Followers

Thursday, March 21, 2019

ഉത്രം




കലിയുഗവരദനു ജന്മദിനം 
ഹരിഹരതനയസുകൃതജനനം 
തവപദയുഗളം ചിരഭജനം 
ഭുവനമഖിലമുയരും ശരണം 

നഭസ്സിലുദിക്കുമുത്രം നക്ഷത്രം   
പനിനിലാഭരിതപമ്പാപുളിനം 
കരി, പുലി വിഹരിതഘനവിപിനം  
ഭയരഹിതചിദ് സുഖസഹവസിതം! 

ശരണാഗതജനദുരിതഹരം 
ധ്യാനനിമീലിതനയനദ്വയം 
രിപുഗണഹരണാഭിക്രമണം 
സദയമരുളുക നീ ശുഭഭരണം. 

അയ്യപ്പാ, നീയേ ശരണം... 
നീയല്ലാതില്ലാ ശരണം!! 

Thursday, March 14, 2019

മീണാനാദം


അയ്യപ്പനെന്നുള്ള പേരുള്ളോരെല്ലാരും
തട്ടിൻപുറത്തേറിക്കൊൾക  വേഗം!
ഓർക്കാപ്പുറത്തെങ്ങാനാരാനുമുച്ചത്തിൽ
പേരുവിളിക്കാതെ നോക്കിടേണം

ഹിന്ദുവാം  നേതാവിൻ വീട്ടിലെത്തിണ്ണയിൽ
സന്ധ്യയ്ക്കു ദീപം തെളിഞ്ഞ നേരം
അയ്യപ്പായെന്നൊന്നു ചൊല്ലിപ്പോയ്, അയ്യയ്യോ!
പിന്നെപ്പുകിലെന്തു ചൊൽവതിപ്പോൾ?

മീണയും മീട്ടിക്കൊണ്ടോടിവന്നായല്ലോ
വീടിൻ പടിക്കൽ നടപടികൾ 
‘ഞാനാണു ബോസെ’ന്നു സർക്കാരിനീണത്തിൽ
മൂളിമൂളി മണിമീണ നിൽപ്പൂ! 

നാട്ടിലിലക്ഷൻ കഴിയും വരേക്കിനി
അയ്യപ്പൻ വാഴുന്ന  ക്ഷേത്രമെല്ലാം
താഴിട്ടുപൂട്ടണമെന്നുള്ളൊരാജ്ഞയേ 
മേലിൽ പുറപ്പെടാൻ ബാക്കിയുള്ളൂ!

ചൂണ്ടുവിരൽ കൊണ്ടു കുത്തും മുമ്പോർക്ക നാം
നെഞ്ചത്തു കുത്തിയ കാലന്മാരെ
വഞ്ചിച്ചുവഞ്ചിച്ചവസാനം നമ്മുടെ
കച്ചിത്തുരുമ്പുമറുത്തവരെ .


Monday, March 4, 2019

കലിഹരം

ഓം നമഃശിവായ! ഇന്ന് മഹാശിവരാത്രി













താണ്ഡവം ശിവതാണ്ഡവം
സംഹാരതാണ്ഡവാശ്ലേഷിതം
ശൈലകൈലേയമാകവേ
പ്രചണ്ഡമാമാദിതാണ്ഡവം.

സുന്ദരം നടനതാളവും
ചണ്ഡമാം ചടുലവേഗവും
പാറിടും ജഡാരണ്യവും
കലിഹരം ജ്വലിതനേത്രവും,

കാലദോഷനിർമ്മാർജ്ജിതം
ദേശവൈരീവിമർദ്ദിതം
കാലഭൈരവൻ തന്നുടെ
ലോകരക്ഷാർത്ഥനർത്തനം.

കാലകേയർ ഹനിച്ചിടും
നീതിയുദ്ധരിച്ചീടുവാൻ
കാളകൂടം കുടുങ്ങിടും
നീലകണ്ഠം തൊഴുന്നു ഞാൻ

ഹരഹരാ ശങ്കരാ ഹരേ!
ലലാടനേത്രധാരാ ഹരേ!