Followers

Friday, October 25, 2013

ഇതോ ന്യൂ ജനറേഷൻ?

പറയുന്നവർക്കും  കേൾക്കുന്നവർക്കും ചിന്തിക്കുന്നവർക്കും  പ്രതീക്ഷയും പുതുമയും നൽകുന്ന  ഒരു പദപ്രയോഗമാണ് 'ന്യൂ ജനറേഷൻ ' എന്നത്. അങ്ങിനെയാണ് ആകേണ്ടത് . പക്ഷേ നിർഭാഗ്യമെന്നു  പറയട്ടെ  ഇന്ന് ന്യൂ ജനറേഷൻ എന്ന വാക്ക് താനറിയാതെ  തന്നെ തനിക്കു സംഭവിച്ചിരിക്കുന്ന  വിധിവൈപരീത്യത്തെ  ഓർത്ത് പരിതപിക്കുന്നുണ്ടാകാം. ന്യൂ ജനറേഷൻ എന്ന വാക്ക് കേൾക്കുമ്പോൾ ഇന്ന് ആരുടെയും മനസ്സിലേയ്ക്ക് ഓടിയെത്തുക ആഭാസകരമായ ചേഷ്ടകളും പദപ്രയോഗങ്ങളും കുത്തി നിറച്ച്, ഓരോ  സംഭാഷണ ശകലത്തിലും കേട്ടാലറയ്ക്കുന്ന തെറിപ്രയോഗങ്ങൾ കൊണ്ട് അരോചകമായ, അവിഹിതബന്ധങ്ങൾ അവശ്യഘടകമായ (കഥയുടെ പുരോഗതിക്കു ആവശ്യമല്ലെങ്കിൽ പോലും ), ഞങ്ങൾ പച്ചയ്ക്ക് പറയുവാൻ ശ്രമിക്കുന്നു എന്നവകാശപ്പെടുന്ന, ഒരു മൂല്യവുമില്ലാത്ത ( ഉള്ള മൂല്യം തന്നെ അവതരണ ശൈലി കൊണ്ട് വികൃതമാക്കപ്പെട്ട) കുറെ മലയാള സിനിമകളാണ്.

എല്ലാ കാലഘട്ടത്തിലും അക്കാലത്തെ വിപ്ളവകരമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം മാറ്റങ്ങൾ എല്ലാം തന്നെ ധാരാളം വിമർശനങ്ങളും  ഏറ്റുവാങ്ങിയിരുന്നു. നൂറു വർഷങ്ങൾക്ക് മുൻപ് അത്തരം ഒരു വിപ്ളവത്തിലൂടെയാണ് മലയാള സിനിമ ജനിക്കുന്നതും. പക്ഷെ ആ മാറ്റങ്ങൾ ഒന്നും തന്നെ സാധാരണക്കാരന്റെ അകത്തളങ്ങളിലേയ്ക്കും മൂല്യങ്ങളിലേയ്ക്കും ഇത്രയധികം അതിക്രമിച്ചു കയറിയിരുന്നില്ല.

ന്യൂ ജനറേഷൻ എന്ന പേര് ഇത്തരം ആഭാസകരമായ സിനിമാ  പ്രവണതകൾക്കു ആദ്യമായി കൽപ്പിച്ചരുളിയത്  ആരാണെന്നറിയില്ല. എന്തായാലും ഇത്തരം വൃത്തികേടുകളെ രേഖപ്പെടുത്താൻ ഇത്രയും പ്രതീക്ഷാ നിർഭരമായ ഒരു വാക്കിനെ ഉപയോഗിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു.

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറഞ്ഞത് പോലെ ഇവിടെയുമുണ്ട് രണ്ടു പക്ഷം. നിലവാരം തകർന്ന ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും ആകെത്തുകയായ ഇത്തരം സിനിമകൾ പടച്ചു വിടുന്നവരും അതിനു പക്ഷം പിടിക്കുന്നവരും സ്ഥിരം ഉന്നയിക്കുന്ന ഒരു ന്യായമുണ്ട്.
"നിങ്ങളെ ആരും നിർബന്ധിച്ചില്ലല്ലൊ സിനിമ കാണാൻ" അല്ലെങ്കിൽ   "പ്രേക്ഷകന് കാണാനും കാണാതിരിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ടല്ലോ" എന്ന്. ശരിയാണ്. കുറെ വർഷങ്ങൾക്കു  മുൻപുള്ള സിനിമകളുടെ കാലത്ത്.  അന്ന് ഇവിടെ കുറേക്കൂടി ശക്തവും സ്വതന്ത്രവും ആയ ഒരു സെൻസർ ബോർഡ് നില നിന്നിരുന്നു. അവർ സിനിമകളെ വ്യക്തമായി പല ശ്രേണികളിലായി തരം  തിരിച്ചിരുന്നു. കുടുബസമേതം കാണാവുന്ന സിനിമകൾ, കുട്ടികളുടെ സിനിമകൾ, പ്രായപൂർത്തിയായവർക്ക് മാത്രമുള്ള സിനിമകൾ, ഭയപ്പെടുത്തുന്ന സിനിമകൾ, ദേശീയോദ്ഗ്രഥന സിനിമകൾ എന്നിങ്ങനെ. ഇങ്ങിനെ അടയാളപ്പെടുത്തിയ സിനിമകൾ സ്വന്തം അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കുവാനുള്ള  പൂർണസ്വാതന്ത്ര്യം പ്രേക്ഷകനുണ്ടായിരുന്നു. എന്നാൽ ഇന്ന് നാമമാത്രമായി നിലകൊള്ളുന്ന സെൻസർ ബോർഡ് ഇവിടെ എന്ത് ധർമ മാണ് നിർവഹിക്കുന്നത്?

സിനിമ എന്ന വിസ്മയകരമായ മാധ്യമം ഇഷ്ടപ്പെടാത്തവരായി ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അധികം ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെയാണ് ഓരോ സിനിമയും അവർ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്നത്. പ്രേക്ഷകർ പല തരക്കാരായിരിക്കാം.
 സിനിമയെ വളരെ ഗൌരവപൂർണമായി സമീപിക്കുന്നവരും നേരം പോക്കിന് വേണ്ടി മാത്രം കാണുന്നവരും ഫലിതം ആസ്വദിക്കുവാൻ കൊതിക്കുന്നവരും അശ്ലീലം ആസ്വദിക്കുന്നവരും.. എന്നിങ്ങനെ പലതരം പ്രേക്ഷകർ. ഓരോരുത്തർക്കും വേണ്ടത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ജനത്തിനുണ്ടാകണമെങ്കിൽ ഇവിടെ ശക്തമായ സെൻസർ ബോർഡ് നിയമങ്ങൾ ഉണ്ടാകണം. പക്ഷെ ഇന്ന് കേരളത്തിലെ ആകെ കുത്തഴിഞ്ഞു കിടക്കുന്ന സർവ ഭരണ മേഖലകളുമെന്നപൊലെ സിനിമയുടെ നിലവാര നിർണയം നടത്തുന്നവരും നിലവാരത്തകർച്ച നേരിടുന്നു.

ഇതൊക്കെയാണെങ്കിലും കണ്ടവർ പറഞ്ഞുകേട്ട അറിവ് വച്ച് സിനിമയെ വിലയിരുത്തി കാണണമോ വേണ്ടയോ എന്ന് പ്രേക്ഷകന് ചിലപ്പോഴൊക്കെ തീരുമാനിക്കാനായേക്കും. പക്ഷെ അപ്പോഴും മറ്റൊരു അപകടം പതിയിരിക്കുന്നു. അത് നമ്മുടെയൊക്കെ സ്വന്തം സ്വീകരണ മുറിയിൽ തന്നെ. ടെലിവിഷനിലൂടെ മാധ്യമങ്ങൾ പുറത്തു വിടുന്ന സിനിമാശകലങ്ങൾ എങ്ങിനെ നമ്മൾ നിയന്ത്രിക്കും? ഇഷ്ടമുള്ള ഒരു പരിപാടി  കാണുവാൻ ടെലി വിഷനു മുന്നിലിരിക്കുന്ന നമ്മുടെ മുന്നിലേയ്ക്ക് ചില നിർബന്ധിത കാഴ്ചകൾ സിനിമാ പരസ്യ രൂപേണയും  ഗാനചിത്രീകരണ രൂപേണയുമെല്ലാം കടന്നു വരുന്നുണ്ട്. അപ്പോൾ എവിടെയാണ് ഈ പറയുന്ന പ്രേക്ഷക സ്വാതന്ത്ര്യം?
ശരി, പ്രായപൂർത്തിയായവർക്ക് സ്വയം ചിന്തിച്ച് വേണ്ടാത്ത രംഗങ്ങൾ കാണാതിരിക്കാം എന്ന് തന്നെ വക്കുക. പക്ഷെ നല്ലതും ചീത്തയും വേർ തിരിക്കാൻ പ്രാപ്തിയാകാത്ത ഒരു ഇളം തലമുറ നമുക്കുണ്ടെന്ന സത്യം പ്രേക്ഷക സ്വാതന്ത്ര്യം ഉദ്ധരിച്ച് ഇത്തരം സിനിമകൾക്ക് പക്ഷം പിടിക്കുന്നവർ മറന്നു പോകുന്നു.

പണ്ടുള്ളവർ പൊതിഞ്ഞു പറഞ്ഞിരുന്ന അശ്ലീലം ഇന്ന് ഞങ്ങൾ പച്ചയായി പറയുന്നു എന്നേയുള്ളൂ എന്ന് അഹങ്കരിക്കുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. പൊതിഞ്ഞു പറയേണ്ടത് പൊതിഞ്ഞു തന്നെ പറയണം. ഇത്തരത്തിൽ ഇളം തലമുറയോട് ഒരു കരുതൽ കാണിക്കുന്നതിൽ ഒരു തെറ്റുമില്ല. പകരം  ഞാൻ പറയുകയും കാണിക്കുകയും ചെയ്യുന്ന ആഭാസം ജനിച്ചു വീണ കുട്ടി വരെ കേട്ട് പഠിക്കണമെന്ന് വാശി പിടിക്കുന്നവരെ സാമൂഹ്യ ദ്രോഹികൾ എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല.

പണ്ടുള്ള പല നല്ല സംവിധായകരും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കാണിച്ചിരുന്ന കരുതലും, മറയും കപടസദാചാരമെന്നു
പുച് ഛി ച്ചു  തള്ളുന്നവർ ഒരു സാമൂഹ്യ പ്രതിബദ്ധതയും  ഇല്ലാത്തവരാണ്. സ്വന്തം കുഞ്ഞിനെ വിറ്റും അവർ കാശുണ്ടാക്കും. എന്തിനും തയ്യാറായ അഭിനേതാക്കളെ കൊണ്ട് എന്തും വിളിച്ചു പറയിക്കാനും പൊതുസമൂഹത്തിനു മുന്നിൽ  എന്തും ദൃശ്യവൽക്കരിക്കാനുമുള്ള ധാർഷ്ട്യത്തെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന് വിളിക്കുവാനാവില്ല. സ്വന്തം വീടിൻറെ ചുമരുകൾക്കുള്ളിൽ ഒതുങ്ങണം അത്തരം ദു:സ്വാതന്ത്ര്യം. കടിഞ്ഞാണില്ലാതെ ഇത്തരത്തിൽ സമൂഹത്തിനു മുന്നിൽ അഴിഞ്ഞാടുന്നവരും അതിനു മൗനാനുവാദം കൊടുക്കുന്നവരും സമൂഹമദ്ധ്യത്തിലേ ക്ക് പേപ്പട്ടികളെ അഴിച്ചു വിടുന്നതിന് തുല്യമായ കർമമാണ് ചെയ്യുന്നത്.

ഇന്നിറങ്ങുന്ന ഇത്തരം പുഴുക്കുത്തേറ്റ സിനിമകൾ വളർന്നു  വരുന്ന ഒരു തലമുറയോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ് അതിലെ ഒരു നിയന്ത്രണവുമില്ലാത്ത കേട്ടാലറയ്ക്കുന്ന സംഭാഷണ ശകലങ്ങൾ. അപൂർവം നല്ല മൂല്യങ്ങളുള്ള, ഒതുക്കമുള്ള സിനിമകളും ഈ ശ്രേണിയിൽ വരുന്നുണ്ടെന്നത്  മറക്കുന്നില്ല. പക്ഷെ മുക്കാൽ പങ്കും തിരക്കഥാകൃത്തിന്റെയും, സംഭാഷണം തയ്യാറാക്കുന്നവന്റെയും   മനസ്സിലെ മാലിന്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടിയാണ്.

സിനിമയെ ഏറ്റവും അധികം ഇഷ്ടപ്പെടുന്നവരാണ് സാധാരണക്കാരിൽ  ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ കുടുംബസമേതം അൽപം  ഉല്ലാസത്തിനായി  സിനിമാ തീയറ്ററുകളെയോ സിനിമാ സി ഡി കളെയോ ആശ്രയിക്കുന്നവരാണ് നമ്മൾ. പ്രവാസികളുടെ കാര്യമെടുത്താൽ തീയറ്ററിൽ പോയി സിനിമ കാണുക എന്നത് അവർക്ക് ഭാരിച്ച പണച്ചിലവുള്ള കര്യമാണ്. പകരം അവർ കൂടുതലും സിഡികളെ ആശ്രയിക്കുന്നു. പക്ഷെ ഇന്ന് കുടുംബത്തിനോടും കുട്ടികളോടും കരുതലുള്ള ഓരോ ഗൃഹനാഥനും പുതിയ സിനിമാ സി ഡികൾ എടുത്ത് വീട്ടിലേക്ക്‌ കൊണ്ടുവരാൻ ഭയക്കുന്നു. സിനിമ കണ്ടു തുടങ്ങുമ്പോൾ തന്നെ ഒരു ഭയപ്പാടോടെ റിമോട്ട് എടുത്ത് ഫാസ്റ്റ് ബട്ടണ്‍ ഞെക്കാൻ റെഡിയായി ഇരിക്കുന്നു. അരുതാത്ത കാഴ്ചകൾ  കുട്ടികളിൽ നിന്ന് മറയ്ക്കാൻ.
എന്തിനിത്ര കഷ്ടപ്പെടുന്നു എന്ന് വിമർശകർ ചോദിച്ചേക്കാം. കാണാതിരുന്നാൽ പോരേ എന്ന സംശയത്തോടെ. ശരിയാണ്. ഇനി ഒരു നല്ല മാറ്റം വരും വരേയ്ക്കും അതേ വഴിയുള്ളൂ. സംശയാസ്പദമായ സിനിമകൾ ബഹിഷ്കരിക്കുക. ഇല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ തന്നെ മാലിന്യ കൂമ്പാരത്തിലേയ്ക്ക് വലിച്ചെറിയുന്നത് പോലെയാകും. മുന്നിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ വൈകൃതങ്ങളും നാട്ടുനടപ്പാണ് എന്നവർ ലാഘവത്തോടെ ചിന്തിച്ചു തുടങ്ങും.

ന്യൂ ജനറേഷൻ എന്ന വാക്ക് ഇങ്ങിനെ ദുരുപയോഗം ചെയ്യുമ്പോൾ ഇന്നത്തെ തലമുറയോട് ഒരു വാക്ക്. നിങ്ങളാണ് ഇതിന് ചുട്ട മറുപടി കൊടുക്കേണ്ടത്. നിങ്ങളുടെ പേര് പറഞ്ഞ്, നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് എന്ന് മുദ്ര കുത്തി ഒരുകൂട്ടം സാമൂഹ്യ ദ്രോഹികൾ ഇറക്കിവിടുന്ന ഇത്തരം പേക്കൂത്തുകൾ ക്കുള്ള നിലവാരമേ നിങ്ങൾക്കുള്ളോ എന്ന് നിങ്ങളോട് തന്നെ ചോദിക്കുക. ചിരി അല്ലെങ്കിൽ ഉല്ലാസം എന്നത് അശ്ലീലവും തെറിയും അല്ല എന്നത് നിങ്ങൾ ഇത്തരക്കാരെ മനസിലാക്കി കൊടുക്കുക. ഞങ്ങൾക്ക് വേണ്ടത് ഇതല്ല എന്ന് ഉറക്കെ വിളിച്ചു പറയുക. സ്വാതന്ത്ര്യം എന്നത് ആരുടെ മുന്നിലും എന്ത് വൃത്തികേടും കാണിക്കുവാനും  പറയുവാനും ഉള്ള അവകാശമല്ല എന്ന തിരിച്ചറിവ്  നിങ്ങൾക്കുണ്ട് എന്ന് ഈ അവസരവാദികളെ  മനസിലാക്കി കൊടുക്കുക.  ആരുടേയും അനുവാദമില്ലാതെ എത്ര ഭംഗിയായി കോപ്പിയടിക്കാൻ കഴിയുമെന്നതിന്റെ അളവുകോലല്ല നല്ല സിനിമ എന്ന് പറഞ്ഞു കൊടുക്കുക. അവിഹിതബന്ധങ്ങളുടെ കഥ മാത്രം പറയുന്ന,  ടോയ് ലറ്റ്   രംഗങ്ങളെ കൊണ്ട് ദുർഗന്ധം വമിക്കുന്ന മലയാള സിനിമയെ നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾക്കാവുന്ന രീതിയിൽ നന്മയിലേക്കും നല്ല ആശയങ്ങളിലേക്കും വഴി തിരിച്ചു വിട്ടുകൊണ്ട് നിങ്ങളുടെ സാമൂഹ്യപ്രതിബദ്ധത  തെളിയിക്കുക.

എപ്പോഴും നാം നടക്കുന്ന വഴിയിൽ നമുക്ക് പിൻപേ വരുന്നവരെ കാണുക. അവരോടു ദ്രോഹം ചെയ്യാതിരിക്കുക.

Tuesday, October 1, 2013

ഊഴം


1/10/2013
ഇന്ന് ലോക വൃദ്ധദിനം . 'വൃദ്ധ' എന്ന് വിളിക്കപ്പെടാൻ ഇനി അധിക നാൾ വേണ്ട എന്ന തിരിച്ചറിവിൽ നിന്ന് ..കേട്ടു മറന്ന പഴമൊഴിയൊന്നു ഞാ-
നോർക്കുന്നുവീ ലോക വൃദ്ധദിനമതിൽ 

പഴുത്തൊരു പ്ലാവില കാറ്റിൽ വിറച്ചിടും 
നേരം ചിരിച്ചിടും പച്ചയാം പ്ലാവില 

കൈവിരൽ തുമ്പു പിടിച്ചു നടത്തിയോ-
രിന്നു സായന്തനത്തീക്കടൽ ചെല്ലവേ 

ഇറ്റു  നേരം പോലുമില്ലപോലൊന്നരി -
കത്തണഞ്ഞിത്തിരി നേരമിരിക്കുവാൻ 

എത്തുമെൻ മക്കളിന്നല്ലെങ്കിൽ നാളെയെ -
ന്നോർത്തു  കാത്തോരോ ദിനവും കഴിച്ചിടും 

ജീവിത ചക്രം തിരിക്കും തിരക്കില-
ണയില്ലൊരിക്കലും മക്കൾ തുണയുമായ് 

കാത്തു കാത്തോർമകൾ മാഞ്ഞു പോയീടവേ 
ചിന്തകൾ പോലുമങ്ങില്ലാതെയാകവേ 

തങ്ങളിലേയ്ക്കൊതുങ്ങീടുമങ്ങേകാന്ത 
ചിത്തരായ് വീട്ടിലെ കട്ടിലിൻ മൂലയിൽ 

കണ്ടു ചരിച്ചിടും പിന്മുറക്കാർക്കൊരു 
പേച്ചു പറയുവാനുള്ള വിശേഷമായ് 

വാർദ്ധക്യമേകുമവശത മൂലമ-
ങ്ങേറെ തളരും തനവും  മനവുമായ്‌ 

വേച്ചു പോകുന്നൊരു വൃദ്ധമനസ്സിലെ 
നോവറിയാനെന്തേ  തോറ്റുപോകുന്നു നാം

വയസ്സേറിവന്നാലതിലേറെ ദോഷങ്ങൾ 
നമ്മൾക്കുമുണ്ടായി വന്നിടും ചിന്തയിൽ 

അന്ന് പതം പറഞ്ഞീടുവാനാരുമേ -
യുണ്ടായ്കൊലായെന്നറിയുന്നിതു ഞാനും 

ഈ വിധം ചിന്തകളുണ്ടായ് ഭവിക്കവേ 
പച്ചപ്പിലാവില പശ്ചാത്തപിച്ചു പോയ്‌ ..