ഞിരുന്ന അശ്ലീലം ഇന്ന് ഞങ്ങൾ പച്ചയായി പറയുന്നു എന്നേയുള്ളൂ എന്ന് അഹങ്കരിക്കുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. പൊതിഞ്ഞു പറയേണ്ടത് പൊതിഞ്ഞു തന്നെ പറയണം. ഇത്തരത്തിൽ ഇളം തലമുറയോട് ഒരു കരുതൽ കാണിക്കുന്നതിൽ ഒരു തെറ്റുമില്ല. പകരം  ഞാൻ പറയുകയും കാണിക്കുകയും ചെയ്യുന്ന ആഭാസം ജനിച്ചു വീണ കുട്ടി വരെ കേട്ട് പഠിക്കണമെന്ന് വാശി പിടിക്കുന്നവരെ സാമൂഹ്യ ദ്രോഹികൾ എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല.

പണ്ടുള്ള പല നല്ല സംവിധായകരും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കാണിച്ചിരുന്ന കരുതലും, മറയും കപടസദാചാരമെന്നു
പുച് ഛി ച്ചു  തള്ളുന്നവർ ഒരു സാമൂഹ്യ പ്രതിബദ്ധതയും  ഇല്ലാത്തവരാണ്. സ്വന്തം കുഞ്ഞിനെ വിറ്റും അവർ കാശുണ്ടാക്കും. എന്തിനും തയ്യാറായ അഭിനേതാക്കളെ കൊണ്ട് എന്തും വിളിച്ചു പറയിക്കാനും പൊതുസമൂഹത്തിനു മുന്നിൽ  എന്തും ദൃശ്യവൽക്കരിക്കാനുമുള്ള ധാർഷ്ട്യത്തെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന് വിളിക്കുവാനാവില്ല. സ്വന്തം വീടിൻറെ ചുമരുകൾക്കുള്ളിൽ ഒതുങ്ങണം അത്തരം ദു:സ്വാതന്ത്ര്യം. കടിഞ്ഞാണില്ലാതെ ഇത്തരത്തിൽ സമൂഹത്തിനു മുന്നിൽ അഴിഞ്ഞാടുന്നവരും അതിനു മൗനാനുവാദം കൊടുക്കുന്നവരും സമൂഹമദ്ധ്യത്തിലേ ക്ക് പേപ്പട്ടികളെ അഴിച്ചു വിടുന്നതിന് തുല്യമായ കർമമാണ് ചെയ്യുന്നത്.

ഇന്നിറങ്ങുന്ന ഇത്തരം പുഴുക്കുത്തേറ്റ സിനിമകൾ വളർന്നു  വരുന്ന ഒരു തലമുറയോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ് അതിലെ ഒരു നിയന്ത്രണവുമില്ലാത്ത കേട്ടാലറയ്ക്കുന്ന സംഭാഷണ ശകലങ്ങൾ. അപൂർവം നല്ല മൂല്യങ്ങളുള്ള, ഒതുക്കമുള്ള സിനിമകളും ഈ ശ്രേണിയിൽ വരുന്നുണ്ടെന്നത്  മറക്കുന്നില്ല. പക്ഷെ മുക്കാൽ പങ്കും തിരക്കഥാകൃത്തിന്റെയും, സംഭാഷണം തയ്യാറാക്കുന്നവന്റെയും   മനസ്സിലെ മാലിന്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടിയാണ്.

സിനിമയെ ഏറ്റവും അധികം ഇഷ്ടപ്പെടുന്നവരാണ് സാധാരണക്കാരിൽ  ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ കുടുംബസമേതം അൽപം  ഉല്ലാസത്തിനായി  സിനിമാ തീയറ്ററുകളെയോ സിനിമാ സി ഡി കളെയോ ആശ്രയിക്കുന്നവരാണ് നമ്മൾ. പ്രവാസികളുടെ കാര്യമെടുത്താൽ തീയറ്ററിൽ പോയി സിനിമ കാണുക എന്നത് അവർക്ക് ഭാരിച്ച പണച്ചിലവുള്ള കര്യമാണ്. പകരം അവർ കൂടുതലും സിഡികളെ ആശ്രയിക്കുന്നു. പക്ഷെ ഇന്ന് കുടുംബത്തിനോടും കുട്ടികളോടും കരുതലുള്ള ഓരോ ഗൃഹനാഥനും പുതിയ സിനിമാ സി ഡികൾ എടുത്ത് വീട്ടിലേക്ക്‌ കൊണ്ടുവരാൻ ഭയക്കുന്നു. സിനിമ കണ്ടു തുടങ്ങുമ്പോൾ തന്നെ ഒരു ഭയപ്പാടോടെ റിമോട്ട് എടുത്ത് ഫാസ്റ്റ് ബട്ടണ്‍ ഞെക്കാൻ റെഡിയായി ഇരിക്കുന്നു. അരുതാത്ത കാഴ്ചകൾ  കുട്ടികളിൽ നിന്ന് മറയ്ക്കാൻ.
എന്തിനിത്ര കഷ്ടപ്പെടുന്നു എന്ന് വിമർശകർ ചോദിച്ചേക്കാം. കാണാതിരുന്നാൽ പോരേ എന്ന സംശയത്തോടെ. ശരിയാണ്. ഇനി ഒരു നല്ല മാറ്റം വരും വരേയ്ക്കും അതേ വഴിയുള്ളൂ. സംശയാസ്പദമായ സിനിമകൾ ബഹിഷ്കരിക്കുക. ഇല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ തന്നെ മാലിന്യ കൂമ്പാരത്തിലേയ്ക്ക് വലിച്ചെറിയുന്നത് പോലെയാകും. മുന്നിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ വൈകൃതങ്ങളും നാട്ടുനടപ്പാണ് എന്നവർ ലാഘവത്തോടെ ചിന്തിച്ചു തുടങ്ങും.

ന്യൂ ജനറേഷൻ എന്ന വാക്ക് ഇങ്ങിനെ ദുരുപയോഗം ചെയ്യുമ്പോൾ ഇന്നത്തെ തലമുറയോട് ഒരു വാക്ക്. നിങ്ങളാണ് ഇതിന് ചുട്ട മറുപടി കൊടുക്കേണ്ടത്. നിങ്ങളുടെ പേര് പറഞ്ഞ്, നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് എന്ന് മുദ്ര കുത്തി ഒരുകൂട്ടം സാമൂഹ്യ ദ്രോഹികൾ ഇറക്കിവിടുന്ന ഇത്തരം പേക്കൂത്തുകൾ ക്കുള്ള നിലവാരമേ നിങ്ങൾക്കുള്ളോ എന്ന് നിങ്ങളോട് തന്നെ ചോദിക്കുക. ചിരി അല്ലെങ്കിൽ ഉല്ലാസം എന്നത് അശ്ലീലവും തെറിയും അല്ല എന്നത് നിങ്ങൾ ഇത്തരക്കാരെ മനസിലാക്കി കൊടുക്കുക. ഞങ്ങൾക്ക് വേണ്ടത് ഇതല്ല എന്ന് ഉറക്കെ വിളിച്ചു പറയുക. സ്വാതന്ത്ര്യം എന്നത് ആരുടെ മുന്നിലും എന്ത് വൃത്തികേടും കാണിക്കുവാനും  പറയുവാനും ഉള്ള അവകാശമല്ല എന്ന തിരിച്ചറിവ്  നിങ്ങൾക്കുണ്ട് എന്ന് ഈ അവസരവാദികളെ  മനസിലാക്കി കൊടുക്കുക.  ആരുടേയും അനുവാദമില്ലാതെ എത്ര ഭംഗിയായി കോപ്പിയടിക്കാൻ കഴിയുമെന്നതിന്റെ അളവുകോലല്ല നല്ല സിനിമ എന്ന് പറഞ്ഞു കൊടുക്കുക. അവിഹിതബന്ധങ്ങളുടെ കഥ മാത്രം പറയുന്ന,  ടോയ് ലറ്റ്   രംഗങ്ങളെ കൊണ്ട് ദുർഗന്ധം വമിക്കുന്ന മലയാള സിനിമയെ നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾക്കാവുന്ന രീതിയിൽ നന്മയിലേക്കും നല്ല ആശയങ്ങളിലേക്കും വഴി തിരിച്ചു വിട്ടുകൊണ്ട് നിങ്ങളുടെ സാമൂഹ്യപ്രതിബദ്ധത  തെളിയിക്കുക.

എപ്പോഴും നാം നടക്കുന്ന വഴിയിൽ നമുക്ക് പിൻപേ വരുന്നവരെ കാണുക. അവരോടു ദ്രോഹം ചെയ്യാതിരിക്കുക.

Tuesday, October 1, 2013

ഊഴം


1/10/2013
ഇന്ന് ലോക വൃദ്ധദിനം . 'വൃദ്ധ' എന്ന് വിളിക്കപ്പെടാൻ ഇനി അധിക നാൾ വേണ്ട എന്ന തിരിച്ചറിവിൽ നിന്ന് ..കേട്ടു മറന്ന പഴമൊഴിയൊന്നു ഞാ-
നോർക്കുന്നുവീ ലോക വൃദ്ധദിനമതിൽ 

പഴുത്തൊരു പ്ലാവില കാറ്റിൽ വിറച്ചിടും 
നേരം ചിരിച്ചിടും പച്ചയാം പ്ലാവില 

കൈവിരൽ തുമ്പു പിടിച്ചു നടത്തിയോ-
രിന്നു സായന്തനത്തീക്കടൽ ചെല്ലവേ 

ഇറ്റു  നേരം പോലുമില്ലപോലൊന്നരി -
കത്തണഞ്ഞിത്തിരി നേരമിരിക്കുവാൻ 

എത്തുമെൻ മക്കളിന്നല്ലെങ്കിൽ നാളെയെ -
ന്നോർത്തു  കാത്തോരോ ദിനവും കഴിച്ചിടും 

ജീവിത ചക്രം തിരിക്കും തിരക്കില-
ണയില്ലൊരിക്കലും മക്കൾ തുണയുമായ് 

കാത്തു കാത്തോർമകൾ മാഞ്ഞു പോയീടവേ 
ചിന്തകൾ പോലുമങ്ങില്ലാതെയാകവേ 

തങ്ങളിലേയ്ക്കൊതുങ്ങീടുമങ്ങേകാന്ത 
ചിത്തരായ് വീട്ടിലെ കട്ടിലിൻ മൂലയിൽ 

കണ്ടു ചരിച്ചിടും പിന്മുറക്കാർക്കൊരു 
പേച്ചു പറയുവാനുള്ള വിശേഷമായ് 

വാർദ്ധക്യമേകുമവശത മൂലമ-
ങ്ങേറെ തളരും തനവും  മനവുമായ്‌ 

വേച്ചു പോകുന്നൊരു വൃദ്ധമനസ്സിലെ 
നോവറിയാനെന്തേ  തോറ്റുപോകുന്നു നാം

വയസ്സേറിവന്നാലതിലേറെ ദോഷങ്ങൾ 
നമ്മൾക്കുമുണ്ടായി വന്നിടും ചിന്തയിൽ 

അന്ന് പതം പറഞ്ഞീടുവാനാരുമേ -
യുണ്ടായ്കൊലായെന്നറിയുന്നിതു ഞാനും 

ഈ വിധം ചിന്തകളുണ്ടായ് ഭവിക്കവേ 
പച്ചപ്പിലാവില പശ്ചാത്തപിച്ചു പോയ്‌ ..Sunday, July 28, 2013

ബുദ്ധം ശരണം ഗച്ഛാമി


ഒരു ഗോവ യാത്ര കഴിഞ്ഞ് വരുമ്പോൾ കൂടെ കൂട്ടിയതാണ് ഈ
ബുദ്ധ പ്രതിമയെ. ശാന്തി കളിയാടുന്ന ആ മുഖത്തേയ്ക്കു നോക്കുംതോറും ഒരു positive energy ഉള്ളിൽ നിറയുന്നത് പോലെ തോന്നും. കൂടെ ചില സംശയങ്ങളും. ആ ചിന്തകൾ ഇതാ  ഇവിടെ.......


ബുദ്ധം ശരണം ഗച്ഛാമി

ബുദ്ധന്റെയൊപ്പം നടക്കട്ടെ ഞാനല്പ-
ദൂരമീ കലികാല തീരേ 
ബോധോദയത്തിന്റെ വഴിയേ നടക്കുവാ -
 നിനിയൽപ  ജീവിതം മാത്രം. 

സംസാര ദുഖമകറ്റുവാനങ്ങൊരു
നാളിൽ ത്യജിച്ചു സാമ്രാജ്യം 
സുഖലോലമാമൊരു ജീവിതം തട്ടി -
യെറിഞ്ഞു മഹാജ്ഞാന മാർഗേ.

വഴികാട്ടിയായി  ഞാനങ്ങയെയിന്നെൻറെ 
സവിധം നടപ്പാൻ ക്ഷണിയ്ക്കെ
ഭയമുള്ളിലുണ്ടെനിയ്ക്കങ്ങേയ്ക്ക് താങ്ങുവാ -
നെളുതല്ല യിന്നുള്ള ലോകം !

സുഖ ദുഃഖ ഹേതുവറിയുവാനൊരു  നാളി -
ലരമന വിട്ടൊരാ കാലം 
അല്ലിന്നിതവിടുത്തെ ചിന്ത്യ്ക്കുമപ്പുറം 
കലി വന്നു ബാധിച്ച കാലം ! 

കാണേണ്ട കാഴ്ചകൾ പലതുണ്ടു വഴിമദ്ധ്യേ 
തളരായ്കയെൻ ത്യാഗമൂർത്തേ!
കല്ലിൻ പ്രതിമയ്ക്കു തുല്യമായ് മാറ്റുക -
യവിടുത്തെ നിർമല ചിത്തം. 

അകലത്തു നിന്നങ്ങു കേൾക്കുന്നുവോവൊരു
പൈതലിൻ ദീന വിലാപം ?
അമ്മയുമച്ഛനും ചേർന്നൊരാ കുഞ്ഞിനെ -
യിഞ്ചിഞ്ചായ് തച്ചു തകർത്തു. 

വേദന കൊണ്ടു പിടയുമാ ബാലൻറെ 
രോദനം കേട്ടു നടുങ്ങേ 
നനയുന്നുവോ മിഴിക്കോണുകളങ്ങേയ്ക്കു -
മുള്ളത്തിൽ ചോര പടർന്നോ?

പാതയോരത്തൊരാൾക്കൂട്ട മിതെന്തിനെ -
ന്നവിടുന്നു ശങ്കിച്ചു നിൽക്കേ
ചേതനയറ്റൊരാ പെണ്‍കിടാവിൻ കഥ 
യെങ്ങിനെ ഞാൻ പറഞ്ഞീടും.. 

ഓടുന്ന വണ്ടിയിൽ നിന്നൊരാ കാട്ടാളൻ 
ചീന്തിയെറിഞ്ഞൊരാ സ്വപ്നം 
വീണു ചിതറി കിടപ്പതു കാണുവാ -
നങ്ങേയ്ക്കുമാകില്ല നൂനം. 

കണ്ണുകൾ പൊത്തുവാൻ നേരമായില്ലെനി -
യ്ക്കുത്തരം  കിട്ടും വരേയ്ക്കും 
അൽപ ദൂരം കൂടിയീവഴി പോയിടാ -
മെൻ ബോധിസത്വൻറെയൊപ്പം.

ചേരിയിൽ കുഞ്ഞിനെ വിൽക്കുന്നുവമ്മമാർ
കാളും വിശപ്പടക്കീടാൻ,
കഞ്ചാവ് തിന്നു സ്വബോധം മറഞ്ഞുഗ്ര -
മൃഗമായ് മരുവും മനുഷ്യർ, 

ഇരുളിൻ മറവിലേയ്ക്കോടി മറയു-
ന്നു
റയും കൊലയാളി വർഗം
വഴിയിൽ തലയറ്റൊരുടലുമായ് പിടയുന്നു 
ജീവൻ വെടിയും മനുഷ്യൻ .

ചങ്കുറപ്പില്ലയീ കാഴ്ചകൾ കാണുവാ -
നെങ്കിൽ നമുക്കു പോയീടാം 
ഗംഗ തൻ മോക്ഷ തീരത്തവിടെയും
കാണാം കബന്ധങ്ങൾ നീളെ. 

ഇത്ര മേൽ ഭീകര ദൃശ്യങ്ങൾ മുമ്പങ്ങു
കണ്ടതുണ്ടോ പാരിലെങ്ങാൻ?! 
ജീവിത ദുഃഖത്തിൻ മൂലമറിഞ്ഞൊരു 
ചൈതന്യ വായ്പേ പറയൂ 

നയിക്കുകീ ലോകത്തെയങ്ങു തപം ചെയ്ത 
ബോധിവൃക്ഷത്തിന്റെ ചാരെ 
ഒരു വേള കൂടിയീ പാരിന്നു മീതെ 
യങ്ങേകുക ദിവ്യ പ്രകാശം. 


--------------------------------------Tuesday, June 4, 2013

വസുധൈവകുടുംബകം


നാളെ ലോക പരിസ്ഥിതി ദിനം. പരിതസ്ഥിതികൾ ഇതാണെങ്കിൽ എത്ര കാലം നമുക്കീ പരിസ്ഥിതി ഇങ്ങിനെയെങ്കിലും  ആസ്വദിക്കാനാകുമെന്നറിയില്ല.  
എന്തായാലും ഏവർക്കും നല്ല പരിസ്ഥിതിയും പരിതസ്ഥിതിയും നേർന്നു കൊള്ളുന്നു...വസുധൈവകുടുംബകം 

പൊന്നുരുകി ത്തുടങ്ങുമീ  സന്ധ്യയി-
ലംബരമാകെ തുടുത്തൊരു കമ്പളം 
ആരേ വിരിച്ചുടനീളവേ മാരിവിൽ 
പൊട്ടിച്ചിതറിയ ചേലിൽ മനോഹരം 

മാനത്ത് നിന്നുമാ ചെങ്കതിർ തുണ്ടുകൾ 
വീണു തിരമാലയാകെ തുടുക്കവേ 
തീരത്തിരുന്നു ഞാൻ മോഹിച്ചിടുന്നുവാ 
ചേലൊത്ത സൂര്യനെയെത്തിപ്പിടിക്കുവാൻ 

കൈക്കുമ്പിൾ നീട്ടി  ഞാനായവേയാഴിത-
ന്നാഴങ്ങളിൽ പോയ്‌ മറയും കതിരവൻ 
അഴകാർന്ന മാരിവിൽ കമ്പളത്തിനു മേ-
ലാരേ വിരിക്കുന്നിരുട്ടിൻ കരിമ്പടം 

അന്ധകാരത്തിലിരുണ്ടൊരു വിണ്ടല-
മാകവേ മൂകത മൂടി പ്പൊതിയവേ 
വെള്ളിത്തളികയിൽ വെള്ളിവെളിച്ചമായ് 
എത്തിനോക്കുന്നൊരാ തിങ്കളെ കാണ്മു ഞാൻ 

ചന്ദ്രബിംബത്തിന്നകമ്പടിയേകിയ-
ങ്ങിങ്ങു തിളങ്ങുന്നു വൈഡൂര്യ താരകൾ 
കാലയവനികയ്ക്കുള്ളിൽ മറഞ്ഞവർ 
തന്നുടെ കണ്ണുകൾ നമ്മെ തൊടുന്ന പോൽ 

ഈറനാകും  മിഴിക്കോണിലെ നീഹാര 
മുത്തുകൾ ഭൂമി തൻ മാറിൽ പതിക്കവേ 
ധന്യയാകുന്നു ഞാനെൻ മിഴിനീർക്കണം 
ചെറ്റൊരു പുൽക്കൊടിത്തുമ്പിനായ് നൽകവേ 

കാത്തു വയ്ക്കാമീ പ്രകൃതിയെ യിത്രമേ-
ലാഴത്തിലിങ്ങനെ നോവിച്ചിടാതെ നാ-
മോരോ തളിരിലും ഭാവി തൻ  ജീവിത 
താളത്തുടിപ്പിന്റെയീണം നിറച്ചിടാം ..  

                              *************

രാഷ്ട്രീയം അഥവാ പാർട്ടീയം


ഓണം അടുത്ത് വരാറായതുകൊണ്ടാണോ എന്നറിയില്ല , കേരളീയർ മനസ്സിൽ വച്ച് താലോലിക്കുന്ന 

"മാവേലി നാട് വാണീടും കാലം

മാനുഷരെല്ലാരുമൊന്നു പോലെ ..."

എന്ന ഈരടികൾ വെറുതെ ചിന്തയിലേക്ക് കയറി വന്നു. എന്തിനും ഏതിനും നഷ്ടപ്രതാപത്തിനെ കൂട്ട് പിടിക്കുന്നവരാണല്ലോ നമ്മളിൽ പലരും. ഞാനും അങ്ങിനെ ഒരു നഷ്ടപ്രതാപത്തിന്റെ സുഖകരമായ ചിന്തകളിൽ അലസയായി ഇരിക്കുമ്പോൾ അതാ വരുന്നു കേരള വാർത്തകൾ - നമ്മുടെ സ്വന്തം വിഡ്ഢിപ്പെട്ടിയിൽ.. കേരളത്തിലെ ഉന്നതന്മാരെന്നു സ്വയം കരുതുകയും, പീക്കിരികളും പോക്കിരികളുമെന്നു നിത്യേന  സ്വയം തെളിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന  സർവമാന രാഷ്ട്രീയ വിഷപ്പാമ്പുകളും താൻതാങ്ങളുടെ നിലവാരക്കുറവിനനുസരിച്ചുള്ള പ്രസ്താവനകളും പ്രതിപ്രസ്താവനകളുമായി പരസ്പരം കടിപിടി കൂടുന്നു.
മാവേലി വാണ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ  കാണുമ്പോൾ എനിക്ക് ആ പഴയ ഈരടികൾ കാലത്തിനൊപ്പിച്ചു ഒന്ന് പുതുക്കണം എന്ന് ഒരു ആഗ്രഹം...അഭിപ്രായ വ്യത്യാസമുള്ളവർ ക്ഷമിക്കുക.


രാഷ്ട്രീയം അഥവാ 'പാർട്ടീയം' 

രാഷ്ട്രീയ ഗുണ്ടകൾ വാഴും കാലം 
മാനുഷരെല്ലാരും കഷ്ടത്തിലായ് 
കള്ളമേയുള്ളൂ ചതിയേയുള്ളൂ 
നേരും  നെറിയുമതൊട്ടുമില്ല 

ക്രിക്കറ്റും കോഴയും വാതു വയ്പ്പും 
കള്ളപ്പണവും ഹവാലകളും 
മാലോകരെ നോക്കി പല്ലിളിക്കും 
ശിഷ്ടജനങ്ങളോ കണ്ടു നിൽക്കും 

സർക്കാരു നേരിട്ടു കള്ളു  വിൽക്കും 
കള്ളു കുടിക്കുവോരോട്ടു നൽകും 
അങ്ങിനെ കള്ളന്മാർ വാണരുളും 
കൈക്കൂലി നല്കി ജനം വലയും 

കാലു വാരുന്നവരൊന്നു ചേരും 
പിന്നൊരുനാളിലങ്ങേറ്റുമുട്ടും 
നേതാക്കൾ ചൊല്ലുമസഭ്യവർഷം 
കേട്ടാലോ, അയ്യയ്യോ !! കാതു പൊട്ടും !

അധികാര മോഹവലയിൽ വീണാൽ 
അച്ഛനുമില്ല മകനുമില്ല 
കാൽപ്പണം കിട്ടുകിലാക്ഷണത്തിൽ 
അമ്മയെ പോലും മറിച്ചു വിൽക്കും 

വിഡ്ഢി പ്പെട്ടിക്കുള്ളിൽ തമ്പടിക്കും 
നാട് വാഴുന്നൊരീ കോമാളികൾ 
തർക്കങ്ങൾ വാക്കേറ്റമേറ്റുമുട്ടൽ 
എന്നെന്നും കണ്ടു മനം മടുക്കും 

ഇടവും വലവും ചേർന്നീ വിധത്തിൽ 
നാടിൻറെ നാരായ വേരറുക്കും 
കൂത്തരങ്ങാടി മതി വരുമ്പോ-
ളോർക്കുക നാടിനെ വല്ലപ്പൊഴും 

നാടിനെ കൊള്ളയടിച്ചു നേടും 
പാപത്തിൻ പങ്കു പകുക്കും നേരം
നരകകവാടത്തിനരികു പറ്റാൻ  
കൂട്ടായ് വരില്ല നിഴലു പോലും ....
ഈ കവിത വായിച്ചു അഴിമതിക്കാരൊക്കെ  നാളെ മുതൽ നന്നായിപ്പോകുമെന്നൊരു വ്യാമോഹവും എനിക്കില്ല കേട്ടോ. എന്നാലും ഈയുള്ളവൾക്കൊരു മന:സുഖം. അത്രയേയുള്ളൂ. 

ഈ എഴുതിയതിൽ ഏതെങ്കിലും ഒരു വരി നമ്മുടെ നാട്ടിൽ നടന്നിട്ടില്ലാത്ത കാര്യമാണെങ്കിൽ ഞാൻ മുൻ‌കൂർ മാപ്പപേക്ഷിക്കുന്നു. (അല്ല! ഐ.പി.എസുകാർക്ക് വരെ കവിത എഴുതാൻ പറ്റാത്ത കാലമല്ലേ . അത് കൊണ്ടാ!! )

Tuesday, March 12, 2013

സ്ത്രീയും പുരുഷനും
പണ്ടുമീ നാടതിലുണ്ടായിപോല്‍ 

നാരി തന്‍ സ്വാതന്ത്ര്യ കാഹളങ്ങള്‍ 

മാറ് മറയ്ക്കുവാനുള്ളോരവകാശം 

പോരാടി നേടിയോരന്നുള്ള നാരികള്‍ 


"ഏനുണ്ടവകാശമെന്റെ തമ്പ്രാ 

ദേഹം മറച്ചിടാനൊന്നു ചേലില്‍ 

തമ്പ്രാനു കണ്ടു രസിച്ചിടുവാ-

നിനി മേലില്‍ നിന്ന് തരില്ല ഞങ്ങള്‍" 


എന്നവള്‍  ധീരയായ് ചൊല്ലിയപ്പോള്‍ 

തമ്പ്രാന്‍ തല താഴ്ത്തി നിന്നുവത്രെ 

പൊരുതിയെടുത്തൊരു സ്വാതന്ത്ര്യമാ-

ണിന്നത്തെ നാരിയെറിഞ്ഞുടയ്പ്പൂ  !


ഇന്നുള്ള നാരികള്‍ ചൊല്ലിടുന്നു 

"മാന്യത വസ്ത്രത്തിലല്ല വേണ്ടൂ 

ദേഹം മറയാത്ത വസ്ത്രമിടാന്‍ 

ഞങ്ങള്‍ക്കവകാശമുണ്ട് പാരില്‍ !


കാണ്മവര്‍ കണ്‍ പൊത്തി നിന്നുകൊള്‍ക 

മിണ്ടാതെ കണ്ടങ്ങ്‌ പോയിടുക!

തോന്നിയ വസ്ത്രം ധരിച്ചു ഞങ്ങള്‍ 

തെരുവീഥി തോറും നടന്നു പോകും. 


ഇരുള്‍ വീണ പാതയോരത്ത് ഞങ്ങള്‍ 

തോന്നിയ പോലെയിറങ്ങി നില്‍ക്കും 

പുരുഷന്നു മാത്രമായുള്ളതല്ലീ -

യിരുള്‍ വീണ ലോകത്തിന്‍ കൌതുകങ്ങള്‍ !"


ആരാരു  മേലെയെന്നുള്ള തര്‍ക്കം 

എന്നവസാനിക്കുമീയുലകില്‍ ?

സ്ത്രീയ്ക്കും  പുരുഷനുമൊന്നു പോലെ 

പാലിച്ചിടാനുള്ളതാണടക്കം . 


തമ്മിലായ്  കൊമ്പുകള്‍ കോര്‍ത്തിടാതെ 

കൈ കോര്‍ത്തു നമ്മള്‍ നടക്ക വേണം  

താങ്ങും തണലുമായ് നമ്മള്‍ വേണം 

നന്മ തന്‍ പുതുയുഗം തീര്‍ത്തിടുവാന്‍....        


നാശപര്‍വ്വം


നാടുവാഴികള്‍ വിഷം വില്‍ക്കുന്നു .

കഴുതയെന്നു പേര് കേട്ട ജനത 

നികുതി കൊടുത്ത് ആ വിഷം വാങ്ങി മോന്തുന്നു .

ഒരു ജനതയെ വിഷത്തില്‍ മുക്കി കിടത്തി 

നാടുവാഴികള്‍ നാട് കട്ട് മുടിക്കുന്നു .


നാടുവാഴികള്‍ മതം വളര്‍ത്തുന്നു .

മതത്താല്‍  മത്ത് പിടിച്ച ജനത 

തമ്മില്‍ തല്ലുന്നു, കൊല്ലുന്നു, കൊല വിളിക്കുന്നു .

ജനതയുടെ രക്തം ഊറ്റി  കുടിച്ച് 

നാടുവാഴികള്‍ ചെന്നായയെ പോലെ പല്ലിളിക്കുന്നു .


ചത്ത ജനതയുടെ അവശിഷ്ടത്തില്‍ കണ്ണ് വച്ച് 

മാധ്യമ കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു .

അവര്‍ക്ക് എവിടെയും കയറി ചെല്ലാം ,

ആരുടെ ശരീരവും കൊത്തി വലിക്കാം ,

കാരണം അവര്‍ കഴുകന്മാരാണ് ;

അവശിഷ്ടം ഭക്ഷിക്കുന്നവരാണ് 


പ്രതിക്ഷേധിക്കേണ്ട  യുവത 

മായാ വലയ്ക്കുള്ളിലാടുന്ന 

മയക്കുമരുന്നിന്റെ തൊട്ടിലില്‍ 

മദിരാക്ഷിക്കൊപ്പം മയങ്ങുകയാണ് .

അമ്മമാരുടെ കരച്ചില്‍ അവരെ ഉണര്‍ത്തുന്നില്ല .

പിച്ചി ചീന്തുന്നത് 

സ്വന്തം മക്കളെയാണെന്ന്‌ 

അവര്‍ അറിയുന്നുമില്ല .നീതിപീഠങ്ങളില്‍ 

നീതിയുടെ കബന്ധങ്ങള്‍ 

രക്തം വാര്‍ന്ന് കിടക്കുന്നു .

ന്യായാധിപന്മാര്‍  

അശുദ്ധിയുടെ നീലച്ചായത്തില്‍ 

വീണ കുറുക്കനെ പോലെ ഓലിയിടുന്നു .


സത്യവും മിഥ്യയും തിരിച്ചറിയാനാകാത്ത 

പാവം ഇഴജന്തുക്കള്‍ 

ഗ്രഹണ സമയത്ത് വിഷം വച്ച 

ഞാഞ്ഞൂലുകളെ പോലെ 

ഇല്ലാത്ത പത്തി വിടര്‍ത്തുവാന്‍ ശ്രമിച്ച് 

പത്തിയുള്ളവന്‍റെ കാല്പത്തിക്കടിയില്‍ 

കുടുങ്ങി ചതഞ്ഞു തീരുന്നു. കൊടിയ പാപങ്ങള്‍ മാത്രം 

കാണുന്ന കണ്ണുകളും 

കൊലവിളി മാത്രം 

കേള്‍ക്കുന്ന കാതുകളും 

അസത്യം മാത്രം 

പറയുന്ന നാക്കുമായി 

കലികാല മനുഷ്യന്‍ 

ലോകാവസാനം കാത്തിരിക്കുന്നു.