Followers

Thursday, July 29, 2021

പണ്ടാരപർവ്വം ആട്ടക്കഥ

 







പണ്ടൊരുനാളിൽ പട്ടണനടുവിൽ 
സചിവൻമാരുടെ സഭയുടെ നടുവിൽ 
പണ്ടാരത്തെച്ചൊല്ലിയൊരുഗ്രൻ 
ശണ്ഠ നടന്നമ്പമ്പോ ചൊല്ലാം! 

പണ്ടാരത്തിലെ ചെല്ലും ചെലവും
ചൊല്ലാൻ മന്ത്രിയണഞ്ഞൊരുനേരം
മുദ്രകൾ കാട്ടീ, മുഷ്ടി ചുരുട്ടീ,
എതിരാളികളുടനോടിയടുത്തൂ
  
പാണ്ടൻനായ്ക്കൾ കടിപിടികൂടും 
പോലെയുറക്കെക്കുരയും വിളിയും     
ഉന്തും തള്ളും പിടിയും വലിയും 
അംഗന തന്നുടെ കടിയും മാന്തും 

മുണ്ടു മടക്കിക്കുത്തിയ ചേട്ടൻ 
കണ്ണിൽക്കണ്ടവ തച്ചുതകർത്തൂ, 
സഭയുടെ നടുവിൽക്കെട്ടിയകൈവരി 
ചാടിക്കയറീ മർക്കടവീരർ  

അദ്ധ്യക്ഷന്നുടെ സിംഹാസനമതു 
പൊക്കിയെടുത്തുചുഴറ്റിയെറിഞ്ഞൂ, 
സങ്ഗണകത്തിൻ വയറും കുടലും 
'മുപ്പുരവൈരി'യറുത്തുമുറിച്ചൂ, 

മസ്തകസേതു ചവിട്ടി നടന്നവ-
നടി തെറ്റീറ്റുടനവനിയിൽ വീണൂ, 
യോദ്ധാവിന്നുടൽ  മഞ്ചലിലേറ്റി 
നടന്നുമറഞ്ഞൊരു സംഘം ശീഘ്രം, 

എല്ലാം കണ്ടു കസാലയിലന്നൊരു 
കല്ലായ് മുഖ്യനിരുന്നൂ  കോണിൽ...   
കഷ്ടം! കഷ്ടം! കുപ്പത്തൊട്ടിയിൽ 
വീണാലിതിലും ഭേദമതല്ലോ!  

പണ്ടാരത്തെച്ചൊല്ലിയുടക്കിയ 
പണ്ടാരികളെ മറക്കില്ലാരും.
കേമംതന്നെ ജനായത്തത്തിൻ 
ശ്രീകോവിലിലെക്കയ്യാങ്കളികൾ! 


ആഗ്യം കാട്ടിച്ചൊല്ലീ സ്പീക്കർ,
'കോഴാനാഥൻ' പത്രിക പൊക്കീ; 
കോലാഹലസഭനടുവിൽ വച്ചാ 
ബഡ്ജറ്റങ്ങനെ നിലവിൽ വന്നൂ!

നിത്യാഭ്യാസിയ്ക്കുണ്ടോ ബാലകർ 
തന്നുടെ ലീലകൾ കണ്ടാലിണ്ടൽ!
ഹർഷോന്മാദം കൊണ്ടനുയായികൾ 
ലഡ്ഡു കടിച്ചുനുണഞ്ഞൂ മധുരം... 

ഓർത്താലിനിയും മാനംകെട്ടൊരു 
വേഷംകെട്ടുകളനവധിയുണ്ടേ! 
വേലികൾ വിളവുകൾ തിന്നുമുടിപ്പൂ  
വെളവും കാട്ടി ഞെളിഞ്ഞുനടപ്പൂ. 

പൊതുമുതലിട്ടുചവിട്ടിമെതിച്ചവ-
രെല്ലാമിന്നു ഭരിക്കുന്നവരായ്,
കള്ളത്തരവും ചതിയും കൊലയും 
അധികാരത്തിനലങ്കാരവുമായ്. 

വർഷം പലതുകഴിഞ്ഞിട്ടിപ്പോൾ 
കോടതിമുമ്പിൽ പാവത്താന്മാർ 
താണുവണങ്ങിച്ചൊല്ലുന്നൊന്നും  
കേസാക്കരുതെന്നുടയമ്പ്രാനേ!

അന്നുണ്ടായോരു കയ്യാങ്കളിയുടെ 
കോപ്പികളനവധി  നാട്ടിൽ സുലഭം 
ആയതുകൊണ്ടൊരു  രക്ഷയുമില്ലീ 
മാലോകർക്കൊരു മറവിയുമില്ലേ? 

അസ്ഥാനത്തൊരു വടവൃക്ഷത്തെ- 
ത്തണലായ്‌കൊണ്ടു നടക്കുന്നരചൻ. 
പ്രജകൾക്കാരൊരു തണലെന്നോർക്കാൻ 
നമ്മൾക്കില്ലവകാശം തെല്ലും, 

നാടുഭരിക്കുന്നോർക്കു നറുക്കിടു-
മന്നോർക്കാതിന്നില്ലൊരു ഫലവും; 
ബോധംകെട്ട പ്രജയ്ക്കു ലഭിയ്ക്കും 
നാണംകെട്ടൊരു നായകവൃന്ദം. 

കിറ്റുതരുമ്പോളല്പം വിഷമാ 
കെട്ടിൽ വച്ചാലുത്തമമായീ 
ജീവിക്കാനൊരു വഴികാണാഞ്ഞാൽ 
പാഷാണം തിന്നന്ത്യം പൂകാം! 


അനുബന്ധം
***************** 
ഇന്നാ സചിവൻതന്നുടെ മകന-
ന്നപ്പനെയാട്ടിയ  പാർട്ടിയ്ക്കുള്ളിൽ!
ദോഷം ചൊല്ലരുതേതും, തമ്മിലെ 
സ്നേഹം കണ്ടാൽ കണ്ണീർ പൊടിയും!
രാഷ്ട്രീയത്തിലതുണ്ടോ ജനകൻ, 
ജനനിയതെന്നൊരു സങ്കല്പങ്ങൾ!  
അപ്പൻ, മകനെന്നില്ലപ്പപ്പോൾ 
കാണുന്നവരെല്ലാമപ്പന്മാർ!
********************************************************

പദാർത്ഥം 
  • പണ്ടാരം            -  ഭണ്ഡാരം, ഖജനാവ്
  • സചിവൻ          -  മന്ത്രി 
  • സങ്ഗണകം    - കമ്പ്യൂട്ടർ 
  • മുപ്പുരവൈരി -  ശിവൻ 
  • മസ്തകം               -  തലമണ്ട
  • സേതു                -  പാലം 
  • പണ്ടാരി             -  ഭണ്ഡാരം കാക്കുന്നവൻ, ഖജാന്‍ജി
  • ജനായത്തം      -  ജനാധിപത്യം 
  • കോഴാനാഥൻ -  കോഴയുടെ നാഥൻ
  • ഇണ്ടൽ               -  വിഷമം, വ്യാകുലത
  • പാഷാണം        -  വിഷം 


കേരളജനാധിപത്യത്തിലെ ചില നാണംകെട്ട ഓർമ്മകൾ 




Wednesday, July 28, 2021

ഉപരോധകാണ്ഡം
















ജീവിതത്തിൻ്റെ സമസ്തമേഖലകളിലും  സ്വയംപര്യാപ്തരും സംതൃപ്തരും ഒരുവിധത്തിലുള്ള 
അപകർഷതാബോധവും  അലട്ടാത്തവരും  ആയിരുന്ന  ഭാരതീയരുടെ സാമ്പത്തികഭദ്രതയും ആത്മവിശ്വാസവും  ഒരു നല്ല അളവോളം തകർത്തത് അടിയ്ക്കടിയുള്ള വിദേശാക്രമണങ്ങളും  പത്തുമുന്നൂറ്റിനാല്പതു കൊല്ലത്തോളം നിലനിന്ന ബ്രിട്ടീഷ് ആധിപത്യവുമാണ്. എന്നാൽ വിദേശികൾ നല്ലൊരു പങ്ക് കൊള്ളയടിച്ചുകൊണ്ടുപോയിട്ടും 
ഭാരതീയമായതെല്ലാം പ്രാകൃതമാണെന്നു  ഭാരതീയരെ മസ്തിഷ്ക്കപ്രക്ഷാളനം ചെയ്യാൻ ശ്രമിച്ചിട്ടും  ഇന്നും സനാതനഭാരതം ആത്മീയവും പ്രകൃതിദത്തവുമായ  എല്ലാ ഐശ്വര്യത്തോടുംകൂടിത്തന്നെ നിലനിൽക്കുന്നു.  തന്നെയുമല്ല, മന്ദഗതിയിലാണെങ്കിലും  ഭൗതികപുരോഗതിയിലും സാമ്പത്തികഭദ്രതയിലും ഭാരതം മറ്റു ലോകരാഷ്ട്രങ്ങൾക്കൊപ്പം  വീണ്ടും സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

വിദേശോപരോധങ്ങൾക്കുമുന്നിൽ സ്വതന്ത്രഭാരതം ഒരിക്കലും തല കുനിച്ചിട്ടില്ല. എതു വിഷമസന്ധിയിലും തൻ്റെ  രാജ്യം മറ്റുരാജ്യങ്ങളുടെ ഭീഷണിയ്ക്കും ഉപരോധത്തിനും മുന്നിൽ കീഴടങ്ങരുതെന്നുതന്നെയായിരിക്കും ഓരോ ദേശസ്നേഹിയുടെയും ഉള്ളിലെ വികാരം.   ഇപ്പോള്‍ ഇന്ത്യന്‍ യാത്രാവിമാനങ്ങൾക്കു നേരെ  വിവിധരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തിന്‍റെ കാര്യത്തിലും ഇതേ വികാരം തന്നെയാണുള്ളത്.  

പാൻഡെമിക്ക് നിയന്ത്രണങ്ങൾ എന്ന പേരിൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി ഒരുവിധം എല്ലാ ലോകരാജ്യങ്ങളും പല ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഈ നിയന്ത്രണങ്ങൾ അന്താരാഷ്ടതലത്തിൽ പലപ്പോഴും വിവേചനപരമായിട്ടാണ് അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളത്. ഭാരതം ഈ അന്താരാഷ്‌ട്രവിവേചനത്തിൻ്റെ ഒരു പ്രധാനപ്പെട്ട ഇരയാണ്.  വുഹാന്‍ ലാബില്‍ വൈറസിനെ ഉത്‌പ്പാദിപ്പിച്ച് ലോകമെമ്പാടും പടര്‍ത്തിയ രാജ്യം എന്നു ലോകം മുഴുവൻ വിശ്വസിക്കുന്ന ചൈനയുടെനേർക്കുപോലും  ഏര്‍പ്പെടുത്താത്ത ഉപരോധങ്ങളാണ് ലോകം കൈപ്പിടിയിലൊതുക്കണമെന്നാഗ്രഹിക്കുന്ന  പാശ്ചാത്യരാജ്യങ്ങളും അവരുടെ അടിമരാജ്യങ്ങളുംചേർന്ന് ഇന്ത്യയ്ക്കും സമാനമായി സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന   മറ്റുചില രാജ്യങ്ങൾക്കും  നേരെ ഏർപ്പെടുത്തുന്നത്. ലോകരക്ഷകരുടെ വേഷമണിഞ്ഞിട്ടുള്ള WHO ഉൾപ്പെടെയുള്ള അന്താരാഷ്ട്രസംഘടനകളും ഇക്കാര്യത്തിൽ മറിച്ചൊരു നിലപാടുള്ളവരല്ല. എന്നുതന്നെയല്ല അവർ സ്വന്തമായി നിലപാടേ ഉള്ളവരല്ലാതായിമാറിയിട്ടു കാലമേറെയായിരിക്കുന്നു. 

രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായി ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന പരമമായ  ലക്‌ഷ്യം വേണ്ടത്ര വിജയം കാണാത്തതിൽ ഈ അവിശുദ്ധകൂട്ടായ്മയ്ക്കുള്ള കുണ്ഠിതമാണ് ഇന്ത്യയ്‌ക്കെതിരെയുള്ള അനിശ്ചിതമായ  യാത്രാ ഉപരോധമായി ഇപ്പോഴും  നിലനിൽക്കുന്നത്. 
ഇന്ത്യ സ്വന്തമായി വാക്സിൻ വികസിപ്പിച്ചതും യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളുടെ വാക്സിൻ ഇറക്കുമതി ചെയ്യാത്തതുമാണ് ഇന്ത്യക്കെതിരെയുള്ള യാത്രാഉപരോധങ്ങളുടെ അടിസ്ഥാനം എന്ന് ഇക്കൂട്ടർ തുറന്നുസമ്മതിക്കില്ലെങ്കിലും പകൽപോലെ വ്യക്തമായ വസ്തുതയാണ്. ജനസംഖ്യയിൽ രണ്ടാംസ്ഥാനമുള്ള  ഇന്ത്യ എന്ന വളക്കൂറുള്ള വിപണിയിൽ തങ്ങളുടെ വാക്സിൻവിൽപ്പന എന്ന മോഹനസ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിയാതെപോയതിൻ്റെ മോഹഭംഗം മാത്രമാണ് ഈ ഉപരോധത്തിനു  പിന്നിലുള്ളത് എന്നു മനസിലാക്കാൻ ഒരു ബുദ്ധിരാക്ഷസനാവണമെന്നൊന്നുമില്ല. 

ജന്മനാട്ടിലേക്കും തിരിച്ചു ജോലി ചെയ്യുന്ന നാട്ടിലേക്കും സുഗമമായി യാത്ര ചെയ്യാനാവാതെ ദുരിതത്തിലകപ്പെടുന്ന പ്രവാസികളെക്കൊണ്ട് ഇന്ത്യൻഭരണകൂടത്തിനെ ചീത്തവിളിപ്പിക്കുക എന്ന നിലവാരമില്ലാത്ത സമ്മർദ്ദതന്ത്രമാണ് ഇക്കൂട്ടർ ഇപ്പോൾ  ഇന്ത്യയ്ക്കുനേരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.  മറ്റൊരുവശത്താകട്ടെ അന്താരാഷ്ട്രമാഫിയകളും  മതതീവ്രവാദികളും ഇന്ത്യയെ ച്ഛിന്നഭിന്നമാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു.  വിദേശീയര്‍ മാത്രമല്ല, തീവ്രവാദികളുടെയും അന്താരാഷ്ട്രലോബികളുടെയും പണിയാളുകളായി അവരുടെ പണവും പ്രശസ്തിപത്രങ്ങളും കൈപ്പറ്റി സ്വന്തം രാജ്യത്തെ ഒറ്റുന്ന Break India ഗ്യാങ്ങുകൾ  ഇന്ത്യയ്ക്കകത്തുതന്നെ ഉണ്ടെന്നതും എത്രയോവട്ടം തെളിഞ്ഞിരിക്കുന്നു.  
സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും അന്താരാഷ്‌ട്രടെലിവിഷൻ - പത്രമാദ്ധ്യമങ്ങളിലൂടെയും ഇന്ത്യയെ തേജോവധം ചെയ്യുന്ന രീതിയിലുള്ള വ്യാജവാർത്തകളും ഹാഷ്ടാഗുകളുംമറ്റും ചമച്ചുവിടുന്നതുമെല്ലാം ഇതിൻ്റെ ഭാഗമായി നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. 

ഏതു മന്ത്രവാദി വന്നാലും  കിടക്കപ്പൊറുതിയില്ലാതാവുക കോഴിക്കായിരിക്കും എന്നൊരു പറച്ചിലുണ്ട്. അതുപോലെയാണ് ഇന്ത്യയുടെ അവസ്ഥ. ഏതു രാജ്യം എന്തു കൊള്ളരുതായ്ക കാണിച്ചാലും അതിൻ്റെ ഉത്തരവാദിത്തം എങ്ങനെയെങ്കിലും ചുറ്റിവളച്ചു ഭാരതത്തിന്‍റെയും ഭാരതീയസംസ്കാരത്തിൻ്റെയും മുതുകത്തുവച്ചുകെട്ടാൻ കുശലതയുള്ളവരുടെ ഒരു കൂട്ടായ്മ ഇന്ത്യക്കകത്തും പുറത്തും വളരെ സജീവമാണ്. ചൈന ലോകരാജ്യങ്ങളെ മുഴുവനും നശിപ്പിക്കുംവിധത്തിൽ ജൈവായുധം പ്രയോഗിച്ചാലും കാലാവസ്ഥാവ്യതിയാനം വരുത്തിയാലും  പകർച്ചവ്യാധി പരത്തുന്നവരെന്നും  അന്തരീക്ഷം  മലിനപ്പെടുത്തുന്നവരെന്നുമുള്ള  പഴി ഇന്ത്യയ്ക്ക്.  ഇസ്രായേലിൽ പാലസ്റ്റീൻ ബോംബിട്ടാലും  ഇസ്രായേലുമായി കാലങ്ങളായി  സൗഹൃദം സൂക്ഷിക്കുന്നു എന്നപേരില്‍  ഇന്ത്യയ്ക്കുള്ള  പഴി പാഴ്‌സലായി വരും.  അക്രമാവാസന രക്തത്തിൽ അലിഞ്ഞുചേർന്ന റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് അഭയം നൽകാൻ അവരുടെ കയ്യിലിരുപ്പുമൂലം  ലോകരാജ്യങ്ങളെല്ലാം വിസമ്മതിക്കുമ്പോഴും  ഇന്ത്യയെങ്ങാൻ  വിസമ്മതം അറിയിച്ചാൽ  ഇന്ത്യയ്ക്കു മാത്രം പഴിയുടെ സ്പെഷ്യല്‍ ഓഫ്ഫര്‍.  നുഴഞ്ഞുകയറ്റക്കാരായ ബംഗ്ളാദേശികളെ യഥേഷ്ടം ഇന്ത്യയിൽ കയറിയിറങ്ങി അരാജകത്വം സൃഷ്ടിക്കാൻ അനുവദിക്കാതിരുന്നാൽ അയ്യോ! ദേ ഫാസിസ്റ്റ്  ഇന്ത്യയെന്ന പഴി. ലോകത്തു വിവിധതരം  രോഗാണുക്കൾ പരക്കുന്നുവെങ്കിൽ അതിനുമുഴുവൻ പഴി ഇന്ത്യയിലെ ഏതെങ്കിലും സനാതനമായ ആഘോഷത്തിനോ ആചാരത്തിനോ ആയിരിക്കുമെന്നത് നൂറുതരം! ഇതെല്ലാം നിമിഷാർദ്ധത്തിൽ  നോട്ടീസടിച്ചു ലോകം മുഴുവൻ വിതരണം ചെയ്യാൻ BBC, twitter എന്നുവേണ്ട സകല അന്താരാഷ്‌ട്രപരദൂഷണസംഘങ്ങളും വിളിപ്പുറത്ത്.  ഈ  ഞാഞ്ഞൂലുകളേയും   വിഷസർപ്പങ്ങളേയുമൊന്നും ഭയക്കാതെ ഭാരതം ധർമ്മവഴിയിൽ മുന്നോട്ടു പോകുന്നതു കാണുവാൻ തന്നെയാണ് എപ്പോഴും ആഗ്രഹം.   

ഇത്തരത്തിൽ ഇന്ത്യയെ പിന്നിൽനിന്നു കുത്തുന്ന വിമതരായ ഇന്ത്യക്കാരേയും അനധികൃതകുടിയേറ്റക്കാരേയും  പോറ്റിവളർത്തുന്നതിൽ ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്നത് ദൈവത്തിൻ്റെ സ്വന്തം നാടെന്നു വിളിപ്പേരുണ്ടായിരുന്ന എൻ്റെ സ്വന്തം സംസ്ഥാനമാണല്ലോ എന്ന കുണ്ഠിതവും ചെറുതല്ല.  

ഭാരതം വിദേശരാജ്യങ്ങളുടെ  ഉപരോധങ്ങൾ നേരിടാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലെ  പൗരന്മാർക്കും അവിടങ്ങളിൽനിന്നുള്ള ചരക്കുവിമാനങ്ങൾക്കും ഇന്ത്യയിലേയ്ക്കുള്ള  യാത്രാനുമതിയും  നിഷേധിച്ചുകൊണ്ട് ഒരു അനശ്ചിതകാലഉത്തരവിറക്കിയാൽ അവസാനിക്കാവുന്ന  തീവ്രതയേ ഇന്ത്യയിലെ ചൈനാനിർമ്മിതവൈറസിൻ്റെ പേരിലുള്ള ഈ ഉപരോധനാടകത്തിന്  ഉണ്ടാവാനിടയുള്ളൂ. ആമസോണ്‍ വഴിയും മറ്റു നൂറായിരം വിദേശ ഓൺലൈൻ ഷോപ്പുകൾവഴിയുംമറ്റും  ഇന്ത്യയിൽനിന്നു ലഭിക്കുന്ന വരുമാനം ഒരു പ്രോട്ടോക്കോളിന്‍റെ പേരിൽ വേണ്ടെന്നുവയ്ക്കാൻ മാത്രം ആത്മാരാമന്മാരൊന്നുമല്ലല്ലോ  ഈ അത്യാഗ്രഹികളായ മേലാളരാഷ്ട്രങ്ങള്‍.
അതിനാൽ ഈ  യാത്രാവിലക്ക് എന്ന ഉപരോധഭീഷണിയ്ക്കു വഴങ്ങിക്കൊടുക്കാതെ  
നട്ടെല്ലു നിവർത്തിനിന്നുകൊണ്ടുതന്നെ  എൻ്റെ രാജ്യത്തിനു  ഞാനുൾപ്പെടുന്ന പ്രവാസികളുടെ  സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനാവട്ടെ 
എന്നാശംസിക്കുന്നു. വന്ദേ മാതരം.

Saturday, July 17, 2021

രാമായണായനം



17-07-2021 രാമായണമാസാരംഭം 































രാഘവാ രഘുനന്ദനാ
രാമ രാമ ഹരേ ഹരേ!
രാമസേന നയിച്ചൊരാ
വായുസൂനു! ഹരേ ഹരേ!

മിഥുനസൂര്യനിറങ്ങയായ് 
കർക്കടം വരവായിതാ
വീടുതോറുമുണർന്നിടും
തവനാമമീണമൊടിങ്ങിനി
രാവു മാഞ്ഞതിശോഭനം
സൂര്യബിംബമുയർന്നിടും
ആസുരാദികളൊക്കെയും
ഭയമോടെയോടിയൊളിച്ചിടും
കർക്കടക്കരികാർമുകിൽ
ആർത്തലച്ചുവരുമ്പൊഴും
ആധിവ്യാധിയകന്നുപോം
രാമ! നിങ്കലെ ഭക്തിയിൽ
രാമ! നിന്നയനം സദാ
ഓർക്കുകിൽ ഹൃദി സാദരം
ഈ ഭവാബ്ധി കടക്കുവാൻ
യത്നമെന്തു ജഗത്തിതിൽ?!

കലികാലവാരിധി താണ്ടുവാൻ
കീർത്തനാദികളുത്തമം
രാമജീവചരിത്രമാം
ധർമ്മശാസ്ത്രമിതദ്വിജം!
ഐതിഹാസികമാകുമീ
ആദികാവ്യപുരാകൃതം,
തന്നുപോയ ഋഷീശ്വരാ
വല്മീകസംഭവ! തേ നമഃ

ധർമ്മമിക്കലിയിൽ ഭുവി
ഏകപാദമൊടാമയം
ഏന്തിയേന്തി നടക്കവേ
തവഭക്തിമാത്രമൊരാശ്രയം
രാമ രാമ ഹരേ ഹരേ! 
കൃഷ്ണപൂർവ്വജ,വിഷ്ണു, നിൻ
നാമകീർത്തനമൊക്കെയും
പിഴ തീർത്തു നാവിൽ വിളങ്ങിടാൻ
വരവാണിതൻ ശുകമെന്നുടെ
വൈഖരീവലി കാക്കണേ!
രാമ രാമ നമോസ്തുതേ!
മരുതീസഹജം നമഃ