Followers

Wednesday, October 26, 2022

ഗ്രഹണാനന്തരസൂര്യൻ 🌇



പടകൂട്ടിയണയട്ടെ ഗ്രഹണങ്ങളിനിയും,

സത്യത്തിനൊളി കർമ്മയോഗിയ്ക്കു മാർഗ്ഗം!

സ്വയമേവ നിറയുന്നൊരഖിലപ്രകാശ-

പ്പൊരുളായിരിക്കുന്നവർക്കെന്തു ഗ്രഹണം?!


#SolarEclipse 

25-10-2022

Tuesday, October 25, 2022

അക്ഷരം എന്ന സത്യം

 


06-09-2022

അക്ഷരം സത്യമാണ്. അക്ഷരങ്ങളെ ചേർത്തുവച്ചു പദങ്ങളും വാക്യങ്ങളും ഖണ്ഡികകളും ജൻമസിദ്ധമായ കഴിവോടെ ചമയ്ക്കുമ്പോൾ ഇടയിലെവിടെയെങ്കിലും അറിഞ്ഞുകൊണ്ട്, അല്പം കുത്സിതലക്ഷ്യത്തോടെ, ഒരു ചെറിയ-അത്ര ഗൗരവമല്ലാത്ത അസത്യത്തെപ്പോലും ഉൾക്കൊള്ളിക്കാൻ ശ്രമിക്കാതിരുന്നാൽ ഏതൊരു എഴുത്തുകർമ്മവും ധന്യമായി. തികച്ചും മനസ്സറിവില്ലാതെ സംഭവിക്കുന്ന വാസ്തവവൈരുദ്ധ്യം എഴുത്തിലെ നൈസർഗ്ഗികസിദ്ധിയെയും അതിനു കാരണമായ ഈശ്വരകടാക്ഷത്തെയും അത്രമേൽ ബാധിക്കുകില്ലായിരിക്കാം. എന്നാൽ  മനഃപ്പൂർവ്വമായുള്ള ആശയവൈരൂപ്യവൽക്കരണത്തിന് അക്ഷരത്തെ ഉപയോഗിക്കുന്നത് തീർച്ചയായും ആത്മനാശത്തിലേയ്ക്കു നയിക്കും. 

നമ്മുടെ മുന്തിയ എഴുത്തുകാരിൽ പലരും വളർച്ചയുടെ പടവുകൾ കുറെ കയറിക്കഴിയുമ്പോൾ അവരുടെ  നൈസർഗ്ഗികചേതനയിൽ ഒരു ലോപം ഭവിക്കുന്നത് അവർക്കു സ്വയവും അവരെ വായിക്കുന്നവർക്കും അനുഭവപ്പെടാറുണ്ടല്ലോ. എഴുത്തിൽ അസത്യത്തിൻ്റെയും അധർമ്മത്തിൻ്റെയും ആത്മനിഷേധത്തിൻ്റെയും അളവു കൂടിക്കൂടിവരുന്നതിൻ്റെ ലക്ഷണമാണത്. എഴുത്തുകാർ മാത്രമല്ല, ഏതൊരു കലയെ ഉപാസിക്കുന്നവരും ഇത്തരം ശോച്യാവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ഒരു ആത്മപരിശോധനയ്ക്കു വിധേയരാകേണ്ട സമയമായി എന്നു സ്വയം മനസ്സിലാക്കുവാനുള്ള അവസരമാണത്.

അക്ഷരത്തിൻ്റെ ദുരുപയോഗം, പ്രത്യേകിച്ചും ആശയപരമായ ദുരുപയോഗം, (ഏതു രംഗത്തായാലും) അതുപയോഗിക്കുന്നവരുടെയും അതുമായി താദാത്മ്യം പ്രാപിക്കുന്നവരുടെയും ദുര്യോഗത്തിനു കാലക്രമേണ കാരണമാകുമെന്ന ചിന്ത സഹൃദയരുമായി പങ്കു വയ്ക്കാനാണ് ശ്രമിച്ചത്. എഴുത്തും വായനയും കലോപാസനയും ശ്രദ്ധയോടെ അനുഷ്ഠിക്കാൻ നാം പ്രാപ്തരാവട്ടെ.

നവരാത്രി 2022


ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി പ്രദായകം, നവരാത്രിസമാരോഹം നവജീവപ്രദായകം! 26 . 08 . 2022 നവരാത്രി ആരംഭം ************************ നമാമി ദുർഗ്ഗാം ------------------------- വന്ദേഹമംബേ വിജ്ഞാനരൂപേ, വിദ്യാവിനയവിവേകജ്വാലേ, വീണാധരീ വിമലകമാലാധിവാസേ, വന്നാലുമെന്നുള്ളമേറി നിത്യം. 🙏 #Durgashtami 03.09.2022 നമാമി മഹാലക്ഷ്മിം🙏 ------------------------------------- മഹിതേ മഹാലക്ഷ്മി, മഹാവിഷ്ണുമനോരമേ, മഹാനവമി, മഹിഷഘ്നി, മാമവ! മമ മനോമഥനി! 🙏🙏🙏 #MahaNavami 04. 09. 2022 *************************************** നമാമി സരസ്വതിം🙏 ---‐--------------------------------- വിദ്യാവിശാരദേ, വരവീണാധരീ, അയി! സൗന്ദര്യവാരിധീ വാഗ്ദേവതേ, വൈഖരീവല്ലിമൂലാധിവാസിനീ, ക്ഷരലോകമായാരവശാന്തിദാത്രീ, അക്ഷരീ! മയ സഹ വസതു കൃപയാ അബ്ജോത്ഫുല്ലസഹസ്രാരദീപ്തേ... ത്വാം സ്മരാമി നിത്യ,മവിഘ്നമസ്തു! ഹേ! പരാപരാശക്തി, പാഹി പാഹി!🙏 #vijayadashami 05. 09. 2022 ****************************************


വിശ്വകർമജയന്തി (17.08.2022)

 

September 17, 2022
വിശ്വമാകെയും വിഗ്രഹത്തിങ്ക -
ലുത്തമം കൊത്തിവയ്ക്കുവാൻ
കെല്പെഴും വിശ്വശില്പിയെ
കൈവണങ്ങുന്നു നിത്യവും!

അടയാർ അനന്തപത്മനാഭസ്വാമി തൃക്കോവിൽ

 അവിചാരിതമായും ആദ്യമായും ലഭിച്ച അനുഗ്രഹം! അടയാർ അനന്തപത്മനാഭസ്വാമി തൃക്കോവിൽ ദർശനം. 




സ്ഥലപരിചയമില്ലാത്തവർക്ക് പുറമേ നിന്നു നോക്കിയാൽ അത്ര പെട്ടന്ന് നോട്ടമെത്താനിടയില്ലാത്ത ഒരു സ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൻ്റെ പ്രധാനകവാടത്തിൻ്റെ നിർമ്മിതി ചോളരാജവംശശൈലിയിലുള്ളതാണ്. അകത്തു കയറുമ്പോൾ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേതിനു സമാനമായ ഭഗവാൻ്റെ പൂർണ്ണകായബിംബം നമ്മുടെ കണ്ണിനും മനസ്സിനും സായൂജ്യമായി അനന്തശായിയായി അങ്ങനെ പള്ളി കൊള്ളുന്നു! തിരുവിതാംകൂർ രാജവംശത്തിലെ അവസാനത്തെ മഹാരാജാവായ ശ്രീചിത്തിരത്തിരുനാൾ ബാലരാമവർമ്മത്തമ്പുരാൻ ദാനമായി നൽകിയ ഭൂമിയിൽ 1962 ൽ നിലവിൽ വന്നതാണ് ഈ ക്ഷേത്രം. മദിരാശിയിലെ മലയാളി സമൂഹത്തിനായി പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രമെന്നു പറയപ്പെടുന്നു. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രനടയ്ക്കലെത്തിയാൽ ഭക്തരുടെ തിക്കും തിരക്കും മൂലം ഭഗവാനെ തൃപ്തിയാകുവോളം ദർശിക്കാൻ കഴിയാത്തതിൻ്റെ ഖേദം മുഴുവനും തീർക്കാം നമുക്കിവിടെ. ഒരേ നിരയിൽ മൂന്നു പാളി വാതിലുകളുള്ള തിരുനടയും തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേതുപോലെതന്നെ. വിഗ്രഹത്തിൻ്റെ വലിപ്പവും നിറവും എല്ലാം അതേപോലെ. ഉപദേവതകളായി ഗണപതി, നവഗ്രഹങ്ങൾ, ഗരുഡൻ, ആഞ്ജനേയൻ, എന്നിവരും ഈ ക്ഷേത്രത്തിലുണ്ട്. വൈകുണ്ഠദ്വാരം എന്ന സങ്കല്പത്തിൽ നിർമ്മിച്ചിരിക്കന്ന, മച്ചു വരെ ഉയരമുള്ള കതകിനെ പൊതിഞ്ഞിരിക്കുന്ന സ്വർണ്ണത്തകിടിൽ വിശ്വരൂപദർശനമുൾപ്പെടെ അനേകം ദേവതാസങ്കല്പങ്ങളെയും ആരാധനാ ബിംബങ്ങളെയും കൊത്തിയിരിക്കുന്നു. കോവിലിൻ്റെ വിസ്തീർണ്ണം താരതമ്യേന കുറവാണെങ്കിലും അതിനകത്തെ ദർശനാനുഭവം അത്ഭുതാവഹമാണ്. ക്ഷേത്രത്തിനകം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ക്ഷേത്രത്തിനകത്ത് മൊബൈൽ/ ക്യാമറ റെക്കോർഡിംഗ് അനുവദനീയമല്ല. രാവിലെ ആറരമണി മുതൽ ഉച്ചയ്ക്കു 12 മണി വരെയും വൈകുന്നേരങ്ങളിൽ നാലര മുതൽ ഏഴരമണി വരെയുമാണ് ദർശനസമയം. ഭക്തർക്കു ശ്രീകോവിലിനു നേരെയിരുന്നുകൊണ്ട് ദീപാരാധന തൊഴാനും ഭഗവാനെ മനസ്സുനിറയെ ധ്യാനിക്കാനുമായി തടിയിൽ തീർത്ത നീണ്ട ഒരു ഇരിപ്പിടവുമുണ്ട്. സെക്യൂരിറ്റി ജീവനക്കാർ എഴുന്നേൽപ്പിച്ചുവിട്ടേക്കുമോ എന്ന സംശയമൊന്നുമില്ലാതെ ക്ഷേത്രം തുറന്നിരിക്കുമ്പോൾ എത്രനേരം വേണമെങ്കിലും ഭക്തർക്ക് അവിടെയിരുന്ന് ഭഗവാനെ കൺകുളിർക്കെ കാണുകയും യഥേഷ്ടം ധ്യാനിക്കുകയുമാവാം. 🙏