Followers

Wednesday, August 14, 2019

പ്രളയസ്മാരകം

Audio:  https://www.youtube.com/watch?v=o143M3lAsek&t=4s

ഇന്ന് രണ്ടായിരത്തിപ്പത്തൊമ്പത് ആഗസ്ത് പതിനഞ്ച്. പരിസരപ്രദേശങ്ങളെയൊക്കെ മുക്കിക്കഴിഞ്ഞ് പ്രളയജലം തൻറെ വീട്ടുപടിക്കലും എത്തുന്നതിനു തൊട്ടുമുമ്പ് അച്ഛൻ തൻ്റെ പ്രിയപ്പെട്ട വീടു വിട്ടിറങ്ങിയത് കഴിഞ്ഞ വർഷം ഇന്നേ ദിവസമാണ്. ഈ പ്രളയസ്മാരകം അച്ഛനു മാത്രമുള്ളതല്ല.  പ്രളയം കയറിയിറങ്ങിയ ഓരോ വീട്ടിലേയും അന്തേവാസികൾക്കും അന്തേവാസികളായിരുന്നവർക്കും അന്നൊഴുകിമാഞ്ഞ ഓരോ പുല്ലിനും പുഴുവിനുമുള്ളതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ കാലവർഷക്കെടുതിയിലും ഉരുൾപൊട്ടലിലുംപെട്ടു മരണമടഞ്ഞവർക്കും ഇതോടൊപ്പം ആദരാഞ്ജലി അർപ്പിക്കട്ടെ...
"പ്രളയമിങ്ങെത്താറായ്, ഇറങ്ങിടാം വൈകിക്കേണ്ട, 
തിരിച്ചുടൻ പോരാമല്ലോ രണ്ടുനാളല്ലേ വേണ്ടൂ?"
വിഷണ്ണനായേറെച്ചിന്താമഗ്നനായ് കണ്ടേനന്നാ- 
ത്താതനെ, തൻഗൃഹത്തെപ്പിരിയുവാൻ മടിക്കയാൽ. 
"എടുക്കണമത്യാവശ്യം മരുന്നുകൾ, വസ്ത്രങ്ങളും 
മൂന്നാലു ദിനത്തേയ്ക്കു  വേണ്ടുന്ന വസ്തുക്കളും"
കേൾക്കുന്നുവെന്നാകിലും കേട്ടതില്ലൊന്നുമച്ഛൻ,
ചിന്തകൾക്കുള്ളിലങ്ങിങ്ങോടുന്നതാവാം പാവം! 

"എല്ലാരുമീ കരയിൽനിന്നു ദൂരേയ്ക്കു പോകും-
നേരത്തു  നമ്മളൊറ്റയ്‌ക്കിവിടെയെങ്ങനെ നിൽക്കും?"
ചൊല്ലുകയാണു മെല്ലേ സമ്മതിപ്പിക്കാനമ്മ, 
"നമ്മൾ രണ്ടാൾക്കുമേറെ   പ്രായവുമായതല്ലേ?"
പെട്ടന്നു കണ്ണുയർത്തി തീർച്ചയാക്കിയപോലെ 
ചൊല്ലുന്നു,"എന്നാൽ ശരി, അങ്ങനെത്തന്നെയാവാം... 
എൻറെയീക്കണ്ണടയും ഊന്നുവടിയുമെല്ലാം
മറക്കാതെയെടുക്കണം, മടക്കമെന്നാർക്കറിയാം?!
എന്നിട്ടു ചോറെടുക്ക, സമയമേറെച്ചെന്നില്ലേ 
എല്ലാരുമൊന്നിച്ചിരുന്നുണ്ടിട്ടു പോകാം വേഗം."

ഉണ്ണുവാനിരിക്കുമ്പോൾ ശാന്തനായിരുന്നച്ഛൻ, 
മനസ്സുമായൊത്തുതീർപ്പിൽ ഒപ്പുവച്ചതുപോലെ!
നെയ്യെടുത്തേറെയിഷ്ടത്തോടെയാ ചോറിലേക്കായ് 
ഒഴിച്ചുകൊണ്ടമ്മയോടന്നച്ഛൻ പറഞ്ഞിടുന്നൂ,
"ഒലിച്ചുപോകയാണെല്ലാം പ്രളയമിങ്ങിപ്പൊഴെത്തും,
അതിൽപ്പരമെന്തിനിമേൽ എനിക്കുമാരോഗ്യം നോക്കാൻ?!"
ഉറച്ചതായിരുന്നച്ഛൻ  പറഞ്ഞൊരാ വാക്കുകളും 
അതിനകമ്പടിചേർത്തു പൊഴിച്ചൊരാ പുഞ്ചിരിയും! 
കുലുങ്ങിക്കുലുങ്ങിയൊച്ചയില്ലാതെ ചിരിച്ചിടും 
അച്ഛൻറെ മുഖമപ്പോൾ സുഖദുഃഖഭേദമുക്തം!
അകത്തിരുന്നീശ്വരൻതൻഭക്തനെ ശാന്തഭാവം 
കൈവരിക്കുവാൻ മെല്ലേ തഴുകിയതാവാം, തീർച്ച!
അരികിലായ് നിന്നു മുളംതണ്ടു മീട്ടീടും   കൃഷ്ണൻ 
ഗൂഢമന്നച്ഛൻതന്നെ നോക്കി മന്ദഹസിച്ചോ!
വീടടച്ചിറങ്ങവേ ചുറ്റിലും കണ്ണോടിച്ചു 
തൃപ്തിയായതുപോലെ വണ്ടിയിലേറിയച്ഛൻ...   

നാലു ദശകമടുത്തായ്  പ്രിയമീഗൃഹത്തിൽ 
വിയർത്തി,ളവേറ്റുമച്ഛൻ വസിച്ചയിടമിവിവിടം... 
അവിടേയ്ക്കു പ്രളയമേ കടക്കുമ്പോളോർത്തിടണം
ആയുസ്സൊന്നിനദ്ധ്വാനമാണിവിടെയീക്കാണ്മതെല്ലാം   
നീവരും മുമ്പിറങ്ങാൻ തോന്നിയ വെപ്രാളത്തിൽ 
ഇട്ടിട്ടു പോകയാണീ തണൽ തന്ന ഗൃഹത്തിനെ, 
പ്രിയമുള്ള പലതുമീയകത്തളങ്ങളിൽ കാണും 
എടുക്കുവാൻ മറന്നച്ഛൻ വച്ചതാം ജംഗമങ്ങൾ... 
നനച്ചുകുതിർത്തകത്തു കയറുമ്പോളോർത്തിടണം 
നട്ടുനനച്ചിവിടം  പാലിച്ച  കൈകളെ നീ. 

പ്രളയമെത്താത്ത കര തന്നിലുള്ള പുത്രീഗൃഹ-
മണഞ്ഞുടനണഞ്ഞന്നാ  സന്ധ്യയുമൊപ്പം  തന്നെ 
പിറ്റേന്നുണർന്നനേരം മുതൽ വാർത്തകൾ പലതും 
കണ്ണിലും കാതിലും വന്നലകളുയർത്തിനിന്നു 
വീടുകൾ മുങ്ങീ, ജലം അഞ്ചടിയേറിയെന്നും 
വിളിച്ചും പറഞ്ഞുമണഞ്ഞന്നെത്ര സന്ദേശങ്ങൾ!    
വിളക്കുവച്ചിടും നേരത്തോടന്നു കരകളി-
ലേറെയുമിരുൾ കവിഞ്ഞേറിയിരുന്നൂ ജലം!
തകരുന്ന വീടുകൾതൻ ദൃശ്യങ്ങൾ തൻ പ്രളയം 
മുക്കുന്നു വാർത്തകളെ, ഹൃദയഭേദകം തന്നെ!

അത്താഴവും കഴിഞ്ഞന്നിരുന്നേറെ നേരമച്ഛൻ 
പൂജാമുറിയ്ക്കു നേരെ ഭഗവാനെ നോക്കിനോക്കി 
എന്തോർത്തിരുന്നതാവാം? ശാന്തനായിരുന്നച്ഛൻ,  
ഭഗവാനുമായി വല്ലയുടമ്പടിയുണ്ടാക്കിയോ?!
"മതി,യേറെ നേരമായി, ചിന്തിച്ചിടേണ്ടയൊന്നും,
വരുമ്പോലെ വരുമെല്ലാം വന്നുകിടക്ക വേഗം"
അമ്മ ചെന്നു വിളിച്ചപ്പോളനുസരിച്ചച്ഛൻ മെല്ലേ 
വടികുത്തിയകത്തേയ്ക്കു നടക്കുന്ന ചിത്രം വ്യക്തം!
"കിടക്കട്ടെ ഞാനിനിയിന്നുറങ്ങണമിച്ഛപോലെ",
പറഞ്ഞിട്ടു മെല്ലെയച്ഛൻ ചാഞ്ഞുവാ കിടക്കയിൽ 

സംഭവബഹുലമന്നാ ദിനത്തിനും യവനിക-
യിട്ടുകൊണ്ടു ദീപമെല്ലാമണഞ്ഞന്നുടനിരവിൽ 
ക്ഷീണമേറി യാമദളം പൊഴിഞ്ഞു പുലരിവരും 
നേരമായി, കൺ‌തുറന്നു നോക്കിടുന്നമ്മയപ്പോൾ 
അരികിൽക്കിടപ്പുവച്ഛൻ, കൈകൾ രണ്ടും കട്ടിലിന്നു 
വെളിയിലേക്കൂർന്നുവെറും വെറുങ്ങലിച്ച കയ്യോടെ...
അലമുറയിട്ടുകൊണ്ടു ഹൃദയഭേദകമമ്മ
കരയുന്നു,വെന്നോടൊന്നു  പറയാതെ പോയതെന്തേ?
തൊട്ടൊന്നു വിളിക്കാതെ, ശബ്ദമൊന്നു കേൾപ്പിക്കാതെ 
പറ്റിച്ചു പോയിയെന്നോ! വിശ്വസിക്കുവാൻ വയ്യ!

തനിച്ചല്ല പോയതച്ഛൻ, പിന്നെയാണതറിഞ്ഞതും 
കൃഷ്ണനുമന്നലിഞ്ഞുപോയ്  പ്രളയജലധിതന്നിൽ!    
അന്നച്ഛനെനോക്കി നീ മന്ദഹസിച്ചതിൻ പൊരുൾ 
തെളിയുന്നിന്നെനിയ്ക്കുള്ളിൽ ഭക്തവത്സലാനാം കൃഷ്ണാ!! 
[അച്ഛൻ മരിച്ചിട്ട്  ആഗസ്ത് 17ന് ഒരു വർഷം  തികയുന്നു.]

audio


Sunday, July 21, 2019

കാലം തളിർത്തുപൂത്തുപൊഴിയുന്ന കാവുകൾ

കൊല്ലവർഷം 1194, കർക്കിടകം 1,
ഉത്രാടം നക്ഷത്രം 
2019 ആഗസ്ത് 17 

കൃത്യം എത്ര വർഷത്തെ പഴക്കമുണ്ടെന്ന് അറിയില്ലെങ്കിലും ഇരുന്നൂറു വത്സരങ്ങളടുത്തു പ്രായമുണ്ട് അമ്മയുടെ തറവാട്ടിലെ ഈ സർപ്പക്കാവിന് എന്നറിയാം. സർപ്പക്കാവുകൾ കണ്ടുവളർന്നവർക്കും  കാവിനുള്ളിലെ  ഓരോ വൃക്ഷവും തളിർക്കുന്നതും പൂക്കുന്നതും കൊഴിയുന്നതുമായ കാലങ്ങളും ആ കാലത്തിനുണ്ടാകുന്ന ചാക്രികമായ ഭാവഭേദങ്ങളും അതിലൂടെ ഈ മഹാപ്രപഞ്ചപ്രകൃതിയെത്തന്നെയും ഹൃദിസ്ഥമാക്കാൻ ശ്രമിച്ചവർക്കും  കാവിലെ മണ്ണിൽ വീഴുന്ന കരിയിലകൾ തീർത്ത സുഖകരമായ തണുപ്പിൽ, ആരും ഉപദ്രവിക്കാത്ത സുരക്ഷിതവലയത്തിൽ പരമാവധി ആരുടേയും കണ്ണിൽപ്പെടാതെ  ഇഴഞ്ഞുനടക്കുന്ന  വലുതും ചെറുതുമായ പാമ്പുകളും മറ്റിഴജന്തുക്കളും 
ഒട്ടനവധി പക്ഷികളുമെല്ലാം ചേർന്ന ആ  മഹാജൈവവൈവിധ്യം നിറഞ്ഞ ആവാസവ്യവസ്ഥയെ  അത്യധികം ആദരവോടെ, സ്നേഹത്തോടെ പവിത്രമായ കരുതലോടെ നെഞ്ചേറ്റിയവർക്കുമൊക്കെ അറിവും അനുഭവവുമുണ്ടാകും ഇത്തരം സർപ്പക്കാവുകളിൽ നിന്നു നമ്മിലേക്കു പ്രവഹിക്കുന്ന പ്രകൃതിദത്തവും അനുകൂലവുമായ  ഊർജ്ജം എത്രത്തോളമാണെന്ന്.  നമ്മൾ വസിക്കുന്ന പുരയിടത്തിൻറെ ചെറിയൊരു ഭാഗം ഭൂമിയിലെ മറ്റു ജീവജാലങ്ങൾക്കു സ്വതന്ത്രമായി ജീവിക്കാൻ കരുതിവയ്ക്കുക എന്ന സദ് മനോഭാവത്തെ  കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും വളർന്നവരാണ് കേരളീയരിൽ ഭൂരിപക്ഷം പേരും. 
കേരളത്തിലെ പഴയ തറവാടുകളിലും ക്ഷേത്രങ്ങളിലും അങ്ങോളമിങ്ങോളമുണ്ടായിരുന്ന  
സർപ്പക്കാവുകൾ ഭൂമിയിലെ അന്തരീക്ഷത്തിൻ്റെ താപനില നിയന്ത്രിക്കുന്നതിൽ  വലിയ പങ്കു വഹിച്ചിട്ടുണ്ട്. കാവ് എന്ന സങ്കൽപ്പവും കാവുകളുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന ആചാരങ്ങളും എല്ലാം തന്നെ സമസ്തപ്രകൃതിയുടേയും നന്മയെ കരുതിയുള്ളതായിരുന്നു. സർവ്വചരാചരങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്നും അവയ്‌ക്കെല്ലാം അവരവരുടേതായ ആവാസവ്യവസ്ഥ ഉണ്ടെന്നും ആ ആവാസവ്യവസ്ഥകൾ ഏറെ കരുതലോടെ പരിപാലിക്കാനുള്ളതാണെന്നുമുള്ള പ്രകൃതിയുടെ അലിഖിതനിയമത്തിനെ ഭക്തി,യുക്തിപൂർവ്വം പരിപാലിക്കാൻ തലമുറകളെ പഠിപ്പിച്ച പ്രകൃതിപാഠപുസ്തകങ്ങളാണ് കാവുകൾ.  ചുറ്റുപാടുമുള്ള ജീവജാലങ്ങൾ സന്തോഷിച്ചാൽ ആ സന്തോഷം പ്രവഹിക്കുക നമ്മിലേയ്ക്കുകൂടിയായിരിക്കുമെന്ന അറിവ് ഈ കാവുകൾ വിഭാവനം  ചെയ്ത
പൂർവ്വികർക്കുണ്ടായിരുന്നു.  നമുക്കിന്നില്ലതായിപ്പോയതും ആ സദ് ഭാവന തന്നെ. ഇന്നു നമ്മൾ  അവനവനു മാത്രം അനുഭവിക്കാൻ കഴിയുന്ന ഏതോ സാങ്കൽപ്പികസന്തോഷത്തെ കണ്ടെത്താനുള്ള തത്രപ്പാടിലാണ്‌. കാവുകളെ വേണ്ടപോലെ നോക്കിനടത്താൻ അറിവും അനുഭവവും താൽപ്പര്യവും ഉള്ള വ്യക്തികൾ തറവാടുകളിൽ ഇല്ലാതായപ്പോൾ പല കാവുകളും  കാലാന്തരത്തിൽ അന്യം നിന്നുപോയി. ചിലർ ക്ഷമാപണത്തോടെ ആചാരപൂർവ്വം അവയിലെ ശക്തിയെ നാഗക്ഷേത്രങ്ങളിലേയ്ക്ക് ആവാഹിച്ചുമാറ്റി, കാവു നോക്കിനടത്തുക എന്ന ഏറെ പവിത്രമായി ചെയ്യേണ്ട ഉത്തരവാദിത്തത്തിൽനിന്നും ഒഴിവായി. മറ്റുചിലർ ഭക്തിയും യുക്തിയും കുറ്റബോധവുമില്ലാതെ അവയെ വെട്ടിനശിപ്പിച്ച് അവിടം വാണിജ്യപരമായി ലാഭമുള്ള കാര്യങ്ങൾക്കും മറ്റുമായി ഉപയോഗപ്പെടുത്തി.  പ്രകൃതിയുടെ നന്മയോർത്താണെങ്കിൽ  ഇതിൽ ആദ്യം പറഞ്ഞ പ്രവർത്തിയ്ക്കു രണ്ടാമതു പറഞ്ഞ പ്രവൃത്തിയിൽ നിന്നും ഭേദമായി ഒന്നും സംഭാവന ചെയ്യാനില്ല. കാവ് അന്യം നിന്നതിനു കാരണക്കാരനാകുക എന്ന മനസികവ്യഥയിൽ നിന്നു ഒരു ആശ്വാസം ലഭിക്കാൻ ആദ്യം പറഞ്ഞ പ്രവൃത്തിയ്ക്കു ഒരു പരിധി വരെ കഴിഞ്ഞേക്കും എന്നുമാത്രം.

നമ്മുടെ നാടിൻ്റെ പരിസ്ഥിതിയ്ക്കും പരിതഃസ്ഥിതിയ്ക്കും ദോഷം ചെയ്യുന്ന പരിഷ്‌കാരങ്ങളും വ്യവസായങ്ങളുംകൊണ്ട് പ്രകൃതി വീർപ്പുമുട്ടുമ്പോഴും വളരെ ആദരവോടെ പരിപാലിച്ചുപോരുന്ന കാവുകളും കുളങ്ങളും  ഇന്നും കേരളത്തിൽ ധാരാളമുണ്ട് എന്നത് ആശ്വാസകരമാണ്. അത്തരത്തിൽ പരിപാലിക്കപ്പെട്ടുപോരുന്ന കാവുകളുൾപ്പെടെയുള്ള പ്രകൃതിയുടെ ശേഷിച്ച ഊർജ്ജസ്രോതസ്സുകളെങ്കിലും നശിപ്പിക്കപ്പെടാതെ എക്കാലത്തേയും തലമുറകൾക്കുവേണ്ടി  ഭൂമിയിൽ  നിലനിർത്തണേ  എന്ന ഒരേയൊരു പ്രാർത്ഥനയോടെ, മണ്ണിലേയ്ക്കു തുള്ളിയ്‌ക്കൊരുകുടം എന്നപോലെ ജീവജലം വർഷിച്ചിറങ്ങുന്ന  കർക്കടകമാസത്തിലെ ഒന്നാംതീയതി, ബ്രാഹ്മമുഹൂർത്തതിനു മുമ്പ് നടന്ന ഭാഗികമായ ചന്ദ്രഗ്രഹണത്തിനും സാക്ഷ്യം വഹിച്ചുനിൽക്കുന്ന   ഈ സർപ്പക്കാവിനു മുന്നിലെ കൽച്ചെരാതിൽ എൻ്റെ ജന്മനക്ഷത്രം കൂടിയായ ഇന്ന് ഇതാ ഒരു തിരി തെളിയിക്കുന്നു. മനുഷ്യശക്തിയ്ക്കും പ്രവചനങ്ങൾക്കും അതീതമായ പ്രകൃതിശക്തികളോടുള്ള  വിശ്വാസവും ആദരവും ഒരു അന്ധവിശ്വാസിയുടെ ലക്ഷണമാണെങ്കിൽ...അതെ, ഞാനും കറ കളഞ്ഞ  ഒരന്ധവിശ്വാസിയാണ്!   

अधारयतं पृथिवीमुत द्यां मित्रराजाना वरुणा महोभिः ।
वर्धयतमोषधिः पिन्वतं गा अव वृष्टिं सृजतं जीरदानू ॥
                                                             -Rig Vedam  5. 62. 3 

[O Mitra-Varuna, you who are the kings, hold the Earth and Heaven(dyulokam) by your might; You (i.e. your Cosmic Order) are the prompt givers (of the gifts of Nature to man) - you make the vegetation grow, you make the cattle flourish and you make the rains shower downwards.]      

സർപ്പക്കാവിൻ്റെ ദൃശ്യങ്ങൾ  
https://www.youtube.com/watch?v=3th2CaO1gkk&feature=youtu.be

Sunday, July 14, 2019

ക്ഷേത്രങ്ങളിലൂടെ...

14-07-2019
അവധിക്കാലത്തു നാട്ടിലെത്തുമ്പോൾ സ്ഥിരമായി സന്ദർശിക്കുന്ന ക്ഷേത്രങ്ങളുടെ ഒരു പട്ടിക പ്രത്യേകമുണ്ട്. എന്നാൽ  ആ പട്ടികയ്ക്കു പുറമേ, ആഢംബരങ്ങളിലും വാണിജ്യവൽക്കരണത്തിൻ്റെ
കെട്ടുകാഴ്ചകളിലും മുങ്ങിപ്പോകാത്ത, തിക്കും തിരക്കും ബഹളവുമൊഴിഞ്ഞ്  സമാധാനം കളിയാടുന്ന ക്ഷേത്രങ്ങൾ തേടിപ്പോയി അവിടുത്തെ ഗാംഭീര്യം തുളുമ്പുന്ന നിശ്ശബ്ദതയും നൈർമല്യവും പറ്റാവുന്നിടത്തോളം അകത്താക്കുക എന്നതിനേക്കാൾ ആനന്ദകരമായി മറ്റൊന്നുമില്ല.
ഉളിയന്നൂർ മഹാദേവക്ഷേത്രം അത്തരമൊരു ക്ഷേത്രദർശനമായിരുന്നു  ഇന്നു ഉളിയന്നൂർ മഹാദേവക്ഷേത്രദർശനത്തിലൂടെ സാധ്യമായത്.പറയി പെറ്റ പന്തിരുകുലത്തിലെ പതിനൊന്നാ-
മനായി കരുതിപ്പോരുന്ന പെരുന്തച്ചൻ്റെ
തച്ചുശാസ്ത്ര-
വൈദഗ്ദ്ധ്യ-
ത്തിൻ്റെ

ഉത്തമദൃഷ്ടാന്തമാണ്  അദ്ദേഹം നിർമ്മിച്ച
ഉളിയന്നൂർ
മഹാദേവക്ഷേത്രം.
അദ്ദേഹത്തിൻ്റെ  ജന്മംകൊണ്ടു
കൂടി

പ്രസിദ്ധിയാർജ്ജിച്ച ദേശമാണ് ഉളിയന്നൂർ.  ആലുവാ പെരിയാർ രണ്ടു കൈവഴികളായി
പിരിഞ്ഞതിനിടയിലുള്ള സ്ഥലത്തു  രൂപപ്പെട്ട  ഒരു ചെറിയ ദ്വീപാണ് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട  ഈ ചെറിയ ഗ്രാമം.  നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്
ഉളിയന്നൂർ മഹാദേവക്ഷേത്രം. വൃത്താകാരമാണ് ഇവിടുത്തെ ശ്രീകോവിൽ. 
കിഴക്കോട്ടു ദർശനമായി പരമശിവനും പടിഞ്ഞാട്ടു ദർശനമായി പർവ്വതീദേവിയും ദേശത്തെ മുഴുവൻ അനുഗ്രഹിച്ചുകൊണ്ട് ഈ ക്ഷേത്രത്തിൽ വിളങ്ങുന്നു.  നാലമ്പലത്തിനകത്തു കടക്കാതെ  വെളിയിൽ നിന്നു നോക്കിയാൽ ഭഗവാൻറെ വിഗ്രഹവും വിളക്കും ഒന്നും  ദർശിക്കാൻ കഴിയില്ല. അത്തരത്തിലാണു
കിഴക്കേ നടയ്ക്കലേക്കു കടക്കുന്നിടത്തെ  
വാതിൽ മുഴുവൻ  മറച്ചുകൊണ്ടു വലിയ ബലിക്കല്ലു സ്ഥിതി ചെയ്യുന്നത്.  ശ്രീകോവിലിൻറെ വൃത്തകൂമ്പാരസമാനമായ മേൽക്കൂരയിൽ പാകിയിരിക്കുന്ന ത്രികോണാകൃതിയിലുള്ള
ഓടുകൾ 
ക്ഷേത്രനിർമ്മിതിയുടെ ഭംഗി ഒന്നുകൂടി
വർദ്ധിപ്പിക്കുന്നുണ്ട്.  കേരളത്തിലെ പ്രാചീനങ്ങളായ ക്ഷേത്രങ്ങളിലാണ് പൊതുവേ ഇത്തരത്തിലെ ഓടു പാകിയതും 
വൃത്താകാരവുമായ 
ശ്രീകോവിലുകൾ കണ്ടിട്ടുള്ളത്. 


പരിഷ്‌കാരം മൂത്തു ടൈലുകൾ പാകി
ഭൂമിയുടെ വായടച്ചിട്ടില്ലാത്ത ക്ഷേത്രമുറ്റം പടിഞ്ഞാറേ നട വഴി പുറത്തേയ്ക്ക് 
മാടത്തിലപ്പൻ 
ഈ ക്ഷേത്രത്തിൽ നിന്നും അല്പം കാൽനടയായി പോകാവുന്ന  ദൂരമേയുള്ളൂ മാടത്തിലപ്പൻ ക്ഷേത്രത്തിലേയ്ക്ക്. ഇതായിരുന്നത്രേ  ഉളിയന്നൂരിൽ ആദ്യമുണ്ടായിരുന്ന ശിവക്ഷേത്രം. മഹാദേവക്ഷേത്രം പിന്നീടു  പണി കഴിപ്പിച്ചതാണ്.  മാടത്തിലപ്പൻ്റെ പ്രതിഷ്ഠ  ഏതാണ്ട് പത്തടിയ്ക്കു
മുകളിൽ പൊക്കമുള്ള,  വളരെ പഴക്കം ചെന്ന ഒരു ചെങ്കൽത്തറയ്ക്കു മുകളിലെ  നാൽച്ചുമരിനുള്ളിലാണ്  സ്ഥിതി ചെയ്യുന്നത്.  അതിനു മുന്നിലെ അഴിവാതിലിലൂടെ മാടത്തിലപ്പനെ കണ്ടുതൊഴാം.  മുകളിലേയ്ക്കു കയറാൻ  തറയ്ക്കിരുവശവുമായി പടവുകൾ കാണാമെങ്കിലും ഭക്തർ മുകളിലേയ്ക്കു കയറാതെ താഴെനിന്നു വേണം തൊഴാൻ. ഈ ചെങ്കൽത്തറയും അതിനു മുകളിൽ മാടത്തിലപ്പൻ വാഴുന്ന നാൽച്ചുമരും
പണ്ടിവിടെയുണ്ടായിരുന്ന
ക്ഷേത്രത്തിൻറെ ഇപ്പോഴും നശിക്കാത്ത അവശേഷിപ്പായിരിക്കണം. മാടത്തിലപ്പൻ പ്രതിഷ്ഠയുടെ താഴെ ഇടതുവശത്തായി ഒരു  സ്വയംഭൂഗണപതി കൂടി ഇവിടെയുണ്ട്. 

കടുങ്ങല്ലൂർ ശ്രീനരസിംഹസ്വാമിക്ഷേത്രം 

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ തന്നെയുള്ള പ്രശസ്തവും ഗാംഭീര്യമാർന്നതുമായ
മറ്റൊരു ക്ഷേത്രമാണ് കടുങ്ങല്ലൂർത്തേവരായ
ശ്രീനരസിംഹമൂർത്തിയുടെ ക്ഷേത്രം.
ക്ഷേത്രകവാടം (പടിഞ്ഞാറേ നട)
വിശാലമായ നാലമ്പലത്തിൻ്റെ മധ്യത്തിലുള്ള  വൃത്താകാരമായ
ശ്രീകോവിലിൻ്റെ നിർമ്മിതി ഏതാണ്ട് ഉളിയന്നൂർ ക്ഷേത്രത്തിനോടു സമാനമായ രീതിയിൽ തന്നെയാണ്. ഉളിയന്നൂർ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനേക്കാൾ അല്പം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രീതിയിലാണ് നരസിംഹസ്വാമിയുടെ  
ശ്രീകോവിലിൻ്റെ നിർമ്മിതി.  
ഹിരണ്യകശിപുവിനെ നിഗ്രഹിച്ച
സംഹാരമൂർത്തിയായ നരസിംഹാവതാരമാണ് ഇവിടുത്തെ പ്രതിഷ്ഠയെങ്കിലും ആ വിഗ്രഹം ദർശിക്കുന്ന ഭക്തർക്ക് രൗദ്രഭാവത്തിനു പകരം ഭക്തവത്സലനായി തങ്ങളെ നോക്കി പുഞ്ചിരി പൊഴിച്ചുകൊണ്ടിരിക്കുന്ന സാക്ഷാൽ വിഷ്ണുഭഗവാൻ്റെ രൂപമാണ് ഉള്ളിൽ തെളിയുക.
ശാന്തമായി പുഞ്ചിരിക്കുന്ന  ഭാവം വരുത്തുമാറ് ഭഗവൽവിഗ്രഹത്തിൻ്റെ മുഖത്ത്   അതിസുന്ദരമായി ചന്ദനം ചാർത്തിപ്പോരുന്ന അവിടുത്തെ പൂജാരിമാരുടെ ദൈവീകമായ
കൈപ്പുണ്യം തന്നെയാണ് ഈ ദിവ്യദർശനത്തിനു നിദാനം. വളരെ കൃത്യതയോടെയാണു നിത്യപൂജകളും ആണ്ടുതോറുമുള്ള വിശേഷദിവസങ്ങളുമെല്ലാം ഈ ക്ഷേത്രത്തിൽ
ആചരിച്ചുവരുന്നത്. 
വിശേഷദിവസങ്ങളിൽ പതിവിലും തിരക്കനുഭവപ്പെടുമെങ്കിലും സാധാരണ ദിവസങ്ങളിൽ വളരെ ശാന്തമാണ് ഈ ക്ഷേത്രാന്തരീക്ഷവും. ശാന്തിയും സമാധാനവും നിറഞ്ഞുവാഴുന്ന ഇത്തരം ക്ഷേത്രങ്ങളുടെ പവിത്രത ഭാവിയിലും 
അനാവശ്യമായ പരിഷ്‌ക്കാരങ്ങളും വാണിജ്യ-
വൽക്കരണവും മൂലം നഷ്ടപ്പെടാതിരിക്കട്ടെ എന്നൊരു പ്രാർത്ഥന മാത്രം.
ആൽത്തറ 
(വിശദമായും വലുപ്പത്തിലും നടയ്ക്കു നേരെ നിന്നും  മറ്റും ചിത്രങ്ങൾ പകർത്തുന്നത് ക്ഷേത്രത്തിൻറെ  ശാന്തവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിനു ഭംഗം വരുത്തുമെന്നതിനാൽ ദൂരെ മാറി നിന്നാണ് ചിത്രങ്ങൾ പകർത്തിയത്.)


Thursday, July 4, 2019

വിവേകാനന്ദം


വിവേകത്തിലൂടെയുദയം 
വിവേകം തന്നെ മാർഗ്ഗദീപവും 
വിവേകമാണഭ്യുന്നതി
വിവേകമാണാത്മസത്യവും 
വിവേകം താൻ സാരസർവ്വസ്വവും 
വിവേകൈകമിദം പരമാനന്ദം! 
വിവേകോപരി കിം ആനന്ദം?!
വന്ദനം വിവേകാനന്ദശ്രേഷ്‌ഠൻ! 🙏#July4വിവേകാനന്ദസമാധി#

Tuesday, June 18, 2019

പദ്ധതി

പച്ചത്തുരപ്പൻ  വരുന്നകണ്ടോ?
പച്ചയെല്ലാം കരളുന്നകണ്ടോ?
കാവും കുളവും മുടിച്ചു മണ്ണിൽ 
ജെ സി ബി നിന്നലറുന്നകണ്ടോ?
'സാങ്കേതികത്തിക'വില്ല പോലും! 
'ലോലപരിസ്ഥിതി'യല്ലപോലും! 
കാടല്ലിതു വെറും പാഴ്മരങ്ങൾ  
ആരാണ്ടു വച്ച പടുമരങ്ങൾ 
വേരോടെ വെട്ടിട്ടവറുവയ്ക്കാൻ  
ദൂരെപ്പിഴുതു കളഞ്ഞിരിക്കും.

തമ്പ്രാക്കന്മാരെയെതിർത്തിടേണ്ട,
കഞ്ഞിയിൽ മണ്ണു കുടഞ്ഞിടേണ്ട, 
മാലോകരാം നമുക്കെന്തു ചേതം?
വല്ലോൻറെ വീടും പറമ്പുമല്ലേ? 
നേർവഴി വിട്ടു വളഞ്ഞു പോകും 
പദ്ധതി നാടിന്നു വേണ്ടിയല്ലേ!
തമ്പ്രാക്കൾ കണ്ണു വച്ചേടമല്ലേ, 
സാംസ്കാരികപ്പട മിണ്ടിടല്ലേ! 
പാമ്പും പഴുതാര മണ്ണിരയു-
മൊക്കെകടക്കു പുറത്തു വേഗം!
ജെ സി ബി നിന്നലറുന്നകണ്ടോ?
മാറിനിക്കങ്ങോട്ടു '(...)ജീവികളേ' 
വെട്ടിപ്പിഴുതുകളഞ്ഞു ഞങ്ങൾ 
പച്ചത്തുരുത്തിലുലാത്തിടട്ടെ.

****************************************

അധികാരികൾ പച്ചത്തുരുത്തുണ്ടാക്കാൻ അധ്വാനിക്കുന്ന വിധം വിശദമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ  ഈ ലിങ്കുകൾ പരിശോധിക്കുക.

Shanthivanam FB page

KSEB destroys the centuries old trees in Shanthivanam, Parur

https://timesofindia.indiatimes.com/city/kochi/meena-menon-protests-kseb-move/articleshow/69865271.cms

https://www.pennews.net/kerala/2019/05/09/shanthivanam-protest-against-cpim-and-ldf-gets-louder

https://twitter.com/hashtag/shanthivanam?src=hash

http://www.newindianexpress.com/cities/kochi/2019/may/01/shantivanam-issue-district-collector-to-hold-meeting-1971236.html

https://www.bignewslive.com/tag/shanthivanam/

https://malayalam.samayam.com/topics/shanthivanam

https://www.nchro.org/index.php/2019/05/08/kseb-project-endangers-biodiversity-nchro-delegation-visited-shanthivanam/

https://www.youtube.com/watch?v=wc4w_PjGjqg

https://www.youtube.com/watch?v=fWt9BEIBO9s


The following is an informative comment on a you tube video regarding the issue of  Shanthivanam distruction. (https://www.youtube.com/watch?time_continue=22&v=_J-MM-iw06k)


The Indian Telegraph Act, 1885 governs laying of cables and its utilities having 50 to 75 Volts that is harmless to human lives. But electric lines and its utilities having very high voltage like 230V, 11KV, 33KV, 110KV that endangers human lives. KSEB Limited illegally exercises the provisions of the Indian Telegraph Act, 1885 for placing 230V, 11KV, 33KV or 110K lines and RDO is not a competent authority in this regard. In the 21st Century, science and technology have developed a lot. As a result, various scientific and technological methods have developed for laying down lines and its utilities. Thus, telegraph lines, posts and its utilities are by now outdated as they utilise the innovative technology such as underground cables that replaced posts and utilities from footpaths and road margins of entire India. But KSEB Limted is reluctant to utilise the innovative technologies. Top priority is given to National Security and Defence in any country rather than electricity. Government of India acquires lands for the requirements of national defence after issuing notification according to the Land Acquisition, Rehabilitation and Resettlement Act, 2013. Furthermore, government of India is following the Land Acquisition, Rehabilitation and Resettlement Act, 2013 for building national infrastructures such as highways, airports, railways, atomic, thermal and hydro projects, ports, and so forth without infringing fundamental rights of citizens and enactments. As per Government policy, new projects should be publically notified before implementation. But KSEB Limited does not publically notify their projects before implementing. They just infringe public and private rights and fundamental rights of citizens as well as enactments. This should be stopped forthwith for upholding the sanctity of fundamental rights and enactments. Otherwise it would be bad in law and eclipsed sanctity of fundamental rights and enactments. Section 67 (1) of the Electricity Act 2003 stipulates that the electricity supply lines may be laid by the licensee from time to time but subject always to the terms and conditions of his licence and as per Section 67(2), appropriate Government may make rules in this behalf. Section 68 of the Electricity Act 2003 specifically deals with the installation or continuation of the installed overhead lines, but after the approval so granted by the appropriate Government. Thus, utilities to place transmission lines and posts under, over, along or across and posts in or upon any immovable property including public paths and those under the control or management of local authorities are subject to restrictions and the approval granted by the appropriate Government. Hence, KSEB Limited has no full freedom to do so. Further, Government of Kerala has not framed rules under sub-section (2) of Section 67 of the Electricity Act, 2003 after a lapse of sixteen years. KSEB Limited widely propagates about the elimination of low voltage, providing better service and ensuring minimum interruption to the public for placing HT overhead lines like the former irrigation Minister Shri. M.P. Gangadharan who issued order for laying vast quantities of unnecessary pipes underneath the entire roads in Kerala on the pretext of water crisis.
Monday, June 3, 2019

തപ്തബാഷ്പം

ഇന്ന് മഹാകവി ജി ശങ്കരക്കുറുപ്പിൻറെ നൂറ്റിപ്പതിനെട്ടാംജന്മദിനം. ആ ഹൃദയാകാശദർശനങ്ങൾ ആലേഖനം ചെയ്ത അനേകം  സൽകാവ്യങ്ങളുടെ പിറവിയ്ക്ക് സാക്ഷ്യം വഹിച്ച  അദ്ദേഹത്തിൻറെ ജന്മഗൃഹം ഇന്ന് ആരാലും അറിയപ്പെടാതെ ജീർണ്ണിച്ചുകൊണ്ടിരിക്കുമ്പോഴും ആത്മനിന്ദ തോന്നാത്ത പുത്തൻ മലയാളസാഹിത്യലോകമേ, നിനക്കെന്തു സൽഗതി പാരിൽ? 

-----------------------------------------------------------------------------------------------------------------

[തപ്തബാഷ്പം എന്ന ഈ കവിത എഴുതാൻ എനിക്കു പ്രേരകമായ ലേഖനത്തിൻ്റെ ലിങ്ക് - ലേഖനം എഴുതിയത് ശ്രീ വിജയ് സി. എച്ച്. 

https://www.facebook.com/vijay.ch.585/posts/1560613607408135     ]

-----------------------------------------------------------------------------------------------------------------

തപ്തബാഷ്പം

Photo Credit: Vijay CH


ലജ്ജ കൊണ്ടിന്നു ചൂളുന്നു ഞാൻ ഗുരോ... 
നിന്ദയാമഘം പേറുന്ന ഹൃത്തുമായ് 
ഞങ്ങൾതൻ നന്ദികേടിൻ വിളംബരം 
പോലവേയിന്നു നിൽക്കുന്നു നിൻ ഗൃഹം 
വന്ദനം ചെയ്തു പാലിച്ചിടേണ്ടവർ  
പിന്തിരിഞ്ഞുപോകുന്നു കൃതഘ്നരായ് 
നിദ്രയിൽപ്പെട്ടുപോയതിനാ,ലതോ 
നിദ്ര ഭാവിച്ചു നിൽക്കയാലോ സദാ? 

ഈ മഹാബ്രഹ്മസത്യവുമീ ജഗത്-
മിഥ്യയുമുള്ളു കൊണ്ടങ്ങു കണ്ടുവോ?
ആ മഹാബോധശൃംഗോന്നതങ്ങളിൽ 
നിന്നുമെത്രയോ കാവ്യനിപാതങ്ങൾ!
ആ  പ്രവാഹത്തിൻ ചോട്ടിൽ നിന്നല്ലയോ 
ആർത്തിയോടെ നുകർന്നു നീർത്തുള്ളികൾ!
ആ  മഹാവിശ്വദർശനം  തന്നെയാ
തുള്ളികൾക്കുള്ളിലൊക്കെത്തെളിഞ്ഞതും, 
"മങ്ങൽ പറ്റാതെയന്തരംഗത്തിനെ"-
യെന്തു ഭംഗിയായ് പോറ്റിയെന്നോ ഭവാൻ!
ചെന്നു തൊട്ടതുമന്നെൻ്റെയുള്ളിലായ്  
മിന്നൽ പോലൊന്നു മിന്നിമറഞ്ഞുവോ!

കാവ്യനീതിയെ കൈ വിടാതെപ്പൊഴും 
പൂത്തുലഞ്ഞുനിന്നാ  സർഗ്ഗവാടിക, 
കാലമാം മഹാകാവ്യമേ നീ വരും- 
കാലവും കാത്തിടേണമീ വേദിക!
ഈ വിഭൂതിയെ വേണ്ടപോൽ പോറ്റുവാ-
"നെൻ്റെ നാടൊന്നുണരണേ"യീശ്വരാ! 

Wednesday, May 29, 2019

രക്ഷ [അവലംബം - നീതിശതകം 9.2]പൗരാണികഭാരതത്തിൽ ജീവിച്ചിരുന്ന സംസ്കൃതപണ്ഡിതനും ദാർശനികചിന്തകനും ആയിരുന്നു ഭർത്തൃഹരി. വരരുചി, വിക്രമാദിത്യൻ, ഭട്ടി എന്നിവർക്കു സഹോദരനായ ഇദ്ദേഹം രചിച്ച ശതകത്രയം എന്ന കൃതി വളരെ  പ്രശസ്തമാണല്ലോ. ശൃംഗാരശതകം, വൈരാഗ്യശതകം, നീതിശതകം  എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ശതകത്രയത്തിൽ ഉള്ളത്. രചയിതാവ് തൻറെ ചതുരാശ്രമജീവിതാനുഭവങ്ങളിൽ നിന്നും ആർജ്ജിച്ച ആഴമുള്ള ദർശനങ്ങൾ നിറഞ്ഞ, മൊഴിമുത്തുകൾ എന്നുതന്നെ പറയാവുന്ന അനേകം മുക്തകങ്ങൾ ശതകത്രയത്തിലുണ്ട്.  പ്രത്യേകിച്ചും നീതിശതകത്തിലും വൈരാഗ്യശതകത്തിലും. ഇവയിൽ നീതിശതകത്തിലെ വരികൾ കലികാലത്തിലെ ഭരണാധികാരികൾക്കും പ്രജകൾക്കും വേണ്ടിത്തന്നെ ചിട്ടപ്പെടുത്തിയതാണോ എന്നു തോന്നുംവിധം  ഇന്നും പ്രസക്തങ്ങളാണ്. ഇതിൽ ചില പദ്യശകലങ്ങൾ, പദാനുപദമല്ലെങ്കിലും അർത്ഥം ചോർന്നുപോകാത്തവിധം പുനഃസൃഷ്ടിക്കാൻ  ശ്രമിച്ചുനോക്കിയതിലൊന്ന്  ഇവിടെ  ചേർക്കുന്നു. 
നീതിശതകം-9.2]


"ഭഗ്നാശസ്യ കരണ്ഡപിണ്ഡിതതനോർ മ്ലാനേന്ദ്രിയസ്യ ക്ഷുധാ
കൃത്വാഖുർ വിവരം സ്വയം നിപതിതോ നക്തം മുഖേ ഭോഗിനഃ തൃപ്തസ്തത് പിശിതേന സത്വരമസൗ തേനൈവ യാതഃ പഥാസ്വസ്ഥാസ്തിഷ്ഠത ദൈവമേവ ഹി നൃണാം വൃദ്ധൗ ക്ഷയേ കാരണം " (മൂലകൃതി)
                                                                                                                                                        


പുനരാഖ്യാനം 
രക്ഷ 

മൂഷികനൊരു നാൾ കണ്ടൂ വൃക്ഷ-
ത്തടി കൊണ്ടുള്ളൊരു പെട്ടിയൊരെണ്ണം 
കൗതുകമായവനറിയാൻ പെട്ടി-
ക്കകമേയെന്തൊരു വസ്തുവിരിപ്പൂ?!   
യത്നിച്ചേറെ നേരമെടുത്തവ-
നതിനൊരു തുളയുണ്ടാക്കിയെടുത്തൂ 
അതിലൂടവനാ പെട്ടിയിലേറി ,
പിന്നെക്കണ്ടതു പറയാനുണ്ടോ!
പലനാളായാ പെട്ടിയ്ക്കകമേ 
പെട്ടു കിടന്നൊരു പന്നഗവീരൻ 
പഷ്ണി കിടന്നു വലഞ്ഞതു മൂലം 
എലിയെത്തന്നുടെ ഭക്ഷണമാക്കീ... 
കുക്ഷി നിറഞ്ഞതിനൊപ്പം രക്ഷ-
പ്പെടുവാൻ തലയിൽ ബുദ്ധി തെളിഞ്ഞൂ 
മൂഷികനകമേ കേറിയ തുളയിൽ-
ക്കൂടെ സർപ്പമിറങ്ങീ വെളിയിൽ!
ജീവികളൊന്നു നിനപ്പൂ ഹൃത്തിൽ 
ആരുടെ കർമ്മമതാർക്കു ഫലിപ്പൂ !  
വിധിയുടെ വഴിയിൽ ചിറ കെട്ടാൻ പടു-
വേലയെടുക്കുന്നതിലും ഭേദം 
മനഃസുഖമായിട്ടന്തിയുറങ്ങാം 
സത്ക്കർമ്മങ്ങൾ നിത്യം ചെയ്താൽ 
എങ്കിൽ രക്ഷയ്‍ക്കെത്താമൊരുനാൾ 
പാഴില പോലും ഈശ്വരകൃപയാൽ!

Sunday, May 19, 2019

പ്രകൃതിപുരുഷംവ്യോമാശ്ലേഷിതചന്ദ്രക്കലാധരമകുടം 
മതിബിംബചുംബിതമഹാശൃംഗസദൃശം 

ജടിലഘനകേശാവൃതശിരോമണ്ഡലം 
വടവേഷ്ടിതതരൂനിബിഢാരണ്യസദൃശം 

ഗംഗാഗുപ്തജടാശീർഷ,മുത്തമശേഖരം 
ജാഹ്നവീസരിത്ത്പ്രവാഹമേഖലാസദൃശം 

ഫാലാംബരമദ്ധ്യം ജ്ഞാനനേത്രഭാസം 
നഭോമണ്ഡലോജ്ജ്വലപ്രഭാകരസദൃശം 

ഫണിഹാരചുംബിതനീലകന്ധരപ്രദേശം    
കരിനീലസർപ്പഗൃഹവനവാത്മീകസദൃശം 

വാമാർദ്ധനാരീശുഭശക്തിപൂർണം 
പഞ്ചഭൂതകൃതമായാപ്രപഞ്ചസദൃശം 

ഭസ്മാവൃതാംഗപ്രത്യംഗലേപം  
സർവ്വമോഹശമശ്മാശാനസദൃശം  

ശിവരൂപസ്മൃതസത്ചിദാനന്ദമൂർത്തം 
കൈലാസശൃംഗബഹുമുഖഭുവഃസദൃശം!!! 

                                 

                                 *****


Monday, April 15, 2019

വിഷുക്കതിർ

കണ്ണനാമുണ്ണിക്കിടാവിന്നരയിലെ
കൊഞ്ചിക്കിലുങ്ങുന്ന പൊന്നരഞ്ഞാണം 
കണ്ണഞ്ചിടും മഞ്ഞമുത്തണിക്കൊന്നമേൽ  
ഞാലുന്നു മേടമുറ്റം നിറഞ്ഞങ്ങനെ!
മഞ്ഞത്തുകിൽ ചുറ്റി നിൽക്കുന്ന കണ്ണനെ 
ഉൾക്കണ്ണിലെന്നും കണി കണ്ടുണരുവാൻ 
ഭാഗ്യമേകീടുന്ന പൊന്നിൻ വിഷുക്കണി 
കണ്ടിന്നുണരുവാൻ കണ്ണേ തുണയ്ക്കണം!

മണ്ണിൽ കുളിർമണിത്തുള്ളികളായ് മഴ-
വന്നെത്തുവാൻ മനം വെമ്പുന്ന വേനലിൽ 
പൊന്നുരുകും പവൻ മിന്നും കുലകൾ മെയ് 
മൂടിയെങ്ങും കർണ്ണികാരം ഒരുങ്ങവേ  
പീതാംബരം ചുറ്റി നിൽക്കുന്ന ഭൂമിയും 
മഞ്ഞത്തുകിൽ ചാർത്തിടും മേഘവർണ്ണനും  
ഒന്നിച്ചു നൃത്തമാടും വിഷുക്കാലമീ 
മണ്ണിനും വിണ്ണിനുമേകുന്നു പൊൻകണി! 


എങ്ങോ വിളഞ്ഞൊരു നെന്മണിയീ വിഷു-
സദ്യയ്‌ക്കമൃതായ്  വിളമ്പുന്ന വേളയിൽ 
നാടിനാകെയന്നമൂട്ടുവാൻ മണ്ണിതിൽ 
വേലയെടുക്കുവോർക്കൊക്കെയും വന്ദനം! 
വിത്തു വിതച്ചു വർഷം  വരാൻ  കാത്തിടും 
കർഷകർക്കൊക്കെയും  നേരുന്നു നന്മകൾ!  
നിങ്ങൾക്കു പൊൻവിളക്കിൻ മുന്നിൽ നാക്കില- 
യിട്ടു വിളമ്പുന്നുവെൻ വിഷുസദ്യ ഞാൻ...

Sunday, April 14, 2019

നിമജ്ജനം


2018 ആഗസ്റ്റിലെ 'ജലവിപ്ലവം' ഒലിപ്പിച്ചുകൊണ്ടുപോയ ഞങ്ങളുടെ കൃഷ്ണൻ...  ചെറുപ്പം മുതൽ ഞങ്ങൾ വളർന്ന വീട്ടിൽ ആർക്കു മുന്നിലാണോ അമ്മ വർഷം തോറും കണിയൊരുക്കിയിരുന്നത് ആ  കൃഷ്ണനെ ഓർക്കാതെ ഈ വിഷു കടന്നുപോകില്ല. ഉറങ്ങിയെഴുന്നേറ്റാൽ ആ  കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കൈ കൂപ്പിയ ശേഷം മാത്രം മറ്റു ദിനചര്യകളിലേയ്ക്ക് കിടന്നിരുന്ന ഞങ്ങൾക്ക് ഈ വിഷുവിന് കണി വയ്ക്കാൻ ഞങ്ങളോടൊപ്പം ആ കൃഷ്ണവിഗ്രഹമില്ല, ഒപ്പം അച്ഛനും. പകരം പുതിയ കൃഷ്ണവിഗ്രഹം വന്നു, അച്ഛൻറെ ഛായാചിത്രവും...എങ്കിലും എൻറെ കൃഷ്ണാ...
പണ്ടു ദ്വാരകയാഴിയിൽ
പൂണ്ടുപോയതു പോലെയോ
നാലു നാളുകൾ നീരിൽ നീ
ആണ്ടു പോയതു മൗനമായ്?!
ഇട്ടുപോയവരെത്തിര -
ഞ്ഞുറ്റു നോക്കിയിരുന്നുവോ?
മൃത്യു പോലെ തണുത്തുവോ 
തനു താങ്ങിനിന്നൊരു ഭിത്തികൾ? 
മഞ്ഞു പോലെ കുതിർന്നുവോ? 
നീ മെല്ലെമെല്ലെയലിഞ്ഞുവോ?

നീരു വറ്റിയ വേളയിൽ
ചേറു പൂണ്ട നിലത്തു നിൻ
പാദമറ്റു കിടന്നൊരാ
കാഴ്ചയെങ്ങനെ മാഞ്ഞിടും?
കണ്ണടച്ചു നിനച്ചിടും
നേരമെന്നുടെ മുന്നിൽ വ-
ന്നിന്നുമെന്നെ മയക്കിടും
നിൻറെ കള്ളമൃദുസ്മിതം!!

Tuesday, April 2, 2019

--- കളിമ്പക്കാലം ---

Get a bigger font by clicking the following link 

കളിമ്പക്കാലം 

[അവധിക്കാലമായി. പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഞെക്കുയന്ത്രങ്ങളിൽ തല പൂഴ്ത്തി ഈ അവധിക്കാലവും പാഴാക്കല്ലേ. ഉറങ്ങിയുറങ്ങിയുറങ്ങി നേരം മുഴുവൻ കളയല്ലേ. ബാല്യകാലത്തെ കളങ്കമില്ലാത്ത ഓർമ്മകൾ ഒരു ജീവിതകാലത്തേയ്ക്കു മുഴുവനുതകുന്ന മൂല്യമേറിയ ഇന്ധനമാണ്. അതുകൊണ്ട് ആരും മുറിയടച്ച് അകത്തിരുന്ന് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ബട്ടണുകളിൽ താളം പിടിക്കാതെ പുറത്തിറങ്ങി പ്രകൃതിയ്‌ക്കൊപ്പം താളം പിടിക്കുക. കഴിഞ്ഞുപോയാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത നിങ്ങളുടെ ബാല്യം ധന്യമാക്കുക!] 

-------------------------------------------------------------------------

കാലമായ്, ഉല്ലാസകാലമായി 
വിദ്യാലയങ്ങൾക്കവധിയായി 
കുഞ്ഞുങ്ങളാർപ്പുവിളികളുമായ
തുള്ളിത്തിമർത്തിടാനോടിവായോ!

രാവിലെ ജാലകപ്പാളി നീക്കി 
സൂര്യനെ നോക്കിച്ചിരിച്ചിടേണം, 
ഉള്ളലിഞ്ഞപ്പൊഴാ സൂര്യദേവൻ 
താപമാനം തെല്ലു താഴ്ത്തിടേണം!

മൂളിവരുന്നൊരു വണ്ടിനൊപ്പം 
പൂക്കളെക്കാണുവാൻ പോയിടേണം, 
തുമ്പികൾ തെന്നിപ്പറന്നുപോകും 
പിന്നാലെ പോയ് കൂട്ടു കൂടിടേണം, 
ചിത്രശലഭങ്ങളെപ്പകർത്താൻ 

ചായങ്ങളൊക്കെക്കരുതിടേണം, 
വീട്ടുതൊടിയിലെപ്പൂവനിയിൽ 
പൂവെത്ര? മൊട്ടെത്ര?യെണ്ണിടേണം! 
പൂവിത്തുകൾ കൂട്ടിവച്ചൊരുനാൾ 
മണ്ണിൽ വിതച്ചു കൺ നട്ടിടേണം, 
വിത്തിൻ പുറംതൊലി തൊപ്പിയാക്കി 
കുഞ്ഞുമുളകളുയർന്നിടുമ്പോൾ 
'കണ്ടുവോ കണ്ടുവോ കൂട്ടരേ'യെ-
ന്നുച്ചത്തിലാർത്തുല്ലസിച്ചിടേണം! 

തൊട്ടാൽ ചുരുളുന്നൊരട്ടവണ്ടി-
യ്ക്കെത്ര കാലെന്നെണ്ണിനോക്കിടേണം! 
കുഞ്ഞുകിളികൾ തൻ ദാഹമാറ്റാൻ 
കണ്ണൻചിരട്ടയിൽ നീർ നൽകണം.

തേക്കുപൂക്കാവടി നൃത്തമാടും 
തേക്കിലപ്പന്തൽക്കുടയ്ക്കിടയിൽ 
പോക്കുവെയിൽ വന്നു ചാഞ്ഞിടുമ്പോൾ 
ചേക്കേറിടാനെത്തിടും കിളികൾ 
ചൊല്ലും കലപില കേട്ടിടേണം.

രാത്രി നിലാവിൽ നിഴൽ വരയ്ക്കും 
വൃക്ഷങ്ങളൊത്തു കാറ്റേറ്റിടേണം 
നക്ഷത്രമുല്ലകൾ പൂത്തുനിൽക്കും 
വാനവും ഭൂമിയും കണ്ടിടേണം. 

മഞ്ഞമുത്തുമണിമാലകളാൽ 
കൊന്ന തൻ മെയ്യാകെ മൂടിടുമ്പോൾ 
പൊന്നുംവിഷുക്കണി കാണുവാനായ് 
ഇത്തിരി മുത്തു കടം തരുവാൻ 
കർണ്ണികാരത്തോടു ചൊല്ലിടേണം.

മീനമാസത്തിലെ ചൂടു പോയി, 
പൊന്നിടവപ്പാതി വന്നണഞ്ഞാൽ 
വഞ്ചിപ്പണിക്കുള്ള കാലമാകും; 
വഞ്ചിയുണ്ടാക്കാൻ പഠിച്ചിടേണം 
പത്രക്കടലാസുതോണികളാൽ 
മുറ്റത്തു വള്ളമിറക്കിടേണം.

വാരമെടുത്തമ്മ നട്ട കടുംകരി-
നീലമണിപ്പയർവള്ളികളിൽ 
തൂങ്ങിയാടും പയർ നുള്ളുവാനായ് 
അമ്മയ്ക്കു കൂട്ടൊന്നു പോയിടേണം, 
ഊതനിറത്തിൽപ്പരന്നുനിൽക്കും 
ചീരത്തടങ്ങൾ നനച്ചിടേണം, 
അച്ഛനോടൊത്തു പറമ്പു നീളേ 
വേലയെടുക്കുവാൻ കൂടിടേണം.

അമ്മൂമ്മമാരെയാ സീരിയലിൻ 
മുന്നിൽ നിന്നും പിടി കൂടിടേണം; 
നല്ല പഴഞ്ചൊല്ലുകൾ രസമായ് 
ചൊല്ലാനവരോടു കൊഞ്ചിടേണം, 
ചർച്ചകൾ കണ്ടു വെറുത്തിരിക്കും 
മുത്തച്ഛനേയും വിളിച്ചിടേണം; 
മുറ്റത്തെ മാങ്കൊമ്പിലാടുവാനായ് 
ഊഞ്ഞാലു കെട്ടിത്തരാൻ ചൊല്ലണം...

അങ്ങനെയോർമ്മയിലോരായിരം
ബാല്യചിത്രങ്ങൾ നിറച്ചിടേണം!! 
മാസങ്ങൾ രണ്ടു കഴിഞ്ഞിടുമ്പോൾ 
തോടും പുഴയും നിറഞ്ഞിടുമ്പോൾ 
പുസ്തകക്കെട്ടും കുടയുമായി 
വീണ്ടും പഠിക്കുവാൻ പോയിടേണം.

കാലം പറന്നുപറന്നു പോകും 
ദേഹം വളർന്നുവളർന്നു പോകും 
കുട്ടിത്തരങ്ങൾ മറന്നുപോകും 
പിന്നെക്കൊതിച്ചിട്ടു കാര്യമുണ്ടോ? 
വെക്കം കിടാങ്ങളിറങ്ങിവായോ, 
തുള്ളിത്തിമർത്തിടാനോടിവായോ!

***********************