Followers

Friday, September 11, 2015

ഒരു കുട്ടിക്കവിത

തൊട്ടാവാടി
ഗൂഗിൾ ചിത്രം 


കുട്ടി:
തൊട്ടാവാടീ തൊട്ടാവാടീ  
തൊട്ടാൽ വാടുവതെന്തേ?
മൊട്ടിട്ടോ നിൻ പട്ടുമനസ്സിൽ 
ഒട്ടൊരു പരിഭവമുകുളം?

മുള്ളു നിറഞ്ഞൊരു മേനിക്കുള്ളിൽ 
ലജ്ജ തുളുമ്പും ഹൃദയം 
എങ്ങിനെ വന്നൂ പറയാമോ നീ 
കൂമ്പിയ മിഴിയഴകാളേ?!  

തൊട്ടാവാടി:
ഇഹലോകത്തിരുവാരിധിയിൽ പര-
നെന്നെ സൃഷ്ടിച്ചപ്പോൾ 
അരിയൊരു  ചെടിയാമെന്നുടെ കാതിൽ 
മന്ത്രിച്ചിങ്ങനെ പതിയെ...

"നല്ല മനസ്സാൽ തൊട്ടോർ  നിന്നുടെ   
നാണം കണ്ടു മയങ്ങും   
കള്ളമനസ്സാൽ തൊട്ടോർ കൂർത്തൊരു 
മുള്ളു തറച്ചു മടങ്ങും "

കുട്ടി: 
പാടലവർണമിയന്നൊരു പുഷ്പ-
സമൂഹം കണ്ടാലാഹാ!
കുട്ടിക്കതിരോൻ നിൻ മുടി മേലെ 
കതിരൊളി വീശിയ പോലെ!

നേർത്തു കൊലുന്നോരിലകൾ മെല്ലെ 
യൊന്നൊന്നായി കൂമ്പും 
മായാജാലം തന്നുടെ പൊരുളീ 
ബാലകരോടുരയാമോ?

തൊട്ടാവാടി: 
ഇലയും തണ്ടും ചേരും ഭാഗ-
ത്തനവധി കോശസമൂഹം 
എന്നുടെ മേനിയിലുണ്ടവ നീരിൻ 
നിറകുടമാണെന്നറിയൂ 

നിങ്ങൾ തൊടുമ്പോൾ നീർത്തുള്ളികളെൻ 
തണ്ടിൽ കയറിയൊളിക്കും 
മർദ്ദമൊഴിഞ്ഞെന്നിലകൾ പതിയെ 
മൗന സമാധിയിലമരും

കുട്ടി: 
അപ്പോൾ നിന്നെക്കണ്ടാലീശ്വര 
നാമം ചൊല്ലും പോലെ 
അർദ്ധനിമീലിത മിഴികളിയന്നൊരു 
വ്രീളാവതി നീയപ്പോൾ!

ഇരവിൽ കുട്ടികളാരും നിന്നുടെ 
യരികിൽ വന്നില്ലല്ലോ 
ആരും തൊട്ടതുമില്ലെങ്കിലുമീ 
കള്ളമയക്കമിതെന്തേ?  

തൊട്ടാവാടി: 
പകലോൻ വെട്ടമണച്ചു കഴിഞ്ഞാ-
ലിത്തിരി ഭയമുണ്ടുള്ളിൽ 
അപകടസൂചന കിട്ടുകിലുടനെ 
കണ്ണുമടച്ച് കിടക്കും 

നിന്നുടെ പുസ്തക സഞ്ചിയിലെന്നുടെ 
യാത്മച്ചരിത്രമതില്ലേ?
അക്കഥ വായിച്ചെത്തിയ നിന്നെ 
തൊട്ടുമയക്കാൻ മോഹം. 


കുട്ടി: 
തൊട്ടാൽ  വാടാൻ തൊട്ടാവാടി 
ച്ചെടിയല്ലല്ലോ പൊന്നേ 
അറിയാനുള്ളൊരു കൗതുകമോടെ 
ചുറ്റും ഞാൻ ചെറു ബാലൻ 

അനവധിയനവധി മായാജാല
ച്ചെപ്പിൻ കുടമീ പ്രകൃതി 
പറ്റുമ്പോലെ ചുറ്റിക്കാണാനി-
ച്ചെറു ജന്മം മതിയോ?! 


12 comments:

 1. അതിമനോഹരം
  അര്‍ത്ഥവത്തായത്
  അല്പം മൂതിര്‍ന്ന കുട്ടികള്‍ക്കുള്ള കവിതയായെന്ന് മാത്രം
  കൊച്ചുകുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുക്കേണ്ടിവരും

  ReplyDelete
  Replies
  1. ആദ്യവായനക്കും അഭിപ്രായത്തിനും നന്ദി. പണ്ടത്തെ, കുമാരനാശാൻ, വള്ളത്തോൾ കവിതകൾ മാതിരി കുട്ടികളുടെ ഉള്ളിൽ കയറിയിരുന്ന് ലോകത്തെ കാണിച്ചുകൊടുക്കുന്ന കവിതകളൊക്കെ ഇപ്പോൾ ഉണ്ടാകാറുണ്ടോ? അങ്ങിനെയൊക്കെ എഴുതുന്നത്‌ ബാലിശ്ശമാണെന്ന തോന്നലാവാം കാരണം. പണ്ടത്തെ കുട്ടിക്കവിതകൾ കുട്ടികളെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കളെയും അധ്യാപകരെയും തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത് എന്നത് മറക്കാനാവില്ല.

   Delete
 2. കുട്ടികള്‍ക്ക് അറിവുപകരുന്ന നല്ലൊരു കവിതയായി ടീച്ചര്‍.
  അജിത് സാര്‍ പറഞ്ഞപോലെ അല്പം കട്ടിയായി എന്നുമാത്രം....
  ആശംസകള്‍

  ReplyDelete
  Replies
  1. തൊട്ടാവാടിയെന്ന പേരുദോഷം മാറാൻ ഇത്തിരി കട്ടി ഇരിക്കട്ടെ അല്ലെ!!! വായനക്ക് പതിവ് പോലെ നന്ദി...

   Delete
 3. മനോഹരമായ കവിത. കുട്ടികളുടെ ജിജ്ഞാസയും അറിവിന്റെ പാഠങ്ങളും നന്നായി എഴുതി. കുട്ടിയുടെ ചോദ്യത്തിന് ലളിതമായി തൊട്ടാവാടിയുടെ മറുപടിയും. പിന്നെ ആലപിയ്ക്കാൻ ഇണങ്ങുന്ന രചനാ ശൈലി.

  ReplyDelete
 4. തൊട്ടാൽ വാടുന്ന കുട്ടികൾ

  ReplyDelete
  Replies
  1. അതെ, ഒന്നുകിൽ തൊട്ടാൽ വാടും, അല്ലെങ്കിൽ തൊട്ടാൽ ചാടും ഇന്നത്തെ കുട്ടികൾ !

   Delete
 5. ഇഷ്ടപ്പെട്ടൂ , തൊട്ടൂ , ഞാനീ തൊട്ടാവാടി പൂവിൽ.. :)

  ReplyDelete
  Replies
  1. അതാണ്‌ എൻറെ തൊട്ടാവാടിക്ക് ഒരു ഉണർവ്!

   ബ്ലോഗിലേക്ക് സുസ്വാഗതം. ശ്രീജയുടെ ബ്ലോഗിലൂടെ ഞാനിന്ന് ഒരു ഓട്ട പ്രദക്ഷിണം നടത്തി. മനോഹരമായ എഴുത്തും കാ വ്യഭംഗി യും.

   Delete