Followers

Thursday, May 26, 2016

ശൂന്യതയ്ക്ക് മുൻപ്


കണ്ണുചിമ്മിത്തുറന്നിടും വേഗത്തിൽ 
വന്നുപോകുന്നിതോരോ ദിനങ്ങളും 
ഇന്നു നേരം പുലരുന്നതിൻ മുമ്പു  
വന്നണയുന്നു സന്ധ്യതൻ രശ്മിയും 
നേരമാരെയും കാത്തിടാതങ്ങിനെ 
മിന്നൽവേഗത്തിലല്ലോ കുതിക്കുന്നു 
ഒട്ടുവിശ്രമമില്ലാതെയിങ്ങനെ 
ചുറ്റിടുന്നുവീ ഭൂമി നിരന്തരം 

സൂര്യനെ വലംവയ്ക്കുന്ന ഭൂമിതൻ 
ആയമൊന്നിനൊന്നേറി വന്നിട്ടൊരു 
നാളതിന്നച്ചുതണ്ടിൽ നിന്നൂറ്റമോ-
ടൂരിയെങ്ങാൻ  തെറിച്ചുവീണീടുമോ?! 
ഉൽക്കയായി നാം കത്തിക്കരിയുമോ?!
വായുവില്ലാത്ത ലോകത്തിലെത്തുമോ?!
എത്ര കോടി പ്രകാശവർഷംകട-
 ന്നെങ്ങുചെന്നു പതിക്കുമോ ഗർത്തമായ്?

എന്തൊരത്ഭുത ഗോളമീ ഭൂമിതൻ 
പുറം പറ്റിനിൽക്കുന്നു കീടങ്ങൾ നമ്മളും! 
എത്ര കോടി യുഗങ്ങളായീ ദിശ 
തെറ്റിടാതെ കറങ്ങുന്നു മേദിനി
ദിശ തെറ്റി നീങ്ങുന്ന മാനവരാശിയെ 
തണ്ടിലേറ്റി വലിച്ചുകൊണ്ടീ വിധം... 
ഓർക്കുകിൽ ചിത്രമെത്രയുമൊക്കെയും 
ശൂന്യതയ്ക്കു മുമ്പുള്ളോരു കാഴ്ചകൾ!! 
ശൂന്യതയ്ക്കു മുമ്പുള്ളോരു കാഴ്ചകൾ!! 


15 comments:

  1. എല്ലാം എത്ര കൃത്യമായി സംഭവിക്കുന്നു അല്ലേ???!?!?!?!?!!

    ReplyDelete
  2. അതെ, കൃത്യത ഇല്ലാത്ത മനുഷ്യനൊഴിച്ച്

    ReplyDelete
  3. ആയിരം വർഷങ്ങൾക്കപ്പുറമുള്ള സൂര്യഗ്രഹനത്തെയും ചന്ദ്രഗ്രഹണത്തെയും കൃത്യമായി കണക്കുകൂട്ടി പറയാൻ സാധിക്കും. കാരണം ഈ ലോകത്തിലെ സകലവസ്തുക്കളും പ്രകൃതിയുടെ നിയമത്തെ അനുസരിക്കുന്നു, മനുഷ്യനൊഴിച്ച്!!

    ReplyDelete
    Replies
    1. ഹാ കഷ്ടം! മനുഷ്യകുലത്തിൽ പിറന്നുപോയ്...

      Delete
  4. നന്മയുടെ പ്രകാശം വിതറുന്ന ചിന്താര്‍ഹവും,മനോഹരവുമായ വരികള്‍.നമ്മള്‍ മനുഷ്യര്‍ എത്രമാത്രം സ്വാര്‍ത്ഥികളാണ് അല്ലേ?!! ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies

    1. അതെ, മനുഷ്യർ മാത്രമാണ് ഇത്രയധികം സ്വാർത്ഥർ. അന്നന്നുള്ള ജീവൻ പുലരുന്നതിനത്യാവശ്യമായ സ്വാർത്ഥത മാത്രമേ മറ്റു ജീവജാലങ്ങൾക്കുള്ളൂ.

      Delete
  5. ഇതുപോലെ താളമുള്ള കവിതകൾ കാണുമ്പോൾ സന്തോഷം. ഉള്ളടക്കവും നന്നായിട്ടുണ്ട്. ഓർത്തു നോക്കിയാൽ ഈ ലോകക്കാഴ്ച്ചകൾ ബഹുവിചിത്രം തന്നെയാണ്. മനുഷ്യരും അങ്ങനെ തന്നെ.

    ReplyDelete
    Replies
    1. താളമുള്ള കവിതകൾ ആസ്വദിക്കുന്നവർ ഇപ്പോഴും ഉണ്ടെന്നു കേൾക്കുന്നതുതന്നെ അതിയായ സന്തോഷം. ഇത്തരം കവിതകൾക്ക് മാർക്കറ്റ് ഇല്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഈ രീതിയിൽ ഉറച്ചുനിൽക്കാനാണ് ഇഷ്ടം. അഭിപ്രായമറിയിച്ചതിന് വളരെ നന്ദി.

      Delete
  6. നല്ല കവിത. നമ്മുടെ നില നിൽപ്പിനെക്കുറി ച്ചുള്ള ആശങ്ക. നല്ല ആശയം. നല്ല എഴുത്ത്. താള നിബദ്ധം.
    "എങ്ങു ചെന്ന് പതിക്കുമോ ഗർത്തമായ്" അത്ര ഭംഗിയായി തോന്നിയില്ല. "അങ്ങ് ചെന്ന്" എന്ന് ആകാമായിരുന്നു. അല്ലെങ്കിൽ അവസാനത്തെ "ഗർതമായ്" എന്നുള്ളത് മാറ്റി ദൈവമേ എന്നോ മറ്റോ ആകാമായിരുന്നു.
    "പുറം പറ്റി നിൽക്കുന്ന'' എന്നതും വായനയിൽ യോജിച്ചു പോയില്ല.
    "ദിശ തെറ്റി നിൽക്കുന്ന" എന്നതും താളം തെറ്റി നിൽക്കുന്നു.
    എന്തിനാണ് ആവർത്തനം? ആ കാഴ്ചകൾ നമ്മൾ കാണുന്നു മനസ്സിൽ പതിക്കുന്നു. ഒന്ന് കൂടി പതിപ്പിക്കാനുള്ള ശ്രമം ആണോ? അതിൽ അർത്ഥമില്ല.

    ReplyDelete
    Replies
    1. കവിതയ്ക്കാധാരമായ ചിന്ത ഉണ്ടായപ്പോൾ അത്ര എളുപ്പം മനസ്സിലാക്കാൻ കഴിയാത്ത വിഷയമായതുകൊണ്ട് ആ ചിന്തയിൽ തന്നെ കുടുങ്ങിപ്പോയിരിക്കണം. അനുയോജ്യമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധക്കുറവ് വന്നിട്ടുണ്ടെന്നത് ശരിയാണ്. വിലയേറിയ അഭിപ്രായത്തിന് നന്ദി ബിപിൻ സർ.

      Delete
  7. ദിശ തെറ്റുന്ന മാനവന്‍ ഈ അനസ്യൂത ദിശാസഞ്ചാരിണിയുടെ മുന്നിന്‍ എത്ര നിസ്സാരന്‍.!!. ആശംസകള്‍

    ReplyDelete
  8. ഇവിടെ നമ്മൾ മനുഷ്യർ എത്ര നിസ്സാരർ. നല്ല വരികൾ.
    ആശംസകൾ ടീച്ചർ.

    ReplyDelete

  9. കവിതകൾക്കു വരുന്ന മിക്കവാറും എല്ലാ അഭിപ്രായങ്ങൾക്കും അധികം വൈകാതെ മറുപടി എഴുതാൻ എപ്പോഴും ശ്രമിക്കാറുണ്ട്. എന്തുകൊണ്ടോ ഈ കവിതയ്ക്കു വന്ന അഭിപ്രായങ്ങൾ ശ്രദ്ധിക്കാനും മറുപടി എഴുതാനും ഏറെ വൈകിപ്പോയി. അഭിപ്രായം അറിയിച്ച എല്ലാവരോടും എൻറെ ക്ഷമാപണം.

    ReplyDelete