Followers

Monday, January 2, 2023

വന്ദേ നന്ദഗോപസുതം (കൃഷ്ണകാവ്യാർച്ചന.7)

 












ആനന്ദമാനന്ദമെൻ നന്ദനൻ തൻ്റെ-
യാത്മമിത്രത്തിൻ വരവിതെന്താനന്ദം!  
എങ്ങനെ സ്വീകരിക്കേണ്ടു ഞാൻ വാത്സല്യ-
ഭാജനമാകുമെൻ കണ്ണൻ്റെ തോഴനെ! 

നന്ദഗോപർ ഹർഷബാഷ്പമോടാ വൃഷ്ണി-
ശ്രേഷ്ഠനാമുദ്ധവനെപ്പുണർന്നൂഷ്മളം.
സമ്പ്രദായാർത്ഥമുപചരിച്ചാ സുത-
തുല്യനാം യാദവരത്നത്തെയുത്തമം.

പുത്രൻ്റെ ലീലകൾ ചൊല്ലുവാൻ താതനാ 
യാദവനോടപേക്ഷിച്ചു സഗദ്ഗദം 
"സൗഖ്യമായ് വാഴുന്നുവോയെൻ്റെ പൊന്മകൻ?
ഉദ്ധവരേ, ചൊല്ലുകെല്ലാം സവിസ്തരം.

കണ്ണൻ മഥുരയ്ക്കു പോയതിൻ ശേഷമി-
ങ്ങൊന്നിനുമില്ല മാധുര്യവും ഭംഗിയും,
ഇന്നു നീ ഞങ്ങൾക്കു നൽകണമൊട്ടും 
കുറയാതെ  കണ്ണൻ്റെ ലീലാമൃതമധു.

ദുഷ്ടനാം മാതുലൻ കാലപുരി പുക്ക-
ശേഷമെല്ലാം ഭദ്രമെന്നു നിനയ്പ്പു ഞാൻ, 
നീചകർമ്മം ചെയ്ത കംസാനുയായികൾ- 
താനും യമപുരി ചെന്നുചേർന്നീലയോ!

ഉദ്ധവാ, നീ ചൊല്ലുകെൻ്റെ പ്രിയസുതൻ 
ഞങ്ങളെപ്പറ്റിയെങ്ങാനും പറഞ്ഞിതോ? 
കണ്ണിൻ മണി കണക്കെയവൻ പാലിച്ച 
പൈക്കളെയോർത്തിടാറുണ്ടോ മമ സുതൻ?

ഗോവർദ്ധനം പണ്ടു ഛത്രം കണക്കെ- 
യുയർത്തിയീ ഗോകുലഭൂമിയെക്കാത്തതും 
മിത്രങ്ങളോടൊത്തു വൃന്ദാവനത്തില-
ന്നുല്ലാസമോടെക്കഴിഞ്ഞൊരു ബാല്യവും,

വാതവർഷാഗ്നികളാമീതിബാധക-
ളെല്ലാം തടഞ്ഞവൻ ഞങ്ങൾക്കു നാഥനായ്  
ഘോരരാം രാക്ഷസവൃന്ദങ്ങളെക്കൊന്നു 
ഞങ്ങൾതൻ  മൃതുഭയത്തെക്കളഞ്ഞതും  

വല്ലതുമോർത്തു രസിച്ചിടാറുണ്ടോ?
പറയിൻ മഹാഭാഗ!  ഗോവിന്ദചേഷ്ടിതം.
എന്നു  വരുമവൻ  ഗോകുലത്തിങ്കലേയ്-
ക്കെന്നു കാണാനിനിയാ വക്ത്രസുസ്മിതം!? 

നന്ദഗോപർ തൻ്റെ വാക്കുകൾ കേൾക്കവേ -
യമ്മ യശോദയ്ക്കുമുണ്ടായി സങ്കടം.
പുത്രസ്നേഹംകൊണ്ടു കണ്ണീർ പൊഴിയ്ക്കയാ-
ലാ മിഴിപ്പൊയ്കകൾ  രണ്ടും കവിഞ്ഞുപോയ്.

ആശ്ച്യര്യമേറുമാ താതോക്തികൾ  കേട്ടു 
വർദ്ധിച്ച മോദമോടെ പറഞ്ഞുദ്ധവൻ,
ശ്രേഷ്ഠനാം ഗോകുലരാജ! മഹോത്തരം! 
നിർവ്യാജമാകുമീ നിഷ്കാമഭക്തി. 
 
ശ്രേയസ്കരം ഗോകുലോത്തമ, നിങ്ങൾതൻ 
കൃഷ്ണഭക്തിയ്ക്കു സമം ശ്ലാഘ്യമെന്തിനി?  
സർവ്വലോകത്തിനും കാരണമാകിയ 
നാരായണൻ തന്നെയല്ലോ തവസുതൻ! 

മൃതുസമയത്തരമാത്രയെങ്കിലും 
നാരായണനെ സ്മരിയ്ക്കുന്ന മാനുഷൻ 
യോഗ്യൻ  പരമഗതിയ്ക്കവൻ നിശ്ചയം! 
മറ്റെന്തു വേണമതിന്മേലെ,യോർക്കുകിൽ! 

ചാരെ വസിച്ചിടുന്നച്യുതൻ, ആകായൽ    
ദുഖിച്ചിടായ്കിനി മേലിൽ നിങ്ങൾ വൃഥാ,   
കൃഷ്ണൻ്റെയുള്ളിൽ വസിക്കുന്നു നമ്മ,-
ളവനോ വസിക്കുന്നു നമ്മൾതന്നുള്ളിലും.  

 വൈകാതെ തന്നെയിങ്ങെത്തും മകനവൻ 
നിങ്ങളെയാനന്ദചിത്തരാക്കീടുവാൻ, 
നാനാത്വമാർന്ന ചരാചരരാശിയെ 
പാലിച്ചിടും നാരായണൻ പരനാണവൻ!  

കൃഷ്ണനെ ജീവൻ്റെ സത്തെന്നറിഞ്ഞൊരാ 
സത്തമൻ, ഉദ്ധവശ്രേഷ്ഠൻ, യദൂത്തമൻ  
ഇപ്രകാരം പരമാർത്ഥങ്ങളെ ഗ്രഹി-
പ്പിച്ചുവാ മാതാപിതാക്കളെ സാദരം. 
 






No comments:

Post a Comment