Followers

Tuesday, June 4, 2013

വസുധൈവകുടുംബകം



നാളെ ലോക പരിസ്ഥിതി ദിനം. പരിതസ്ഥിതികൾ ഇതാണെങ്കിൽ എത്രകാലം നമുക്കീ പരിസ്ഥിതി ഇങ്ങിനെയെങ്കിലും ആസ്വദിക്കാനാകുമെന്നറിയില്ല.  
എന്തായാലും ഏവർക്കും നല്ല പരിസ്ഥിതിയും പരിതസ്ഥിതിയും നേർന്നു കൊള്ളുന്നു...



വസുധൈവകുടുംബകം 

പൊന്നുരുകിത്തുടങ്ങുമീ  സന്ധ്യയി-
ലംബരമാകെത്തുടുത്തൊരു കമ്പളം 
ആരേ വിരിച്ചുടനീളവേ മാരിവിൽ 
പൊട്ടിച്ചിതറിയ ചേലിൽ മനോഹരം 

മാനത്തു  നിന്നുമാ ചെങ്കതിർതുണ്ടുകൾ 
വീണു തിരമാലയാകെത്തുടുക്കവേ 
തീരത്തിരുന്നു ഞാൻ മോഹിച്ചിടുന്നുവാ 
ചേലൊത്ത സൂര്യനെയെത്തിപ്പിടിക്കുവാൻ! 

കൈക്കുമ്പിൾ നീട്ടി  ഞാനായവേയാഴിത-
ന്നാഴങ്ങളിൽപ്പോയ്‌മറയും കതിരവൻ, 
അഴകാർന്ന മാരിവിൽക്കമ്പളത്തിന്നുമേ-
ലാരേ വിരിക്കുന്നിരുട്ടിൻ കരിമ്പടം? 

അന്ധകാരത്തിലിരുണ്ടൊരു വിണ്ടല-
മാകവേ മൂകത മൂടിപ്പൊതിയവേ 
വെള്ളിത്തളികയിൽ വെള്ളിവെളിച്ചമായ് 
എത്തിനോക്കുന്നൊരാത്തിങ്കളെക്കാണ്മു ഞാൻ. 

ചന്ദ്രബിംബത്തിന്നകമ്പടിയേകിയ-
ങ്ങിങ്ങു തിളങ്ങുന്നു വൈഡൂര്യതാരകൾ 
കാലയവനികയ്ക്കുള്ളിൽ മറഞ്ഞവർ 
തന്നുടെ കണ്ണുകൾ നമ്മെത്തൊടുന്ന പോൽ! 

ഈറനാകും  മിഴിക്കോണിലെ നീഹാര 
മുത്തുകൾ ഭൂമിതൻ മാറിൽപ്പതിക്കവേ 
ധന്യയാകുന്നു ഞാനെൻ മിഴിനീർക്കണം 
ചെറ്റൊരു പുൽക്കൊടിത്തുമ്പിനായ് നൽകവേ!

കാത്തുവയ്ക്കാമീ പ്രകൃതിയെയിത്രമേ-
ലാഴത്തിലിങ്ങനെ നോവിച്ചിടാതെ നാ-
മോരോ തളിരിലും ഭാവിതൻ  ജീവിത- 
താളത്തുടിപ്പിന്‍റെയീണം നിറച്ചിടാം ...

                              *************

4 comments:

  1. കാത്തു വയ്ക്കാമീ പ്രകൃതിയെ യിത്രമേ-
    ലാഴത്തിലിങ്ങനെ നോവിച്ചിടാതെ നാ-
    മോരോ തളിരിലും ഭാവി തൻ ജീവിത
    താളത്തുടിപ്പിന്റെയീണം നിറച്ചിടാം ..

    നല്ല കവിത
    ആശയവും നന്ന്
    ആവിഷ്കാരവും നന്ന്
    ഇങ്ങനത്തെ കവിതകളൊന്നും ഇപ്പോള്‍ അധികം കാണാന്‍ കിട്ടാറില്ല

    ReplyDelete
  2. ചന്ദ്രബിംബത്തിന്നകമ്പടിയേകിയ-
    ങ്ങിങ്ങു തിളങ്ങുന്നു വൈഡൂര്യ താരകൾ

    നല്ല കവിത..........

    ReplyDelete
  3. @ ajith
    @ niDheEsH kRisHnaN

    മറ്റുള്ളവർക്ക് കമെന്റ് ഇടാൻ മടിച്ചിയായിട്ടും എന്നെ അവഗണിക്കാതെ പ്രോൽസാഹിപ്പിക്കുന്ന വായനക്കാർക്ക് നന്ദി പറയുന്നു.

    ReplyDelete
  4. നന്മയുടെ തൂവെളിച്ചം വിതറുന്ന മനോഹര കവിത.
    എനിക്കേറെ ഇഷ്ടമായി.
    ആശംസകള്‍

    ReplyDelete