Followers

Sunday, July 28, 2013

ബുദ്ധം ശരണം ഗച്ഛാമി


ഒരു ഗോവ യാത്ര കഴിഞ്ഞുവരുമ്പോൾ കൂടെ കൂട്ടിയതാണ് ഈ ബുദ്ധ പ്രതിമയെ. ശാന്തി കളിയാടുന്ന ആ മുഖത്തേയ്ക്കു നോക്കുംതോറും ഒരു positive energy ഉള്ളിൽ നിറയുന്നത് പോലെ തോന്നും. കൂടെ ചില സംശയങ്ങളും. ആ ചിന്തകൾ ഇതാ  ഇവിടെ.......


ബുദ്ധം ശരണം ഗച്ഛാമി

ബുദ്ധൻ്റെയൊപ്പം നടക്കട്ടെ ഞാനല്പ-
ദൂരമീ കലികാലതീരേ... 
ബോധോദയത്തിൻ്റെ  വഴിയേ നടക്കുവാ -
 നിനിയൽപജീവിതം മാത്രം. 

സംസാരദുഃഖമകറ്റുവാനങ്ങൊരു
നാളിൽത്ത്യജിച്ചു സാമ്രാജ്യം, 
സുഖലോലമാമൊരു ജീവിതം തട്ടി -
യെറിഞ്ഞു മഹാജ്ഞാന മാർഗേ.

വഴികാട്ടിയായി  ഞാനങ്ങയെയിന്നെൻ്റെ 
സവിധം നടപ്പാൻ ക്ഷണിയ്‌ക്കേ  
ഭയമുള്ളിലുണ്ടെനിയ്ക്കങ്ങേയ്ക്കു താങ്ങുവാ -
നെളുതല്ലയിന്നുള്ള ലോകം !

സുഖദുഃഖഹേതുവറിയുവാനൊരു  നാളി -
ലരമന വിട്ടൊരാ കാലം- 
അല്ലിന്നിതവിടുത്തെ ചിന്തയ്ക്കുമപ്പുറം  
കലിവന്നുബാധിച്ച കാലം ! 

കാണേണ്ട കാഴ്ചകൾ പലതുണ്ടു വഴിമദ്ധ്യേ 
തളരായ്കയെൻ ത്യാഗമൂർത്തേ!
കല്ലിൻ പ്രതിമയ്ക്കു തുല്ല്യമായ് മാറ്റുക -
യവിടുത്തെ നിർമ്മലചിത്തം. 

അകലത്തു നിന്നങ്ങു കേൾക്കുന്നുവോവൊരു
പൈതലിൻ ദീനവിലാപം ?
അമ്മയുമച്ഛനും ചേർന്നൊരാക്കുഞ്ഞിനെ -
യിഞ്ചിഞ്ചായ് തച്ചുതകർത്തു. 

വേദനകൊണ്ടു പിടയുമാ ബാലൻ്റെ 
രോദനംകേട്ടു നടുങ്ങേ 
നനയുന്നുവോ മിഴിക്കോണുകളങ്ങേയ്ക്കു -
മുള്ളത്തിൽ ചോര പടർന്നോ?

പാതയോരത്തൊരാൾക്കൂട്ടമിതെന്തിനെ -
ന്നവിടുന്നു ശങ്കിച്ചു നിൽക്കേ
ചേതനയറ്റൊരാ പെണ്‍കിടാവിൻ കഥ 
യെങ്ങനെ ഞാൻ പറഞ്ഞീടും...?

ഓടുന്ന വണ്ടിയിൽ നിന്നൊരാ കാട്ടാളൻ 
ചീന്തിയെറിഞ്ഞൊരാ സ്വപ്നം 
വീണുചിതറിക്കിടപ്പതു കാണുവാ -
നങ്ങേയ്ക്കുമാകില്ല നൂനം! 

കണ്ണുകൾ പൊത്തുവാൻ നേരമായില്ലെനി -
യ്ക്കുത്തരം കിട്ടും വരേയ്ക്കും, 
അൽപദൂരംകൂടിയീവഴി പോയിടാ -
മെൻ ബോധിസത്ത്വൻറെയൊപ്പം.

ചേരിയിൽക്കുഞ്ഞിനെ വിൽക്കുന്നുവമ്മമാർ
കാളും വിശപ്പടക്കീടാൻ,
കഞ്ചാവു തിന്നു സ്വബോധം മറഞ്ഞുഗ്ര -
മൃഗമായ് മരുവും മനുഷ്യർ, 

ഇരുളിൻ മറവിലേയ്‌ക്കോടിമറയു-
ന്നു
റയും കൊലയാളിവർഗ്ഗം,
വഴിയിൽ തലയറ്റൊരുടലുമായ്പ്പിടയുന്നു 
ജീവൻ വെടിയും മനുഷ്യൻ...

ചങ്കുറപ്പില്ലയിക്കാഴ്ചകൾ കാണുവാ -
നെങ്കിൽ നമുക്കു പോയീടാം 
ഗംഗതൻ മോക്ഷതീര,ത്തവിടെയും
കാണാം ശ്മശാനങ്ങൾ നീളെ. 

ഇത്രമേൽ ഭീകരദൃശ്യങ്ങൾ മുമ്പങ്ങു
കണ്ടതുണ്ടോ പാരിലെങ്ങാൻ?! 
ജീവിതദുഃഖത്തിൻ മൂലമറിഞ്ഞൊരു 
ചൈതന്യവായ്പേ, പറയൂ... 

നയിക്കുകീ ലോകത്തെയങ്ങു തപംചെയ്ത 
ബോധിവൃക്ഷത്തിൻ്റെ ചാരേ, 
ഒരുവേളകൂടിയീ പാരിന്നു മീതെ- 
യങ്ങേകുക ദിവ്യപ്രകാശം!


--------------------------------------



5 comments:

  1. ബുദ്ധന്‍ ചിരിയ്ക്കുന്നു!!

    കവിതയും ചോദ്യങ്ങളും ശങ്കകളും ആഴമുള്ളത്!

    ReplyDelete
  2. ഒരു വേള കൂടിയേകുക ദിവ്യ പ്രകാശം.

    ശക്തമായ വരികൾ

    ReplyDelete
  3. നന്ദി അജിത്‌ സർ
    നന്ദി നിധീഷ്

    ReplyDelete
  4. കാണെക്കാണെ മനസ്സില്‍ ശാന്തിയും,സമാധാനവും സംജാതമാകും അഭൌമതേജസ്സാര്‍ന്ന രൂപം തന്നെ.
    ആ കണ്ണൊന്നു തുറന്നെങ്കില്‍... "ഒരു വേള കൂടിയീ പാരിന്നു മീതെ
    യങ്ങേകുക ദിവ്യ പ്രകാശം".
    മനുഷ്യത്വം വറ്റും ചെയ്തികളെ തുറന്നുകാട്ടുന്ന ഉള്ളില്‍ തട്ടുന്ന വരികള്‍.
    ആശംസകള്‍

    ReplyDelete