Followers

Thursday, November 17, 2022

അയ്യപ്പദർശനം














മണ്ഡലമായ്, നഭോമണ്ഡലമാകെ-

യുയരും ശരണമന്ത്രധ്വനികൾ, 

വിണ്ടലസീമകൾ ഭേദിച്ചു പൊന്തിടും 

മംഗളമന്ത്രലക്ഷാർച്ചനകൾ! (2)


കണ്ടതെല്ലാം സ്വാമിദർശനങ്ങൾ! 

കേട്ടതെല്ലാം സ്വാമികീർത്തനങ്ങൾ! 

പഞ്ചഭൂതങ്ങളിൽ നിന്നുമുണരുന്നു

അയ്യപ്പനാമമന്ത്രാക്ഷരങ്ങൾ!  (മണ്ഡലമായ് )


തുമ്പമെല്ലാമകന്നുള്ളിൽത്തെളിയുന്നു 

വൃശ്ചികമാസവ്രതപ്പുലരി, 

നിശ്ചയദാർഢ്യമോടയ്യരണിയുന്നു 

ദിവ്യമാം പൊന്മണിമാല മാറിൽ! (മണ്ഡലമായ്)


താണ്ടുവാനേറെയുമാടലേറും 

കാനനം തിങ്ങിടും പാത നീളെ,

കല്ലിലും മുള്ളിലുമുള്ളു പതറാതെ-

യെത്തിയ്ക്ക നിന്‍ മുന്നിലേവരേയും. (മണ്ഡലമായ്)


സ്വാമീ ശരണം ശരണമപ്പാ 

നീയേ ശരണം ശരണമപ്പാ 

സ്വാമീ തരണം ശരണമെന്നും

ശരണാഗതർക്കാശ്രയമാകുമപ്പാ 

Friday, November 4, 2022

ഭൂതചരിതം


മാമലനാട്ടിലെ മാരണഭൂതനു

മാരകബാധകൾ വന്നുപിണഞ്ഞൂ 

നാക്കു വളച്ചാൽ സത്യവിരോധം

മാത്രമുരയ്ക്കും ജനനായകനുടെ

ആശീർവാദം ഏറ്റൊരു മാത്രയി-

ലാർക്കും ശേഷം ചിന്ത്യമതത്രെ!

മിന്നലടിച്ചു കരിഞ്ഞൊരു തെങ്ങിൻ

മണ്ട കണക്കവനഭിനന്ദിച്ചോർ!

എന്തൊരു രോഗമിതെന്നറിയാനോൻ

ലോകം മുഴുവൻ സന്ദർശിച്ചു,

ചെന്നിടമെല്ലാം ശകുനപ്പിഴകൾ

കണ്ടു ജനങ്ങളടക്കം ചൊല്ലി,

സത്യവ്രതൻമാരാശംസിച്ചാൽ

നിത്ത്യൈശ്വര്യമതെന്നതു പോലെ

വൻനുണ മാത്രം ചൊല്ലും നാക്കാ-

ലാശംസിച്ചാലെതിരു ഭവിയ്ക്കും! 

വീട്ടിലെയുറ്റവർ തന്നുടെ തലയിൽ 

തൊട്ടാലവരുടെ ഗതിയും ചിന്ത്യം!

തൊട്ടതു മുഴുവൻ സ്വർണ്ണമതാക്കാൻ 

വരമാശിച്ചൊരു മണ്ടച്ചാരുടെ 

കഥ നാം പണ്ടേ കേട്ടിട്ടുണ്ടതു 

നേരിൽക്കാണുവതിപ്പോൾ മാത്രം! 


ഭാരതനാടിന്നിങ്ങേയറ്റ-

ത്തൊരു ചെറുനാടകണക്കു കിടക്കും 

കേരളമിവനുടെ മേൽനോട്ടത്തിൽ   

തെമ്മാടിപ്പുരയായിപ്പോയി.

കൊള്ളരുതായ്മയ്‌ക്കെന്നും മുന്നിൽ,   

ഇവനുടെ കാലം കലിയെ വെല്ലും!

 

മാങ്ങാക്കള്ളൻ പോലീസായി,  

പട്ടാളത്തെക്കള്ളനുമാക്കി. 

അക്കരെനിന്നും ആകാശം വഴി 

സ്വർണ്ണച്ചെമ്പുമിടയ്ക്കു കടത്തി.

ഈന്തപ്പഴവിത്തെല്ലാമത്ഭുത-

മയ്യോ! കനകക്കുരുവായ് മാറി! 

വാഴക്കുല പോൽ വെട്ടീ  തലകൾ, 

ഇന്നോവകളിന്നിടിവണ്ടികളായ്.

വീട്ടിൽക്കേറി വെട്ടിക്കൊല്ലും   

'അതിഥി'കളിവിടം ഒളിയിടമാക്കി.    

അവയവമോഷണസംഘം  പെരുകി,   

നരബലിയെന്നൊരു കഥയും ചൊല്ലി. 

'അന്ധത' മാറ്റും ബില്ലുണ്ടാക്കാ-

നമ്പലവൈരി  ആജ്ഞയിറക്കി! 

'പാർട്ടിയ്ക്കുള്ളിൽ  ബലിയും കാമ്യം'

എന്നൊരുപാധി ബില്ലിൽ ച്ചേർക്കും! 


വൺ... ടു... ത്രീ... മണി മുക്കിയ നാട്ടിൽ 

വാർത്തകൾ നീന്തിനടക്കുന്നിനിയും. 


അക്ഷരവൈരികൾ വിലസുന്നിടമായ്

മാറ്റി  സർവ്വകലാശാലകളും

വിദ്യാഭ്യാസത്തലവൻസ്ഥാന-

'ത്തഭ്യാസി'യ്ക്കവനവസരമേകി,   

വിപ്ലവമൂർത്തികളിവനെ വാഴ്ത്താൻ

മത്സരപൂർവ്വം ഭ്രമണം ചെയ്തു. 

പിൻവാതിൽവഴികയറിക്കൂടിയൊ-

രണലികളെല്ലാം  കൂടെക്കൂടി.      

മാദ്ധ്യമജംബൂകൻമാരിവനുടെ-

യാജ്ഞയെടുക്കാൻ കാത്തുകിടന്നു. 

അവനു വെളുക്കുംവരെയും കക്കാൻ 

പറ്റിയ വാർത്താഗുളികയിറക്കി.  

ഗുളിക വിഴുങ്ങി മയങ്ങും നാടിൻ 

ഘടനയുമടിമുടി മാറിപ്പോയി.  

കേരളനിർമ്മിതപരമോന്നതമാം

'കെ.ശ്രീ'യൊന്നുണ്ടാക്കീ രാജൻ. 

ലഹരിയ്‌ക്കെതിരായ് ശപഥം ചെയ്യാൻ 

നാട്ടാരോടരുൾ ചെയ്തതിനൊപ്പം  

വരിയായ് മദ്യം വാങ്ങാൻ നിൽക്കും 

കുടിയന്മാർക്കൊരു വാക്കും നൽകി, 

വഴിയിൽ വന്നിനി വരി നിൽക്കേണ്ടതു 

വീട്ടുപടിക്കൽത്തരുമീ ഞങ്ങൾ!

എന്തൊരു കരുതൽ! എന്തു പ്രബുദ്ധത

കണ്ടാൽക്കണിൽകണ്ണീർ പൊടിയും!

കേരളമിപ്പോളിവനുടെ കാലിൻ-

കീഴിൽപ്പെട്ട ചവിട്ടിയ്‌ക്കൊപ്പം. 

നാടിനെയാകെ വിഴുങ്ങിയ ഭൂത-

പ്പെരുവയറിൽ ഇടയിനിയും ബാക്കി!  

ഭരണം തന്നുടെ ഘടനയുമൊന്നിവ-

നിഷ്ടം പോലെ മെനഞ്ഞുണ്ടാക്കി. 

ലളിതൻ, സുമുഖൻ ന്യായാധിപനും  

ഭയമാണിവനുടെ പേരു  വിളിക്കാൻ! 

 

ഇങ്ങനെ പദ്ധതിയൊന്നൊന്നായിരു- 

ചെവിയറിയാതെ നടത്തിവരുമ്പോൾ    

വന്നൊരു സിംഹം, ഇവനുടെയഴിമതി

പൊതുമദ്ധ്യത്തിൽ പിച്ചിച്ചീന്താൻ.

തന്നുടെ ധർമ്മം നന്നായറിയും 

സിംഹത്താനിവിൻ, പഴയവനല്ല!!


ആയതിനാലേ ക്രോധം പൂണ്ടൊരു 

കാരണഭൂതനു സമനില തെറ്റി, 

നാട്ടിലെ നിയമം പാടെ മറന്നി-

ട്ടലറി  നരകാസുരനെപ്പോലെ!

'എന്നുടെ തലയുടെ മുകളിലിരിപ്പാ-

നിവിടൊരു ഖാനും തുനിയരുതിപ്പോൾ!

ആരു ഗവർണർ, നോമുള്ളപ്പോൾ?

"പിപ്പിടി" കാട്ടാൻ ഞാനേ മുമ്പൻ.

എന്നുടെയധികാരത്തിൻ  മേലെ- 

യാരുടെ 'പ്രീതി'യുമിവിടെ വേണ്ട. 

ഓർത്താൽ നന്നിതു തെങ്ങളമാണേ... 

ഞങ്ങൾക്കഴിമതി പുത്തരിയല്ല!

ആരവിടെ!?യെൻ മാർഗ്ഗം തടയും 

ഇവനുടെ മാർഗ്ഗം തടയണമിപ്പോൾ,   

അണികളെ വഴിയിലിറക്കണമിപ്പോൾ,

കേസരിഭവനം വളയണമിപ്പോൾ.'   

ചൂണ്ടുവിരൽത്തുമ്പിട്ടു കറക്കി 

ത്തുള്ളുന്നമ്പോ ഗുണ്ടാത്തലവൻ! 

പകയാൽ പുകയും വദനം മുഴുവൻ

തെളിയുന്നശ്രീകരമാം ധാർഷ്ട്യം.


അധികാരത്തിൽക്കയറിയിരുന്നാ-

ലറിയാതാർത്തി വളർന്നുപെരുക്കും. 

നാടിനു സേവകൾ ചെയ്യാൻ വന്നോൻ 

നാലണ കിട്ടാൻ നാടും വിൽക്കും.

അരുതെന്നോതാൻ ബാദ്ധ്യതയുള്ളൊരു

പ്രിയതമയാർത്തിയിലവനും മേലെ!


ഇതിനിടെ നായകനൊപ്പം നാടു -

ഭരിക്കാൻ കൂടിയ മുഖ്യർ  പലരും 

സ്വപ്നാടനരോഗത്തിന്നടിമക -

ളായതുലോകമറിഞ്ഞതുമില്ല.

കഷ്ടപ്പെട്ടിവർ  നാടു ഭരിക്കുക-

യാണെന്നല്ലോ നമ്മൾ നിനച്ചു! 

അൽപ്പം സ്വൽപ്പം കള്ളത്തരമേ 

കാണൂവെന്നും കരുതീ വെറുതെ.   

കൗമാരം പോകാത്തവരാണീ 

പരവശജളരെന്നിന്നറിയുന്നു!  


വോട്ടു കൊടുത്ത ജനങ്ങൾക്കിപ്പോൾ 

ഒരുമാതിരിയെല്ലാം ശരിയായായി!

ഇനിയും നേരം പുലരാതണികൾ 

വാലുചുരുട്ടിവിളിപ്പൂ, 'കീ ജയ്' 

'ഞങ്ങടെ രാജൻ, തസ്‌ക്കരവീരൻ,  

കള്ളന്മാർക്കൊരു മാതൃക ഭൂതൻ 

കിറ്റു തരുന്നോൻ  കട്ടുമുടിച്ചാൽ 

ഞങ്ങൾക്കതിലഭിമാനം മാത്രം!' 


'ഞാനും ഭാര്യയുമെന്നുടെ മകളും 

പിന്നവൾ തന്നുടെ പുതുമാപ്പിളയും 

കൂടിച്ചേർന്നാലതു കേരളമായ്'

എന്നൊരു ഭാവം മുറ്റിയ മുഖ്യൻ.  

'വേലക്കാരായ് വേണം ചിലരും  

മറ്റുള്ളോരു 'കടക്കു പുറത്ത്' !


ഈ വിധമീ മലനാടിൻ മാനം 

കെട്ടൊരു കാലം കണ്ടിട്ടില്ല 

അനുശോചനമീ കേരളനാടിനെ-

യപമാനിച്ചു ഭരിക്കുന്നവരേ. 

അനുശോചനമീ ഭൂതം തിന്നൊരു 

നാടിന്നുള്ളിൽപ്പെട്ട നമുക്കും.