[ഇന്ത്യയിൽ വിവിധയിടങ്ങളിൽ നടന്നിട്ടുള്ള ആസിഡ് ആക്രമണങ്ങളുടെ ആഘാതത്താൽ വഴി മാറി പോയ ജീവിതവുമായി പൊരുത്തപ്പെട്ടു മുന്നേറാൻ ശ്രമിക്കുന്ന പെണ്‍കുട്ടികളുടെ മനസ്സ് കാണാൻ ശ്രമിച്ചു കൊണ്ട് ഈ വരികൾ ... ]
Indian acid attack victims ban together in
heartwarming fashion shoot
(വിവിധ മാധ്യമങ്ങളിലൊന്നിൽ വന്ന ചിത്രവും വാർത്തയും)
The photo session focused on young women photographed by Rahul Saharan as they wore clothes from a line called Rupa Designs — whose creator herself was one of the victims. They have spent years hiding their faces in shame. But united, they bravely came forward.
[അനിഷ്ടകരമായതൊന്നും നമുക്ക് സംഭാവിക്കാത്തിടത്തോളം നമ്മൾ ഓരോരുത്തരും സുഖകരമായ നിഷ്ക്രിയത്വ ത്തിലാണ്.
ചുറ്റുമുള്ള സമൂഹജീവികളായ നമ്മളോടും, നിയമങ്ങളോടും ഈ പെണ്‍കുട്ടികൾക്ക് എന്താണ് പറയാനുണ്ടാവുക? ഒന്ന് ചെവിയോർത്താൽ നമ്മുടെ മനസാക്ഷിയിൽ നിന്ന് കേൾക്കാം അവരുടെ സ്വരം. അതിപ്രകാരമല്ലേ?]
ഞങ്ങൾ ജ്വാലാമുഖികൾ
വരികീ പ്രദർശനം കാണ്‍ക സമൂഹമേ
നിൻ നീച ചിന്ത തൻ ബാക്കിപത്രം
പാതിയും വെന്ത മുഖങ്ങൾക്കു പൊള്ളും
വിലയിട്ടു വെല്ലു വിളിപ്പു ഞങ്ങൾ
അമ്ലമൊഴിച്ചുമെരിച്ചുമുറഞ്ഞൊരീ
വ്രണിത സൗന്ദര്യമിതാസ്വദിക്ക
കാട്ടുനിയമമേ നിൻറെ പഴുതുകൾ
തന്നിലൂടൊളി കണ്ണു കൊണ്ടു കാണ്‍ക,
തസ്കരരെന്ന പോലിരുളിൽ പ്പതുങ്ങി
നിന്നാ കിരാതർക്കുതകും വിധത്തിൽ
വഴി വിട്ടു വ്യാഖ്യാനം ചേർത്തു ചമച്ചു നീ
വിപണിയിൽ വച്ചൊരാ നീതി സാരം
നിർബാധമതിനാൽ വിഹരിച്ചിടും കൊടും-
കൃത്യങ്ങൾ ചെയ്തവർ നാട് തോറും
നിയമം പിഴച്ചുള്ള ദേശം നശിച്ചിടും
ഇരകൾ തൻ കണ്ണീർ വീണേടം മുടിഞ്ഞിടും
നിയമം പിഴച്ചുള്ള ദേശം നശിച്ചിടും
ഇരകൾ തൻ കണ്ണീർ വീണേടം മുടിഞ്ഞിടും
ഭയമില്ല, നോവില്ല മേൽകീഴുമില്ലിനി
തീയിൽ കുരുത്തതീ ബാക്കി ജന്മം
മനസ്സില്ല പൊത്തിലൊളിച്ചിരിക്കാൻ, മൂടു -
പടമിട്ടു വദനം മറച്ചു നിൽക്കാൻ
കരിവേറ്റ മുഖമല്ല കാട്ടുന്നു ഞങ്ങളി -
തലിവറ്റ ലോകത്തിനന്തരംഗം
കണ്‍ തുറന്നെല്ലാരും കണ്ടിടട്ടെ കരിം-
കല്ലിൻ മനസ്സുള്ള കപട ലോകം
പ്രതികരിച്ചീടുവാനുള്ളൊരു ത്രാണിയും
പണയത്തിലായ് പിണമായ ലോകം
കണ്ണുകൾ പൊത്തിയും കാതടച്ചും സദാ
നാക്കിൽ കുരുക്കിട്ടു വായടച്ചും
മിണ്ടാതെ, മേലൊരു മണ്‍ തരി വീഴാതെ
യെന്തുമെതിർക്കാതെ സമ്മതിച്ചും
ഈ വിധം ഭൂവിതിൽ ചത്തതിനൊത്ത പോൽ
ജീവിച്ചു ശീലമായ് പോയവരേ
നാളെയനീതിക്ക് പാത്രമാകേണ്ടവർ
നിങ്ങളാകാതെയിരുന്നിടട്ടെ
ആശിപ്പൂ ഞങ്ങളിന്നാകയാൽ ലോകമീ
കാഴ്ചകൾ നിശ്ചയം കണ്ടിടട്ടെ...
"കണ്‍ തുറന്നെല്ലാവരും കണ്ടിടട്ടെ കരിം-
ReplyDeleteകല്ലിന്‍ മനസ്സുള്ള കപടലോകം"
തീക്ഷ്ണമായ വരികള്‍
കവിത നന്നായിരിക്കുന്നു ടീച്ചര്‍
ആശംസകള്‍
നന്ദി സർ. കപട ലോകത്തിലെ ഒരു അംഗമായി, നിഷ്ക്രിയ വ്യക്തിയായി ഇരിക്കുന്നതിൽ സ്വയം തോന്നുന്ന ലജ്ജയാണ് ഈ വരികൾക്കാധാരം.
Deleteവേറിട്ട വിഷയമാണല്ലോ..
ReplyDeleteവരികൾ ഇഷ്ടമായി.
ആശംസകൾ ഗിരിജ ടീച്ചർ.
നന്ദി ഗിരീഷ്
Deleteഎന്നാല്‍ സമൂഹവും വ്യവസ്ഥിതിയും ഇരകളായ ഇവര്‍ തന്നെയാണ് കുറ്റക്കാര്‍ എന്നൊരു ദുഷ്ടചിന്താഗതിയും കൊണ്ടാണ് നടക്കുന്നത്. അതുകൊണ്ടാണ് ഈ വക ക്രൂരതകള്‍ ഇന്നും ഭംഗമില്ലാതെ നടക്കുന്നതും.
ReplyDeleteകവിത ശക്തം
വ്യവസ്ഥിതി എന്നും കീറാമുട്ടി തന്നെ. ആരെയും രക്ഷിക്കാൻ ബാധ്യതയില്ലാത്ത (അല്ലങ്കിൽ ആ ബാധ്യത ഏട്ടിലെ പശു മാത്രമായിട്ടുള്ള) ഒരു വ്യവസ്ഥിതിയെ തൽക്ഷണം തള്ളിക്കളയാൻ കഴിയാത്തതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശാപം.
Deleteചിലപ്പോഴെല്ലാം തോന്നാറുണ്ട്, കടുത്ത ശിക്ഷകള്‍ ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുമെന്ന്... ചിലപ്പോള്‍ തോന്നും ചികിത്സിക്കേണ്ടത് രോഗത്തെയല്ലേ, രോഗിയെ അല്ലല്ലോ... വേദനാജനകമാണീ കാഴ്ചകള്‍.
ReplyDeleteനിയമങ്ങൾ ഉണ്ടാക്കാനും അത് നടപ്പിലാക്കാനും ജനങ്ങൾ അധികാരപ്പെടുത്തി വിട്ടവർ സ്വയം രോഗികളായുള്ളിടത്ത് രോഗത്തിനുള്ള മരുന്ന് അന്വേഷിച്ചിട്ട് കാര്യമുണ്ടോ?
ReplyDeleteഓരോ അമ്മമാരും വിചാരിച്ചാൽ ഇത്തരം ആക്രമണങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഓരോ ആണ്‍കുട്ടിയും സ്ത്രീയെ ബഹുമാനിക്കുന്നത് സ്വന്തം വീട്ടിൽ നിന്നു തന്നെയാവണം ...
ReplyDeleteശക്തമായ വരികൾ ...!
എൻറെയും ശക്തമായ അഭിപ്രായം ഇത് തന്നെ. സ്ത്രീകളെ ബഹുമാനിക്കാൻ നമ്മുടെ ആണ്‍കുട്ടികളെയും അഹങ്കാരവും അതിരു കടന്ന പ്രദർശനാത്മകതയും ആപത്താണെന്ന് നമ്മുടെ പെണ്‍കുട്ടികളെയും പഠിപ്പിക്കാൻ കഴിഞ്ഞാൽ അമ്മമ്മാർ ഈ സമൂഹത്തിനോട് ചെയ്യുന്നത് ഏറ്റവും മഹത്തായ സേവനമായിരിക്കും. വായനക്ക് നന്ദി കുഞ്ഞൂസ്.
Deleteഇതുവരെ ആരും ചിന്തിക്കാത്ത കാര്യം . ഹോ . കണ്ണ് നനയിച്ചു . സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteഅപ്പോൾ ഇവരുടെ വേണ്ടപ്പെട്ടവർ എത്ര കണ്ണുനീർ വീഴ്ത്തുന്നുണ്ടാകും? നമ്മുടെ സ്വന്തം മക്കളെയോ നമ്മളെ തന്നെയോ ഇവരുടെ സ്ഥാനത്ത് നിറുത്തി ആലോചിച്ചു നോക്കുവാൻ നമുക്ക് കഴിയുമോ? ഇതിലെ വന്നതിനും അഭിപ്രായം പങ്കു വച്ചതിനും നന്ദി പ്രവാഹിനി
DeleteSeptember 16, 2014 at 3:51 AM
പുറം കാഴ്ചകളില്‍ മാത്രം ഭ്രമിച്ച് അവനവനിലേക്ക് പരമാവധി ഒതുങ്ങിക്കഴിയുന്ന മനുഷ്യന് സ്വന്തം കണ്ണിനു ഹിതകരമല്ലാത്ത കാഴ്ചകളെ കാണാനോ അറിയാനോ ശ്രമിക്കാതെ പുച്ഛം മാത്രം സ്പുരിക്കുന്ന മനസ്സുകളില്‍ ഈ വരികളും കാഴ്ചകളും ആഴ്ന്നിറങ്ങട്ടെ...
ReplyDeleteനന്നായിരിക്കുന്നു.
അതെ സർ ,
Deleteഅതിര് വിട്ട ഭ്രമങ്ങളും trendകളും ഒക്കെ നൈമിഷികവും , നശ്വരവും ആണെന്ന തിരിച്ചറിവ് ഉണ്ടായാൽ തീരുന്നതാണ് സമൂഹത്തിലെ പകുതി പ്രശ്നങ്ങളും . അഭിപ്രായത്തിന് നന്ദി. ബ്ലോഗിലേക്ക് സ്വാഗതം
ഇതെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച്, വായിച്ച് മറന്നും നമ്മള്‍ നടക്കുന്നു... തീവ്രമാണീ വരികള്‍ ഓരോന്നും!!
ReplyDeleteപുതിയ വായനക്കാരിക്ക് സ്വാഗതം.
Deleteഈ നടിപ്പ് അവസാനിക്കണമെങ്കിൽ ഇരകൾ നമ്മളാകണം.
വ്യവസ്ഥിതിയെ പഴി പറഞ്ഞിട്ട് കാര്യമില്ല. പുരുഷ മേൽക്കോയ്മയുള്ള സമൂഹത്തിൽ സ്ത്രീകൾ എന്നും ഇരകൾ തന്നെ. ഇതിന് ഒരേ ഒരു പരിഹാരം മാത്രം. സ്ത്രീ സമൂഹം മുന്നിട്ടിറങ്ങുക. പറയാൻ എളുപ്പം എന്ന് പറ യുമായിരിക്കാം. പക്ഷെ സത്യം അതാണ്. പ്രതികരിക്കാൻ അങ്ങ് ഡൽഹി വരെ പോകണമെന്നില്ല. നമ്മുടെ ചുറ്റുപാടും നടക്കുന്ന സംഭവ ങ്ങളിൽ ഒരു കൂട്ടായ്മയായി പ്രതികരിക്കുക. പുറത്തു നിന്നും നേതാക്കൾ വരാൻ കാക്കാതെ അയൽവക്കത്തെ സംഭവങ്ങളിൽ ഇടപെടുക, പ്രതികരിക്കുക. ഒട്ടക പക്ഷിയെ പ്പോലെ തല പൂഴ്ത്തി ഇരിക്കാതിരിക്കുക.
ReplyDeleteഅതിന് തുടക്കം കുറിയ്ക്കുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
വായനയ്ക്ക് നന്ദി. പുരുഷമേൽക്കോയ്മയെ മാത്രം പഴിക്കുവാനാവില്ല സർ. ഇതിലെ രൂപ എന്ന പെണ്‍കുട്ടി രാത്രി ഉറങ്ങിക്കിടക്കുമ്പോൾ
Deleteരണ്ടാനമ്മയാണ് ആ കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. എന്നിട്ട് ആ രണ്ടാനമ്മ എന്ന സ്ത്രീ അനുഭവിച്ചത് വെറും പതിനെട്ട് മാസത്തെ ജയിൽ വാസം മാത്രം . സ്ത്രീകൾ തന്നെ കുറ്റവാളികൾ ആകുന്നിടത്ത് പുരുഷമേൽക്കോയ്മ എന്ന് പറഞ്ഞു വാളെടുത്തിട്ട് എന്ത് കാര്യം? രണ്ടാനമ്മയ്ക്ക് അനുകൂലമായ നിലപാടെടുത്തതിന് രൂപ പിന്നീട് തൻറെ പേരിന്റെ വാലറ്റത്ത് നിന്ന് സ്വന്തം അച്ഛന്റെ പേര് ഉപേക്ഷിക്കുക വഴി അച്ഛനെ തന്നെ തള്ളി പറഞ്ഞു കൊണ്ടാണ് പ്രതികരിച്ചത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാൾ[Who recieved The international Women of Courage Award from the First Lady of the US, Michelle Obama in March 2014) എന്ന മറ്റൊരു പെണ്‍കുട്ടിയുടെ കാര്യമെടുത്താൽ അക്രമത്തിനിരയായി സ്വയം കണ്ണാടിയിൽ നോക്കാൻ പോലും ഭയന്നിരുന്ന അവരെ സ്നേഹിക്കാനും, വിവാഹം കഴിക്കാനും സാമൂഹ്യ പ്രവർത്തകനും സുമുഖനുമായ അലോക് ദീക്ഷിത് എന്ന ചെറുപ്പക്കാരന് പല വട്ടം ആലോചിക്കേണ്ടി വന്നില്ല. മനസിന്റെ സൌന്ദര്യം ഒരിക്കലും നശിക്കുന്നതല്ലെന്ന ആത്മവിശ്വാസം ലക്ഷ്മിക്ക് പകർന്നു കൊടുത്ത ഈ ചെറുപ്പക്കാരനും പുരുഷ ഗണത്തിലു ള്ളതാണ്.(http://fridaymagazine.ae/features/the-big-story/india-s-acid-attack-survivors-fight-for-their-cause-1.1307054)
ആണായാലും പെണ്ണായാലും തെറ്റിന് കടുത്ത ശിക്ഷയുണ്ടെന്ന ഭയം ഉണ്ടാക്കാൻ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിയുകയാണ് വേണ്ടത്. അതിനുള്ള നിയമങ്ങൾ ശക്തിപ്പെടുത്താനാണ് പൊതുജനം ഒന്നാകെ സംഘടിക്കേണ്ടത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ.
കണ്ണു നനയിച്ച കാഴ്ച. എവിടെ നിയമവും, നീതിയും. പിന്നെയും
ReplyDeleteസ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ കൂടുന്നതല്ലാതെ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ?