അന്നു ശ്രീകൃഷ്ണനും സോദരൻ രാമനും
ദ്വാരകതന്നിലായ് വാഴും ദശാന്തരേ
സൂര്യഗ്രഹണദിവസമണഞ്ഞു
പ്രളയപ്രവാഹമതെന്നതു പോലവേ
ആയതു മുന്നേയറിഞ്ഞതിനാൽ ജനം
പുണ്യസ്നാനാദികൾക്കായിക്കൊതിക്കയാൽ
ചെന്നുചേർന്നന്നാ കുരുക്ഷേത്രഭൂമിയി-
ലുള്ളൊരു പഞ്ചകതീർത്ഥതടസ്ഥലേ
ആയുധധാരികൾ തന്നിലഗ്രേസര-
നാകും പരശുരാമൻതൻ്റെ നിർമ്മിതി-
യാകുമാ സ്ഥാനമെത്രയും ശ്രേഷ്ഠമാ -
ണെന്നറിയുന്നുടൻ പാപമോക്ഷം വരാൻ.
ഉത്തമമായീടുമാ തീർത്ഥയാത്രയി-
ലൊത്തുചേർന്നാത്മതീർത്ഥാടകരൊക്കെയും
ഭാരതം തന്നുടെ നാനാവശങ്ങളിൽ
പാർത്തുവരും പുണ്യദേഹികളായിരം.
അക്രൂര,നാഹുകനും വസുദേവരും
ശ്രേഷ്ഠരാം മറ്റുള്ള യാദവവൃന്ദവും
സാംബൻ, ഗദനും പ്രദ്യുമ്നനുമാദി
ധന്യരും വന്നെത്തി പാപമോക്ഷത്തിനായ്.
സുചന്ദ്രൻ, ശുകൻ, സാരണനനിരുദ്ധനും
സേനാപതി കൃതകർമ്മാവുമായവർ
ദ്വാരക കാത്തുനിലകൊണ്ടു, ശോഭയോ-
ടാന, കുതിര കാലാൾപ്പടയൊക്കെയായ്!
ദിവ്യവേഷാദികളാഭരണങ്ങളു-
മൊക്കെയായ് തൻപത്നിമാരൊത്തുമങ്ങനെ
ഏകാഗ്രചിത്തരായ് സ്നാനവും ചെയ്തു-
കൊണ്ടേവരും നന്നായുപവസിച്ചങ്ങനെ.
വസ്ത്രങ്ങൾ സ്വർണ്ണഹാരാദികൾ ഗോക്കളും
ബ്രാഹ്മണപൂജ്യർക്കു ദാനം നൽകിയെത്രയും
ശ്രേഷ്ഠമാമന്നമവർക്കു കൊടുത്തു-
മിരുന്നുവാ കൃഷ്ണഭക്തർ തരുച്ഛായയിൽ.
കൃഷ്ണനിലുള്ളൊരു ഭക്തി കുറഞ്ഞിടാ-
തെപ്പോഴും തങ്ങളെ കാക്കണമെന്നൊരു
സങ്കല്പവുംചെയ്തുകൊണ്ടാ സമന്ത-
പഞ്ചകം തന്നിലിരുന്നവരിച്ഛ പോൽ.
കോസലാധീശർ, ആനർത്തരും മത്സ്യരും
സൃഞ്ജയൻമാരുമുശീനരന്മാരും
വിദർഭരും കൗരവർ, കേകയന്മാരുണ്ട്
കേരളീയർ, മദ്രർ കാംബോജരുമിതി
പക്ഷങ്ങളെല്ലാത്തിലുമുള്ള രാജരും
നന്ദാദിമിത്രങ്ങൾ ഗോപരെന്നിങ്ങനെ
ഈശ്വരസംഗമമിച്ഛിച്ചുവന്നൊരു
സജ്ജനവൃന്ദങ്ങളെക്കണ്ടുയേവരും !
അന്യോന്യദർശനത്താലതിസന്തോഷ-
മാർന്നുമതിശയമന്ദഹാസം പൂണ്ടും
ഒട്ടു വികസിച്ച ഹൃദത്തടം കൊണ്ടവർ
തമ്മിൽ പുണർന്നുമാനാന്ദാശ്രു വാർക്കയായ്!
നിർമ്മലനേത്രങ്ങളാൽ കടാക്ഷിച്ചു
സൗഹാർദ്രരായ് സ്ത്രീകളും വന്ദിച്ചു വൃദ്ധരെ,
കൃഷ്ണൻ്റെ ലീലാമൃതങ്ങളോരോന്നും
പറഞ്ഞുമറിഞ്ഞും രസം നുകർന്നങ്ങനെ!
കൃഷ്ണപിതൃഷ്വസയായിടും കുന്തിയും
തൻപ്രിയരാം സ്വന്തബന്ധുമിത്രങ്ങളെ
കണ്ടും കുശലം പറഞ്ഞും ചിദാനന്ദ-
നാകുമാ കണ്ണനെക്കണ്ടുൾക്കുളിർത്തും,
മെല്ലെയാരാഞ്ഞു തൻ ജ്യേഷ്ഠൻ വസുദേവ-
നോടു പരിഭവഭാവമോടിങ്ങനെ,
"പൂജ്യനാം ജ്യേഷ്ഠ! കൃതാർത്ഥതയില്ലെനി-
യ്ക്കെന്നുടെയാപത്തുകാലം സ്മരിക്കവേ,
ഞങ്ങൾതൻ സങ്കടകാലത്തു ഭ്രാതാവു-
മോർത്തില്ലയെന്നുടെ ക്ഷേമത്തെയൊട്ടുമേ.
യാതൊരാൾക്കെന്നു വിധി പ്രതികൂലമാ-
മന്നു സ്മരിക്കുകില്ലുറ്റ ജനങ്ങളും"
സോദരിതൻ വ്യഥയേറിടും ഭാഷണം
കേട്ടവാറെപ്പ റഞ്ഞു വസുദേവരും'
"മാ! മമ സോദരിയിത്തരം വാക്കുകൾ,
നാം ഭഗവാൻ്റെ കളിക്കോപ്പതല്ലയോ!
ഈശ്വരേച്ഛാനുസൃതം ജഗത്പ്രാണികൾ
ചെയ്യുന്നു കർമ്മങ്ങൾ സോദരീയിങ്ങനെ,
ദോഷമാരോപിക്കരുതേയതിനാലെ-
യീശ്വരനിശ്ചയം മാറ്റുന്നതെങ്ങനെ?
നീചനാം കംസനാൽ പീഡിതരായങ്ങു-
മിങ്ങുമലഞ്ഞു നടന്നിതു ഞങ്ങളും
ഇപ്പോൾ സമയമനുകൂലമാകയാൽ
സ്ഥാനമാനങ്ങളെ പ്രാപിച്ചു പിന്നെയും."
രാജവൃന്ദങ്ങളെ പൂജിച്ചു യാദവർ
ആനന്ദചിത്തമോടെ മരുവീയവർ
പത്നീസമേതനായ് കൃഷ്ണനെക്കാൺകയാൽ
ഭക്തികൊണ്ടെല്ലാർക്കുമുള്ളം നിറഞ്ഞുപോയ്!
ഭീഷ്മരും ദ്രോണരും പുത്രസമേതയാം
ഗാന്ധാരിയും ധൃതരാഷ്ട്രരും കുന്തിയും,
പത്നീസമേതരാം പാണ്ഡവരും, കൃപർ,
കുന്തിഭോജൻ, സൃഞ്ജയനും വിദുരനും
വിരാടൻ, പുരുജിത് ദ്രുപദനും ശല്യരും
കാശിരാജൻ, ജനകൻ, ദമഘോഷനും
ഭീഷ്മകൻ, ധൃഷ്ടകേതു,യുധാമന്യുവും
മദ്രനും കേകയൻ, പിന്നെ സുശർമ്മാവും
നഗ്നജിത്തും ബാഹ്വീകാദിളുമവർ-
തന്നുടെ പുത്രരുമെന്നുവേണ്ടാ ധർമ്മ-
പുത്രരോടൊപ്പമണഞ്ഞവർ സർവ്വരും
ശ്രീകൃഷ്‌ണതേജസ്സിലെല്ലാം മറന്നുപോയ്!
രാമകൃഷ്ണന്മാരവരെയുമാദരി-
ച്ചാത്മസന്തുഷ്ടരായ് നിൽക്കവേയേവരും
കൃഷ്ണസഖാത്വം ലഭിക്കുവാൻ ഭാഗ്യം
ലഭിച്ചൊരു യാദവന്മാരെ സ്തുതിക്കയായ്!
"ശ്രീകൃഷ്ണദർശനമെത്രയനായാസ
മാകുന്നു നിങ്ങൾക്കഹോ! പുണ്യജന്മങ്ങൾ!
സാധിക്കയില്ല യോഗീശ്വരർക്കുമീ
കൃഷ്ണ സാമീപ്യമിത്രയ്ക്കു നുകരുവാൻ!
വിശ്വം മുഴുവനും നിർമ്മലമാക്കുന്നു
വേദങ്ങളും സ്തുതിച്ചീടുമീ കേശവൻ
ശ്രീകൃഷ്ണപാദസ്പർശത്താൽ പവിത്രമാം
ഭൂമി സർവൈശ്വര്യദായിയായ്ത്തീരുന്നു
അങ്ങനെയുള്ള ഭഗവാനുമായ് സദാ
ചുറ്റിനടന്നുമിരുന്നുംകിടന്നുമാ
ഗോവിന്ദദർശനം സ്പർശനം, ഭാഷണ-
മെന്നിവയാലേ മറക്കുന്നു സർവ്വവും"
അങ്ങനെ ചൊല്ലിയിരിക്കുന്ന നേരത്തു
നന്ദഗോപർ ഗോപവൃന്ദവുമായിതൻ
പ്രാണൻ്റെ പ്രാണനാം കൃഷ്ണനെക്കാണുവാൻ
വന്നെത്തിയാഹ്ലാദചിത്തനായങ്ങനെ.
അംഗങ്ങൾ പ്രാണനെ പ്രാപിച്ചിടുംപോലെ -
ഗാഢഗാഢം യാദവർ നന്ദഗോപരെ
വർദ്ധിച്ച മോദമോടാലിംഗനം ചെയ്തു
സന്തോഷബാഷ്പം പൊഴിച്ചുകൊണ്ടങ്ങനെ!
രാമകൃഷ്ണന്മാർക്കു ബാല്യകാലത്തിലെ
യോർമ്മകളെല്ലാം മനസ്സിൽത്തുളുമ്പവേ
ആനന്ദമോടെയാലിംഗനം ചെയ്തു
യശോയെയും നന്ദഗോപരെയുമവർ.
വസുദേവനുമുടൻ ചെന്നുപുണർന്നുതൻ
കണ്ണിൻ മണിതൻ വളർത്തച്ഛനായിടും
നന്ദഗോപർതൻ്റെ മേനിയെ ഗാഢമായ്,
പിന്നെയോർമ്മിച്ചവർ പോയ ദിനങ്ങളെ.
"പൊന്നോമനക്കണ്ണനുണ്ടായ മാത്രയിൽ
കൊണ്ടുവന്നാക്കീലെ നിൻ ഗൃഹത്തിങ്കൽ ഞാൻ,
കൃഷ്ണബലഭദ്രൻമാരെയാ കംസൻ്റെ
ദുഷ്ടതയേൽക്കാതെ കാത്തുവല്ലോ ഭവാൻ!"
ദേവകീരോഹിണിമാരും വ്രജേശ്വരി-
യാകും യശോദയെയാലിംഗനം ചെയ്തു
രാമകൃഷ്ണന്മാർക്കു പോറ്റമ്മയായവൾ
ചെയ്ത സഹായങ്ങളോർത്തു കൃതാർത്ഥരായ്.
"വന്ദ്യവ്രജേശ്വരി! നിന്നുടെ മൈത്രിയ്ക്കു
തുല്യമാകില്ലൊരു പ്രത്യുപകാരവും.
ഇന്ദ്രൻ്റെയൈശ്വര്യവും മതിയാകില്ല
നിന്നുടെ സന്മനസ്സിന്നു പകരമായ് !
ഞങ്ങളിൽനിന്നും വിധിയാലകന്നുപോയ്
വന്നുചേർന്നുവവർ നിങ്ങൾക്കു മക്കളായ്
കൺപോള കൺകളെ കാക്കും കണക്കെൻ്റെ
കുഞ്ഞുങ്ങളെ പരിപാലിച്ചു നീ സഖി!
നിങ്ങളിൽനിന്നു ലഭിച്ചൊരു ലാളന-
മേറ്റുവളർന്നവരാം രാമകൃഷ്ണന്മാർ
സർവ്വവിധമാമഭിവൃദ്ധിയും നേടി
നർഭയരായിന്നു വാഴുന്നു നാഥരായ്".
ഇങ്ങനെയെല്ലാരുമോരോ കുശലങ്ങൾ
കൈമാറിയും കൃഷ്ണനാമം ജപിച്ചും
അത്യന്തം മംഗളമായുള്ള കാഴ്ചകൾ
കൊണ്ടുനിറഞ്ഞു കുരുക്ഷത്രഭൂമിയും!
ഗോപികൾ കൃഷ്ണനെയുള്ളിൽ സ്മരിച്ചുകൊ-
ണ്ടാലിംഗനം ചെയ്തവനിൽ ലയിക്കയും
യോഗികൾക്കും ലഭിച്ചീടാൻ കഠിനമാം
സച്ചിദാനന്ദത്തെയനുഭവിച്ചീടുന്നു.
തന്നെയും ധ്യാനിച്ചിരിക്കുന്ന ഗോപിക-
മാരുടെ ചാരത്തു ചെല്ലുന്നു മാധവൻ,
ചോദിച്ചിടുന്നവൻ, "ഗോപികളെ, ചൊല്ലു,
ഉള്ളിൽ പരിഭവമുണ്ടോ സഖികളെ?
ബന്ധുമിത്രാദികൾക്കുണ്ടായ സങ്കടം
തീർക്കാൻ മഥുരയ്ക്കു പോയന്നു ഞങ്ങളും,
യുദ്ധകാര്യങ്ങളിൽ വ്യാപൃതരായിത്ര
വൈകിയ ഞങ്ങളെയോർക്കുന്നുവോ സഖേ?
ഞങ്ങൾ കൃതഘ്നരാണെന്നു നിനച്ചുവോ?
ഞങ്ങളിൽ ദോഷമാരോപിച്ചുവോ നിങ്ങൾ?
എങ്കിലിതു കേൾക്ക നിങ്ങൾ സഖികളെ,
നിർവ്യാജഭക്തിയിലർപ്പിയ്ക്ക നിങ്ങളെ.
ജീവജാലങ്ങളെയൊന്നിപ്പതീശ്വരൻ
തമ്മിലകറ്റുന്നതുമവൻ നിശ്ചയം.
കാറ്റിനാലൊന്നിച്ചുകൂടും മുകിലുകൾ
കാറ്റനാൽത്തന്നെയകലുന്നപോലവേ.
എന്നിലചഞ്ചലഭക്തിയുണ്ടെങ്കി-
ലറിഞ്ഞിടാമെന്നുടെ സാമീപ്യമെപ്പോഴും,
സർവ്വഭൂതങ്ങൾക്കുമാദിയുമന്ത-
മകവുംപുറവുമീ ഞാനെന്നറിയണം!
സർവ്വചരാചരഹേതുവാമെന്നി-
ലിരിക്കുന്നു ഭോഗ്യവും ഭോക്താവുമൊന്നുപോൽ.
ജ്ഞാനവും ജ്ഞേയവും ജ്ഞാതാവുമെന്നിലെ-
ന്നൊന്നായറിഞ്ഞു ത്രിപുടിയൊഴിയണം.
എത്രയുമുത്തമമാം ആത്മതത്വത്തെ
കൃഷ്ണനിൽ നിന്നുമറിഞ്ഞുവാ ഗോപികൾ
ആയതിൽത്തന്നെ മനസ്സുറപ്പിച്ചു-
മഹങ്കാരഗ്രന്ഥിയെ ഭേദിച്ചുയർന്നവർ!
സംസാരമാകുമീ കൂപത്തിനുള്ളിൽ
കിടക്കുമീയജ്ഞതയാർന്നുള്ള ഞങ്ങളെ
വന്നുകരകയറ്റീടണം ഞങ്ങൾതൻ
മന്ദിരേ വന്നു വിളങ്ങണം ജ്ഞാനമായ്!
ഹേ, പദ്മനാഭ! നിൻ പാദപാംസുക്കളീ-
യേഴകൾ തൻ മാർഗ്ഗമുദ്രകളാകണം
ഏതു കൊടുങ്കാറ്റിലുമുലയാത്തൊര-
ചഞ്ചലഭക്തിയെങ്ങുമുളവാകണം.