Followers

Monday, December 16, 2013

ഡിസംബർ പതിനാറു തൊട്ട് ഡിസംബർ പതിനാറ് വരെ

ഇന്ന് ഡിസംബർ പതിനാറ്. ഭാരതചരിത്രത്തിലെ  ഏറ്റവും ഹീനമായ ഓർമ ദിവസം. ഇന്നും മനസ്സിലെ പ്രതിഷേധം കെട്ടടങ്ങുന്നില്ല.

ഒരു വർഷം മുൻപ് ഇന്നേ ദിവസമാണ് ഭാരത സ്ത്രീയുടെ മാനം മുൻപെങ്ങുമില്ലാത്ത വിധം ക്രൂരമായി പെരുവഴിയിലേക്ക്‌ വലിച്ചെറിയപ്പെട്ടത്. 

അന്ന് ഇന്ത്യ കണ്ട പ്രതിഷേധാഗ്നി ഇന്ന് ഡൽഹിയിലെ ഭരണമാറ്റം വരെ എത്തി നിൽക്കുന്നു. 

എങ്കിലും ഒരിക്കലുമില്ലാത്ത വിധം ഇന്നു  ഭാരതമൊട്ടാകെ പടർന്നു പിടിച്ചിട്ടുള്ള  ഭയത്തിന്റെ അലകൾ കെടുത്താൻ ഒരു ഭരണാധികാരിക്കും നിയമസംവിധാനത്തിനും, നീതിന്യായ വ്യവസ്ഥയ്ക്കും കഴിഞ്ഞിട്ടില്ല.

പൊതുജനം അത്ര മേൽ നിരാശരും അശരണരും പ്രതീക്ഷാശൂന്യരും മാറി മാറി വരുന്ന ഒരു ഭരണത്തിലും വിശ്വാസമില്ലാത്തവരും ആയിത്തീർന്നിരിക്കുന്നു. 

നീതിന്യായ വ്യവസ്ഥയിൽ വന്നിട്ടുള്ള മൂല്യച്യുതിയാണ് ഇന്ന് നമ്മെ ഏറ്റവും ഭയാശങ്കയിൽ ആഴ്ത്തുന്നത്. ഭരണാധികാരികളിൽ നിന്ന് ലഭിക്കാത്ത നീതി ഉന്നത നീതി പീഠത്തിൽ നിന്ന് ലഭിക്കുമെന്ന ഒരു ഉറച്ച  വിശ്വാസം മുൻപൊക്കെ പൊതുജനത്തിനുണ്ടായിരുന്നു. ഇന്ന് അവിടെയും അഴിമതിയുടെ വേരുകൾ ആഴത്തിൽ പടർന്നിരിക്കുന്നു.

ഇന്നത്തെ മിക്കവാറും കോടതി വിധികൾ ഭൂരിപക്ഷം വരുന്ന,നിക്ഷിപ്തതാൽപര്യങ ളില്ലാത്ത,  പൊതുജനഹിതത്തിൽ നിന്ന് ഒരുപാടു അകന്നു നില്ക്കുന്നു. 

 ഡൽഹി സംഭവത്തിന്‌ ശേഷവും അത് പോലെയുള്ള  എണ്ണിയാലൊടുങ്ങാത്ത കേസുകൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട് ചെയ്യപ്പെട്ടു. സ്ത്രീ പീഡനത്തിൽ  ഇന്ത്യ ഒരു ഗിന്നസ്റിക്കോർഡിനൊരുങുകയാണെന്നു തോന്നിപ്പിക്കും വിധം. 

ഡൽഹി സംഭവം തന്നെയെടുക്കുക, പെണ്‍കുട്ടിയെ ഏറ്റവും ഹീനമായി പീഡിപ്പിച്ച പതിനേഴര വയസ്സുകാരനോട് കോടതി കാണിക്കുന്ന അകമഴിഞ്ഞ അനുകമ്പ  കോടതി തന്നെ ഒരു സ്ത്രീ പീഡകനായി മാറുന്നതിനു തുല്യമാണ്. മറ്റൊരു പീഡകനെ (ഗോവിന്ദ ചാമി ) കോടതി ചെല്ലും ചിലവും കൊടുത്ത് ഊട്ടിയുറക്കി പരിപാലിക്കുന്നു. 
കോടതി വിധികൾ നടപ്പിലാക്കാൻ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത്രയും കാലതാമസം വരുന്നു എന്നത് എത്രയാലോചിച്ചിട്ടും പിടി കിട്ടാത്ത കാര്യമാണ്.

അപ്പോഴും വിവാഹ പ്രായം കുറയ്ക്കുക തുടങ്ങിയ മണ്ടൻ ആശയങ്ങളാണ് പരിഹാരമായി കോടതിയുടെ മനസ്സിൽ ഉദിച്ചത് എന്നത് ഓരോ ഇന്ത്യക്കാരനെയും നാണിപ്പിക്കുന്നതാണ്.  (പലപ്പോഴും കോടതി മണ്ടനായി അഭിനയിക്കുന്നു എന്ന് വേണം കരുതാൻ) 
ആട്ടിൻ തോലിട്ട  ചെന്നായ്ക്കളെ പ്രീണിപ്പിക്കാനും  അവസരം മുതലെടുത്ത്‌ മറ്റു പല സ്ഥാപിത താല്പര്യങ്ങളും ജനങ്ങളിൽ അടിച്ചേൽപ്പിക്കാനും  മാത്രമുള്ളതായിരിക്കണം ഇത്തരത്തിലുള്ള ആശയങൾ.

എന്തുകൊണ്ടാണ് തുടരെ തുടരെ ആവർ ത്തിക്കപ്പെടുന്ന ഒരു കുറ്റകൃത്യത്തിന്റെ അടിസ്ഥാന കാരണം ഉന്മൂലനം ചെയ്യാൻ ഒരു ഭരണ വ്യവസ്ഥയും മുതിരാത്തത്? ഇന്ന് നമ്മുടെ നാട്ടിൽ നടമാടുന്ന കുറ്റകൃത്യങ്ങളുടെ തൊണ്ണൂറു ശതമാനവും മദ്യാസക്തിയുടെയും,മയക്കുമരുന്നിന്റെയും ബാക്കിപത്രങ്ങളാണ്. എന്തുകൊണ്ട് ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ഒരു ഭരണാധികാരിയും ഒരു കോടതിയും ശ്രമിക്കുന്നില്ല? വിഷം വിറ്റു വരുമാനമുണ്ടാക്കുന്ന ഒരു ദേശത്തെ കുറിച്ചാണ് ചോദ്യം എന്നത് മറക്കുന്നില്ല. 

ഇവിടെ എല്ലാ നിയമങ്ങളും ഉപരിപ്ളവം മാത്രം. പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം എന്ന് നാട് നീളെ എഴുതി വച്ചതോടെ എല്ലാം ശുഭം, ഭദ്രം.. സ്ത്രീ പീഡനം സ്ത്രീയുടെ മാത്രം ആരോഗ്യത്തിന് ഹാനികരമായ കാര്യമായതു കൊണ്ട് അതിനെതിരെ മുന്നറിയിപ്പൊന്നും കാണുന്നുമില്ല!! സ്ത്രീയെ പീഡിപ്പിച്ചാൽ പീഡിപ്പിക്കുന്നവന്റെ ശരീരത്തിനും ഹാനിയേൽക്കും എന്നൊരു ധാരണ ഉണ്ടാക്കാൻ സ്ത്രീയ്ക്ക് കഴിഞ്ഞാൽ ഒരു പക്ഷെ അങ്ങിനെ ഒരു മുന്നറിയിപ്പ് ഉടനെ ഉണ്ടായേക്കാം(ഒരു 'female 22' ലൈൻ)!!

എന്തിനാണ് നമുക്ക് ഇത്രയേറെ മന്ത്രിമാരും എം. പി മാരും എം. എൽ. എ മാരും? ഖജനാവ് കാലിയാക്കാമെന്നതും  അഴിമതികളുടെ എണ്ണവും വ്യാപ്തിയും കൂട്ടാമെന്നതുമ ല്ലാതെ എന്ത് നന്മയാണ് ഇവരെക്കൊണ്ട് പൊതുജനത്തിനു ഉണ്ടാകുന്നത്. ഇപ്പോൾ അവർ  മറയില്ലാതെ സ്ത്രീ പീഡ നത്തിനും ഇറങ്ങിയിരിക്കുന്നു! (കുറെയെല്ലാം മാധ്യമ സൃഷ്ടികളാണെങ്കിലും)

എന്നും കൂലംകഷമായ ചർച്ചയിലാണ് ഇക്കൂട്ടർ. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ചർച്ചയല്ല. പകരം രാജ്യത്തെ ഒന്നോടെ വിഴുങ്ങുന്ന ഇവർ പ്രതിനിധീകരിക്കുന്ന ഒരായിരം വെള്ളാന പാർടികളും അവയുടെ നിലനില്പും അവയ്ക്കുള്ളിലെ അഴിമതിയും, അവമതിയും കുതികാൽ വെട്ടും അതിനുള്ള പ്രതികാരവും, പാര വയ്പ്പും പ്രീണനവും... ഇതൊക്കെ മാത്രമാണ് ഇവരുടെ ചർച്ചാ വിഷയങ്ങൾ. രാജ്യം പാർട്ടികൾക്ക് വേണ്ടിയല്ലെന്നും പാർട്ടികൾ രാജ്യത്തിന്‌ വേണ്ടിയാകണമെന്നും ഈ നാട് വിഴുങ്ങികൾ മറന്നു പോകുന്നു.

എന്തിനാണ് നമുക്ക് ഇത്രയേറെ ന്യൂസ് ചാനലുകൾ എന്ന് എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ? എത്ര രാഷ്ട്രീയ പാർടികളുണ്ടോ അത്രയും ന്യൂസ് ചാനലുകൾ. ഓരോ പാർടിക്കും ഓരോ ചാനൽ. പണ്ടൊക്കെ സംഭവം നടന്നു കഴിഞ്ഞിട്ടാണ് ന്യൂസ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ന്യൂസ് ഉണ്ടാക്കിയതിനു ശേഷം സംഭവം ഉണ്ടാകുന്നു. ശരിക്കും ഇവരാണ് ന്യൂസ് മേയ്കെഴ്സ്! ഇവരോടിടഞ്ഞാൽ നാളെ ഒരുത്തനും വഴി നടക്കില്ല! 

നീതി നടപ്പാക്കേണ്ടവർ രാഷ്ട്രീയ പാർട്ടികളോട് ചായവു ള്ളവരാകുമ്പോൾ ഒരു രാഷ്ട്രം അരക്ഷിതമാകുന്നു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കൂടിയാകുമ്പോൾ എല്ലാം അശുഭം. 

ഈശ്വരോ രക്ഷതു...10 comments:

 1. വസ്തുതകളെ കുറിച്ച് നല്ലൊരു വിലയിരുത്തലായി...
  കുറിപ്പ് ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  ReplyDelete
 2. ഈശ്വരോ രക്ഷതു
  ചിലപ്പോള്‍ അതും കാണുന്നില്ല എന്നതാണ് സത്യം
  ജനം എന്തായാലും ഡല്‍ഹിയൊക്കെ മറന്നു.

  ReplyDelete
  Replies
  1. പൊതുജനത്തിന്റെ മറവിയാണല്ലോ ഭരണാധികാരികൾക്കും ആവശ്യം!

   Delete
 3. ഏറ്റവും വലിയ പ്രശ്നം നിയമ സംവിധാനത്തിലെ കാല താമസം തന്നെ,ഒരു കുറ്റം നടന്നാല്‍ ശിക്ഷ കിട്ടാന്‍ എത്രയോ വര്‍ഷങ്ങള്‍,അതിനിടയില്‍ പലപ്പോഴും കേസുകള്‍ തേഞ്ഞു മഞ്ഞു പോവുകയും ചെയ്യും.സ്ത്രീ പീഡന കേസ് കൈകാര്യം ചെയ്യാന്‍ മാത്രമായി അതിവേഗ കോടതികള്‍ രൂപീകരിക്കെണ്ടിയിരിക്കുന്നു

  അടിസ്ഥാന കാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണത തന്നെ,സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതര്‍ അല്ലാത്ത ആവ്സ്ഥ.എനിക്ക് തോന്നുന്നു ഇത് ഇപ്പോള്‍ കൂടിയതല്ല,ഇപ്പോള്‍ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തേക്കു വരുന്നു എന്നാണ്

  ReplyDelete
 4. ഗിരിജ
  ഇവിടെയത്താൻ അല്പം വൈകി
  നന്നായിപ്പറഞ്ഞു. നമുക്കൊന്നിച്ച്‌
  സംഘടിക്കാം! ശബ്ദം ഉയർത്താം
  ആശംസകൾ
  വീണ്ടും കാണാം
  Annamma Philip Ariel

  ReplyDelete
 5. Hi Girija,
  Thanks for visiting my page.
  OMG! My Better half is already aired here voice.
  Ayyo njaanilla odi!!
  Keep informed
  Best
  Philip Ariel

  ReplyDelete
  Replies
  1. Thank you sir for the comment. Recently only I noticed that Mrs. Ann is your better half. I have read your article, ' Do you want to check your blog's health' (http://arielintekurippukal.blogspot.ae/2014/01/do-you-want-to-check-your-blogs-health.html) and few others. They are really useful. When I tried to post comment I understood that I should create my public google plus profile for that. So I left. Any how, thanks for reading and mentioning my site.

   Delete