Followers

Thursday, December 29, 2016

ഭൂമി കുലുക്കുന്നവർ

ഭൂമികുലുക്കിപക്ഷിയൊരെണ്ണം 
വാല് കുലുക്കിച്ചൊല്ലുന്നൂ 
"കണ്ടോ എന്നുടെ വാലിൻ തുമ്പിൽ 
ഞാന്നുകിടപ്പൂ ഭൂഗോളം 
വാലൊന്നാഞ്ഞു കുലുക്കും നേരം 
ഭൂമി കുലുങ്ങി വിറയ്ക്കുന്നൂ 
അമ്പട ഞാനേ അമ്പട ഞാനേ 
കണ്ടോ എന്നുടെ കേമത്തം!" 

അതു കേട്ടരിശം പൂണ്ടൊരു  മർത്യൻ 
കിളിയോടിങ്ങനെ ചൊല്ലുന്നൂ 
"എന്നുടെ പാദം കണ്ടിട്ടല്ലോ 
ഭൂമി ഭയന്നു വിറയ്ക്കുന്നൂ 
എന്നുടെ കാലിന്നടിയിലമർന്നാ-
ലുണ്ടോ ഭൂമി കുലുങ്ങുന്നു?
നിന്നുടെ വാലു ചുരുട്ടിക്കെട്ടി 
തോറ്റുമടങ്ങുക വേഗം നീ"

ഭൂമി കുലുങ്ങിച്ചിരിയൊടു ചിരിയീ 
തർക്കം കേട്ടു രസിച്ചയ്യോ 
ആടിയുലഞ്ഞു പതിച്ചാ  മർത്യൻ 
കേണുതുടങ്ങീ ദയനീയം 
"വമ്പില്ലെന്നുടെ കാലിൻ തുമ്പിൽ 
തെല്ലും,നിൻ കൃപയല്ലാതെ 
ചൊല്ലില്ലിങ്ങനെയില്ലാക്കഥയും 
വമ്പത്തരവും ഇനിമേലിൽ 
മെല്ലെയുയർത്തുക മണ്ണിന്നടിയിൽ 
നിന്നും എന്നുടെ പാദങ്ങൾ" 

വാലുകുലുക്കിപ്പക്ഷിയുയർന്നു 
പറന്നൊരു മൂളിപ്പാട്ടോടെ 
ഭൂമിയിലേക്കൊരു നോട്ടമെറിഞ്ഞു 
പറഞ്ഞൊരു കള്ളച്ചിരിയോടെ
"ആരാന്റമ്മയ്ക്കെങ്ങാൻ പ്രാന്ത് 
പിടിച്ചാൽ കാണാൻ ശേലല്ലേ! 
എന്തിനുമേതിനുമേറ്റുപിടിച്ചു 
നടക്കുന്നോർക്കിതു പതിവാണേ
കെണിയിൽ വീണു കിടന്നോളൂ നീ 
ഞാനെൻ പാട്ടിനു പോകട്ടെ."


4 comments:

  1. ആക്ഷേപഹാസ്യം അസ്സലായി
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. നന്ദി സർ. സാറിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

      Delete
  2. വായിച്ചു... ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി, വീണ്ടും വരിക, വായിക്കുക. മറുപടി വൈകിയതിന് ക്ഷമാപണം.

      Delete