Followers

Tuesday, January 24, 2023

ആചാരം റീലോഡഡ്















സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആര്‍ത്തവാവധി. 18 തികഞ്ഞ വിദ്യാർഥിനികള്‍ക്ക് 2 മാസം പ്രസവാവധി. 

ഈ വാർത്ത വന്നിട്ട് രണ്ടുമൂന്നു ദിവസമായി.  പക്ഷേ സ്ഥലത്തെ പതിവു സ്ത്രീ ആക്ടിവിസ്റ്റുകളെയൊന്നും ഈ വഴിയ്ക്കു കണ്ടില്ലല്ലോ?!  എല്ലാവരും ഒറക്കമാന്നോ? 

ഓ! ഓർത്തില്ല... ഇതു നടപ്പിലാക്കിയിരിക്കുന്നത്  സംസ്ഥാനത്തെ    വിപ്ലവകുലജാതരുടെ മടിയിലിരിക്കുന്ന ഉന്നത വിദ്യാഭ്യാസവകുപ്പാകുന്ന ഓമനക്കുഞ്ഞാണല്ലോ അല്ലേ!  ഈ പറഞ്ഞത് ഏതെങ്കിലും ഹെജിമണിത്തറവാട്ടിലെ  കാർന്നോൻമ്മാരായിരുന്നേൽ ഇപ്പോൾ കണ്ടേനെ കളി! അയിത്തം, സ്ത്രീവിവേചനം, അടിച്ചമർത്തൽ... എന്നുവേണ്ട സർവത്ര കുഴപ്പങ്ങളാണെന്നു പറഞ്ഞുകൊണ്ട്  സ്ത്രീസമത്വ, ശാക്തീകരണസിംഹങ്ങളൊക്കെ ഇതിനോടകം മതിലുപണി തുടങ്ങിയേനെ! 

ആർത്തവദിവസങ്ങളിൽ അടുക്കളയിൽ കയറേണ്ട എന്നു പറഞ്ഞ പണ്ടത്തെ കാരണവന്മാരെ  സ്ത്രീവിരോധികൾ,  അയിത്തപ്രചാരകർ എന്നൊക്കെ വിളിച്ചാക്ഷേപിച്ച  കപടപുരോഗമനവാദികൾ അതേ 'ആചാരം' യൂണിവേസിറ്റി നിയമാരിഷ്ടമാക്കി  കുലുക്കി ഉന്നതതലവിദ്യാർത്ഥിനികൾക്കു  വിതരണം ചെയ്തിട്ടു  സ്വയം പറയുന്നു, തങ്ങൾ ഇതാ ചരിത്രത്തിലാദ്യമായി സ്ത്രീപക്ഷകാൽവയ്പു നടത്തി മാതൃകയായിരിക്കുന്നുവെന്ന്! (എന്നെ ഞാൻതന്നെ വിളിക്കുന്ന പേരാണ് വിമൽ കുമാർ  എന്നു 'കുഞ്ഞിക്കൂനൻ' പറഞ്ഞതുപോലെ.)   

ആര്‍ത്തവം ഒരു  ജൈവപ്രക്രിയയാണത്രെ! നൂറ്റാണ്ടുകൾക്കു മുമ്പും, എക്കാലത്തും  അതു ജൈവപ്രക്രിയതന്നെയായിരുന്നു പ്രബുദ്ധചിന്തകമ്മന്യരെ.  ആയിരത്തിതൊള്ളായിരത്തിയമ്പതിൽ ഇവിടെ കമ്യൂണിസ്റ്റ് ഭരണം വന്നതിനുശേഷം ഉണ്ടായ  അതിശയപ്രതിഭാസമൊന്നുമല്ലല്ലോ അത്?  

നിങ്ങൾ പ്രചരിപ്പിക്കുന്ന  ഏഷണി പോലെ,  ആർത്തവമുള്ളതിനാൽ  പെണ്ണുങ്ങളായ ഞങ്ങൾ സമൂഹത്തിലെ ഏതെങ്കിലും മേഖലകളിൽനിന്നും അകറ്റപ്പെടേണ്ടവരാണ് എന്നൊന്നും ഞങ്ങളോടു ഞങ്ങളുടെ കാരണവന്മാരാരും ഞങ്ങളോട് ആജ്ഞാപിച്ചിട്ടില്ല. പകരം അവരുടെ കരുതലും അധികവാത്സല്യവും എക്കാലവും  അനുഭവിച്ചിട്ടേയുള്ളൂ.    ഏതു വിഷയത്തിലും രണ്ടു പക്ഷവും പക്ഷക്കാരുമുള്ളതുപോലെ അജ്ഞത കൊണ്ടും കയ്യൂക്കു കൊണ്ടും ദുരനുഭവങ്ങൾ ഉണ്ടായവർ ഈ വിഷയത്തിലും ഉണ്ട്. അതിനപ്പുറമുള്ള  പൊടിപ്പും തൊങ്ങലുമെല്ലാം ഏതു സമൂഹത്തിലും   എക്കാലത്തും കണ്ടുവരാറുള്ള   കുളംകലക്കികൾ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച്  പടച്ചുണ്ടാക്കുന്നവയാണ്.

എന്തായാലും ഈ വിഷയത്തിൽ സ്ഥലത്തെ പ്രധാന ബുജികളുടെയൊന്നും ചർച്ച  കേൾക്കാനിടയായില്ല.

അല്ലെങ്കിലും ക്ഷേത്രങ്ങളിൽ കയറ്റുന്നതിനെപ്പറ്റിയുള്ള   വിഷയമൊന്നുമല്ലല്ലോ അല്ലേ  മാദ്ധ്യമങ്ങളെയൊക്കെക്കൂട്ടി ചർച്ച ചെയ്യാൻ! അതുകൊണ്ടാകണം  ഭൂമികുലുക്കിപ്പക്ഷികളായ ആക്ടിവിസ്റ്റുകൾക്കും ഒന്നും വാലുകുലുക്കി പാഞ്ഞുവരാഞ്ഞത്. എന്നാൽ ഇങ്ങനൊരു തീരുമാനം ആദ്യമെടുത്തത്  ഇന്ത്യയിലെ പ്രധാനപ്പെട്ട ഏതെങ്കിലും ഐ. ഐ. ടി.യായിരുന്നുവെന്നു വെറുതെയൊന്നു സങ്കൽപ്പിക്കുക. എങ്കിൽ ഇന്ന്    ഇവിടുത്തെ ചാനലുകളിലെ  ചർച്ചകൾ  എന്തായിരുന്നിരിക്കും എന്ന്  ഈയവസരത്തിൽ  വെറുതെ ഒന്നോർത്തുപോവുകയാണ്.

എന്തായാലും സ്ത്രീ ശാക്തീകരണപിപ്പിടിവിപ്ലവം  കറങ്ങിത്തിരിഞ്ഞ്  ആർത്തവാവധി എന്ന ആ പഴയ  ആചാരത്തിൽത്തന്നെ വന്നുനിന്നല്ലോ.  സന്തോഷം. 

പക്ഷെ ചില സംശയങ്ങൾ ബാക്കിയാണ്. 

1. ഈ ആർത്തവാവധി ഉന്നതവിദ്യാഭ്യാസവകുപ്പിൻ്റെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥിനികൾക്കു മാത്രം മതിയോ? സ്‌കൂൾ തലത്തിൽ പന്ത്രണ്ടാംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥിനികൾക്ക്   ഈ ആനുകൂല്യം കൊടുക്കണ്ടായോ? 

2. വിദ്യാഭ്യാസം കഴിഞ്ഞു  വിവിധമേഖലകളിൽ  ഉദ്യോഗം ഭരിക്കുന്ന സ്ത്രീകൾക്ക് ആർത്തവാവധിയില്ലേ? അവർക്കു പ്രസവാവധി മാത്രമേയുള്ളോ? അവരെ  ഈ ശാരീരിക, മാനസികബുദ്ധിമുട്ടുകളൊന്നും ബാധിക്കില്ലേ? അതോ അവരെ നടതള്ളിയോ?

3. വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുമുമ്പുതന്നെ വിവാഹിതരായിട്ടോ  വിവാഹിതരാകാതെതന്നെയോ അമ്മമാരാകുവാനുള്ള ഒരു പ്രചോദനം എന്ന നിലയ്ക്കാണോ പതിനെട്ടു വയസ്സു കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പ്രസവാവധികൂടി  നൽകാനുള്ള പുതിയ ചട്ടം ഉന്നതവിദ്യാഭ്യാസവകുപ്പിൻ്റെ  നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്? എന്തെന്നുവച്ചാൽ, ഇന്നത്തെകാലത്തു ഭൂരിഭാഗം വരുന്ന വിവേകമതികളായ പെൺകുട്ടികളാരും തങ്ങൾ ലക്ഷ്യമിട്ടിരിക്കുന്ന  വിദ്യാഭ്യാസം പൂർത്തിയാക്കി സ്വന്തം കാലിൽ നിൽക്കാനുതകുന്ന ഒരു തൊഴിൽ ലഭിക്കുന്നതിനുമുമ്പ് തങ്ങളുടെ വിവാഹക്കാര്യം ചർച്ച ചെയ്യാൻപോലും  മാതാപിതാക്കളെ അനുവദിക്കാറില്ല.  പെണ്മക്കളെക്കുറിച്ച്  മുൻകാലങ്ങളിലേക്കാളേറെ വ്യാകുലതയുള്ള  ഇന്നത്തെ മാതാപിതാക്കളും ഏറെക്കുറെ ആ ചിന്താഗതി ശരിവയ്ക്കുന്നുമുണ്ട്. അങ്ങനെയുള്ള ഈ  കാലഘട്ടത്തിൽ വിപ്ലവസിങ്കങ്ങളെകൊണ്ടു നിറഞ്ഞ ഉ.വി.വകുപ്പ് പറയുന്നു, ഇങ്ങള് പതിനെട്ടു വയസ്സുകഴിയുമ്പ്ളേ വേണോങ്കി  പ്രസവാവധിയെടുത്തോളീന്ന്!! 

വിദ്യാഭ്യാസം പൂർത്തിയാകുന്നതിനുമുമ്പു  വിവാഹിതരും ചിലപ്പോൾ അമ്മമാരും ആകുകയും എന്നിട്ടും വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുകയുമൊക്കെ  ചെയ്യുന്ന ചെറിയൊരു ശതമാനം  വിദ്യാർത്ഥിനികൾ ഈ നിയമം വരുന്നതിനുമുമ്പും നമ്മുടെ  സമൂഹത്തിൽ ഉണ്ടല്ലോ. അപ്പോൾപ്പിന്നെ എന്തിനാണീ അധികനിയമസഹായമെന്നു മനസ്സിലായിട്ടില്ല. ഈ ചെറിയ ശതമാനത്തിനെ വലുതാക്കിയെടുക്കാനുള്ള ഇൻസെൻറീവ് വല്ലതുമാണോ?!

4. മറ്റൊന്ന്,  സർവ്വകലാശാല പരീക്ഷയെഴുതണമെങ്കിൽ  ലിംഗഭേദമന്യേ പരീക്ഷാർത്ഥികൾക്കെല്ലാവർക്കും കുറഞ്ഞത്  75% ഹാജർ വേണം എന്ന മുൻനിയമമാണല്ലോ   വിദ്യാർത്ഥിനികളുടെ മാത്രം കാര്യത്തിൽ ഇനിമുതൽ  73% ഹാജർ മതിയെന്ന രീതിയിൽ മാറ്റിയിട്ടുള്ളത്.  അപ്പോൾ  ലിംഗസമത്വം വേണ്ടേ? പെൺകുട്ടികൾ കൊടുക്കുന്ന അതേ  ഫീസ് അടച്ചു പഠിക്കുന്ന ആൺകുട്ടികൾക്ക് ഇതിനു സമാന്തരമായ മറ്റുവല്ല ആനുകൂല്യങ്ങളും കൊടുത്താലല്ലേ ആൺപെൺസമത്വം നിലവിൽ വരൂ! പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്കു  കൂടുതൽ കൊടുത്താലും നേരെ മറിച്ചായാലും രണ്ടിനും  ലിംഗവിവേചനം എന്നുതന്നെയല്ലേ പേര്? 

അതല്ലെങ്കിൽപ്പിന്നെ പെൺകുട്ടികളുടെ ശാരീരികപ്രത്യേകതകളെയും അതു കാരണമായി വേണ്ടിവരുന്ന അധികവിശ്രമവും പരിചരണവുമൊക്കെ   കണക്കിലെടുത്തുകൊണ്ടാണ് ഈ അധികാവധി അവർക്കു നിയമം മൂലം വ്യവസ്ഥയാക്കിക്കൊടുത്തിരിക്കുന്നത് എന്ന് ഏതു വിപ്ലവമടയിലും ചെന്നുനിന്നുറക്കെ പറയാൻ എല്ലാ ജ്ഞാനവഞ്ചകീവഞ്ചകന്മാർക്കും  സാധിക്കണം. ഏതെങ്കിലും  കുബുദ്ധികളായ അധികാരികൾ മതിലുപണിയ്ക്ക് ആജ്ഞ തരുമ്പോൾ ഈ പരിഗണനയെ (അതാരു കൊടുത്തതായാലും) അയിത്തമായും  കുറച്ചിലായും അധിക്ഷേപിച്ചുപറയരുത്. 

എന്തായാലും, നിലവിൽ "സ്ത്രീപക്ഷകാൽ" ഉയർത്തിനിൽക്കുന്ന  ഉ.വി.വകുപ്പ്  ആൺകുട്ടിക്കുൾപറ്റിയ എന്തെങ്കിലും ഒരു തത്തുല്യആനുകൂല്യം  സൃഷ്ടിച്ച് മറ്റേ പുരുഷപക്ഷകാൽകൂടി ഉടനെ ഉയർത്തുമെന്നു പ്രതീക്ഷിക്കുന്നു!

5. Last, but not the least, 

ഈ നിയമത്തിൻ്റെ ചുവടുപിടിച്ച് ഭാവിയിൽ വിവിധമേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവാവധി അനുവദിച്ചുകൊണ്ട് നിയമം വന്നേക്കാം. അങ്ങനെ വന്നാൽ അന്നു തങ്ങളുടെ സ്ഥാപനങ്ങളിൽ  സ്ത്രീകളെ ജോലിയ്‌ക്കെടുക്കാൻ ഇന്നുള്ളയത്ര   തൊഴിൽദാദാക്കളെങ്കിലും  താൽപ്പര്യം കാണിക്കുമോ?

എന്തരോ എന്തോ?! വയസ്സ് അമ്പതും കഴിഞ്ഞു  കുഴിയിലേയ്ക്കു കാലും നീട്ടിയിരിക്കുന്ന എന്നെപ്പോലുള്ളവർക്കെന്തിരു പാട്?! 'ഇങ്കുലാ സിന്ദാവാ'

എന്തായാലും സാനിറ്ററി നാപ്ക്കിൻ  കച്ചവടക്കാർക്കിപ്പോൾ   ഇരട്ടിപ്പണിയായി. നിലവിലെ പരസ്യവാചകങ്ങളൊക്കെ പുതുക്കാൻ പരസ്യക്കമ്പനികൾക്ക് ഇപ്പോഴേ അവർ ഓർഡർ കൊടുത്തിട്ടുണ്ടാവും. തങ്ങളുടെ പാഡ് ഉപയോഗിച്ചാൽ സൈക്കിൾ ചവിട്ടിയോ ട്രാക്ടർ ഉരുട്ടിയോ കുതിരപ്പുറത്തുകയറിയോ ഒക്കെ സ്‌കൂളിലും കോളേജിലുമൊക്കെ പോകാം, മലമുകളിൽ നിന്നും മരക്കൊമ്പിൽനിന്നുമൊക്കെ തലകുത്തിച്ചാടാം എന്ന വാഗ്ദാനമൊക്കെ മിക്കവാറുമവർ പിൻവലിയ്ക്കും. 

'ആഘോഷിക്കൂ, ആർത്തവാവധികൾ  ഞങ്ങളോടൊപ്പം' എന്ന പരസ്യവാചകം ഉടനെ  പ്രതീക്ഷിക്കാം.

രസങ്ങൾ വേറെയും പലതിനി കാണാനിരിക്കുന്നതേയുള്ളൂ. 

ഇനിമുതൽ 'As I am suffering from my monthly painful days...' എന്ന ഫോർമാറ്റിലുള്ള ലീവ് ലെറ്ററുകൾ കൂടി അദ്ധ്യാപികമാർ ഫയലിൽ സ്വീകരിക്കേണ്ടിവരും. അതു സ്വീകരിക്കുന്ന അദ്ധ്യാപികയാവട്ടെ, ചിലപ്പോൾ വയറുവേദന സഹിയ്ക്കാഞ്ഞിട്ടും  ഡ്യൂട്ടി സമയം കഴിയാൻ കാത്തിരിക്കുകയുമായിരിക്കും. 

അതു പോകട്ടെ, ഏതൊക്കെ വിദ്യാർത്ഥിനികൾ ഏതെല്ലാം കാലയളവിൽ ലീവ് എടുക്കുന്നു എന്നും എടുക്കുന്നില്ലയെന്നും കൃത്യമായ പഠനം നടത്തുന്ന ജിജ്ഞാസുക്കളായ ഗവേഷകരുടെ സാന്നിദ്ധ്യവും ഇനിവരുംകാലം  കലാലയങ്ങളിൽ പ്രതീക്ഷിക്കാം! 

എന്തായാലും, മുകളിൽ സൂചിപ്പിച്ചതുപോലെ മടുപ്പിക്കുന്ന ഈ  വിപ്ലവക്കോമരങ്ങളുടെ  ഇരട്ടത്താപ്പുകളുമായി ബന്ധപ്പെട്ട ചില മുഷിച്ചിലല്ലാതെ  ആർത്തവാവധി എന്ന നിയമത്തോട്  എതിർപ്പൊന്നുമില്ലതന്നെ.

സന്തോഷിപ്പിൻ പെൺകുട്ടികളെ, ഞങ്ങൾക്കു ലഭിക്കാത്തത് നിങ്ങൾക്കു ലഭിച്ചുവല്ലോ. 

എന്നാലും, ഈ നിയമം ഒരു പത്തുമുപ്പത്തഞ്ചു കൊല്ലം മുമ്പെങ്ങാനും വന്നിരുന്നെങ്കിൽ അന്നു വിദ്യാർത്ഥിനികളായിരുന്ന ഞങ്ങൾക്കും വെറുതെ വയറും ഞെക്കിപ്പിടിച്ചു നടുവും തിരുമ്മി തലയും വേദനിച്ച് ക്ലാസ്സുകളിൽ  ഇരിക്കേണ്ടിവരില്ലായിരുന്നല്ലോ,  വീട്ടിൽക്കിടന്നു വിശ്രമിക്കാമായിരുന്നല്ലോ   എന്നൊരു കലിപ്പ് ഇല്ലാതെയുമില്ല.  

No comments:

Post a Comment