Followers

Tuesday, January 10, 2023

മാളികപ്പുറം സിനിമാനുഭവം



സ്വാമി ശരണം!
കഴിഞ്ഞ ശനിയാഴ്ച 'മാളികപ്പുറം' കണ്ടു.
ഷാർജ City Centere ലെ VOX Cinemasൽ.
യു എ ഇ.യിൽ പൊതുവെ മലയാളം സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ തീയറ്ററിലെ പകുതിഭാഗം സീറ്റുകളെങ്കിലും നിറയുക എന്നത് വളരെ അപൂർവ്വം സിനിമകൾക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്.
'ന്നാ താൻ കേസു കൊട്' എന്ന സിനിമ ഇറങ്ങിയ സമയത്താണ് തീയറ്റർ ഒരു കാൽ ഭാഗത്തിനു മുകളിലെങ്കിലും നിറഞ്ഞതായി ഈയടുത്ത കാലത്തു കണ്ടിട്ടുള്ളത്. എന്നാൽ മാളികപ്പുറം സിനിമ കാണാൻ രാത്രി പതിനൊന്നുമണിയുടെ പ്രദർശനത്തിനു തീയറ്ററിൽ വിരലിലെണ്ണാവുന്നവയിലൊഴികെ മറ്റെല്ലാ സീറ്റുകളിലും ആളുണ്ടായിരുന്നു. വന്നിരിക്കുന്നവരിൽത്തന്നെ നല്ലൊരു ശതമാനവും കുടുംബമടച്ചുതന്നെയാണ് വന്നിരുന്നത്. അതിൽ നല്ലൊരു ശതമാനവും കുട്ടികളായിരുന്നു എന്നത് ഏറെ ശ്രദ്ധേയം. അതും ചെറിയ കുട്ടികൾ. പ്രത്യേകിച്ചും ഇക്കൊല്ലത്തെ പൊതുപരീക്ഷകൾ അടുത്തുവരികയാണ്. ഈ സമയത്ത് മിക്കവാറും റിവിഷനും ട്യൂഷനുമൊക്കെയായി വീടുകളിൽ കുട്ടികളും അച്ഛനമ്മമാരും തമ്മിൽ അങ്കത്തട്ടു നടക്കേണ്ട സമയമാണ്. അയ്യപ്പനും മാളികപ്പുറത്തമ്മയും കൂട്ടരും ചേർന്ന് പാവം കുട്ടികൾക്ക് അവരുടെ ചിത്തശുദ്ധിയെ വർദ്ധിപ്പിക്കാനുതകുന്ന ഒരിടവേള നൽകി എന്നത് ഏറെ സന്തോഷം. ഈ സിനിമ കുട്ടികളിൽ ഒരു സദ്‌ഫലപ്രദമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല.
ഇപ്പോൾ സോഷ്യൽ മീഡിയയാകെ മാളികപ്പുറം സിനിമയെക്കുറിച്ചുള്ള റിവ്യൂകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാവർക്കും പറയാനുള്ളതാണെങ്കിൽ ഏറെക്കുറെ ഒന്നുതന്നെ. എങ്കിൽപ്പിന്നെ ഇനി എൻ്റെ വക ഒരു പോസറ്റീവ് റിവ്യൂ കൂടി ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ, ഉണ്ടല്ലോ, എനിക്ക് ആവശ്യമുണ്ട് .
ഇങ്ങനൊന്ന് എഴുതണമെന്ന് എനിക്ക് ആഗ്രഹം തോന്നിയിട്ട് എഴുതുന്നതാണ്. കാരണം ഇത്തരത്തിൽ ഭൂരിപക്ഷം കാണികളുടെയും മനസ്സു തൊടുന്ന, അവരുടെ ജീവിതാനുഭവങ്ങളുമായി ഏറെയടുത്തു നിൽക്കുന്ന സിനിമകൾ എപ്പോഴും സംഭവിക്കാറില്ല.
അധികം വൈകാതെ ശബരിമലയ്ക്കു പോകാനാവും എന്ന ആഗ്രഹത്തോടെ അയ്യപ്പൻ്റെ വിളി വരാൻ കാത്തിരിക്കുന്ന വ്യക്തിയാണു ഞാനും. ശബരിമലയിൽ ശാന്തി നില നിൽക്കേണ്ടത് എൻ്റെയും കൂടി താൽപ്പര്യമാണ്. ശബരിമലയിലെ സമാധാനം കേരളത്തിൻ്റെയാകെ സമാധാനമാണ്. അവിടെ ഒരു കല്ലു വീണാൽ കേരളമാകെ അശാന്തമാകുമെന്ന് നാം കണ്ടതാണ്. ശബരിമലയിലെ ദേവതാസങ്കല്പം ഒരിക്കലും ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട സജ്ജനങ്ങൾക്കോ ജീവജാലങ്ങൾക്കോ ഒരുതരത്തിലും ദ്രോഹം ചെയ്യുന്ന ഒന്നല്ല. ബുദ്ധിജീവികളും നിരീശ്വരവാദികളും അങ്ങനെ വരുത്തിത്തീർക്കാൻ എത്രയൊക്കെ ശ്രമിച്ചാലും. അതുകൊണ്ട് ആ ക്ഷേത്രവും ക്ഷേത്രസങ്കല്പവും അത്രത്തോളം പവിത്രമായിത്തന്നെ എക്കാലവും നിലനിൽക്കാൻ ഉതകുന്ന സാഹിത്യവും സിനിമയും ഗാനങ്ങളും എല്ലാം ഹൃദയത്തിൽ എന്നും ചേർത്തുവയ്ക്കും. 'ഹരിവരാസന'വും, 'ശബരിമലയിൽ തങ്കസൂര്യോദയ'വുമൊക്കെ ഇങ്ങനെ കാലങ്ങളായി ഭക്തരുടെ മനസ്സിൽ കുടിയേറിയതാണല്ലോ.
ദേവീദേവന്മാരെ ആസ്പദമാക്കിയുള്ള സിനിമകൾ ഇതിനു മുമ്പും കേരളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഒരു ഈശ്വരഭജനയിൽ പങ്കെടുക്കുന്നതുപോലെയോ ക്ഷേത്രത്തിലെ ദീപാരാധന തൊഴുന്നതു പോലെയോ ഒക്കെയുള്ള മുഖഭാവത്തോടെയിരുന്ന് സിനിമ കാണുന്ന മലയാളികളെ ഇതാദ്യം കാണുകയാണ്.
മനസ്സുനിറച്ച് കുടിലതയും മുഖം നിറച്ച് ക്രൗര്യവും, നാക്കു നിറച്ച് അശ്ലീലവും, ചുണ്ടിൽ തെരുതെരെ പുകയുന്ന സിഗരറ്റുകുറ്റിയും, കയ്യിൽ സമയസന്ദർഭഭേദമന്യേ പതയുന്ന മദ്യക്കുപ്പിയും ഒന്നുമില്ലാതെതന്നെ ഒരു നായകനെയും സഹകഥാപാത്രങ്ങളെയും അവതരിപ്പിച്ചു വിജയിപ്പിക്കാൻതക്ക സാമൂഹ്യപ്രതിബദ്ധതയും അതിന് അവശ്യം വേണ്ടതായ നട്ടെല്ലുറപ്പുമുള്ള പുതുനിര സംവിധായകനും (വിഷ്ണു ശശി ശങ്കർ) തിരക്കഥാകൃത്തും (അഭിലാഷ് പിള്ള ) നിർമ്മാതാവും (പ്രിയ വേണു, നീത പിൻറോ-) ഇപ്പോൾ മലയാളക്കരയിലുണ്ട് എന്ന സന്തോഷം ചെറുതല്ല. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളുടെ കീഴിലാണ് ഈ ചിത്രം ഇറക്കിയിരിക്കുന്നത്.
സിനിമയുടെ ഉള്ളടക്കം, അഭിനേതാക്കളുടെ പ്രകടനം എന്നിവയെക്കുറിച്ചെല്ലാം ഇപ്പോൾ ഒരുവിധം മലയാളികൾക്കെല്ലാം അറിയാം. അതിനാൽ അങ്ങനെയൊരു വിലയിരുത്തലിനു മുതിരുന്നില്ല. മാത്രവുമല്ല
ഏറ്റവും ഹൃദ്യമായിത്തോന്നിയ രംഗങ്ങളെപ്പറ്റി വിശദമായി ഇവിടെപ്പറഞ്ഞാൽ അത്
വരുംദിവസങ്ങളിൽ സിനിമ കാണാൻ തീരുമാനിച്ചിരിക്കുന്നവരുടെ രസച്ചരടു പൊട്ടിച്ചുകളയുന്ന സ്പോയ് ലർ ആയിപ്പോകും. എങ്കിലും രണ്ടു വരി എഴുതാതെയും വയ്യ.
ഏതു വിഷമഘട്ടത്തിലും ഞാനുണ്ട് കൂടെ എന്നു സ്വാമി അയ്യപ്പൻ നൽകുന്ന സന്ദേശമെന്നോണം സിനിമയുടെ പകുതി മുതൽക്കങ്ങോട്ടുള്ള ഉണ്ണി മുകുന്ദൻ്റെ മുഖത്തെ ആ മായാത്ത പുഞ്ചിരി ഈ സിനിമയുടെ ഊർജ്ജമാണ്.
സൈജു കുറുപ്പിൻ്റെ അജയൻ എന്ന കഥാപാത്രം മക്കളുടെ ന്യായമായ ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാൻ ആഗ്രഹമുള്ള സ്നേഹസമ്പന്നരായ, എല്ലാ ഇടത്തരം കുടുംബങ്ങളിലെയും അച്ഛന്മാരുടെ പ്രതിനിധിയാണ്.
പട്ടട എന്ന കഥാപാത്രമായിവന്ന ടി. ജി. രവിയുടെ പ്രകടനം സിനിമയ്ക്കു മുതൽക്കൂട്ടാണ്.
സിനിമയുടെ പ്രധാന ആകർഷണമായ കുട്ടികൾ, കല്ലുവും പിയുഷും: അവർക്കുള്ള അഭിനന്ദനമറിയിക്കുന്നവരുടെ പ്രവാഹത്തിൽ ഞാനും ഇതാ ചേരുന്നു.
ചിത്രത്തിലെ ഗാനങ്ങളുടെ വരികളും (സന്തോഷ് വർമ്മ, ബി. കെ ഹരിനാരായണൻ) സംഗീതവും (രഞ്ജിൻ രാജ് ) കഥാതന്തുവിനോട് ഇണങ്ങിച്ചേർന്നുപോകുന്നു. പമ്പാനദിയെക്കുറിച്ചു തുടങ്ങുന്ന വരികളുള്ള ഗാനം ഏറ്റവും ഹൃദ്യമായിത്തോന്നി.
ഇതൊക്കെയാണെങ്കിലും എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കുഞ്ഞുകഥാപാത്രമുണ്ട്. പിഷാരടി അഭിനയിച്ച കഥാപാത്രം നടത്തുന്ന പലചരക്കുകടയിൽ സാധനമെടുത്തുകൊടുക്കാൻ നിൽക്കുന്ന ഭിന്നശേഷിക്കാരനായ ആ കഥാപാത്രം. രണ്ടോ മൂന്നോ രംഗങ്ങളിൽ വന്നുപോകുന്ന അദ്ദേഹം തീയറ്ററിൽ എല്ലാവരെയും ചിരിപ്പിക്കുന്നുണ്ട്. അത് തൻ്റെ ദേഹത്തിൻ്റെ സവിശേഷത കൊണ്ടല്ല മറിച്ച് ആ മുഖത്തു വിരിയുന്ന അഭിനയമികവുകൊണ്ടുതന്നെയാണ് എന്നതാണ് ആ കഥാപാത്രത്തിൻ്റെ മികവ്. ആ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ്റെ പേരും വിവരവും അറിയില്ല. കണ്ടുപിടിക്കാൻ നെറ്റിലൊക്കെ അന്വേഷിച്ചിട്ടും ഒരു സൂചനയും കിട്ടിയതുമില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞുതരിക. ഈ റിവ്യൂവിനൊപ്പം കൊടുത്തിരിക്കുക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിൻ്റെ മുഖമുണ്ട്. എന്തായാലും ആ നടൻ പ്രത്യേകമായ അഭിനന്ദനം അർഹിക്കുന്നു. വരുംകാലസിനിമകളിൽ അദ്ദേഹത്തിനു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
ഈ സിനിമയിൽ മനസ്സിനെ ഏറ്റവും ആകർഷിച്ച മറ്റു സീനുകൾ ഏതെന്നു ചോദിച്ചാൽ:
ഒന്ന്:
ഒരു ചായക്കടയിൽ വച്ച് പ്രധാനവില്ലനുമായി സംഘർഷമുണ്ടാകുന്ന രംഗത്തിൽ ഉണ്ണി മുകുന്ദൻ കഴുത്തിലണിഞ്ഞിരിക്കുന്ന നൂലിൽ കോർത്ത മണിയിൽ നിന്നും പ്രവഹിച്ച ഒരു രശ്മിയുടെ തിളക്കമേറ്റ് വില്ലൻ പെട്ടന്ന് തൻ്റെ കണ്ണുകളെ പിൻവലിക്കുന്ന സെക്കന്റുകൾ മാത്രം നീണ്ടുനിൽക്കുന്ന രംഗം.
വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച സമ്പത്ത് റാം അതു ഭംഗിയായി ചെയ്തിരിക്കുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച സമ്പത്ത് റാം അതു ഭംഗിയായി ചെയ്തിരിക്കുന്നു. സിനിമാറ്റോഗ്രാഫറും (വിഷ്ണു നാരായണൻ) എഡിറ്ററും (ഷമീർ മുഹമ്മദ്) അവരുടെ ടെക്‌നിക്കൽ ടീമും പ്രത്യേകപരാമർശമർഹിക്കുന്ന രംഗങ്ങളിൽ ഒന്നാണിത്.
രണ്ട് :
ഉണ്ണിമുകുന്ദൻ അമ്പും വില്ലുമേന്തി വെളുത്ത വേഷാഭൂഷകളിൽ വരുന്ന അതിമനോഹരവും ദൈവീകഭാവനയുണർത്തുന്നതുമായ ആക്ഷൻ രംഗം. പൊതുവെ ആക്ഷൻ രംഗങ്ങളിൽ വലിയ കമ്പമില്ലാത്ത എനിക്കും ഹൃദ്യമായി അനുഭവപ്പെട്ടു. അയ്യപ്പസ്വാമി എന്ന സാക്ഷാൽ കലിയുഗനായകനെ ഓർമ്മ വന്നതുകൊണ്ടാകാം!
മൂന്ന്:
അയ്യപ്പസ്വാമി കുക്കുടാസനത്തിൽ ഇരിക്കുന്നതുപോലുള്ള ഉണ്ണി മുകുന്ദൻ്റെ ആ ഇരിപ്പും അതുകണ്ട് കല്ലു (ബാലനടി ദേവനന്ദ) ആ കൈപ്പത്തിയിൽ മെല്ലെ തൊടുന്നതുമായ ആ ഹൃദ്യമായ രംഗം.
നാല്:
കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന ആ രക്ഷകൻ ആരെന്നറിയാനായി ആളുടെ ലക്ഷണം ചോദിക്കുന്ന ഉണ്ണിയോടുള്ള പിയൂഷിൻ്റെ (ബാലനടൻ ശ്രീപദ്) മറുപടിയും അതുകേട്ട് കുഴങ്ങിനിൽക്കുന്ന ഉണ്ണിയുടെ (രമേഷ് പിഷാരടി) മുഖവും.
അഞ്ച്:
സിനിമയിലെ ആദ്യസീൻ:- മലയാളത്തിൻ്റെ പ്രിയനടൻ
ശ്രീ മമ്മൂട്ടിയുടെ ശബ്ദത്തിൽ മാളികപ്പുറത്തമ്മയുടെ ഐതിഹ്യം വിവരിക്കുന്ന ഭാഗം. കാലങ്ങളായി മാളികപ്പുറത്തമ്മയെ കുറിച്ചു പ്രചരിച്ചുവരുന്ന അടിസ്ഥാനമില്ലാത്തതും ഓരോരുത്തർക്കും തോന്നുന്നതുപോലെ പടച്ചുവിടുന്നതുമായ പൈങ്കിളിക്കഥകളിൽ നിന്നും സാക്ഷാൽ മധുരമീനാക്ഷിയമ്മയ്ക്ക് ഒരു മോചനം കിട്ടിയല്ലോ!
ആറ് :
ഈ പ്രിയദൃശ്യം സ്‌ക്രീനിലല്ല, തീയറ്ററിലാണ് കാണുക.
സിനിമയുടെ അവസാനം ക്രെഡിറ്റ്സ് കാണിക്കുന്ന സമയത്ത് ചേർത്തിരിക്കുന്ന, പ്രകാശ് പുത്തൂർ എന്ന നവാഗതഗായകൻ ആലപിച്ച ഹരിവരാസനം ഗാനം. സിനിമ കഴിഞ്ഞിട്ടും സീറ്റുകളിൽനിന്നും എഴുനേൽക്കാൻ തിടുക്കം കാണിക്കാതെ കാണികൾ കണ്ണടച്ചും താളം പിടിച്ചും കൂടെപ്പാടിയും ഒരു സൽകർമ്മം മംഗളം പാടിയവസാനിപ്പിക്കുംവിധം അയ്യപ്പനെ പാടിയുറക്കുന്ന അപൂർവ്വ ദൃശ്യം!
മാളികപ്പുറം എന്ന സിനിമയുടെ അണിയറ ശില്പികൾക്ക് ആത്മാർത്ഥമായ നന്ദി പറയുന്നു. ഇത്രയും ഹൃദയവിശുദ്ധി ഉളവാകുന്ന ഒരു സിനിമാനുഭവം നൽകിയതിന്. കേരളത്തിൽ മൂന്നാലു വർഷങ്ങൾക്കു മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ നിർഭാഗ്യകരമായ സംഭവവികാസങ്ങൾക്കു ശേഷം ശബരിമല പതിവിലേറെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. പലരും അതിനുശേഷമാണ് ശബരിമലയെയും അയ്യപ്പനെയും ഇത്രയും വൈകാരികമായി കണ്ടുതുടങ്ങിയത്. അതായത് ആത്മീയമായി കാണേണ്ടതിനെയൊക്കെ ഭൗതികമായ നിയമങ്ങളും കാഴ്ചപ്പാടുകളുമായി കൂട്ടിക്കുഴച്ച് ശാന്തമായി ആചരിച്ചുവരുന്നതിനെയൊക്കെ കോടതികയറ്റി പല സദ്പ്രതീക ങ്ങളും നമുക്ക് നഷ്ടപ്പെട്ടുപോയേക്കുമോ എന്ന തിരിച്ചറിവിൽനിന്നുണ്ടാകുന്ന ഒരുതരം വർദ്ധിച്ച വൈകാരികമായ അടുപ്പം. സമൂഹമനസിൻ്റെ ആ ഒരവസ്ഥയും ഈ സിനിമയുടെ വിജയത്തിനു പരോക്ഷമായ കാരണമാണ്. (ആ വഴിയ്ക്കു നോക്കിയാൽ സിനിമയുടെ വിജയത്തിൻ്റെ ക്രെഡിറ്റിൽ ഒരു പങ്ക് നിലവിലുള്ള നമ്മുടെ സർക്കാരിനും സർക്കാർ കിങ്കരന്മാർക്കും കിങ്കരികൾക്കും കൊടുക്കേണ്ടിവരും!)
ഇനി സിനിമയുടെ തുടക്കത്തിലെ ടൈറ്റിൽസ് കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയ ഒരു തമാശ പറഞ്ഞോട്ടെ. ഈ സിനിമയുടെ thanks list ന് ഒരു നാലഞ്ചു മീറ്ററെങ്കിലും നീളം വരുമെന്നു തോന്നുന്നു! പ്രത്യക്ഷത്തിൽ പരസ്പരം വിഘടിച്ചു നിൽക്കുന്ന പ്രധാനികളെ ആരെയുംതന്നെ ഒഴിവാക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ, യൂസഫ് അലി മുതൽ നമ്മുടെയൊക്കെ നിയോജകമണ്ഡലത്തിലെ ഏറ്റവും കുഞ്ഞിക്കടയുടെ ഉടമസ്ഥൻ്റെ പേരു വരെ കണ്ടേക്കാമതിൽ. നല്ലതുതന്നെ.
മഹാത്മാഗാന്ധിയുടെയും ഭാര്യ കസ്തൂർബാ ഗാന്ധിയുടെയും പേരുകളേ ചേർക്കാനിനി ബാക്കിയുള്ളൂവെന്നു തോന്നുന്നു! തെറ്റല്ല. കുറ്റമായിട്ടു പറഞ്ഞതുമല്ല. കേരളത്തിലെ ഒരു സാമൂഹികമനസ്സ് അങ്ങനെയായി മാറിയിരിക്കുന്നു എന്നാണു പറഞ്ഞുവന്നത്. 'അവൻ്റെ പേരുണ്ട് അപ്പോൾ ഇവൻ്റെപേരില്ലാത്തതെന്താ' എന്ന ഉടക്ക് ചോദ്യത്തിനുത്തരം പറയാൻ മലയാളി സദാ ബാദ്ധ്യസ്ഥനായി മാറിപ്പോയിരിക്കുന്നു. സമാധാനമായി ഒരു പ്രവൃത്തിയെടുക്കണമെങ്കിൽ ഒരുക്കേണ്ട സന്നാഹങ്ങളാണ് ഇതൊക്കെ. പ്രത്യേകിച്ചും സിനിമ പോലുള്ള രംഗങ്ങളിൽ.
ഇപ്പോഴത്തെ ചുറ്റുപാടിൽ കേരളത്തിലെ ഏതെങ്കിലും കവലയിൽ നിന്ന് ആരെങ്കിലും ഉറക്കെയൊന്ന് അയ്യപ്പൻ എന്നോ ശബരിമല എന്നോ ഒക്കെ പറഞ്ഞുപോയാൽത്തന്നെ ആളുകൂടി വിവരങ്ങൾ തിരക്കുന്ന കാലമാണ്. അങ്ങനെയുള്ള ഈ കേരളത്തിൽ നിലവിൽ സെൻസിറ്റീവ് വിഷയമായ ശബരിമലയെ മുൻനിർത്തിയുള്ള ഒരു സിനിമ സ്ഥിരം കുത്തിത്തിരുപ്പുകാരുടെ ആരുടേയും കണ്ണിലും കാതിലും പെടാതെയും അവരുടെ ശല്യമില്ലാതെയും ഷൂട്ട്‌ ചെയ്തുതീർക്കുകയും സെൻസർ ബോർഡിൻ്റെ ആ പ്രത്യേകതരം വിലയിരുത്തലുകളിൽപ്പെട്ടു തടഞ്ഞുകിടക്കാതെയും തീയറ്ററുകൾ നിറഞ്ഞോടുന്ന നിലയിലേക്ക്‌ ഉയർത്തിക്കൊണ്ടുവന്നതിനു പിന്നിൽ ഈ സിനിമയുടെ ശില്പികളുടെ വിവേകപൂർണ്ണമായ ശ്രമങ്ങൾ ഉണ്ടാവാതെ തരമില്ല. അതിൻ്റെ ഭാഗമായി എല്ലാവരെയും ചേർത്തുനിർത്തികൊണ്ടുതന്നെ ചെയ്യാനുള്ളതു വൃത്തിയായി ചെയ്തതിന് അവർ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ശ്രീമാൻ മമ്മൂട്ടിയുടെ ശബ്ദം കൊണ്ടു സിനിമ തുടങ്ങുകവഴി സിനിമയെക്കുറിച്ചു കുത്തിത്തിരുപ്പുകളുണ്ടാക്കുവാൻ സാദ്ധ്യതയുള്ളവർക്കുള്ള അവസാനആണിയും അടിച്ചു എന്നുപറയാം. പ്രശസ്ത സിനിമാനിർമ്മാതാക്കളായ ആൻറോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവരുടെ പങ്കാളിത്തവും പരിചയസമ്പത്തും ഈ ചിത്രത്തെ വിജയമാക്കുന്നതിൽ തീർച്ചയായും സഹായിച്ചിരിക്കണം. അങ്ങനെ ഈ സിനിമ സദുദ്ദേശ്യപരമായ ഒരു കാഴ്ചപ്പാട് സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിൽ വിവേകത്തോടെ വിജയിച്ചിരിക്കുന്നു. ആ ഉത്തരവാദിത്തം ഏറ്റെടുത്തതിനു ശ്രീ മമ്മൂട്ടിയും നന്ദിയർഹിക്കുന്നു.
ഏതായാലും ഈ റിവ്യൂ ഇങ്ങനെ അവസാനിപ്പിക്കാം. ചില സിനിമകൾ ട്രെൻഡുകൾക്കു പിന്നാലെ പോകുന്നവയാണ്. സാമ്പത്തികവിജയവും പ്രശസ്തിയും മാത്രമായിരിക്കും അവയുടെ ലക്ഷ്യം. എന്നാൽ അപൂർവ്വം ചില സിനിമകൾ കാലഘട്ടത്തിൻ്റെ ആവശ്യമായി സംഭവിക്കുന്നവയാണ്. കുറച്ചു കാലയളവിലേക്കെങ്കിലും ട്രെൻറ് അവയുടെ പുറകെ പോകും. അത്തരത്തിലെ സിനിമകളെടുക്കാൻ സമ്പത്തും സ്വാധീനവും കയ്യൂക്കും മാത്രം പോര. ഈശ്വരാനുഗ്രഹം തന്നെ വേണം. ആ ശ്രേണിയിൽപ്പെടാൻ അനുഗ്രഹം ലഭിച്ച സിനിമയാണ് മാളികപ്പുറം.

ഇനി ഇതിൻ്റെ വിജയത്തിലുള്ള ആഹ്ളാദപ്രകടങ്ങൾ മിതമാക്കി സാമൂഹ്യപ്രതിബദ്ധതയുള്ള അടുത്ത സിനിമാതന്തുക്കൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമായി എന്നു തോന്നുന്നു. കല്ലുക്കുട്ടിയും പീയൂഷ് കുട്ടിയും കറക്കം മതിയാക്കി go to your classes!😃

സ്വാമി ശരണം!🙏


No comments:

Post a Comment