Followers

Wednesday, April 23, 2014

കാലഹരണം



കാലചക്രത്തിന്നിടയിലെങ്ങോ  
കാലനിരിപ്പൂ നമുക്ക് വേണ്ടി 
കാലേ പുറപ്പെട്ടു പോന്നതാണാ 
കാലനെ കാണുവാൻ മാത്രമായി. 

കാലം കടന്നു കടന്നു പോകെ 
മോഹവലകളിൽ പെട്ടുപോകെ 
കാലനെ കാണുകയെന്ന ലക്‌ഷ്യം 
പാടെ മറന്നു മതി മയങ്ങി. 

കോലങ്ങളോരോന്നു കെട്ടിയാടി
കോലാഹലങ്ങളിൽ ചെന്ന് ചാടി, 
കോമാളി വേഷങ്ങൾ ചാർത്തിയാടി 
കേമനായ് പീലി വിടർത്തിയാടി. 

ജീവിതം നെഞ്ചോടു ചേർത്തു വച്ചി-
ട്ടെൻറേതു താനെന്നഹന്തയോടെ 
ഭാഗം തിരിച്ചതിർ വേലി കെട്ടി 
ബുദ്ധിമാനെന്നൊരു ഭാവമോടെ.

ചെന്നിടമെല്ലാം പിടിച്ചടക്കി 
യുന്മത്ത ചിത്തനായ് വാഴുകിലു-
മെന്തോ മറന്ന പോൽ ഖിന്നനായി
തൃപ്തിയില്ലൊട്ടുമൊരു കാലവും. 

മാർഗം പിഴച്ചതറിഞ്ഞിടാതെ 
മായയ്ക്കു പിന്നാലെ പാഞ്ഞിടുമ്പോൾ  
കാലനെ  നമ്മൾ മറന്നീടിലും 
കാലൻ മറക്കില്ല നമ്മെയൊട്ടും. 

കാലപ്രവാഹത്തിൻ തേരിലേറി 
കാലൻ വരുമൊരു നാളെതിരെ 
ഓടിയൊളിക്കുവാൻ കാടുമില്ലുൾ-
കാടത്തമൊന്നു മറച്ചിടാനും. 

കാലമായെന്നു നിനച്ചു നമ്മൾ 
കാലന്നടിയറ വച്ചിടുമ്പോൾ 
കാലന്റെ കാര്യമതി വിചിത്രം !
പോകും തിരിഞ്ഞൊന്നു നോക്കിടാതെ !!

പിന്നൊരു നാളിൽ നിനച്ചിടാതെ 
മിണ്ടുവാൻ പോലുമിട തരാതെ 
പിന്നിൽ പതുങ്ങി വന്നൂറ്റമോടെ 
കാലയവനികയ്ക്കുള്ളിലാക്കും! 

ആത്മാവ് സൂക്ഷിച്ചെടുത്തു മാറ്റി 
ദേഹം വലിച്ചകലെയെറിഞ്ഞി-
'ട്ടിപ്പഴോ' എന്നൊരു ഭാവമോടെ 
കാലൻ ചിരിച്ചിടും നമ്മെ  നോക്കി. 

ദേഹസുഖത്തിനായിത്ര നാളും 
പേർത്തും പണിപ്പെട്ടതൊക്കെ നഷ്ടം 
കഷ്ടമാ ദേഹി തൻ മന്ത്രണങ്ങൾ 
തട്ടിയ ദേഹം ചിതലരിക്കും! 

താഴെ കിടക്കുന്ന ദേഹമാണോ 
കാലനെടുത്തൊരാത്മാവ് താനോ 
ഏതാണ് താനെന്ന ചിന്ത പോലും 
ഇല്ലിനി മേലിലോ ഇല്ല 'ഞാനും' .

കാലഹരണപ്പെടും മുന്നമേ 
നമ്മിൽ വിവേകമുദിച്ചുവെന്നാൽ 
തമ്മിൽ തിരിച്ചറിഞ്ഞീടുമന്നീ 
മന്നിൽ കലഹിക്കും മർത്യവംശം. 

കാലചക്രത്തിന്നിടയിൽ നിന്നും
കാലനിറങ്ങി വരുമൊരിക്കൽ  
ദേഹമെടുത്തെറിഞ്ഞാത്മാവിനെ
പരമാത്മാവിനോടൊന്നു ചേർത്തു വയ്ക്കും.



Sunday, April 13, 2014

വിഷുമുത്തശ്ശി










കർണ്ണികാരം  സ്വർണ്ണത്തിൻ മണി
മഞ്ഞപ്പട്ടുടയാടയണിഞ്ഞു 
കനകം വിളയും വയലേലകളിൽ 
വിത്തെറിയാൻ  വിഷുവണയാറായ് .

സദ്യയൊരുക്കാനില്ലൊരു  താമസ-
മർക്കൻ രാശി കടക്കാറായ്,
പനസം വെട്ടിയിടുന്നുണ്ടേയെ-
ന്നമ്മാവൻ പിന്നാമ്പുറമേ,

ചക്കയെന്നു വിളിക്കരുതാരും 
'പനസം'* ഞാനിതു വിഷുനാളിൽ!
ഞാനോ കേമൻ എന്നെക്കൂടാ-
തില്ലൊരു വിഭവം വിഷുനാളിൽ .

പുത്തൻ പണിയായുധവും പിന്നെ 
കൈക്കോട്ടും നാം കരുതേണം 
വിളവും വിത്തും ഭൂമീദേവി 
നമ്മൾക്കേകിയ  കൈനീട്ടം. 

മേടച്ചൂടിൻ മടിയാൽ മൂടി- 
യുറങ്ങാതെൻറെ വിഷുക്കിളിയേ  
പൊലികപ്പാട്ടിന്നീണം മൂളി 
പുള്ളുവനൊപ്പം പോകുക നീ. 

വയലുകൾതോറും പാറിപ്പാറി- 
പ്പോകേണം നീ വൈകരുതേ  
കണിവയ്ക്കാനായ്  കായ്കനികൾ നീ 
കൊണ്ടുവരേണം  കൈനിറയെ. 

തേച്ചുമിനുക്കുന്നുണ്ടേ തെക്കേ 
മുറ്റത്തെന്നുടെ മുത്തശ്ശി 
പത്തായത്തിന്നുള്ളിലിരുന്നോ-
രൊളി മങ്ങിടുമോരോട്ടുരുളി.

പണിയുണ്ടനവധി മുത്തശ്ശിക്കി-
ന്നുൽസാഹത്തിൻ ശിവരാത്രി !
കണി വയ്ക്കേണം വർഷം മുഴുവൻ 
പൊൻവിള നല്കും നന്മകളെ .

അരിയും നെല്ലും പാതി നിറച്ചി -
ട്ടതിലായ്  കണിവെള്ളരി വച്ചും, 
കൈതപ്പൂമണമോലും ശുഭ്രാ-
മ്പരമൊന്നിൽ ഞൊറിഞൊറി വച്ചും,

ചെമ്പഴുക്കാച്ചുവടെ വെറ്റില 
പിന്നെക്കരിമഷി, സിന്ദൂരം, 
പൊന്നും പിന്നെ പൊന്നിനെ വെല്ലും 
പൊൻകണിക്കൊന്നപ്പൂങ്കുലയും,

അമ്പിളിവട്ടത്തേ ങ്ങാമുറിയിൽ  
തിരിനീട്ടും എള്ളിൻ കിഴിയും
വാൽക്കണ്ണാടിയും  തുളസിക്കതിരും,
പുണ്യം നിറയും ഓട്ടുരുളി !

എഴുതിരിയിട്ടണിയിച്ചു മിനുക്കിയ 
ലക്ഷണമൊക്കും നിലവിളക്കും 
അരികത്തങ്ങനെ മഞ്ഞപ്പൂന്തുകിൽ 
ചുറ്റിയൊരുണ്ണിക്കണ്ണനെയും 

പലകുറിയുള്ളിൽ കണി കണ്ടിട്ടും 
അകതാരിൽ കുടിവച്ചിട്ടും
കണ്ടിട്ടും മതിയാകുന്നില്ലെൻ 
മുത്തശ്ശിക്കൊരു തരിപോലും.

പുലരാറായ്‌,  തുയിലുണരാറായ്‌  
എല്ലാരേയുമുണർത്താറായ്,
കണ്ണിണപൊത്തിക്കൊണ്ടെയിരുത്തി-
യരുമകളെ നൽക്കണി കാണാൻ

കിഴക്കു ദിക്കിലെ കറുകപ്പുല്ലിൻ 
നാമ്പിനുമീ മാമ്പൂക്കൾക്കും 
കാലിയ്ക്കും പൂങ്കിളികൾക്കും 
സകലചരാചരപ്രകൃതിയ്‌ക്കും 

കണി കാണിയ്ക്കും മുത്തശ്ശി, 
നന്മ വിളങ്ങും മുത്തശ്ശി, 
പ്രകൃതിയുമീശനുമൊന്നാണെ-
ന്നരുളിയ വിഷുവെൻ മുത്തശ്ശി! 

രാവും പകലും തുല്യം* താൻ 
ഈശ്വരനുള്ളിൽക്കുടികൊൾകിൽ 
എന്നൊരു സത്യം പറയാനായ്  
വിഷുമുത്തശ്ശി വന്നെത്തി !!



(* വിഷുസദ്യയിൽ മുൻപനായ ചക്കയെ വിഷു നാളിൽ പര്യായ പദമായ  പനസം എന്നേ പറയാവൂ എന്നാണത്രേ. )

(* വിഷുദിനത്തിൽ എപ്പോഴും രാവിനും പകലിനും തുല്യ നീളമായിരിക്കും)

(* വിഷുദിനത്തിൽ എപ്പോഴും രാവിനും പകലിനും തുല്യ നീളമായിരിക്കും)