നാടുവാഴികള്‍ വിഷം വില്‍ക്കുന്നു .
കഴുതയെന്നു പേരുകേട്ട ജനത
നികുതി കൊടുത്ത് ആ വിഷം വാങ്ങി മോന്തുന്നു .
ഒരു ജനതയെ വിഷത്തില്‍ മുക്കിക്കിടത്തി
നാടുവാഴികള്‍ നാടു കട്ടുമുടിക്കുന്നു .
നാടുവാഴികള്‍ മതം വളര്‍ത്തുന്നു .
മതത്താല്‍ മത്തു പിടിച്ച ജനത
തമ്മില്‍ത്തല്ലുന്നു, കൊല്ലുന്നു, കൊല വിളിക്കുന്നു .
ജനതയുടെ രക്തം ഊറ്റിക്കുടിച്ച്
നാടുവാഴികള്‍ ചെന്നായയെപ്പോലെ പല്ലിളിക്കുന്നു .
ചത്ത ജനതയുടെ അവശിഷ്ടത്തില്‍ കണ്ണുവച്ച്
മാദ്ധ്യമക്കഴുകന്മാര്‍ വട്ടമിട്ടുപറക്കുന്നു .
അവര്‍ക്ക് എവിടെയും കയറിച്ചെല്ലാം ,
ആരുടെ ശരീരവും കൊത്തിവലിക്കാം ,
കാരണം അവര്‍ കഴുകന്മാരാണ് ;
അവശിഷ്ടം ഭക്ഷിക്കുന്നവരാണ്.
പ്രതിഷേധിക്കേണ്ട യുവത
മായാ വലയ്ക്കുള്ളിലാടുന്ന
മയക്കുമരുന്നിന്‍റെ തൊട്ടിലില്‍
മദിരാക്ഷിക്കൊപ്പം മയങ്ങുകയാണ് .
അമ്മമാരുടെ കരച്ചില്‍ അവരെ ഉണര്‍ത്തുന്നില്ല .
പിച്ചിച്ചീന്തുന്നത്
സ്വന്തം മക്കളെയാണെന്ന്
അവര്‍ അറിയുന്നുമില്ല .
നീതിപീഠങ്ങളില്‍
നീതിയുടെ കബന്ധങ്ങള്‍
രക്തം വാര്‍ന്നുകിടക്കുന്നു .
ന്യായാധിപന്മാര്‍
അശുദ്ധിയുടെ നീലച്ചായത്തില്‍
വീണ കുറുക്കനെപ്പോലെ ഓലിയിടുന്നു .
സത്യവും മിഥ്യയും തിരിച്ചറിയാനാകാത്ത
പാവം ഇഴജന്തുക്കള്‍
ഗ്രഹണസമയത്തു വിഷംവച്ച
ഞാഞ്ഞൂലുകളെപ്പോലെ
ഇല്ലാത്ത പത്തി വിടര്‍ത്തുവാന്‍ ശ്രമിച്ച്
പത്തിയുള്ളവന്‍റെ കാല്പത്തിയ്ക്കടിയില്‍
കുടുങ്ങി ചതഞ്ഞുതീരുന്നു.
കൊടിയ പാപങ്ങള്‍ മാത്രം
കാണുന്ന കണ്ണുകളും
കൊലവിളി മാത്രം
കേള്‍ക്കുന്ന കാതുകളും
അസത്യം മാത്രം
പറയുന്ന നാക്കുമായി
കലികാലമനുഷ്യന്‍
ലോകാവസാനം കാത്തിരിക്കുന്നു.
ശക്തവും,മൂര്‍ച്ചയേറിയതുമായ വരികള്‍
ReplyDeleteആശംസകള്‍
ഒരു നാടിന്‍റെ ഗതിയേ ..........; കുറുക്കന്മാരെ പോലെ നാടുവാഴികള്‍, മന്തന്മാരായ കഴുത ജനം, കഴുകന്‍ മാധ്യമങ്ങള്‍, കഞ്ചാവ് യൗവനം, എന്നിട്ടും ഈ നാട് തകരാതെ നില്‍ക്കുന്നു .. അത്ഭുതം തോനുന്നില്ലേ .......!!!!!!!
ReplyDelete2013 ലെ ആദ്യ പോസ്റ്റിനു ആശംസകള്‍
ഇന്നിന്റെ നേര്‍ചിത്രം ശക്തമായ വാക്കുകളിലൂടെ
ReplyDelete