Followers

Wednesday, December 20, 2023

കുചേലഗതം








നിർമ്മലഭക്തിയാമവൽ -

പ്പൊതിയുമായ് നിൽക്കയാ -

ണയുതമയുതം കുചേലർ 

വരിയായ് ഗുരുപവനപുരിയിൽ ...


അകത്താദ്യമെത്തിയ്ക്കാ -

മയുതം പണം കൊടുത്തൊരു 

നെയ് വിളക്കാക്കുകിൽ,

വിളിയ്ക്കയാണമ്പലംവിഴുങ്ങികൾ!


പുലരുംമുമ്പിടം പിടിച്ചുവീ

വരിയിലെന്നാകിലുമാകില്ല

കണി കാണുവാനിക്കുചേലനു 

നിൻ നിർമ്മാല്യരൂപം, ഹരേ!


"പത്രം പുഷ്പം ഫലം തോയം"

ഭക്തിയുതമർച്ചനം ചെയ്തിടാം,

 കുചേലമിത്രമാം കൃഷ്ണ! നീ -

യറുതി വരുത്തുകീ ദുർഭരണം.

*******************************

#കുചേലദിനം

(ധനുമാസത്തിലെ ആദ്യബുധനാഴ്ച)

Friday, December 8, 2023

ദുഃശകടവിഡംബനം

 







നാടു ഭരിക്കും നവകൗരവസഭ 

നാടു വിറപ്പിച്ചോട്ടം തന്നെ!    

മുന്നിൽപ്പെട്ടൊരു പാവം പ്രജകൾ 

ജീവൻ പണയം വച്ചതു പോലായ്.


കൗരവമുഖ്യൻതന്നുടെ ദുർമദ-

മേറും നോട്ടം തീണ്ടീടാതെ

ഓടിയൊളിക്കാൻ  വെമ്പുന്നോരെ 

ഓടിച്ചിട്ടുപിടിക്കുന്നണികൾ. 


പോയീടരുതാരാരും മുഖ്യൻ 

ചൊല്ലും പൊളികൾ കേട്ടീടാതെ, 

കൂച്ചുവിലങ്ങിൽപ്പെട്ടൊരു പൂച്ചക-

ളെന്നതുപോലെ  നിന്നൂവണികൾ. 

 

മിണ്ടിപ്പോകരുതാരും വീടിൻ 

വെളിയിലിറങ്ങരുതുത്തരവുണ്ടേ, 

തീനും കുടിയും നിർത്തണമിനിയറി-

യിപ്പൊന്നുണ്ടാകുന്നതുവരെയും. 


തീയിൽ പാചകമരുതവനിതുവഴി 

പോകുംനേരം വേണം കരുതൽ, 

ഗ്യാസുസിലിണ്ടർ പൂട്ടണമവനുടെ 

ഗ്യാസിനു നമ്മൾ കാവലുവേണം! 


കടുകു  വറുക്കരുതാരും കറിയി-

ലിരട്ടച്ചങ്കൻ ഞെട്ടിവിറയ്ക്കും,  

പേടിത്തൊണ്ടൻ നാടു ഭരിച്ചാൽ 

നാട്ടാർക്കെന്തൊരു തൊന്തരവമ്പോ!


കൊമ്പുകുലുക്കിപ്പോകും വണ്ടി-

യ്ക്കുള്ളിലിരിയ്ക്കും രാജനു 'കീ ജയ് '

ചൊല്ലാനൊത്തിരി  കുട്ടികൾ വേണം  

കുട്ടിക,ളവരിലടക്കോം  വേണം.  


വേദിയ്ക്കരികിലിറങ്ങണമതിനായ്  

മലയും മരവും സ്‌കൂളിൻ മതിലും  

തച്ചുതകർക്കണ,മാരവിടെ!യെൻ  

ദുഃശകടത്തിനു പാതയൊരുക്കിൻ! 


ഓടണ വണ്ടിയിലേറീടാനായ് 

പൊക്കണ യന്ത്രം വച്ചിട്ടുണ്ടേ, 

മൂന്നടി കേറാൻ വേണം കോടികൾ,

പോറ്റണമിവനെ പാവം പ്രജകൾ!


തമ്പ്രാൻ പോകുന്നേഴയലത്തായ് 

കണ്ടേക്കരുതു കറുപ്പിൻ രാശി, 

അയ്യപ്പന്മാർ മെയ്യിലുടുക്കും 

വസ്ത്രത്തിൻ നിറമരചനു ദ്വേഷം.   


കലി ബാധിച്ചു മെതിച്ചുനടക്കും

കനിവില്ലാത്തൊരു തസ്ക്കരവർഗ്ഗം,

ആക്രോശിക്കും തസ്‌ക്കരരാജനു   

വിടുപണി ചെയ്തിടുമുദ്യോഗസ്ഥർ.


മെച്ചത്തിൽപ്പങ്കിത്തിരി വല്ലതു-

മരചൻ  നൽകും പ്രതിഫലമായി,

പിൻ വാതിൽ വഴി വന്നാലണികൾ-

ക്കെല്ലാം മെച്ചം നൽകും സർക്കാർ. 

  

വാല്യക്കാരാം പ്രജകൾ മിണ്ടാ- 

തോച്ചാനിച്ചു വളഞ്ഞേപറ്റൂ, 

അല്ലാത്തോരുടെ രക്ഷയ്ക്കായ് -

'പ്പൂച്ചട്ടിപ്പദ്ധതി'യുണ്ടീ നാട്ടിൽ! 


പൗരപ്രമുഖൻമാരാണെങ്കിൽ   

കൗരവസദസ്സിൽ കേറിപ്പറ്റാം, 

അല്ലാത്തവരെങ്ങാനും വന്നാൽ    

മുഖ്യനു മൂക്കത്തരിശം മൂക്കും.


കൃപയില്ലാത്തൊരു നൃപനെ  പോറ്റി-

പ്പോറ്റി ജനങ്ങൾ പെരുവഴിയായി,  

ഓസ്സിനു തിന്നുകൊഴുക്കാനരചൻ, 

മുണ്ടു മുറുക്കിയുടുക്കാൻ പ്രജകൾ. 


നെയ് സേവിച്ചൊരു ഗർഭിണിയെ-  

പ്പരിചാരകർ സേവിക്കുന്നതുപോലെ, 

തന്നെ നടക്കാൻ കെല്പില്ലാത്തോൻ 

ചുമലിൽക്കേറിത്തിന്നു ലസിപ്പൂ! 


ഭരണത്തിൻറെ സിരാകേന്ദ്രത്തി-

ലിരുന്നുതടിച്ചൊരു  ചാഴികൾ മൊത്തം  

ഇരതേടാനായ് വെളിയിലിറങ്ങിയി-

താന മദിച്ചു വരുന്നതുപോലെ! 

 

കാട്ടിലെയരചൻ കുക്ഷി നിറയ്ക്കാൻ 

മൃഗയോഗം ചേരുന്നതുപോലെ 

തള്ളും  വണ്ടിയിലേറിവരുന്നു

ക്കൊള്ളത്തലവൻ! കൊള്ളാത്തലവൻ!! 


കണ്ടാൽ മിണ്ടാൻ നിൽക്കണ്ടാരും  

നന്നാക്കാനും നോക്കണ്ടാരും 

ജീവൻ വേണേൽ മാറിപ്പോണം 

നാട്ടാരെല്ലാം സൂക്ഷിക്കേണം!