തീവ്രാനദിക്കരെ വാണരുളീടുമെൻ
തൃപ്രയാറപ്പനെക്കണ്ടുവണങ്ങണം
തൃപ്രയാറപ്പനെക്കണ്ടുവണങ്ങണം
ദ്വാരകയാഴിയിലാഴ്ന്നതിൻ മുൻപു ശ്രീ-
കൃഷ്ണൻ ഭജിച്ചോരു വിഗ്രഹം കാണണം
രാക്ഷസനാം ഖരൻ തന്നോടു യുദ്ധവും
വെന്നമരും രാമപാദം നമിക്കണം
വില്ലും ശരങ്ങളും ശംഖചക്രങ്ങളും
ഹാരവുമേന്തിടും ബാഹുക്കൾ കാണണം
ചന്ദനം ചാർത്തിയ സുന്ദരരൂപമെൻ
ചിന്തയിൽ സന്തതം ശാന്തിയേകീടണം
നാരായണൻ, ചതുർബാഹുവാം തേവരെൻ
മോഹങ്ങളിൽ നിന്നുമുക്തി നല്കീടണം
അഞ്ജനക്കല്ലിലെചിന്മയരൂപമെൻ
ആത്മാവിലെന്നും തെളിഞ്ഞുനിന്നീടണം
ആഞ്ജനേയൻ തൻറെ ശ്രീരാമഭക്തിയിൽ
ആറാടിനിൽക്കുമോരമ്പലം ചുറ്റണം
പൊട്ടും കതിനകൾക്കൊപ്പമെന്നുള്ളിലെ
തെറ്റായചിന്തകൾ കെട്ടുപോയീടണം
രാമത്തുളസിത്തളിരു പോലെന്നുടെ
ജന്മവും ദിവ്യഗന്ധം വഹിച്ചീടണം
നിൻപുണ്യപാദാരവിന്ദത്തിലർച്ചിച്ച
ധന്യയാം താമരപ്പൂവിതളെന്ന പോൽ
ശ്രീരാമചന്ദ്രാ നമിക്കുന്നു നിൻപാദ-
യുഗ്മങ്ങളെന്നുമെൻ ചിത്തത്തിലേറ്റി ഞാൻ!
മനോഹരമായൊരു കവിത. അതോ ഭജനയോ, കീർത്തനമോ. രാമായണ മാസത്തിൽ രാമനൊരു അർപ്പണം
ReplyDeleteരാമായണമാസ പുണ്യം!
ReplyDeleteമനോഹരമായിരിക്കുന്നു ഈ പ്രാര്‍ത്ഥനാഗീതം
ആശംസകള്‍ ടീച്ചര്‍