Followers

Tuesday, January 9, 2018

പാർവ്വതി


കാണ്മവർക്കവൾ  വെറും ഭ്രാന്തി, 
കാണുമക്കലാലയ കവാടത്തിൽ നിത്യം, 
വർഷമാകിലും കടുംവേനലെരിക്കിലും 
എത്തുമാരെയോ കാത്തെന്നപോൽ കൃത്യം.

വറ്റിയ കടൽ പോലുടലും മിഴികളും, 
വെറ്റ തിന്നു കറുത്ത ദന്തങ്ങളും, 
കത്തിനിന്ന തിരി കെട്ടത് പോലെഴും 
ചിരിയറ്റുയിർകെട്ട മുഖം, കവിളൊട്ടിയും... 

ചപ്രച്ചുപാറിടും ചെമ്പന്മുടിയിഴ-  
ച്ചുറ്റുകോർത്തുവിരലൊട്ടു ചുഴറ്റിയും 
ചെളിനഖമുനയാലുടലാകെ വരഞ്ഞും
കൈത്തണ്ടയിൽ കുപ്പിവളയണിഞ്ഞും.    

ഉറ്റവരാരിവൾക്കാരുടയോർ? ചുറ്റിലും 
മിഴിയുറ്റിവളാരെത്തിരയുന്നു നിത്യം?  
ആരുകൈവിട്ടിവളെത്തെരുവിലെ-
ങ്ങാരെ വിട്ടകന്നിവൾ? സത്യമാർക്കറിയാം?!

"ഭ്രാന്തി ഭ്രാന്തി"യെന്നു നിത്യം പലവുരു  
കേട്ടുകേട്ടു തഴമ്പിച്ച കാതിനാൽ 
മറ്റെന്തു കേൾക്കാനാശിച്ചവൾ തൻ - 
വളച്ചാർത്തിളക്കിച്ചെവിയോട് ചേർപ്പൂ? 

ഊരില്ല, പേരറിയില്ലാരുമില്ലിവൾ-
ക്കാരോ  കനിഞ്ഞൊരു പേരിട്ടു , 'പാർവ്വതി'!
സ്വന്തമവൾക്കൊരു ഭാണ്ഡ,മതത്രയും 
ഓർമ്മപ്പുറ്റുകൾ കൊണ്ടോ കനത്തുപോയ്?

ആരോടുമൊന്നുമുരിയാടിയില്ലവൾ 
ആരെയോ കാത്തിരുന്നവൾ ഭ്രാന്തമായ്    
വന്നുനിൽക്കുന്ന വണ്ടികൾക്കുള്ളിൽ നി-
ന്നേതൊരാൾ വന്നിറങ്ങുവാൻ കാത്തവൾ?

നേർത്ത വിങ്ങലായ് തീർന്നവൾ, എന്നുമെൻ 
രാത്രിയിൽ നിദ്ര ചോർത്തുന്നൊരോർമ്മയായ്.
കാലമെത്രമേൽ  നിർദ്ദയം പാഞ്ഞുപോയ്,  
നീർപ്പോളയത്രേ  കലാലയ ജീവിതം! 

പിന്നൊരു നാൾ ദിനപ്പത്രം വിടർത്തവേ 
കണ്ടൊരു വാർത്ത, കാണാത്ത കോണിലായ്, 
ചിത്തഭ്രമം പെട്ട  സ്ത്രീയെയിടിച്ചിട്ടൊ-
രാഡംബരക്കാറ് നിർത്താതെ പോയിപോൽ! 

ഒപ്പമാ ഭാണ്ഡവും   കാണാതെ പോയിപോൽ!
കത്തുമോർമ്മകൾ കാണാതെ പോയിപോൽ!