Followers

Monday, November 16, 2015

ധ്യാനം

വിശ്വമാകുമീ വെണ്ണക്കുടം  തന്നി-
ലുള്ള മായാനവനീതമൊക്കെയും 
നീ കവർന്നുവോ  ഇപ്രപഞ്ചത്തിനെ
ചൂഴ്ന്നുനിൽക്കും രഹസ്യങ്ങളൊക്കെയും !

വിണ്ടലം കണ്ടുയരുമെന്നാശകൾ 
കണ്ടു മാറിനിന്നൂറിച്ചിരിച്ചിടാ-
തൊന്നുവന്നെൻറെ കൂടെ നടക്കുക, 
നിൻറെ കൈവിരൽത്തുമ്പാൽ നടത്തുക! 

ഇന്ദ്രിയക്കരിംകാളിന്ദിയിൽ ഫണ-
മായിരം വിരിച്ചാടുന്ന കാളിയ-
സർപ്പമാകുമെന്നാഗ്രഹപാശത്തിൻ 
കെട്ടഴിച്ചെന്നെ മുക്തമാക്കീടുക!

അന്നു നീയുരൽ കെട്ടിവലിച്ച പോ-
ലിന്നു നീയെൻറെ ചഞ്ചലചിത്തത്തെ
എങ്ങുകെട്ടി വലിക്കുന്നു? ഞാനതിൻ 
പിൻപേയോടിക്കിതയ്ക്കുന്നിതെൻ കൃഷ്ണാ ! 

കുഞ്ഞുവായ്‌ തുറന്നന്നു യശോദയെ 
അത്ഭുതത്തിലാറാടിച്ച പോലെയി-
ന്നെന്നിലും  നിന്‍റെ വിശ്വരൂപം പകർ-
ന്നാടുകയെന്നെ  പാടെ മറയ്ക്കുക ! 

കണ്ണടച്ചു ഞാൻ ധ്യാനിച്ചിരിക്കയാ-
ണെന്നിൽ നീയൊളിക്കുന്നിടം കാണുവാൻ 
നീയിരിക്കുന്ന ശ്രീലകമാകുമെൻ 
ഹൃത്തിലേക്കുള്ള പാത തെളിയ്ക്കുക!  

ജീർണമാകുമെൻ ജീവിതത്തിന്നവൽ 
ക്കെട്ടിൽ നിൻ വിരൽത്തുമ്പു മുട്ടീടുകിൽ 
പൂർണമായിടുമെന്നുടെ ജീവിതം  
കൊണ്ടു ഞാൻ ചെയ്ത കർമ്മങ്ങളൊക്കെയും!  

Friday, November 6, 2015

മഴയറിവ്(കുട്ടിക്കവിത)



കുട്ടി:

ഊഴിയിലാദ്യ മഴത്തുളികൾ 
ആരു തളിച്ചെന്നറിയാമോ?
മഴയോ പുഴയോ ആരമ്മേ 
മുമ്പുയിർ കൊണ്ടതു ചൊല്ലമ്മേ!

അമ്മ: 

ആരാരാദ്യം എന്നൊരു പോ-
രുണ്ടാവരുതീ ലോകത്തിൽ 
എന്നു നിനച്ചുടയോനന്നേ 
സൃഷ്ടിച്ചെല്ലാം ചാക്രികമായ്! 


വിത്തിന്നുള്ളിൽ ചെടിപോലെ 
ചെടിയിൽ വിത്തിൻ കുലപോലെ 
ആരു പിറന്നീ ലോകത്തിൽ 
ആദ്യം എന്നത് ആരറിവൂ!

ആദിയുമന്ത്യവുമീശൻ താൻ 
എന്നു നിനച്ചീയുലകത്തിൻ 
മഹിമകൾ കണ്ടേ വളരുക നീ 
അറിവിൻ മണികളണിഞ്ഞീടാൻ 


കുട്ടി:

ഉലകിതിലീശ്വരനരുളുന്നു  
എന്നതു ഞാനിന്നറിയുന്നു 
എങ്കിലുമറിയാൻ കൊതിയമ്മേ 
മഴ പെയ്യും വിധമേതമ്മേ?

അമ്മ: 

സൂര്യൻ തന്നുടെ താപത്താൽ 
മേദിനി തന്നിലെ നീർമണികൾ 
ബാഷ്പാകാരം പൂണ്ടുയരും 
നീരദപാളികളായ് മാറും 

വിങ്ങും മാനവനെഞ്ചം പോൽ 
തിങ്ങും ജലധം ഭാരത്താൽ 
ഘനമതു  താങ്ങാനാകാതെ 
മേഘം കറുകറെയിരുളാകും 

ഭാരം മുഴുവൻ വന്മഴയായ് 
ഭൂമിയിലേക്കു പതിച്ചീടും  
നീർമണിതൻ കുളിർസ്പർശത്താ-
ലുർവ്വരയാകുമിളാദേവി 

സഹവാസത്തിൻ സംഹിതകൾ 
നിറയുമൊരത്ഭുതബ്രഹ്മത്തിൽ 
കഴിയും കൃമിയാം മാനവനോ 
അറിയുന്നില്ലാ സത്യത്തെ!

കുട്ടി: 

പ്രകൃതിയിലീശ്വരചൈതന്യം 
നിറയും നന്മകൾ കാണുമ്പോൾ 
പാമരനായ് ഞാൻ  മാറീടാൻ 
പാടില്ലതു ഞാനറിയുന്നു ! 
പാമരനായ് ഞാൻ  മാറീടാൻ 
പാടില്ലതു ഞാനറിയുന്നു !

Thursday, November 5, 2015

തിരിച്ചുകൊടുക്കൽ

"പഴയ കുപ്പി, പാട്ട,  ചെമ്പ്, പാത്രം...
കൊടുക്കാനുണ്ടോ?
പഴയ കുപ്പി,പാട്ട, ചെമ്പ്, പാത്രം...
കൊടുക്കാനുണ്ടോ?"

"ഉണ്ടേ... ഉണ്ടേ,  ഒന്ന് നിക്കണേ, 
ഒരു പഴയ പുരസ്കാരം...!
കഴിഞ്ഞ തവണ 
പഴയ തുണികൾ കൊടുത്ത്  
നിങ്ങളെ പോലെ മറ്റൊരാളുടെ 
കയ്യിൽ നിന്ന് വാങ്ങിയതാ.

കുറ്റം പറയരുതല്ലോ! 
അത് ഒരു നല്ല  മുതലായിരുന്നു 
എത്ര പേരാ അത് കണ്ട് 
കൊതിച്ചത് !
അഭിനന്ദിച്ചത്,  തലയിലേറ്റി നടന്നത്!
എന്തൊരു അഭിമാനമായിരുന്നു! 
പ്രശസ്തി വാനോളം ഉയർന്നില്ലേ! 
പക്ഷെ, തിരിച്ചിട്ടും മറിച്ചിട്ടും 
ഉപയോഗിച്ച് ഉപയോഗിച്ച് 
ഇപ്പോൾ തേഞ്ഞ് വക്ക് പൊട്ടി 
ആർക്കും വേണ്ടാതായിരിക്കുന്നു.
ഇനി പുതിയതൊന്നു വാങ്ങണം 
ഇതെടുത്ത് പുതിയതൊന്ന് 
തരാനുണ്ടോ? ഇതിലും തിളക്കം ഉള്ളത്?"

"ഓ! പഴയതാണെന്നു വച്ച്  എന്തിനെങ്കിലും പ്രയോജനപ്പെടണ്ടേ !
ഇതിലിനി കാലണയ്ക്കുള്ള ചെമ്പില്ലല്ലോ സാറേ!
ഇത്രയും തേഞ്ഞ് തീരുന്നതിന് മുൻപ് 
തിരിച്ച് തരാമായിരുന്നില്ലേ? 
പിന്നെ ഇതിൻറെ കൂടെ 
വേറെ ചില സാധനങ്ങൾ കൂടെയുണ്ടായിരുന്നില്ലേ?
അതും കൂടി തന്നാൽ...വേണമെങ്കിൽ നോക്കാം"

"ഓ! അതോരോ ആവശ്യങ്ങൾ വന്നപ്പോൾ 
ഞാനെടുത്ത് ഉപയോഗിച്ച് പോയെന്നേ. 
ഇപ്പോൾ ഇതിനെന്ത് കിട്ടുമെന്ന് പറ."


"സാറിനോടുള്ള അടുപ്പം വച്ച് ഞാനിതെടുക്കാം 
പക്ഷേ എനിക്കും എന്തെങ്കിലും പ്രയോജനം വേണ്ടേ. 
അതുകൊണ്ട്...ഇതിൻറെ കൂടെ 
'പുരസ്കാരം തിരിച്ചുനൽകുന്നു' 
എന്നൊരു പ്രസ്താവന ഇറക്കണം 
ബാക്കി കാര്യം ഞാനേറ്റു!!
പിന്നെ... പകരം തരാനിപ്പോൾ അത്ര 
വില കുറഞ്ഞതൊന്നും എൻറെ കയ്യിലില്ല.
പ്രസ്താവനക്ക് എത്ര കിട്ടുമെന്നറിഞ്ഞിട്ട്‌ 
ഞാനിതിലേ വരാം. അപ്പൊ ശരി...

ങഹാ പിന്നെ..., 
ഇപ്പൊ ഈ തിരസ്കാര പ്രസ്താവന ഇറക്കി എന്ന് കരുതി വിഷമിക്കണ്ട. ഇനിയും ആവശ്യമുള്ളപ്പോഴൊക്കെ തിരസ്കരിക്കാം. ചുമ്മാ വായ്‌ കൊണ്ടങ്ങ്  പറഞ്ഞാൽ പോരേ സാറേ , നമുക്കെന്തു പാട്?! 
ഹി ഹി 
........................
........................
പഴയ കുപ്പി, പാട്ട, ചെമ്പ്, പാത്രം...
കൊടുക്കാനുണ്ടോ?
പഴയ കുപ്പി,പാട്ട, ചെമ്പ്, പാത്രം...
കൊടുക്കാനുണ്ടോ?"


Saturday, October 17, 2015

മുക്കുറ്റി - (നാട്ടുപൂക്കൾ)


മുക്കുറ്റി
ഗൂഗിൾ ചിത്രം


കുഞ്ഞുതെങ്ങെന്ന പോൽ നീളെ മുക്കുറ്റികൾ 
തിങ്ങും തൊടികൾക്കിതെന്തു ചന്തം!
സംയുക്തപത്രങ്ങൾ വൃത്തമൊത്തങ്ങനെ 
ഭൂമിമേൽ  പച്ചക്കുടകണക്കേ 

അക്കുടയ്ക്കുള്ളിൽനിന്നെത്തി നോക്കീടുന്നു 
കുഞ്ഞുമഞ്ഞപ്പൂക്കളിമ്പമോടെ 
ശാലീനഗ്രാമീണദേവത തന്നുടെ 
നാസികതന്നിൽ മൂക്കുത്തി പോലെ!

നിലവിട്ടുപൊങ്ങിടാത്തെങ്ങു പോലുള്ളതി-
നാൽ 'നിലംതെങ്ങെ'ന്നുമുണ്ടൊരു പേർ 
ഔഷധപൂരിതപുഷ്പദശങ്ങളി-
ലൊന്നിവളഞ്ചിതൾപ്പൂവുള്ളവള്‍ 

ഇദ്ദശപുഷ്പമണിഞ്ഞു തരുണിക-
ളുല്ലസിക്കും തിരുവാതിരനാൾ 
കർക്കിടകപ്പഞ്ഞമാസത്തിലും മുടി-
ച്ചാർത്തിലായ് ചൂടുമൈശ്വര്യത്തിനായ്  

ചിങ്ങത്തിൽ മാബലിത്തമ്പുരാനെയെതി-
രേൽക്കുവാൻ മുന്നിൽച്ചിരിച്ചുനിൽക്കും
കേരളമണ്ണിന്‍റെയോമനയായവൾ 
മാമാലനാടിൻ തനിമയിവൾ 

താഴ്മയോടെന്നുമീ ഭൂമിയിൽ ചേർന്നുനി-
ന്നീടുന്ന മുക്കുറ്റിയെത്ര ധന്യ!  
ആയുസ്സിവൾക്കൊരു വർഷം തികച്ചുമി-
ല്ലെങ്കിലുമാദരവുറ്റ  ജന്മം!

Friday, October 16, 2015

ആഗോളപതനം

 

സത്യങ്ങളൊക്കെയും പേടിച്ചരണ്ടൊരു 
മൂലയ്ക്കിരുന്നു  വിറച്ചിടുന്നു 
നൂതന മാദ്ധ്യമാധർമിഷ്ഠരാം തീവ്ര -
വാദികൾ തൻ നിഴൽ തട്ടിടാതെ 

സത്യം വളച്ചൊടിച്ചേതു രൂപത്തി ലും 
തൂക്കി വിൽക്കും പുതു മാദ്ധ്യമങ്ങൾ 
സത്യമൊഴിച്ചുള്ളതൊക്കെയും മേമ്പൊടി 
ചേർക്കും കലികാല  സഞ്ജയന്മാർ*!

സത്യം വെടിയാതെ സഞ്ജയനന്നു
കുരുടൻറെ കണ്ണിൻ വെളിച്ചമായി 
ഇന്നുള്ള സഞ്ജയർ കണ്ണിൽ പൊടിയിട്ട-
ണയ്ക്കുന്നു നാടിൻ  വെളിച്ചമെല്ലാം

കാലത്തെഴുന്നേറ്റുണർന്നാൽ പൊതുജന-
മൊക്കെയും പത്രപ്രവർത്തകന്മാർ! 
തന്തയെ തല്ലാനും തള്ളയെ കൊല്ലാനു-
മാഹാ! യീ സ്വാതന്ത്ര്യ സോഷ്യലിസം!!

തെക്കോട്ട് ചാഞ്ഞവൻ തെക്കിനെ വാഴ്ത്തിടും 
ഉത്തരം ചാഞ്ഞവൻ  വാഴ്ത്തും വടക്കിനെ 
തെക്കും വടക്കും വളയാത്ത സത്യ -
മടിച്ചുമുടച്ചുമവർ ഞെളിയും 

നാട് വാഴുന്നവർ കട്ടുമുടിക്കവേ  
നാറിയ തന്ത്രങ്ങൾക്കെന്തു പാപം?
മേലാകെ മുള്ളുമുരുക്ക് വളർന്നാ-
ലതും ചൊറിയാനുള്ളൊരായുധം താൻ!

എന്തൊരു സ്വാതന്ത്ര്യമെന്തു കുതന്ത്രവും 
കാട്ടുവാൻ പറ്റിയ കാലമത്രേ!
പരദൂഷണാർത്ഥമീ നാക്കെന്നു ചിന്തിച്ച് 
നാടു നീളെ വിഷം ചീറ്റിടുന്നു  

സ്വാര്‍ഥമോഹങ്ങളെ സാക്ഷാത്ക്കരിക്കുവാൻ 
പേക്കോലമാടുന്നു  പേയ് പിടിച്ചോർ 
ഇത്രമേൽ വേണമോ സ്വാതന്ത്ര്യമാരെയും
വ്യക്തിഹത്യക്കിരയാക്കിടുവാൻ?



"അന്യൻറെ നാസികത്തുമ്പിൽ നിലയ്ക്കു-
ന്നപരൻറെ സ്വാതന്ത്ര്യസീമയെല്ലാം"
ഈയുള്ളൊരാപ്തവാക്യം പഠിച്ചീടുകിൽ
തീരുന്നു മാലോക വൈരമെല്ലാം. 

ബുദ്ധിയെന്നുള്ളതലങ്കാരമാക്കിടാ -
തൊന്നുണർന്നീടാം നമുക്കിനിമേൽ 
കാകോള വാർത്തകൾ ചുട്ടെരിച്ചീടുവാൻ 
പ്രജ്ഞ തൻ ചൂട്ട് കത്തിച്ചു നിർത്താം.


(*കണ്ണുകാണാത്ത ധൃതരാഷ്ട്രർക്ക്‌ വേണ്ടി  മഹാഭാരതയുദ്ധം തത്സമയ സംപ്രേക്ഷണം നടത്തിയ വ്യക്തിയാണല്ലോ സഞ്ജയൻ!) 

Thursday, September 24, 2015

ചരിത്രാവശേഷം

ചരിത്രം വിചിത്രമേതേതു  സത്യമീ 
തലമുറകൾക്കു പകർന്നു നൽകാൻ ?

പുസ്തകത്താൾ വരികൾക്കിടയിൽ
ശബ്ദമില്ലാതൊളിക്കുന്നുവോ ചരിത്രം?

ഒരു നാളിരുണ്ടു വെളുത്തിടും നേരം 
പൊയ്യായിടാമറിഞ്ഞ  ചരിത്രമെല്ലാം! 

കർമ്മ പർവ്വമഴിഞ്ഞു  കഥാവശേഷരായ് 
ധർമ്മമറിഞ്ഞു വാണ കോടി മഹാരഥർ 

പിന്നൊരു നാളിലോ കേൾപ്പൂ, പാപികൾ,
ഇവരല്ലോ പൈതൃക കുലം മുടിച്ചവർ !

ആരാരു യുദ്ധം ചെയ്തവരാർ ജയിച്ചവർ 
വീറോടെ മണ്ണിനെ കാത്തു പിടിച്ചവർ  ?

ചതിയാരു ചെയ്തവരാരിരയായവർ 
കഥകളൊന്നൊന്നായ്‌ നീ കഥയ കാലമേ!

കാലമെത്ര കളഞ്ഞുവിക്കാലമത്രയും 
ഇക്കാണായ  ചരിത്രമോർത്തു വക്കുവാൻ!

ഇക്കാലഗതിയൊന്നു പിന്നോട്ടു പായുകി-
ലറിഞ്ഞു വരാമതു  സത്യമസത്യഭേദം ! 

ഇന്നീ നിമിഷമൊരു ചരിത്രമായിടും നാളെ, 
പോരുമെത്ര പേരതിൽ പൊയ് കലക്കുവാൻ?

കളവു  താൻ  മുഖമുദ്രയിക്കാലഘട്ടത്തി-
ലറിയാ ചരിത്ര വഴികളേ നേർ നയിക്ക നീ

നിജമായുള്ള കഥയറിയുവാനുള്ള വ്യഥയി-
ലലയുമിനിയും ചരിത്രമെഴുതും ഭഗീരഥർ  

ആർ  കുറിക്കുന്നുവാർ തിരുത്തുന്നൂ ചരിത്രം? 
തൃക്കണ്ണേ! തൃകാല ജ്ഞാനിയാകാമിനി !



Saturday, September 19, 2015

പട്ടിയും കഴുതയും



പട്ടിക്കും വരുമൊരു ദിനമെന്നൊരു 
ചൊല്ലു ഫലിച്ചൊരു കാലത്തിങ്കൽ 
ഭാരതമാകെ പെരുകും പട്ടികൾ 
തെരുവുകൾ തോറും വാണരുളുന്നു 

പലവഴി പോകാനുള്ളവർ, കാൽനട 
യെന്നൊരു ശരണം തണലായുള്ളവർ 
എതിരെ വരുന്നൊരു ശ്വാനൻ തന്നുടെ 
കടി കൊണ്ടയ്യോ പല വഴിയായി 


ഇന്നലെയീവഴി പോയൊരു കുഞ്ഞിൻ 
ദേഹം  ശ്വാനൻ പിച്ചിച്ചീന്തി  
കുട്ടികൾ പേടിച്ചകമേയൊളിച്ചിനി 
യെങ്ങിനെ വിദ്യാലയമെത്തീടും ?

കൊട്ടാരങ്ങൾ തന്നുടെയകമേ 
വാഴും  മണ്ണു തൊടാ മന്നന്മാർ 
പട്ടികൾ തന്നുടെ വീര ചരിത്രം 
പാടിപ്പാടിക്കരളുരുകുന്നു 

നാൽച്ചക്രത്തിൻ മേലെയിരുന്നു  
സവാരി നടത്തും നായ് സ്നേഹികളോ 
ചൊല്ലുന്നൂവൊരു "പട്ടി കടിച്ചൊരു 
കുട്ടി മരിച്ചാലെന്തിനു ബഹളം? 

നാട്ടുനടപ്പതു, നായ്ക്കൾക്കിവിടെ 
ചോദിക്കാനാൾക്കാരുണ്ടല്ലോ "
പൊതുജനമെന്നൊരു കഴുതയുമൊരു  മൃഗ-
മെങ്കിലുമവനൊരു വിലയില്ലല്ലോ!!

കുട്ടികൾ തന്നുടെയുന്നമനത്തിനു 
കെട്ടിയൊരുങ്ങിയൊരായമ്മക്കോ  
ഇക്ഷിതി തന്നിലെ പട്ടികളോടാ-
ണിത്തിരിയധികം പക്ഷാഭേദം !

പട്ടി കടിക്കാനോടിക്കുമ്പോൾ 
കയറേണം പോൽ വൃക്ഷത്തിൻ മേൽ!
ഒട്ടുമമാന്തിക്കരുതിനി  കഴുതകൾ  
ശീലിച്ചിടുക  മരം കേറ്റമുടൻ! 

മൃഗസംരക്ഷണമെന്നൊരു പേരിൽ 
നടവഴി നായ്ക്കു പതിച്ചു കൊടുക്കും 
നടപടി ശരിയോ ചൊല്ലൂ, നായ്ക്കും 
ഗുണമില്ലാതെ ഭരിക്കുന്നവരേ? 

ഉള്ളം കയ്യിൽ  അധികാരത്തിൻ 
തണ്ടു മുറുക്കിയിരിക്കുന്നവരേ 
കണ്ടിട്ടിങ്ങനെ മിണ്ടാതയ്യോ 
കണ്ണും മൂടിയിരിക്കുവതെങ്ങിനെ?

കണ്ടില്ലെന്നു നടിച്ചും കൊണ്ടിനി 
യിങ്ങനെ ഭരണം തുടരുന്നെങ്കിൽ 
ശ്വാനന്മാർക്കും വോട്ടവകാശം 
നൽകുക നാളെ ജയിക്കണമെങ്കിൽ!! 

Saturday, September 12, 2015

ഒരു കുട്ടിക്കവിത

തൊട്ടാവാടി
ഗൂഗിൾ ചിത്രം 


കുട്ടി:
തൊട്ടാവാടീ തൊട്ടാവാടീ  
തൊട്ടാൽ വാടുവതെന്തേ?
മൊട്ടിട്ടോ നിൻ പട്ടുമനസ്സിൽ 
ഒട്ടൊരു പരിഭവമുകുളം?

മുള്ളു നിറഞ്ഞൊരു മേനിയ്ക്കുള്ളിൽ 
ലജ്ജ തുളുമ്പും ഹൃദയം 
എങ്ങനെ വന്നൂ പറയാമോ നീ 
കൂമ്പിയ മിഴിയഴകാളേ?!  

തൊട്ടാവാടി:
ഇഹലോകത്തിരുവാരിധിയിൽ പര-
നെന്നെ സൃഷ്ടിച്ചപ്പോൾ 
അരിയൊരു  ചെടിയാമെന്നുടെ കാതിൽ 
മന്ത്രിച്ചിങ്ങനെ പതിയെ...

"നല്ല മനസ്സാൽ തൊട്ടോർ  നിന്നുടെ   
നാണം കണ്ടുമയങ്ങും   
കള്ളമനസ്സാൽ തൊട്ടോർ കൂർത്തൊരു 
മുള്ളു തറച്ചു മടങ്ങും "

കുട്ടി: 
പാടലവർണമിയന്നൊരു പുഷ്പ-
സമൂഹം കണ്ടാലാഹാ!
കുട്ടിക്കതിരോൻ നിൻ മുടിമേലെ 
കതിരൊളി വീശിയ പോലെ!

നേർത്തു കൊലുന്നോരിലകൾ മെല്ലേ-
യൊന്നൊന്നായിക്കൂമ്പും 
മായാജാലംതന്നുടെ പൊരുളീ 
ബാലകരോടുരയാമോ?

തൊട്ടാവാടി: 
ഇലയും തണ്ടും ചേരും ഭാഗ-
ത്തനവധി കോശസമൂഹം 
എന്നുടെ മേനിയിലുണ്ടവ നീരിൻ 
നിറകുടമാണെന്നറിയൂ 

നിങ്ങൾ തൊടുമ്പോൾ നീർത്തുള്ളികളെൻ 
തണ്ടിൽ കയറിയൊളിക്കും 
മർദ്ദമൊഴിഞ്ഞെന്നിലകൾ പതിയെ 
മൗനസമാധിയിലമരും

കുട്ടി: 
അപ്പോൾ നിന്നെക്കണ്ടാലീശ്വര- 
നാമം ചൊല്ലുംപോലെ 
അർദ്ധനിമീലിതമിഴികളിയന്നൊരു 
വ്രീളാവതി നീയപ്പോൾ!

ഇരവിൽ കുട്ടികളാരും നിന്നുടെ 
യരികിൽ വന്നില്ലല്ലോ 
ആരും തൊട്ടതുമില്ലെങ്കിലുമീ 
കള്ളമയക്കമിതെന്തേ?  

തൊട്ടാവാടി: 
പകലോൻ വെട്ടമണച്ചുകഴിഞ്ഞാ-
ലിത്തിരി ഭയമുണ്ടുള്ളിൽ 
അപകടസൂചന കിട്ടുകിലുടനെ 
കണ്ണുമടച്ചുകിടക്കും 

നിന്നുടെ പുസ്തകസഞ്ചിയിലെന്നുടെ 
യാത്മച്ചരിത്രമതില്ലേ?
അക്കഥ വായിച്ചെത്തിയ നിന്നെ 
തൊട്ടുമയക്കാൻ മോഹം. 


കുട്ടി: 
തൊട്ടാൽ  വാടാൻ തൊട്ടാവാടി- 
ച്ചെടിയല്ലല്ലോ പൊന്നേ 
അറിയാനുള്ളൊരു കൗതുകമോടെ 
ചുറ്റും ഞാൻ ചെറുബാലൻ 

അനവധിയനവധി മായാജാല
ച്ചെപ്പിൻ കുടമീ പ്രകൃതി 
അറ്റം മുതലേ ചുറ്റിക്കാണാ-
നിച്ചെറുജന്മം മതിയോ?! 


Monday, September 7, 2015

ഊന്നുവടി


ഏറെ ദൂരമീ കാനനപ്പാതയിൽ 
ഏകയായേറ്റമേറും പഥികയായ് 
മേലെ മേലെയാ ലക്ഷ്യത്തിലെത്തിടാൻ 
താണ്ടണം കാതമേറെയിതു വഴി 
എറിടും കിതപ്പാറ്റുവാനിത്തിരി 
നേരമിത്തരുവേരിലിരിക്കവേ  
താഴെ വീണു കിടക്കുമൊരു മര-
ച്ചില്ല തന്നിലുടക്കി മിഴികളും 
ആയുസ്സറ്റു പതിച്ചൊരാ ശാഖയെ 
ഊന്നിയൂന്നി പ്രയാണം തുടരവേ
ഓർത്തു, ജീവൻ വെടിഞ്ഞൊരീ ശാഖയും 
ആറ്റിടുന്നിടനെഞ്ചിൻ കിതപ്പിനെ  
വയ്യിനി മേലെയേറുവാനെന്നൊരു 
ചിന്ത വന്നുതടഞ്ഞൊരു നേരവും
പിന്നിലേയ്ക്കാഞ്ഞുതാഴുമൂന്നുവടി 
മുന്നിലേക്കുനയിച്ചൂ പദങ്ങളെ 
ഇവ്വിധമാ മഹാലക്ഷ്യമെത്തവേ  
വിശ്വസിക്കുവാനാകാതെ നിന്നുപോയ് !
തന്നെയും മറന്നെല്ലാം  മറന്നുപോയ്‌ 
പിന്നെയൂന്നുവടിയെ മറന്നു പോയ്‌!
കൈ പിടിച്ചു കയറ്റിയ ശാഖയോ-
ടൊന്നു നന്ദി ചൊല്ലാനും മറന്നുപോയ്‌ 
അക്കയറ്റം കയറിക്കഴിഞ്ഞൊരു 
ദിക്കിലെങ്ങോയെറിഞ്ഞൊരാ ചില്ലയെ...

ഇന്നിറക്കത്തിനുള്ള സമയമായ് 
കുത്തനെ പാത താഴോട്ടൊഴുകയായ് 
വച്ച കാലടിയൊക്കെയിടറവേ
കീഴെയെത്തുവാൻ മാർഗം പരതവേ 
വീഴ്ച തന്നുടെയാക്കം കുറയ്ക്കുവാൻ
താങ്ങ് വേണമെന്നുള്ളം കൊതിക്കവേ  
ഓർത്തു, കേറ്റത്തിലായാസമൊക്കെയും 
ഏറ്റെടുത്തോരുണങ്ങിയ ശാഖയെ 
എങ്ങെറിഞ്ഞു കളഞ്ഞുവാ ചില്ലയെ 
കണ്ടെടുക്കുവാനെന്തൊരു പോംവഴി?
ചുറ്റിലും തിരഞ്ഞാകെ വലഞ്ഞൊരാ 
വേളയിൽ മനം പശ്ചാത്തപിക്കയായ് 
മേൽഗതിക്കുപകാരമായ് തീർന്നൊരു 
പുൽക്കൊടിയിലും ദൈവമുണ്ടെന്നതും 
കാര്യസാദ്ധ്യo   കഴിഞ്ഞുവെന്നാകിലും  
ഓർമ്മകൾ മറന്നീടരുതെന്നതും
പാതകൾ പിന്നിടുമ്പൊഴും  ജീവിത-
പാതയാകെ  പതിക്കുന്നുവീ മൊഴി!


Sunday, August 23, 2015

പുസ്തകപരിചയം - ശ്രീ വിത്സൺ ഐസക് തയ്യാറാക്കിയ ദയാബായിയുടെ ആത്മകഥയായ 'പച്ചവിരൽ' എന്ന പുസ്തകത്തിനെ ആധാരമാക്കി എഴുതിയത്

ദയാബായ് - ദയ എന്ന വികാരം നാം മറ്റുള്ളവർക്ക് നേരെ കാണിക്കേണ്ട ഔദാര്യമല്ല, മറിച്ച് നമ്മുടെ പൂർണ മനസ്സാലെ ഉള്ള ഉത്തരവാദിത്തവും ആവശ്യവും ആയിരിക്കണം എന്ന് തൻറെ ജീവിതം മാതൃകയാക്കി സമൂഹത്തോട് വിളിച്ച് പറയുന്ന   വ്യക്തിത്വം. പാലായിലെ പൂവരണിയിൽ ജനിച്ച മേഴ്സി മാത്യു ദയാബായ് ആയതിനു പിന്നിലെ നിശ്ചയദാർഡ്യത്തിൻറെയും സഹനത്തിൻറെയും  നാൾവഴികളിലൂടെ ഉള്ള, ഇപ്പോഴും തുടരുന്ന ഒരു യാത്രയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഒരിക്കൽ അവരെ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്കായി നടത്തിവരാറുള്ള  വാർഷിക ക്യാമ്പിൽ വച്ച്. അന്ന് അവരെ കുറിച്ച് മനസ്സിൽ വരച്ചിട്ട ചിത്രത്തിൻറെ മിഴിവിൽ ആണ് ഈ പുസ്തകം വായനക്ക് തിരഞ്ഞെടുത്തത്. എന്തായാലും വായന എന്നെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല പല തിരിച്ചറിവുകൾക്കും കാരണമാകുകയും ചെയ്തു. ഇന്ത്യയുടെ പല ഭാഗത്തുമുള്ള ഗോത്രവർഗ മേഖലകളിലെ, പ്രത്യേകിച്ചും ഗോണ്ട് വിഭാഗത്തിൽ പെട്ടവരുടെ, അധികം ആരുമറിയാത്ത ജീവിതരീതികൾ ഭംഗിയായി അവതരിപ്പിക്കുന്ന ഈ പുസ്തകം ചെറുതും വലുതുമായ അധികാരക്കോമരങ്ങൾ അവർക്ക് നേരെ നടത്തി വരുന്ന നിരന്തരമായ ചൂഷണങ്ങളുടെ നേർക്കാഴ്ചയാണ്. ആദിവാസികൾക്ക് നേരെയുള്ള  ഇത്തരം ചൂഷണങ്ങൾ   നമ്മുടെ കൂടി പ്രശ്നമാണെന്ന സാമൂഹ്യ പ്രതിബദ്ധത  എന്തുകൊണ്ട് നമ്മിൽ ഉണ്ടാകുന്നില്ല എന്ന കുറ്റബോധം വായനക്കാരിൽ  ഉണർത്താൻ കെൽപ്പുള്ള ഒരു വായന  സമ്മാനിക്കുന്നുണ്ട് പച്ചവിരൽ.  ഒരു സാങ്കൽപ്പിക കഥയേക്കാൾ സംഘർഷഭരിതമായ അനുഭവങ്ങളുടെ സത്യസന്ധമായ രേഖപ്പെടുത്തൽ ആണ് ഈ പുസ്തകം. 


 സ്ത്രീസ്വാതന്ത്ര്യം എന്നത് ആണുങ്ങൾ ചെയ്യുന്നത് മുഴുവൻ ഞങ്ങൾക്കും ചെയ്യണം എന്ന ഇന്നത്തെ തലമുറയുടെ നിരർത്ഥകമായ ദുർവാശിയല്ല, മറിച്ച് തന്റെ ഇടപെടലുകൾ സമൂഹത്തിലെ അധ:സ്ഥിതർക്ക് ഉതകുന്ന വിധത്തിൽ  ചിട്ടപ്പെടുത്താനുള്ള ചങ്കൂറ്റവും അതിനായി തൻറെ എല്ലാ സുഖസൗകര്യങ്ങളുടെയും ധാരാളിത്തത്തി ൻറെയും വേലിക്കെട്ടുകൾ  പൊളിച്ച് പുറത്തു വരലാണെന്നും, അതിലേക്കായി തൻറെ ജന്മം സ്വതന്ത്രമാക്കി  വക്കലാണെന്നും ഉള്ള സന്ദേശം വരികൾക്കിടയിൽ നിന്ന് നമുക്ക് കണ്ടെത്താൻ കഴിയും. അങ്ങിനെ ഒരു സ്വാതന്ത്ര്യം വേണമെന്ന് ഒരു സ്ത്രീ എന്നല്ല, മനുഷ്യനായി പിറന്ന ഒരാളും സ്വമനസ്സാലെ  ആഗ്രഹിക്കുക വിരളമാണ്. കാരണം ആ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി, തനിക്കു തോന്നിയ വസ്ത്രം ധരിക്കുന്നത് പോലെയോ, തെരുവിലിറങ്ങി ചുംബിക്കുന്നത് പോലെയോ അത്ര അനായാസകരമല്ല. അത്, സ്വന്തം ജീവിതം അപ്പാടെ, വിജയം ഉറപ്പില്ലാത്ത ഒരു ലക്ഷ്യത്തിനായി  ഉള്ള നഷ്ടപ്പെടുത്തലാണ്. അങ്ങിനെ നഷ്ടപ്പെടുത്താനുള്ള മാനോധൈര്യവും സ്വാതന്ത്ര്യവും  നേടിയെടുത്ത അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളെയാണ് ഈ പുസ്തകം നമുക്ക്പരിചയപ്പെടുത്തുന്നത്.യേശുക്രിസ്തുവിലൂടെയും , ശ്രീബുദ്ധനിലൂടെയും  നാം അറിഞ്ഞ അതേ ത്യാഗം തന്നെയാണ് ദയാബായ് എന്ന വ്യക്തിയിലും നമുക്ക് ദർശിക്കാനാവുക. 


ഈ പുസ്തകത്തിന്‌ 'പച്ചവിരൽ' എന്ന പേര് ഏറ്റവും അന്വർത്ഥമാണ്. ആംഗലേയ ഭാഷയിൽ 
" having a green finger"  അല്ലെങ്കിൽ "having a green thumb"എന്ന്പറഞ്ഞാൽ to be good at keeping plants healthy and making them grow എന്നാണ് അർത്ഥം. അതായത് സസ്യലതാദികളുടെ പരിപാലനത്തിൽ പ്രത്യേക കൈപ്പുണ്യം ലഭിച്ചയാൾ, കാർഷിക വൃത്തിയിൽ കഴിവുറ്റ വ്യക്തി എന്നെല്ലാം അർത്ഥം. അങ്ങിനെ ഒരു പച്ചവിരലുമായി ജനിച്ച ദയാബായിയുടെ ആത്മകഥയ്ക്ക് ഇതിലും അനുയോജ്യമായ പേര് ഇല്ല തന്നെ! പുസ്തകത്തിലെ  പച്ചവിരൽ( മൂന്ന്), പ്രകൃതിക്ക് കൊടുക്കുക (നാല്)  തുടങ്ങിയ അദ്ധ്യായങ്ങൾ കാർഷികവൃത്തിയോട് കുഞ്ഞുമേഴ്സിക്കുണ്ടായിരുന്ന അഭിനിവേശം പിന്നീട് ദയാബായ് എന്ന പേരിലറിയപ്പെടാൻ തുടങ്ങിയ കാലത്ത് പ്രകൃതിയോടു ആകമാനമുള്ള കരുതലും പ്രതിബദ്ദതയും ആയി മാറിയ കഥ പറയുന്നു. സ്കൂൾ പഠന കാലത്ത് നഗരത്തിലേക്ക് വിനോദയാത്ര പോയപ്പോൾ സഹപാഠികൾ റിബണും കണ്മഷിയും മറ്റും വാങ്ങിയ സമയം   കുഞ്ഞുമേഴ്സി വാങ്ങിയത് ഒരു സപ്പോർട്ടച്ചെടിയും കറുവാമരത്തൈയും ആണത്രെ! ടീച്ചർമാരും, കൂട്ടുകാരും ബന്ധുക്കളും കളിയാക്കിയപ്പോഴും പപ്പയുടെ വാക്കുകളിൽ അഭിനന്ദനം! ആ പ്രോത്സാഹനം എന്നും മേഴ്സിക്ക് കരുത്തേകി. "കൃഷി ജൈവപരമായ ഒരു കർമ്മമായിരിക്കണമെന്ന തീർച്ച", ബറൂളിലെ ഗോത്രഗ്രാമങ്ങളിലെ  മണ്ണു സംരക്ഷണത്തിൻറെയും ജലസംരക്ഷണത്തിൻറെയും പ്രകൃതിപാഠങ്ങൾക്ക് അടിവളമായി.  "ബഹൻജി , നിന്റെ പുണ്യഭൂമിയുടെ മുന്നിലൂടെ പോകുമ്പോൾ മാത്രം ചൂടുകാലത്തും പ്രത്യേകമായ തണുപ്പാണ്" എന്ന്  ബറൂളിലെ ഗ്രാമീണർ പറയുന്നതായുള്ള ആ വാചകം വായിക്കുമ്പോൾ വായനക്കാരുടെ മനസ്സിലും ആ തണുത്ത കാറ്റടിക്കും.


മേഴ്സിയുടെ ത്യാഗം ആ അച്ഛനമ്മാമാരുടേത്‌  കൂടിയാണ്. തൻറെ മകൾ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അല്ലെങ്കിൽ സമൂഹം നിർവചിച്ചിട്ടുള്ള വഴിയിലൂടെ  മാത്രം  മുന്നേറണമെന്ന് അവർ ശഠിച്ചിരുന്നെങ്കിൽ മേഴ്സി , നാട്ടുനടപ്പിനൊത്ത പദവികളും പ്രതാപവും  എടുത്തു ചാർത്തിയ ഒരു സാധാരണക്കാരി മാത്രമേ ആവുമായിരുന്നുള്ളൂ. 

 ദയാബായ്  'ഹ്യൂമൻ ഫേസസ്' എന്ന കവിത എഴുതാനിടയായ സംഭവം വിവരിക്കുന്നുണ്ട്, 'കഹാം ജാ രഹീ ഹേ ' എന്ന അധ്യായത്തിൽ. ഒരു ശരാശരി മലയാളി മറ്റുള്ളവരെ അളക്കാൻ ഉപയോഗിക്കുന്ന അളവുകോലുകൾ കൃത്യമായി വരച്ചുകാട്ടിയിരിക്കുകയാണ് ചുരുങ്ങിയ വാചകങ്ങളിൽ. പുതിയ കാലത്തിൻറെ പരിഷ്കാരക്കോലം കെട്ടാത്ത മനുഷ്യജീവികളെ "സാധനമായി" മാത്രം കാണുന്ന മലയാളിയുടെ  കാഴ്ചപ്പാടിൻറെ  നേർചിത്രമാണത്. 

പുറംലോകത്തിലെ പരിഷ്ക്കാരികളായ മനുഷ്യരെ എന്നും സംശയത്തോടെയും ഭയത്തോടെയും മാത്രം നോക്കുന്ന ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ അവരുടെ വിശ്വാസവും സ്നേഹവും പിടിച്ചെടുത്തെങ്കിലേ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനാവൂ എന്ന് ദയാബായ്ക്ക് അറിയാമായിരുന്നു. അതിനാൽ തനിക്ക് ലഭിച്ചേക്കുമായിരുന്ന ആർഭാടവും സൗകര്യങ്ങളും സ്വമനസ്സാലെ ഉപേക്ഷിച്ച്, വേഷം കൊണ്ടും മനസ്സ് കൊണ്ടും ജീവിതരീതികൾ കൊണ്ടും അവരിൽ ഒരാളായി  മാറുകയായിരുന്നു  ദയാബായ്.

 അധികാരവർഗത്തിൻറെ അനീതിക്കെതിരെയുള്ള തുറന്ന യുദ്ധമാണ് ദയാബായുടെ ജീവിതം. അതുകൊണ്ട് തന്നെ അവർക്കെതിരെ പല ആക്രമണങ്ങളും കള്ളക്കേസുകളും ഉണ്ടായി.  

ഗോണ്ടുകൾക്കിടയിലും  മറ്റു ആദിവാസി ഗോത്രങ്ങളിലെ ഗ്രാമീണർക്കിടയിലും ആദിവാസികളുടെ  അവകാശങ്ങളെ കുറിച്ച് നടത്തിയ ബോധവൽക്കരണപ്രവർത്തനങ്ങളുടെ വിവരണങ്ങൾ നമുക്ക് കാട്ടിത്തരുന്നത് അധികാരത്തിന്റെ കോട്ടകൾ അടക്കിവാഴുന്ന ജന്മികളുടെയും അവർക്ക് ദാസ്യവൃത്തി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും തനിനിറമാണ് . പലരുടെയും പേരുകൾ സഹിതം പരാമർശിച്ചിട്ടുണ്ട് പുസ്തകത്തിൽ.

ദയാബായുടെ അനുഭവങ്ങളുടെ ഭാണ്ഡം അഴിയുന്ന പലയിടത്തും നമുക്ക് നെഞ്ചിടിപ്പ് ഉയരും. അത്തരത്തിൽ ചിലതാണ് ബസൂരി ഗോത്രവർഗ ഗ്രാമത്തിലെ ചെറുപ്പക്കാരനും നല്ലവനുമായ പഞ്ചായത്ത് മെമ്പറും കുഞ്ഞും ഗുണ്ടകളുടെ ആക്രമണത്തിൽ ദാരുണമായി കൊല ചെയ്യപ്പെടുന്നതും (പേജ് 63,64) , ബംഗ്ലാദേശ് യുദ്ധകാലത്ത് അഭയാർത്ഥി ക്യാമ്പുകളിൽ സന്നദ്ധ സേവനം നടത്തുന്നതിനിടെ അവിടെ നടന്നതായി പറയുന്ന ക്രൂരക്രുത്യങ്ങളുടെ വിവരണവും.(പേജ് 85)


തിൻസൈ  ഗോത്ര ഗ്രാമത്തിൽ പ്രവർത്തിക്കുമ്പോൾ ദയാബായിക്കെതിരെ ഫോറെസ്റ്റു കാർ ചമച്ച  കള്ളത്തടിക്കേസ് സംഭവം (അദ്ധ്യായം 13), ഷാജികൈലാസ് സിനിമകളിൽ നായകനെതിരെ ഭീരുക്കളായ വില്ലന്മാർ കള്ളക്കേസുണ്ടാക്കി   അവസാനം തോറ്റ് തലയൂരുന്ന രംഗങ്ങളെ ഓർമിപ്പിച്ചത് ചിരിയുണർത്തി.


പുസ്തകത്തിൻറെ അവസാനത്തിൽ ഗ്രന്ഥ കർത്താവ്‌ വിത്സൺ  ഐസക് ചേർത്തിരിക്കുന്ന അനുബന്ധവും ഏറെ വിജ്ഞാനപ്രദമാണ്.


ഒരു വിധത്തിലുള്ള സ്വാർത്ഥ, രഹസ്യ താൽപ്പര്യങ്ങളുമില്ലാതെ  സ്വയം അർപ്പിച്ച് സഹജീവികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കണം എന്ന സ്വപനം ഉള്ളിൽ സൂക്ഷിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ നമുക്കിടയിൽ വംശം നിന്നുപോയിട്ടില്ലെങ്കിൽ അവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും. കച്ചവട താൽപ്പര്യം നോക്കാതെ ഇത്തരത്തിൽ ഒരു പുസ്തകം തയ്യാറാക്കി വായനക്കാർക്ക് എത്തിച്ചതിൽ ശ്രീ വിത്സൺ ഐസക്കും  പ്രസാധകനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. 

ഒരു നല്ല വായന ആശംസിച്ചുകൊണ്ട് 
സസ്നേഹം ഗിരിജ നവനീത്




Monday, August 17, 2015

സമീരം



സന്ധ്യനേരത്തു ചൂളംവിളിച്ചൊരു 
തല്ലുകൊള്ളിക്കാറ്റ് മൂളിപ്പറക്കുന്നു 
ചാരിയിട്ടൊരു ജാലകച്ചില്ലിലൂ -
ടൊച്ച വച്ചവനുള്ളിൽ കയറുന്നു 
ഉമ്മറത്തമ്മ കത്തിച്ചു വച്ചൊരു 
ഓട്ടുനിലവിളക്കൂതിക്കെടുത്തിയും 
ഭംഗിയായിട്ടടുക്കിയ പൂമുഖം 
ഒറ്റയോട്ടത്തിനാകെയുലയ്ക്കുന്നു 

കൊച്ചുതെമ്മാടിയെന്നുള്ള പേരിവ -
നുണ്ടു പണ്ടുപണ്ടേയുള്ള നാൾമുതൽ
പാതിരാവിലും കൂടണയാത്തൊരു 
ഊരുതെണ്ടിയീ പേടിയില്ലാത്തവൻ 

പൂത്തുലഞ്ഞ പൂവാടികൾ തോറുമേ
പാത്തുനിന്നു കവരുന്നു  പൂമണം
കട്ടെടുത്തൊരാ ഗന്ധം പരത്തിയും 
ഇന്ദ്രിയങ്ങളെ പാടേ മയക്കിയും 
പൂമ്പരാഗം പറത്തി, പ്രണയത്തി-
ലാണ്ട പൂക്കളിൽ വിത്തുരുവാക്കിയും 
ലാസ്യമോടെ നടക്കും ശുഭാംഗിതൻ 
ചാരുകേശത്തിലോടിക്കളിപ്പവൻ 


മാരിയിൽ നനയാൻ മടിച്ചോടി വ-
ന്നേറുമാടത്തിലേറും കിടാങ്ങളെ
ഏറുകണ്ണാൽ വികൃതി നിറച്ചുകൊ-
ണ്ടാകെയീറനുടുപ്പിച്ചു വീശിയും  
കാട്ടിലെ മുളംകൂട്ടിലൊളിച്ചിരു  -
ന്നീറയൂതുന്ന കാലിച്ചെറുക്കാനായ് 


കള്ളനെന്ന പേരുണ്ടിവനെങ്കിലും 
ഉള്ളലിവേറും  തലോടലീ മാരുതൻ 
അമ്മയാം പ്രകൃതിയ്ക്കൊന്നു നോവുകിൽ 
കാറ്റവൻ  ചുഴലിക്കടലായിടും  
നല്ലവനിവൻ, സഞ്ചരിച്ചീടുന്നു  
പാരിനാകെയും പ്രാണൻ കൊടുക്കുവാൻ 
വേഗമേറിയും മന്ദമായ് വീശിയും 
പാശമോടെയൊഴുകും   സമീരണൻ...  

Friday, August 14, 2015

യന്ത്രപ്പാവകൾ


ഇക്കൊച്ചു കുട്ടികളൊക്കെയുമെന്തീ
ചുമരുകൾക്കുള്ളിലൊളിച്ചിരിപ്പൂ സദാ?
ഇപ്രപഞ്ചത്തിലെക്കാണായ കാഴ്ചകൾ
നിങ്ങളെത്തേടിയല്ലോ തളിർപ്പൂ മുദാ!

കയ്യിൽ പലവിധ യന്ത്രങ്ങൾ, ഞെക്കിയാൽ
മുന്നിൽത്തെളിയുന്നു  ബ്രഹ്മാണ്ഡവുമതിൽ
ലോകം വിരൽത്തുമ്പിലായെന്നു കേമത്ത-
മോടെ ഞെളിയുന്നു പുത്തൻതലമുറ

സൃഷ്ടിതൻ നാദം ശ്രവിക്കാതെ കാതുകൾ -
ക്കുള്ളിൽത്തിരുകും ശ്രവണസഹായികൾ
സത്യമായ് ബ്രഹ്മമരികത്തു നിൽക്കിലും
പഥ്യമവർക്കതു ചിത്രമായ് കാണുവാൻ!

ചുറ്റിലും പൂത്തും തളിർത്തും കതിർക്കുല-
യേന്തിയ വൃക്ഷലതാദികൾ തേടുന്നു  
കുഞ്ഞുകരങ്ങൾ തൻ ലാളനത്തിൻ സുഖം
കിട്ടാക്കനിയതെന്നുള്ളു പറകിലും

ആടുന്ന വള്ളിയൂഞ്ഞാലുകൾ കാറ്റിനോ-
ടൊപ്പം തിരയുന്നു കൊച്ചുസതീർത്ഥ്യരെ,
തേനിനായ് പുഷ്പങ്ങൾതോറും തിരയും
ശലഭങ്ങൾ കൂട്ടിനായ് തേടുന്നു നിങ്ങളെ

പാട്ടു പഠിപ്പിച്ചിടുവാൻ വിളിക്കുന്നു
വീട്ടുതൊടിയിലെ പക്ഷികൾ കുഞ്ഞിനെ,
തോടും പുഴകളും തീരത്തിലെങ്ങുമേ  
പൈതങ്ങളാം കളിത്തോഴരെത്തേടുന്നു

കുട്ടികൾ വന്നുതൊടുന്നതും കാത്തുകാ-
ത്തുന്മേഷമറ്റു തൊട്ടാവാടി നിൽക്കുന്നു, 
മുറ്റത്തു കെട്ടിക്കിടക്കും മഴവെള്ള -
മോർക്കുന്നു കുഞ്ഞിൻ കടലാസുതോണിയെ

മാനത്തു വില്ലു വിരിയിച്ചുനിൽക്കുന്നൊ -
രേഴു നിറങ്ങളും ചോദിച്ചു നിങ്ങളെ
അത്ഭുതം കൂറുന്ന പിഞ്ചുമിഴികളെ
കണ്ടിട്ടു നാളുകളേറെയായെന്നവർ

തെക്കോട്ടു നീളുന്ന കുഞ്ഞുറുമ്പിൻ നിര
കുഞ്ഞിക്കുറുമ്പരെ കാണാൻ കൊതിച്ചു പോയ്‌,
മണ്ണിൽ ചെറുകുഴിയ്ക്കുള്ളിൽ കുഴിയാന
ബാലകരെക്കാത്തു കണ്ണു കഴച്ചുപോയ്‌

എങ്ങുപോയ്‌ കാണായ കുഞ്ഞുങ്ങളൊക്കെയെ-
ന്നിപ്രകൃതീശ്വരി സങ്കടംചൊല്ലുന്നു
നേരായ കാഴ്ചകൾ കാണാതെ നേരിനെ
മൂടും നിഴലിനെക്കണ്ടു ഭ്രമിപ്പവർ!

തൊട്ടരികത്തിരുന്നീടും സുഹൃത്തിനെ 
ചിത്രങ്ങൾ നോക്കിത്തിരിച്ചറിയുന്നവർ !
കാണാമറയത്തിരുന്നു മിണ്ടുന്നവർ
നേരിട്ടു കാണവേ മൗനം ഭജിപ്പവർ!  

എന്തൊരു  ജീവിതശൈലിയീ ലോക-
മിതെങ്ങോട്ടു നമ്മളെക്കൊണ്ടുപോയീടുന്നു ?
യന്ത്രലോകത്തിന്നടിമകളായി നാം 
യന്ത്രങ്ങൾ തന്നെയായ് തീരുന്നുലകിതിൽ 

കാഴ്ചകൾ കാണുവാൻ കണ്ണു തന്നീശ്വരൻ
ശബ്ദം ശ്രവിക്കുവാൻ കാതുകൾ  തന്നവൻ
കണ്ടതും കേട്ടതും സൂക്ഷിച്ചുവയ്ക്കുവാ-
നേറ്റം സുരക്ഷിതം ഹൃത്തടം തന്നവൻ

തന്നുള്ളിലുള്ളൊരീ ജീവചൈതന്യത്തെ-
യിപ്പുതുനാമ്പുകളെന്തറിയാതെയായ്?
കൃത്രിമ ബുദ്ധിയ്ക്കടിയറ വച്ചുപോയ്
കുഞ്ഞുപൈതങ്ങൾതൻ ചിന്തയാം മൊട്ടുകൾ

കഷ്ടമെന്നേ പറയാവൂ പ്രകൃതിയെ
കാണാത്ത കണ്ണിലെക്കൂരിരുൾ കാണവേ
എത്ര ഹതഭാഗ്യർ, തൊട്ടു നിൽക്കുന്നൊരീ
വിശ്വമാം വിസ്മയം തൊട്ടറിയാത്തവർ!











Thursday, August 13, 2015

കർമ്മപ്രകാശം

ഗൂഗിൾ ചിത്രം

















വെളിച്ച മണഞ്ഞ,ണഞ്ഞിരവിലൊരു *
തെളിച്ചമൊടു മിന്നാമിന്നി വൃന്ദം 
ഉഡുക്കളിടവേളയിളവേൽക്കുവാനി-
ന്നൂഴി തന്നിതിങ്കലിറങ്ങി വന്നോ?!

മിന്നി മിന്നി വിറയാർന്നു പാറുമൊരു 
മിന്നലിൻറെ പിണരെന്ന  ചന്തമോടെ 
മന്നിലെ  തിമിരമൊന്നുടയ്ക്കുവതി- 
നുടയവന്നവനുര ചെയ്തയച്ചതാമോ?

കനത്തു നിൽക്കുമീരാക്കൂരിരുട്ടിനുള്ളിൽ 
കടുപ്പമിച്ചെറു വെട്ടമിറങ്ങിടാനായ്‌
മടുത്തു പോകുവതില്ല മരിക്കുവോള-
മടുത്തു ലക്ഷ്യമതു ലഭിക്ക തന്നെ വേണം 

ഇപ്രപഞ്ചമതിലായ്‌പ്പിറന്നുവരിയ 
കീട ജന്മവുമതിനൊത്ത ലക്ഷ്യമോടെ 
ഇജ്ജഗത്തിലൊരു പാഴിലയ്ക്കുമൊരു 
കർമ്മമുടയവനതു  കണ്ടുവച്ചിടുന്നു !  

തിരിച്ചറിഞ്ഞു പരമാർത്ഥ കർമ്മമിഹ 
പരത്തിലിച്ചെറിയ പ്രാണി പോലുമെന്നോ!
ഈശനേകിയൊരു ജൈവദീപ്തിയാ-
ലുലകിലെയിരുളിനോട് മല്ലിടുന്നു !

മരിച്ചുപോകുവതിനടുത്തു നാളുമുട -
നൊത്തു നിന്നു മിന്നിത്തെളിഞ്ഞിടേണം
ഒരു പൊട്ടു വെട്ടമതു വീണിരുൾക്കടലി -
ലലിഞ്ഞുവെങ്കിലുയിരെത്ര ധന്യമെന്നോ!

മേന്മയേറുമീ മർത്യജന്മമിതി-
ലെത്ര നിഷ്ക്രിയം നാം വസിച്ചിടുന്നു !
ഉണ്മയെന്നുമകമേ തെളിഞ്ഞിടുകി-
ലുള്ളിലുള്ള തിരിയുജ്ജ്വലിച്ചു നിൽക്കും. 

[*ആദ്യവരിയിൽ ആദ്യം വരുന്ന  'അണഞ്ഞു' എന്ന വാക്ക് കെട്ടു എന്ന് അർത്ഥമാക്കുമ്പോൾ രണ്ടാമത് വരുന്ന 'അണഞ്ഞു' എന്ന വാക്ക് എത്തിച്ചേർന്നു എന്ന് അർത്ഥമാക്കുന്നു.]


Sunday, July 5, 2015

വാക പറഞ്ഞത്




മരമന്നു ചൊല്ലിയെന്നോട് മെല്ലെ 
ഇലപോയൊരെൻ മേനി നോക്കിടല്ലേ 
ആകെത്തളിർത്തു ഞാൻ പൂത്ത് നിൽക്കാം 
നീ വരും നാളിതിലേ വരുമ്പോൾ 

ശിശിരത്തിലെന്നുടൽ കണ്ടിടുമ്പോൾ 
പിരിയുന്ന കൈവഴിയെന്നു തോന്നാം 
വേനലിൽ വരികെന്നരികത്തു നീ 
തീ പൂത്തു നിൽക്കുമെൻ ഭംഗി കാണാൻ 

വാനവും വീഥിയുമൊന്നടങ്കം 
ചെമ്പട്ടുടുത്തൊരാ ചേല് കാണാൻ
നീ വരും പാതയിലന്നു നിന്നെ 
കാത്തു  ഞാനഗ്നിയിൽ മുങ്ങി നിൽക്കാം 

കാലഭേദങ്ങളെയേറ്റു വാങ്ങും 
വാകയിലോർമ്മകൾ പൂത്തു നിൽക്കും 
ആർദ്രമാം ചിന്തകൾക്കാരു നൽകി 
വാകമരത്തണൽ  ചാരുഭംഗി !

സായന്തനച്ചോപ്പഴിഞ്ഞു വീഴ്കെ 
ഓരോ ദിനവും പിരിഞ്ഞു പോകെ 
സൂര്യനെ വെല്ലും ചുവപ്പു ചാർത്തി 
നിൽക്കുന്ന വാകയെയോർത്തു പോകും



ആലാപനം 
https://www.youtube.com/watch?v=rlJXlIpy7m8

കാലവൃക്ഷം


കാലവൃക്ഷത്തെയിറുകെപ്പുണരുന്നു-
യിപ്രപഞ്ചത്തിന്നടിവേരുകൾ 

കാലപ്പകർച്ചകൾ കണ്ടു നിന്നീടുന്നു
വേരുകൾ മൂടും മരക്കണ്ണുകൾ 

കാലം കണക്കെ  ഞാൻ   കാത്തു വയ്ക്കുന്നുവാ 
ഭൂതകാലത്തിന്റെ നേർചരിത്രം  

കത്തും വെയിലിലും ചീറും മഴയിലും 
കാലത്തിനൊപ്പം വളർന്നു ഞാനും  

പാടെ തളിർത്തതുമാകെപ്പൊഴിഞ്ഞതും  
പൂ മൂടി നിന്നതും കാറ്റിലുലഞ്ഞതും

കാലമെൻ ചുറ്റിലുമോടി നടന്നതും 
വേരു ചികഞ്ഞു ഞാനോർത്തെടുക്കാം 

 ഒരു കുഞ്ഞു വിത്തിൽ നിന്നിത്രയും 
നാൾ കടന്നിന്നിനെ ഞാൻ മുദാ നോക്കി നില്പൂ

വർഷവലയങ്ങളെത്രയെൻ വല്ക്ക-
ത്തിനുള്ളിൽ വൃത്തങ്ങൾ വരച്ചു തീർത്തു 

വിണ്ണിൻറെയൊപ്പം പടർന്നു, വിന്നെന്നില -
ച്ചാർത്തിൽ  പല കിളിക്കൂടൊരുക്കം 

മണ്ണിൻറെയുന്മാദ ഗന്ധം ശ്വസിച്ചെൻറെ 
വേരുകൾ  കീഴേയ്ക്ക് പാഞ്ഞിടുന്നു 

നീരൊഴുകും വഴി തേടിടുമെന്നുടെ  
തായ് വേരിനൊപ്പം വരിക  നീയും 

തായ് വേരും താതൻറെ വാക്കും തണലേകു- 
മിക്കാല വൃക്ഷവുമാലംബനം! 





Saturday, July 4, 2015

പഴഞ്ചൊല്‍പ്പെരുമ

[പുതുതായി ഒന്നുമില്ലെങ്കിലും ഓർമ്മ പുതുക്കുംതോറും പുതിയ വെളിച്ചം തരുന്ന നമ്മുടെ സ്വന്തം  പഴംചൊല്ലുകൾ. ആ നല്ല ചൊല്ലുകളിലൂടെ ഒരു യാത്ര...]

പതിരില്ലാപ്പഴംചൊല്ലിൻ 
നിറവാർന്ന കതിർ ചൂടി 
വിളയുന്ന വയലിന്‍റെ- 
യഴകൊത്ത മലയാളം! 

പഴംചൊല്ലിന്നകം പൊരു-
ളറിയുന്നോൻ വിനയത്താ-
ലൊരുനാളും തുളുമ്പിടാ -
നിറകുടമായ്ത്തീരും 

പലതുള്ളിപ്പെരുവെള്ളം 
നിറയുമൊരറിവിന്‍റെ 
പഴംചൊല്ലിന്നലകളെ 
പുൽകുവാനണയാമോ ?

ഒന്നെന്നാലടിയ്‌ക്കേണ -
മടക്കുവാനുലയ്ക്കയാൽ,
അടി മേലേയില്ലൊരൊടിയും 
നല്ലതായ് വളർന്നീടാൻ 

അതിയായി വിളഞ്ഞെന്നാ-
ലെടുത്തീടാ വിത്തിന്നും ,
കതിരിന്മേൽ വളം വച്ചാൽ 
നന്മ വിളയില്ലൊരുനാളും 

ചൊട്ടയിലെ ശീലമെല്ലാം 
ചുടലയോളം കൂട്ടുപോരും,
നായതൻറെ വാലിതുണ്ടോ 
കുഴലിലിട്ടാൽ നിവരുന്നു?!

മുളയിലറിയാമെത്രയളവതു 
വിളയുമെന്നതുകൊയ്ത്തുനാളിൽ ,
അഞ്ചിൽ വിളയുകയില്ലയെന്നാ-
ലമ്പതിലും വിളയുകില്ല 

മൂത്തവർതൻ വാക്കുകളോ 
ആദ്യമാദ്യം കയ്ക്കുമല്ലോ 
പിന്നെപ്പിന്നെ മധുരിയ്ക്കും 
നല്ല നെല്ലിക്കയെപോലെ!

ഉണ്ണിയെക്കണ്ടറിഞ്ഞീടാ -
മൂരിലുള്ള പഞ്ഞമെല്ലാം ,
മത്ത കുത്തുകിൽ മുളയ്ക്കുമോ 
കുമ്പളത്തിൻ വള്ളി മണ്ണിൽ !

അടയ്ക്കയോ മടയിൽ  വയ്ക്കാ-
മടയ്ക്കാമരമൊക്കുകില്ല ,
ചൊല്ലിക്കൊടു, നുള്ളിക്കൊടു,
തല്ലിക്കൊടു, തള്ളിക്കള 

മറന്നങ്ങു തുള്ളിയെന്നാൽ 
മറിഞ്ഞങ്ങു  വീണുപോകും ,
അടി തെറ്റിയൊരാനപോലും
നിലം പൊത്തിടുമതിവഗം  

അമൃതും വിഷമായീടു-
മധികം സേവിച്ചിടുകിൽ ,
തലമറന്നൊരു നാളുമെണ്ണ 
തേയ്ക്കരുതെന്നോർമ്മ വേണം 

താൻപാതി ദൈവം പാതി-
യോർക്കേണം,  മടി മൂലം
മലയൊന്നു ചുമന്നീടും 
മടിയന്മാർ തൻചുമലിൽ

ആശിയ്ക്കുകിലണ്ണാനോ 
ആനയാകില്ലെന്നാലും 
ആകുന്നതു ചെയ്തീടാൻ 
മതിയൊരണ്ണാൻകുഞ്ഞുപോലും! 

അക്കരെപ്പോയ് നിന്നുവെന്നാ-
ലിക്കരെയൊരു പച്ചതോന്നും 
ഇക്കരേയ്ക്കുടനണഞ്ഞീടിൽ 
അക്കരേയ്ക്കോ പച്ച പോകും!

മിന്നിടുന്ന വസ്തുവെല്ലാം 
പൊന്നതല്ലെന്നറിയേണം,  
മുറ്റത്തൊരു  മുല്ല പൂത്താ-
ലില്ല മണമതിനെന്നുതോന്നും 

പോയ ബുദ്ധി പോരുകില്ല
ആന വന്നുവലിച്ചാലും,
പയ്യെപ്പയ്യെ തിന്നുമെന്നാൽ 
പനപോലും തിന്നുതീർക്കാം! 

ഇരുന്നിട്ടു നീട്ടിടേണം 
കരുതലോടെ കാലുകളെ ,
ഒരുമിച്ചിരു വള്ളത്തിൽ 
കാലൂന്നരുതൊരുനാളും 

പഠിയുംമുമ്പു പണിയ്ക്കരാകാൻ 
നോക്കിയാലതു ദോഷമാകും ,
മുറിവൈദ്യൻ മുറിയറിവാ-
ലാളുകളെക്കൊന്നിടുംപോൽ 

അപായം വന്നണഞ്ഞെന്നാ -
ലുപായം തോന്നിടുമെങ്കിൽ, 
മലപോലെ വന്നതെല്ലാം 
മഞ്ഞുപോലെയുരുകീടും 

തീയിൽനിന്നു കുരുത്തതുണ്ടോ 
വെയിലത്തു വാടിടുന്നു ?,
മഞ്ഞു പെയ്താൽ കുതിരുമോ 
തലയുയർന്നൊരു മലനിരകൾ  ?

ഉർവശീശാപം ചിലപ്പോ-
ളുപകാരവുമായേക്കാം
നായ്ക്കുമുണ്ടൊരു നല്ലനാളെ-
ന്നുള്ള ചൊല്ലതു  കേട്ടതില്ലേ ?

...........
...........

എണ്ണിയാലുമൊടുങ്ങാത്ത 
നല്ല ചൊല്ലുകൾ പഠിച്ചീടിൽ 
നേർവഴിയ്ക്കു നയിക്കുന്നൊരു 
നല്ല മുത്തച്ഛന്നു സമം!

പതിരില്ലാപ്പഴംചൊല്ലി-
ന്നതിരില്ലാ  മലയാളം
മതിയാവോളം നുകർന്നാൽ 
മതിയുറയ്ക്കും   നിശ്ചയം!