Sunday, December 25, 2011

പുതുവത്സര ചിന്തകള്‍

കാലമാം വൃക്ഷത്തിന്‍ കൊമ്പില്‍ നിന്നൊരു പീത
പത്രവും കൂടി പൊഴിഞ്ഞിതാ വീഴവേ
തിരിഞ്ഞൊന്നു നോക്കണം തിരികെ നടക്കുവാ-
നാകാത്ത തീരത്തു നാമെത്തി നില്‍ക്കവേ


തിരഞ്ഞൊന്നു നോക്കണം നാം ചെയ്ത കര്‍മ്മങ്ങള്‍,  
പാപവും പുണ്യവും തെറ്റും ശരികളും
മനസിന്‍  തുലാസിന്‍റെ തട്ടിലായ് തൂക്കണം
പുണ്യ പാപങ്ങള്‍ തന്‍ ഏറ്റക്കുറവുകള്‍.


ആശയാമിന്ധനം കോരി നിറച്ചു കൊ-
ണ്ടാ വഴിയീവഴിയോടുന്ന വേളയില്‍
കാല്‍ക്കീഴില്‍ വന്നു  പെടുന്ന പുഴുക്കളെ
കാല്‍വിരല്‍ കൊണ്ടു ഞെരിക്കുന്നു നിര്‍ദ്ദയം


ദൈന്യമാം രോദനം കേള്‍ക്കാത്ത ഭാവേന
ശീഘ്രം ഗമിക്കുന്നു ഞാനെന്ന ചിന്തയില്‍
കണ്‍ മുന്നില്‍ വീണു പിടയുന്ന ജീവനെ
കാണാത്ത ഭാവേന പിന്‍ തിരിഞ്ഞീടുന്നു.


പരനെയപായപ്പെടുത്തുവാനുള്ളോരു-
പായവുമോര്‍ത്തു നടപ്പു നാമെപ്പോഴും
ഹൃത്തിലൊളിപ്പിച്ച വൈരവുമായി നാ-
മെപ്പോഴും പുഞ്ചിരിച്ചീടുന്നു ഗൂഢം!

തന്‍ സുഖം മാത്രം പരതി നടക്കവേ
യാര്‍ക്കുണ്ട് നേരം പരസുഖമോര്‍ക്കുവാന്‍!
സ്വാര്‍ത്ഥ ലാഭത്തിനായാര്‍ത്തി പൂണ്ടിട്ടു നാം
തെറ്റിന്‍ വഴിയിലിരുളിലലയുന്നു.


കയ്യൂക്കു കൊണ്ടു നാമീവിധം നേടുന്ന
നേട്ടങ്ങളെത്ര ക്ഷണികമെന്നോര്‍ക്കണം
ഏതൊരു തീരത്തണയുവാനീവിധം
മത്സരിച്ചോടിയണയ്ക്കുന്നു നമ്മള്‍!

അപരന്‍റെ  കണ്ണുനീര്‍ വീഴ്ത്തി നാം നേടിയ 
നേട്ടങ്ങളൊക്കെയും വ്യര്‍ത്ഥം, അനര്‍ത്ഥം..
നമ്മള്‍ക്കു മക്കളായ് തീര്‍ന്നവര്‍ പേറിടും
നാം ചെയ്ത കര്‍മ്മത്തിന്‍ ശാപങ്ങള്‍ നിശ്ചയം!

സ്വാര്‍ത്ഥം വെടിഞ്ഞു നാമാര്‍ത്തി വെടിഞ്ഞങ്ങു
ജീവിച്ചു കാട്ടുമിനിയുള്ള നാളുകള്‍ 
കാലമാം വൃക്ഷത്തില്‍ നിന്നു പൊഴിയുമാ 
പീത പത്രത്തില്‍ കുറിക്കുകീ വാക്കുകള്‍.