Followers

Tuesday, January 3, 2023

ഗോപീഹൃദയം (കൃഷ്ണകാവ്യാർച്ചന.8 )























ചെന്താമരാക്ഷനാം കണ്ണനെ വാഴ്ത്തുന്ന
ഗാനങ്ങളുമാലപിച്ചുകൊണ്ടേ
സൂര്യോദയത്തിൽ വ്രജവാസികൾ ദിന-
ചര്യകളിൽ വ്യാപരിച്ചിടുമ്പോൾ

കാണുന്നു സ്വർണ്ണമയമാമൊരു രഥം
നന്ദഗോപഗൃഹംതൻ്റെ ദ്വാരേ.
ആരാണതിഥിയെന്നാ വ്രജവാസിക-
ളന്യോന്യമാകാംക്ഷ പങ്കുവച്ചു.

രാമകൃഷ്ണന്മാരെ കൊണ്ടു പോയീടുവാ-
നന്നെഴുന്നള്ളിയൊരക്രൂരനോ?
കംസൻ്റെയന്ത്യം വരുത്തിയ ഗോപൻ്റെ -
യുറ്റവരെക്കൊൽവാൻ വന്നവനോ?

രായിരിക്കാമിവൻ ശിഷ്ടനോ 
ദുഷ്ടലാക്കോടെയെത്തിയ കിങ്കരനോ?
ഈ വിധമോരോന്നു ചിന്തിക്കവേയവർ
കണ്ടുവത്യത്ഭുതം! നിർന്നിമേഷം!

ആരൊരാൾ? സ്നാനം കഴിഞ്ഞു വരുന്നവൻ?
ഗോവിന്ദനെ വാർത്തുവച്ചപോലെ!
ആജാനബാഹു, പീതാംബരധാരി, 
നളിനദളാക്ഷനവർണ്ണനീയൻ!

കർണ്ണങ്ങളിൽ മണികുണ്ഡലം,
താമരപ്പൂമാലയൊന്നു വിരിമാറിലും.
കണ്ണനല്ലെന്നാരുചൊല്ലുമിവനുടെ
സുന്ദരരൂപമിതെന്തു സാമ്യം!

വർദ്ധിച്ച കൗതുകത്താലെയാ ഗോപികൾ -
ആ മംഗളരൂപനെ വളഞ്ഞു.
"എങ്ങു നിന്നാരുടെ ദൂതനായെത്തിയി-
ന്നീ ഗോകുലപ്രദേശത്തിൽ ഭവാൻ?"

"കൃഷ്ണൻ്റെ സന്ദേശവാഹകനാണു ഞാൻ,
ഉദ്ധവൻ, കൃഷ്ണപിതൃഷ്വസേയൻ.
കണ്ണൻ്റെ സാരസർവ്വസ്വമാം നിങ്ങൾതൻ 
സൗഖ്യമറിയാനവനയച്ചോൻ."

കൃഷ്ണനാമം കേട്ട മാത്രയിൽ ഗോപിക-
ളാനന്ദവൈവശ്യഗാത്രരായി,   
ഉദ്ധവരോടവനെക്കുറിച്ചായിരം 
കാര്യങ്ങളാരായുവാൻ കൊതിച്ചു.

"ഉത്തമശ്ലോകനാമുദ്ധവാ, ചൊല്ലുമോ 
സത്യമീ ഞങ്ങളോടുള്ളവണ്ണം?
ഗോവിന്ദനീ ഭക്തഗോപികളെയൊരു 
മാത്രയിലെങ്കിലുമോർപ്പതുണ്ടോ?

മാതാപിതാക്കളെയാശ്വസിപ്പാൻ മാത്ര-
മല്ലയോ കണ്ണനയച്ചു നിന്നെ?
മറ്റെന്തിരിക്കുന്നിവിടെയവനു 
പ്രിയമുള്ളതായുള്ളിലോർമ്മിച്ചിടാൻ?"

ഉൽക്കടഭക്തിയിൽ നിന്നുളവാകും 
പരിഭവവാക്കുകളാൽ ഗോപികൾ 
തങ്ങളിൽനിന്നുമകന്നു വാഴുന്ന ശ്രീ-
കൃഷ്ണനെയോർത്തു ഗർവ്വിച്ചു ചൊല്ലി.

"ഗോകുലം വിട്ടു മഥുരയ്ക്കു പോയതിൻ 
ശേഷമിന്നോളവുമോർത്തില്ലവൻ   
കേശവനെത്തന്നെ ധ്യാനിച്ചിരിക്കുമീ- 
വൃന്ദാവനവ്രജവാസികളെ. 
   
ലക്ഷ്മീസമേതനവൻ   മഥുരാപതി-
യ്‌ക്കെന്തുള്ളു വേപഥുയിന്നുലകിൽ?
കണ്ണൻറെ ലീലകളിൽ ഞങ്ങളാകൃഷ്ട-
രായതിനെന്തു പിഴച്ചു കൃഷ്ണൻ?

അല്ലയോ ഉദ്ദവാ  നീയുമാ കണ്ണനെ-
പ്പോലെ മയക്കി മടങ്ങുകില്ലേ?
എന്തു വേണം ഭഗവാനിനി? ചൊല്ലുക,
ഞങ്ങളോടെന്തുണ്ടവനുരയ്ക്കാൻ?

ഞങ്ങളെയോർക്കുന്നുവോ മഥുരാപതി?
ഈ ഭവനങ്ങളുമോർക്കുന്നുവോ?
എന്നു വരുമകിൽഗന്ധമോലുന്നൊരാ 
കൈ കൊണ്ടനുഗ്രഹം നല്കിടാനായ്? 

കേട്ടുവാ ഗോപികൾതൻ്റെ പരിഭവ-
മൊക്കെയും സക്ഷമമുദ്ധവരും, 
ശേഷമവരോടു ചൊല്ലി സമാശ്വാസ-
വാക്കുകൾ, വേദാന്തതത്വങ്ങളും .

"ആദരണീയരാം  ഗോകുലസ്ത്രീകളെ 
ഞാനെന്തു പുണ്യം വരിച്ചിതാവോ! 
രാമകൃഷ്ണന്മാരിരുവരുമോടി 
ക്കളിച്ചൊരീ പുണ്യഭൂവിൽ ചവിട്ടാൻ!

ആയർകുലത്തിൻ്റെയൈശ്വര്യമായിടും 
വേണുഗോപാലൻ്റെ തോഴികളെ 
കണ്ണനുള്ളിൽ സദാ വാഴുന്ന ഗോപികൾ  
നിങ്ങളല്ലോ ലോകപൂജിതകൾ,   

ശ്രദ്ധിച്ചുകേൾക്കണം നാരായണൻ 
തന്നയച്ചൊരീ സന്ദേശമെല്ലാവരും  
ഏറെ സുഖാവഹം, ആലോചനാമൃതം 
കേട്ടുള്ളിലാനന്ദമോടിരിയ്ക്ക".

"ബാഹ്യനേത്രങ്ങൾക്കകലെയെന്നാകിലും 
ഉൾകണ്ണിലുണ്ടു ഞാനേവരിലും 
എന്നെ നിരന്തരം ധ്യാനിച്ചിടുന്നവർ-
ക്കില്ല വിയോഗമതെന്നിൽ നിന്നും 

ഇപ്രകാരം കൃഷ്ണസന്ദേശമെല്ലാ-
മറിയിച്ചുവുദ്ധവൻ ഗോപികളെ.
സന്താപമെല്ലാമകറ്റിയവരുടെ 
ചിത്തത്തിലാനന്ദമേറ്റി ദൂതൻ.  

അല്പകാലം വസിച്ചുദ്ധവൻ ഗോകുല-
ത്തിങ്കലാ ഗോപികൾക്കൊത്തു മോദം 
കൃഷ്ണൻ്റെ ബാല്യകാലത്തിലെ ലീലക-
ളൊക്കെയും ചൊല്ലിക്കൊടുത്തവരും  

ഗോപാലലീലകൾ ചൊല്ലുവാൻ ഗോപികൾ-
ക്കുള്ളൊരു ഭക്തിയെ  കണ്ടുദ്ധവൻ  
ദണ്ഡനമസ്കാരമാദരത്തോടവർ-
ക്കേകിയവരെ സ്തുതിച്ചുപാടി    

"ആരുടെ ഗീതികൾ വിശ്വത്തെയാകെയും 
ഭക്തിയാൽ ശുദ്ധീകരിച്ചിടുന്നു, 
ആ ഗോപികൾ തൻ്റെ  പാദരേണുക്കളെ 
വന്ദിച്ചിടുന്നു ഞാനെന്നുമെന്നും. 




No comments:

Post a Comment