Followers

Thursday, December 13, 2018

ഓംകാരനാഥം

  






















ഓംകാരരൂപനാം സിദ്ധിവിനായകാ 
അഗ്നിയായ്ക്കണ്ടുവണങ്ങുന്നു നിന്നെ ഞാൻ!
വിഘ്നങ്ങളെല്ലാം വിവേകമായ് മാറ്റുകെൻ 
വേദവിജ്ഞാനപ്പൊരുളാം ഗണേശ്വരാ!

നിൻ പാദപദ്മങ്ങളാകും അകാരവും 
ആ ദിവ്യലംബോദരമാം ഉകാരവും 
നിൻ ശീർഷമാകും മകാരവും ചേർന്നിടും 
ഓംകാരബ്രഹ്മമെന്നുള്ളിൽത്തെളിയ്ക്കണേ...

അംബാസുതൻ സദാ  വന്നെൻ മനസ്സി-
ന്നഹങ്കാരമൊക്കെയും തീർത്തുരക്ഷിക്കണേ... 
നിൻ പുണ്യനാരായമേന്തിയ കൈകൾ കൊ-
ണ്ടീലോകമക്ഷരദീപ്തമാക്കീടണേ!
                    
                                ഓം


Monday, November 19, 2018

പുനർനവം പുരാണം!


ദുര മൂത്ത രാജനുലകേഴും  ഭരിപ്പതിനു
കൊതി മൂത്തു കാട്ടുമിഹ ക്രൗര്യങ്ങളെന്തു കഥ!
പക മൂത്ത ചിത്തമതിനകമേ നിറച്ച മല-
മതിൽ നിന്നുയർന്നിടുമശുദ്ധാണു സംഗരവും. 

അണുബാധയേറ്റു സുഖമകമേ നശിച്ചരചൻ 
ചെയ്യുന്നു കർമ്മമവയോരോന്നധർമ്മവഴി, 
ചെയ്യിച്ചിടുന്നതുമധർമ്മങ്ങളാജ്ഞ നിറ-
വേറ്റാൻ വിധിച്ചവരെ വച്ചും, ജയിപ്പതിനായ്‌.

അരുതാരുമഖിലേശ്വരൻ തൻറെ നാമമിനി 
മേലാൽ ജപിക്കരുതുരയ്ക്കുന്നു  രാജനിഹ!
ഭജനങ്ങളൊക്കെയുമെനിക്കുള്ളതാകണ-
മതല്ലാത്തതൊക്കെയുമടക്കും, സ്മരിക്ക പ്രജ!

പണ്ടോരു രാക്ഷസനവൻ  തൻറെ പുത്രനൊടു-
രച്ചൂ നിറുത്തിടുക നിൻ വിഷ്ണുനാമജപം 
ഹരിനാമകീർത്തനമതല്ലാതെയില്ല ഗതി- 
യെന്നത്രെയന്നു ഭയമില്ലാതെ ചൊന്നു സുതൻ!

എന്നാലതൊന്നറിയതന്നേ,യുടൻ തരിക 
ദൃഷ്ടാന്തമിത്തരുണമല്ലായ്കിലന്ത്യമുടൻ,   
കോപാഗ്നി കൊണ്ടു മതി കെട്ടോരു രാക്ഷസ-
നവൻ തൻറെ പുത്രനെയൊടുക്കാനുറച്ചുടനെ. 

കാണട്ടെ, നിൻറെ ഹരി തൂണിൽ, തുരുമ്പിലു-
മതുണ്ടെങ്കിലിന്നിവിടെയിത്തൂൺ പിളർന്നുടനെ... 
ചൊല്ലേണ്ടതാമസമതാ തൂൺ പിളർന്നുടനെ 
കാണായി വിഷ്ണു നരസിംഹം കണക്കെ, ഹര! 

ശേഷം നടന്ന കഥ ചൊല്ലേണ്ടതില്ല, ഹരി-
നാമം ജപിക്കുമവരൊക്കെയറിഞ്ഞ കഥ.
ഭുവനത്തിലെത്ര മനുഭാവങ്ങളത്ര  വിധ-
മോരോന്നുമുണ്ടു കഥയാചാര്യഭാവനയിൽ!

ഇന്നും ജഗത്തിലിഹ കാണായ്‌ വരുന്നു ചില 
ജന്മങ്ങളിത്തരമഹങ്കാരരൂപികളായ് 
ബാഹ്യേ നടിച്ചിടുമവർ ധൈര്യശാലികൾ പോ-
ലെന്നാൽ ഭയം തൻ നിഴൽ പോലുമെന്ന ഗതി! 

ഏറുന്നു ചിന്തയവനും ഭാരമുള്ള മടി-
ശീലയ്ക്കു വന്നുപെടുമൂനം നിനച്ചിടവേ, 
കൈവിട്ടു പോകുമൊരു സൗഭാഗ്യജീവിതവു-
മോർത്താൽ മതിയ്ക്കു ഭ്രമമല്ലെങ്കിലെന്തു വഴി?  

തൂണും തുരുമ്പുമൊരു പുല്ലിൻറെ തുമ്പുമൊരു 
നാളെൻറെയന്തകനതായീടുമെന്ന ഭയം 
വർദ്ധിച്ചിടുന്നളവിലൂണും ഉറക്കവു -
മൊഴിഞ്ഞങ്ങിരിക്കുമൊരു ഭ്രാന്തൻ കണക്കുമിതി!! 


Thursday, November 15, 2018

അന്തഃകരണം

















ഏതൊന്നു ചെയ്യണമെന്നുള്ള  സങ്കല്പ-
വൃത്തിയെ ചെയ്തിടുന്നെൻ  മാനസം സദാ. 
വേണ്ടതേതെന്നു  വിവേചനം ചെയ്തിടു- 
മുത്തമബോദ്ധ്യമെൻ ബുദ്ധിയെന്നും തഥാ. 
ചെയ്യുന്നതൊക്കെയുമോർത്തുവയ്ക്കുന്നൊരുൾ- 
ചൈതന്യസിദ്ധിയെൻ ചിത്തമെന്നും മുദാ.
ഇമ്മൂന്നിനും സൂക്ഷ്മഹേതുവായെന്നുള്ളി-
ലാങ്കാരബോധം സ്ഫുരിക്കുന്നു സർവ്വഥാ.  
ഇത്ഥം മനോബുദ്ധിയാങ്കാരചിത്തങ്ങൾ 
ചേരുമെന്നന്തഃകരണമേ വന്ദനം!


ആരവിടെ?



























"തൃപ്തിയുമില്ലൊരുഭക്തിയുമില്ലെനി-

ക്കെങ്കിലും നിൻ പടി കേറണമയ്യപ്പ!

നിൻ വ്രതമൊന്നു മുടക്കണമെന്നതേ-

യെൻ ജന്മലക്ഷ്യം, തടുക്കരുതെന്നെ നീ.

ഞാൻ വന്നു നിങ്ങടെ ലിംഗസമത്വ-

സർവ്വസ്വം ശരിയാക്കിടുമതു  നിർണയം.

പക്ഷേങ്കി സർക്കാരു തന്നെത്തരേണമെൻ

കേറ്റിറക്കക്കൂലിയിന്നേ പറഞ്ഞിടാം

പിന്നെക്കശപിശയൊന്നും പറയരു-

തെല്ലാം ശരിയാക്കിടുന്നവർ കേൾക്കണം.

എന്നെക്കിടത്തിയുറക്കിയെണീപ്പിച്ച്

പൊന്നുപടി കേറിടാൻ കൊണ്ടുപോകണം

നീലിമലയിലുമപ്പാച്ചിമേട്ടിലു-

മുള്ള കൽപ്പാതകൾ "സ്മൂത്താക്കി" വയ്ക്കണം

എൻ കാലിൽ മുള്ളുകൾ കൊള്ളാതിരിക്കുവാൻ

സർക്കാരുപോലീസു  കാവലു നിൽക്കണം."


ദേശായി നമ്മുടെ  ദേശത്തിറങ്ങിയാ-

ലമ്പോ! നവോത്ഥാനമാണന്നു നിശ്ചയം!!

ഭേഷായി വമ്പു പറയും രസികത്തി-

യെന്തൊക്കെയുമിനിച്ചൊല്ലുമെൻറയ്യനേ ?!











Thursday, October 4, 2018

ചന്ദ്രോത്സവം


പ്രാലേയഭാനുവിൻ പ്രാസാദമംബരേ  
തീർക്കുന്ന പാൽക്കടൽ നീന്തിക്കടക്കുവാൻ 
സുന്ദരനീരദറാണിമാർ മന്ദമായ് 
നീങ്ങുന്നു, ലാലസമാനസഗാമിമാർ,  
കാർക്കുഴൽവേണിയാലേണാങ്കനെ മുകിൽ 
മാലികമാർ മറച്ചീടുന്നിടയ്ക്കിടെ, 
മിന്നിത്തിളങ്ങുമുഡുക്കൾ നഭസ്സിലെ 
കണ്ണുപൊത്തിക്കളി കണ്ടു ഹസിക്കവേ   
യാമദളങ്ങൾ പൊഴിഞ്ഞു, നിശീഥിനി 
ക്രീഡാവിവശരോടോതുന്നുവിങ്ങനെ,
പോകുന്നു ഞാനുഷസന്ധ്യയ്‌ക്കു മുമ്പിനി 
ദ്യോവിൽ ദിവാകരനെത്തുന്ന നേരമായ്, 
പോവുക കേളി മതിയാക്കി നിങ്ങളീ  
മാലേയകമ്പളം കൊണ്ടുപോയീടുക!  
അർക്കനശ്വാരൂഢനായ് ദിഗ്വിജയിയായ്
പശ്ചിമദിക്കുകടക്കുമനന്തരം
കണ്ടിടാം വീണ്ടുമീയാകാശവീഥിയിൽ
സത്ചിദാനന്ദത്തിനുത്തുംഗസീമയിൽ!  


Monday, October 1, 2018

********************************
SENSE & TRANCE



പുതിയ ഒരു ബ്ലോഗിലേക്കുകൂടി  എല്ലാസുഹൃത്തുക്കൾക്കും സ്വാഗതം.
വായിക്കുമല്ലോ.  
********************************

Tuesday, August 14, 2018

കറുപ്പും വെളുപ്പും






















കരിവണ്ടു വന്നുമ്മ നൽകിയപ്പോൾ
അരിമുല്ല നാണിച്ചുലഞ്ഞുപോയി 
വെളുവെളുപ്പാർന്നൊരാ മുല്ലയോടായ് 
കരിവണ്ടു ചോദിച്ചു കാതിൽ മെല്ലേ, 
പരിഭവം തോന്നുമോ നിൻ മേനിതൻ 
വെണ്മയിൽ ഞാൻ വന്നിരിക്കയാലേ?
അരിമുല്ലയപ്പോൾ മുഖമുയർത്തി 
അരുമയായ് വണ്ടിനോടോതി മന്ദം, 
ഇരുളും നിലാവുമിണങ്ങിടുമ്പോൾ 
രാവിനു ചന്തമൊന്നേറുകില്ലേ?
നാമതുപോലൊന്നുചേർന്നിടുമ്പോൾ 
പരിപൂർണ്ണമായിടുമീ പ്രപഞ്ചം! 

Monday, August 6, 2018

വസന്തം വിളയിക്കുന്നവർ



(ചെറുകഥ )

സ്സ് വീടിനടുത്തുള്ള കവലയിലെത്താൻ ഇനിയും സമയമെടുക്കും. അമ്മ ഇപ്പോൾ കാത്തിരുന്ന് മടുത്തുകാണും. സീറ്റിൽ ചാഞ്ഞിരുന്ന്  ഇന്ദു കമ്പികൾക്കിടയിലൂടെ വെളിയിലേക്ക് കണ്ണും നട്ടിരുന്നു.  

ഭസ്മപ്പിഞ്ഞാണവും കയ്യിലേന്തി ഒരു സന്യാസി, ഉപ്പൂറ്റി മുക്കാലും തേഞ്ഞ വള്ളിച്ചെരിപ്പുമിട്ട് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത, ജീവിതമെന്ന ചോദ്യത്തിൻറെ ഉത്തരം തേടിയെന്നപോലെ കാലുകൾ നീട്ടിവച്ച് 
നടന്നുപോകുന്നു.  ആ നടത്തം നോക്കിയിരിക്കേ  ഓർമ്മകളുടെ ഉദ്യാനത്തിൽ നിന്നും   ബാല്യത്തിൻറെ ഒരിതൾ പറന്നുവന്ന് ഒരു മഞ്ഞസൂര്യകാന്തിപ്പൂവായി 
ഇന്ദുവിൻറെ  നേർക്ക് പുഞ്ചിരിച്ചുനിന്നു.

ശനിയാഴ്ച ഭക്ഷക്കാർ ധാരാളം വരുന്ന ദിവസമാണെന്നറിയാവുന്ന  അമ്മ  അന്നൊക്കെ ഒരുപിടി ചില്ലറ കാലേക്കൂട്ടി തളത്തിലെ  ഉത്തരത്ത് 
കരുതിവച്ചിരിക്കും. അഞ്ചു പൈസ മുതൽ ഇരുപത്തഞ്ച്  പൈസ വരെയാണ് നാട്ടുനടപ്പനുസരിച്ച് അക്കാലത്ത് ഭിക്ഷക്കാർക്ക് കൊടുത്തിരുന്ന തുക. അനുകമ്പ കൂടുതൽ അർഹിക്കുന്നവർക്ക് അമ്പത് പൈസ വരെ കിട്ടിയെന്നിരിക്കും.  അന്ന്  നിലവിലുണ്ടായിരുന്ന രണ്ടണയും മൂന്നണയും, ഭിക്ഷാംദേഹികൾക്ക് ഒട്ടും പ്രതിപത്തി ഇല്ലെന്നറിഞ്ഞിട്ടും, അമ്മയുടെ കരുതൽശേഖരത്തിലുണ്ടായിരുന്നു.  ഒറ്റ നോട്ടത്തിൽ പ്രാരാബ്‌ധമൊന്നും തോന്നിക്കാത്ത ഭിക്ഷക്കാർ ഭിക്ഷ  ചോദിച്ചുവന്നാൽ കൊടുക്കാൻ മാറ്റിവച്ചിരിക്കുന്നതാണവ.  നല്ല ആരോഗ്യമുള്ള ആളുകൾ വന്നാലാവട്ടെ അതുമുണ്ടാവില്ല, പകരം അമ്മയുടെ സൗജന്യോപദേശമായിരിക്കും  അവർക്കു ള്ള  ഭിക്ഷ. 

"നിങ്ങൾക്കൊക്കെ നല്ല ആരോഗ്യമില്ലേ, എന്തെങ്കിലും ജോലി 
ചെയ്തുജീവിച്ചുകൂടേ?"

"എന്തു ജോലി കിട്ടാനാണമ്മാ" 
എന്നെങ്ങാനും ആരെങ്കിലും ചോദിച്ചാൽ അതിനുമുണ്ട് അമ്മയ്ക്ക് ഉത്തരം.

"ജോലിയൊക്കെ ഞാൻ തരാം, ആ മുറ്റത്തെ പുല്ലൊക്കെ  ഒന്ന് പറിച്ച്കളയൂ, ന്നാ തരാം പൈസ."

എന്നിട്ടും ആളു പോകുന്നില്ല എന്നു കണ്ടാൽ അമ്മ അടുത്ത ഓപ്ഷൻ വയ്ക്കും.

"പൈസയൊന്നും തരില്ല്യ, വേണങ്കി  കാലത്തെ കാപ്പീം പലഹാരോം തരാം".

ചിലർ ആ ഓഫറിൽ  തൃപ്തരാകും. മറ്റുചിലരാകട്ടെ പൈസ കിട്ടാത്തതിലുള്ള ദേഷ്യത്തിൽ വഴിനീളെ  പ് രാകിക്കൊണ്ട്    തിരിഞ്ഞുനടക്കും. അതു  കേൾക്കേ അമ്മ പിറുപിറുക്കും,

"ആരോഗ്യംണ്ടെങ്കിലും ഇപ്പഴത്തെ ആൾക്കാർക്കൊന്നും ജോലിയെടുക്കാൻ  വയ്യ, അത്ര തന്നെ."

അങ്ങനെ വീട്ടിൽ വരുന്ന ഭിക്ഷക്കാർക്ക്  ന്യായാന്യായങ്ങൾ നോക്കി അമ്മ ഭിക്ഷ  കൊടുത്തും കൊടുക്കാതെയും കഴിഞ്ഞുപോന്നു. പാത്രമറിഞ്ഞ് ദാനം ചെയ്യണം എന്നത് അമ്മയ്ക്ക് ഇഷ്ടപ്പെട്ട മഹത് വചനമായിരുന്നു.
മൂക്കത്ത് ശുണ്ഠിയും അൽപ്പം എടുത്തുചാട്ടവും ഒക്കെ 

ഉണ്ടെങ്കിലും, മുറ്റത്തുവന്നിരിക്കുന്ന കാക്കയാവട്ടെ പൂച്ചയാവട്ടെ സന്യാസിയാവട്ടെ വീട്ടിൽ വരുന്ന അതിഥികളാവട്ടെ, ഏവർക്കും ഒരേ തൃപ്തിയോടെ  ഭക്ഷണം കൊടുക്കുന്ന അമ്മയുടെ ഭൂതദയ ഇന്ദുവിന് ഇഷ്ടമായിരുന്നു. 
വഴിയരികിൽ കിടന്നുറങ്ങുന്ന ഭിക്ഷക്കാർ വീടൊന്നുമില്ലാതെ അവരുടെ ഒരു ദിവസം കഴിച്ചുകൂട്ടുന്നതെങ്ങനെയാണെന്നും  അവരെങ്ങനെയാണ് 
ഭിക്ഷക്കാരായിത്തീർന്നതെന്നുമൊക്കെയുള്ള സംശയങ്ങൾ അന്നൊക്കെ ഇന്ദുവിനെ സദാ സങ്കടപ്പെടുത്തുകയും കുഴക്കുകയും ചെയ്തിരുന്നു.

അന്നാളുകളിൽ  ശനിയാഴ്ച തോറും ഒരു സന്ന്യാസി  വരുമായിരുന്നു. നരച്ച നീളൻ താടിയും ചപ്രത്തലമുടിയുമുള്ള, ഏതാണ്ട് അറുപത്- അറുപത്തഞ്ചോടടുത്ത് പ്രായം തോന്നിച്ചിരുന്ന ഒരു പാവം മനുഷ്യൻ. 
"അമ്മേ, ധർമ്മം" എന്നുള്ള വിളിയിൽ ലോകം മുഴുവനുമുള്ള അമ്മമാരോടുള്ള ആദരവും ആശ്രിതത്വവും  അലിഞ്ഞിരുന്നു. നടപ്പിലും എടുപ്പിലും 
പെരുമാറ്റത്തിലുമെല്ലാം ഒരു ഭിക്ഷക്കാരനിൽനിന്ന് പ്രതീക്ഷിക്കാവുന്നതിനേക്കാൾ അച്ചടക്കവും മര്യാദയും. അമ്പത് പൈസയും രാവിലത്തെ ഭക്ഷണം 
ഇരിപ്പുണ്ടെങ്കിൽ അതും അമ്മ ആ മനുഷ്യന് കൊടുക്കുമായിരുന്നു. ഭക്ഷണം കഴിച്ച് പാത്രവും ഗ്ലാസും വൃത്തിയായി കഴുകി ഇറയത്ത് കമഴ്ത്തി "പോട്ടെ അമ്മേ" എന്ന് സന്ന്യാസി  വിട വാങ്ങും.

അന്ന് ആറോ ഏഴോ വയസ്സ് പ്രായമേയുള്ളൂ ഇന്ദുവിന്.

സന്ന്യാസി  ഭക്ഷണം കഴിക്കുന്നത് കാണാൻ ഇന്ദു മുറ്റത്തും ഇറയത്തും ഒക്കെ ചുറ്റിപ്പറ്റിനിൽക്കും. ഇടയ്ക്കിടെ വൃദ്ധൻ ഇന്ദുവിനെ നോക്കി ചിരിക്കും. ആഴ്ചകൾ കഴിയുംതോറും സന്യാസിയുടെ കുശലം ചോദിക്കലിന് ഇന്ദു മടികൂടാതെ ചിരിക്കാനും മറുപടി പറയാനും തുടങ്ങി.

ഒരു ശനിയാഴ്ച ഇന്ദു വീടിനുമുന്നിൽ ഒരു കുഞ്ഞുപൂന്തോട്ടമുണ്ടാക്കാനുള്ള   ശ്രമത്തിലായിരുന്നു. 

താൻ പഠിക്കുന്ന കോൺവെന്റിലെ  കന്യാസ്ത്രീകൾ സ്കൂളിനോടുചേർന്നുള്ള ചാപ്പലിൻറെ  മുറ്റത്ത് പരിപാലിച്ചിരുന്ന മനോഹരമായ പൂന്തോട്ടം പോലൊന്ന് അവളുടെ കുറേനാളായുള്ള  സ്വപ്നമായിരുന്നു.  
സ്കൂൾ അങ്കണത്തിലെ ആ പള്ളിമുറ്റത്ത് എന്തുമാത്രം തരത്തിലും നിറത്തിലും ഉള്ള  പൂക്കളാണെന്നോ വിരിഞ്ഞുനിന്നിരുന്നത്!  കന്യാസ്ത്രീകൾ എന്തു  
നട്ടുപിടിപ്പിച്ചാലും എന്തൊരു തുടുപ്പും  പ്രസരിപ്പുമാണ് അവയുടെ പൂക്കൾക്കും ഫലങ്ങൾക്കും  എന്ന് ഇന്ദുവിന് എപ്പോഴും തോന്നാറുണ്ട്. എന്താണ് ആ 
പച്ചവിരലുകളുടെ രഹസ്യം  എന്നുമാത്രം അവൾക്ക് പിടികിട്ടിയിട്ടില്ല. മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള  സൂര്യകാന്തികൾ, തുടുതുടുത്ത ചുവപ്പ്, ഓറഞ്ച്, പിങ്ക്, 
മഞ്ഞ നിറങ്ങളിലുള്ള പനിനീർ പുഷ്പങ്ങൾ, പലനിറങ്ങളിലുള്ള ഡാലിയാപ്പൂക്കൾ ഇവരെയെല്ലാം കണ്ട് ദൈവത്തിനെ കണ്ട തൃപ്തിയോടെ എത്രതവണ 
ആ പള്ളിമുറ്റത്ത് സ്വയം മറന്ന് നിന്നിരിക്കുന്നു! അതിനുശേഷം ചാപ്പലിൽ കയറി മുട്ടുകുത്തുമ്പോഴും അടഞ്ഞ കണ്ണുകൾക്കുള്ളിൽ ആ പൂക്കളല്ലാതെ 
മറ്റൊന്നും തെളിയുമായിരുന്നില്ല. ഇളം നീലകലർന്ന വയലറ്റ് പൂങ്കുലകൾ നിറഞ്ഞ  ഹൈഡ്രാഞ്ചിയ എന്ന വിദേശപുഷ്പത്തെ ആദ്യമായി കാണുന്നത് ആ 
ചാപ്പലിനുമുന്നിലെ പൂന്തോട്ടത്തിലാണ്. എന്തൊരു കറുകറുത്ത നിറമാണ് അവിടുത്തെ മണ്ണിന്. കറുപ്പഴക്  ആരോഗ്യത്തിൻറെകൂടി ലക്ഷണമാണ് എന്നൊരു വിശ്വാസത്തിൻറെ വിത്ത് ആ മണ്ണായിരിക്കാം ആദ്യമായി മനസ്സിൽ മുളപ്പിച്ചത്.

അതുപോലെ ആരോഗ്യമുള്ള, വിവിധ വർണ്ണത്തിലുള്ള പൂക്കൾ വിടർന്നുനില്ക്കുന്ന ഒരു കുഞ്ഞുതോട്ടം തൻറെ  വീടിൻറെ മുന്നിലും വേണമെന്ന ആഗ്രഹം ഇന്ദുവിനെ ഇരിക്കപ്പൊറുതിയില്ലാത്തവളാക്കി.ശനിയാഴ്ച സ്കൂൾ അവധിയായതിനാൽ പൂന്തോട്ടമുണ്ടാക്കാനുള്ള തയ്യാറെടുപ്പിൽ അടുത്തവീടുകളിൽ നിന്ന് ശേഖരിച്ച റോസിൻറെയും ചെമ്പരത്തിയുടെയും മറ്റും കമ്പുകളുമായി വീട്ടുമുറ്റത്തെ മണ്ണിളക്കാൻ തുടങ്ങുമ്പോഴാണ് സന്ന്യാസിയുടെ വരവ്. 

"അമ്മേ, എനിക്ക് മഞ്ഞസൂര്യകാന്തിയുടെ വിത്ത് വേണം. എവിടെന്നെങ്കിലും കിട്ട്വൊ?"
ഇന്ദു അകത്തേയ്ക്ക് വിളിച്ചുചോദിക്കുന്നത് കേട്ടുകൊണ്ടാണ് സന്ന്യാസി പടി കടന്നുവന്നത്.


"മോൾക്ക് മഞ്ഞ സൂര്യകാന്തിയുടെ വിത്ത് വേണോ? ഞാൻ കൊണ്ടന്ന് തരാം." 

സന്ന്യാസിയുടെ വാക്കുകൾ കേട്ടപ്പോൾ ഇന്ദുവിശ്വാസം വരാത്തപോലെ അയാളെ നോക്കി. അമ്മയും അകത്തുനിന്നിറങ്ങിവന്നു. 

"നാളെ ഞാൻ  ബീഹാറിലേക്ക് പോകും. അവിടെ നിറച്ചും സൂര്യകാന്തിപ്പാടങ്ങളുണ്ട്. അവിടെയിപ്പോൾ വിളവെടുക്കുന്ന സമയമായിട്ട്ണ്ടാവും. അതീന്ന് കുറച്ച് വിത്ത് കൊണ്ടുവന്ന് തരാം."

ഇന്ദുവിൻറെ മുഖം  സന്തോഷം കൊണ്ട്  സൂര്യകാന്തിപ്പൂ പോലെ വിടർന്നു. 'അമ്മ ചോദിച്ചു,


"സന്ന്യാസിക്ക് ബീഹാറിൽ ആരാള്ളത്?"

"ആരൂല്ല്യാ, ഞാനിങ്ങനെ തോന്നുമ്പൊ തീവണ്ടീല് കേറി അവടേം ഇവടേം ഒക്കെ പൂവും.   കയ്യിലെ കാശ് തീരുമ്പോ ചെലപ്പൊ പാടത്തോ കടേലോ  വല്ലോം  
ചെറേൃ പണിയൊക്കെ ചെയ്യും. കാട്ടിലും മലേലും അമ്പലങ്ങളിലുമൊക്കെ  അലയും, മതിയാകുംവരെ ധ്യാനിച്ചിരിക്കും, തിരിച്ച് വരും, പിന്നേം പൂവും. അരൂല്യാത്തോണ്ട്  ഇങ്ങനെ 
അലഞ്ഞ്നടക്കാലോ." 

തനിക്ക് ഈ ജീവിതം ഒരു പ്രശ്‌നമേയല്ല  എന്ന മട്ടിൽ  സന്ന്യാസി പറഞ്ഞത് ഇന്ദുവും അമ്മയും അത്ഭുതത്തോടെയാണ് കേട്ടുനിന്നത്. 
അന്നത്തെ  ഭിക്ഷ  സ്വീകരിച്ച്, മഞ്ഞസൂര്യകാന്തിപ്പൂ എന്ന പ്രതീക്ഷയുടെ വിത്ത് അമ്മുവിൻറെ മനസ്സിലെ നനഞ്ഞ മണ്ണിലിട്ട്,  അവളുടെ  തലയിൽ ഒന്നു തടവി സന്ന്യാസി  നടന്നകന്നു.

വീടുതോറും നടന്ന് ഭിക്ഷ തേടുന്ന ഒരു സന്ന്യാസിക്ക് ജീവിതത്തെ ഇത്ര ആയാസരഹിതമായി കാണാനാകും എന്നത് അന്ന് ഇന്ദുവെന്ന എട്ടു വയസ്സുകാരിക്ക് ഒരു പുതിയ അറിവായിരുന്നു. 
ആരുമില്ലാതാകുന്നത് മഹാസങ്കടം തന്നെ. എന്നാൽ സമ്യക്കായി ന്യസിക്കുവാൻ* തയ്യാറായവന് ആ സങ്കടത്തെ മറികടക്കാൻ എന്തു പ്രയാസം?! 

അന്ന് ഇന്ദുവിന് ഉറക്കം വന്നേയില്ല.തോന്നുമ്പോൾ തോന്നിയേടത്തേയ്ക്കൊക്കെ പേടിയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന ആ സന്ന്യാസിക്ക് എന്തു സുഖമാണ്. യാത്ര പോകാൻ അച്ഛൻ പറയണതുപോലെ അത്രയധികം പൈസയും തയ്യാറെടുപ്പും ഒന്നും വേണമെന്നില്ല എന്ന് ഇന്ദുവിന് തോന്നി. തലചായ്ക്കാൻ വീടുതന്നെ 
വേണമെന്നില്ല എന്നും. എന്തിന്, ആ സന്ന്യാസിയുടെ കൂടെ പോകണമെന്നുപോലും അവൾക്കന്ന്  തോന്നി!

ഉറക്കം വരാതെ കിടക്കുമ്പോൾ ഇന്ദുവിൻറെ മനസ്സുനിറയെ, ഓടുന്ന തീവണ്ടിയുടെ ജാലകത്തിലൂടെ ശാന്തനായി സൂര്യകാന്തിപ്പാടങ്ങളെ നോക്കിയിരിക്കുന്ന സന്ന്യാസിയേയും അധികം വൈകാതെ തൻറെ പൂന്തോട്ടത്തിൽ വിരിഞ്ഞുനിൽക്കാൻ പോകുന്ന മഞ്ഞ സൂര്യകാന്തിപ്പൂക്കളേയും കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.

പിന്നത്തെ ഒന്നുരണ്ടു മാസം സന്ന്യാസി  വന്നില്ല. ഇന്ദുവിന് കുറേശ്ശെ സങ്കടം വന്നുതുടങ്ങിയിരുന്നു.

"സന്ന്യാസി  ബീഹാറിലൊക്കെ പോയിവരാൻ കൊറേ നാള് പിടിക്കുമെൻറെ ഇന്ദൂ, കൊറേ ദൂരല്ല്യേ, പിന്നെ അവിടെയൊക്കെ ഭയങ്കര  മഴയാന്നാ പേപ്പറിലൊക്കെ 
വായിച്ചേ". അമ്മ ആശ്വസിപ്പിച്ചു.

വലിയ അവധിയും  കഴിഞ്ഞ് സ്കൂൾ തുറന്നു. ഇന്ദുവിന്  പുതിയ ക്ലാസ്സിലേക്ക് കയറ്റമായി. അവധിക്ക് മുമ്പ് ചില കൂട്ടുകാരോടൊക്കെ രഹസ്യമായി വീമ്പ് പറഞ്ഞിരുന്നു, ഈ അവധിക്ക് താൻ വീട്ടിൽ സൂര്യകാന്തിച്ചെടി വളർത്തുവാൻ പോകുന്നകാര്യം. അവർ കണ്ടപാടേ ചോദിച്ചു,

"ഇന്ദൂന് സൂര്യകാന്തിവിത്ത് കിട്ട്യോ?"

ഇന്ദു ഒന്നും മിണ്ടാതെ ബെഞ്ചിൽ ചെന്നിരുന്നു. വീട്ടിലെത്തിയാലും ഇന്ദുവിന് ഒരുത്സാഹവുമില്ല. തോട്ടത്തിൽ നട്ട റോസാക്കമ്പിനും ചെമ്പരത്തിക്കമ്പിനും ധാരാളം ഇലകൾ പൊടിച്ചുവെന്ന് അമ്മ പറഞ്ഞിരുന്നു. ചെന്നുനോക്കാൻ പോലും  തോന്നിയില്ല. മഞ്ഞസൂര്യകാന്തിപ്പൂ ഇല്ലാത്ത തോട്ടം അവളെ സങ്കടപ്പെടുത്തിക്കൊണ്ടിരുന്നു.

അങ്ങനെ രണ്ടുരണ്ടര മാസത്തിനുശേഷം ഒരുശനിയാഴ്ച വീണ്ടും വീടിൻറെ ഉമ്മറത്ത് നിന്ന് ആ വിളി കേട്ടു,
"അമ്മേ, ധർമ്മം",

പുതിയ മലയാളപാഠപുസ്തകത്തിലെ കഥകളും കവിതകളും ചിത്രങ്ങളും മറിച്ചുനോക്കിക്കൊണ്ടിരുന്ന ഇന്ദു ഒറ്റയോട്ടത്തിന് ഉമ്മറത്തെത്തി. പുറകേ അമ്മയും എത്തി.

"ധർമ്മം അമ്മേ..." പതിവിലും ക്ഷീണിതനായിരുന്നു സന്ന്യാസി. ശബ്ദത്തിലും പഴയ ഊർജ്ജസ്വലതയില്ല.
പ്രതീക്ഷയോടെ നിൽക്കുന്ന ഇന്ദുവിനെ നോക്കി സന്ന്യാസി പറഞ്ഞു,

"മോളെ, അവിടെയൊക്കെ ഭയങ്കര മഴയായിരുന്നു.പാടങ്ങളൊക്കെ  വെള്ളത്തിൽ മുങ്ങിപ്പോയി. തീവണ്ടിയൊന്നും ഓടാഞ്ഞകാരണം പെട്ടന്ന് 
തിരിച്ചുവരാനും പറ്റീലൃ. ന്തായാലും ദാ, ദ് മോള് കൊണ്ടോയി മൊളപ്പിച്ച്നോക്കൂ. വെള്ളം എറങ്യെപ്പോ പാടത്ത് പോയി തപ്പിനടന്നിട്ടും  ഇത്രേ  കിട്ടീള്ളൂ."

സന്ന്യാസി  ഭാണ്ഡത്തിൽ നിന്നും  മൂന്നുനാല് സൂര്യകാന്തിവിത്തുകൾ ഇന്ദുവിൻറെ നേർക്ക് നീട്ടി.
ഇന്ദുവിൻറെ മുഖം തെളിഞ്ഞു. അവൾ വിത്തുകളുമായി തോട്ടത്തിലേക്കോടി. ഒരു കമ്പെടുത്ത് മണ്ണുകുഴിച്ച് വിത്തുകൾ ഇട്ടുമൂടാൻ ഒരുങ്ങി. സന്ന്യാസി  
പറഞ്ഞു, 
"അങ്ങനെയല്ല, വിത്തുകൾ ഒരുമിച്ച് ഒരേ ദിക്കില്  ഇടരുത്, അകത്തിയകത്തിയിടണം, ഇങ്ങനെ."

സന്ന്യാസി  വിത്തുകൾ ഭംഗിയായി ഒരു വരിയായി വിതച്ചു. എന്നിട്ട് ഇന്ദുവിനോട് വെള്ളമൊഴിക്കാൻ പറഞ്ഞു. അമ്മ കൊടുത്ത കാപ്പിയും പലഹാരവും കഴിച്ച് സന്ന്യാസി  പോയി.

മൂന്നാഴ്ചയ്ക്കകം  വിത്തുകൾ മുളപൊട്ടി. പിന്നെയും നാലഞ്ചു ശനിയാഴ്ചകൾ കൂടി സന്ന്യാസി  വന്നുപൊയ്ക്കൊണ്ടിരുന്നു.  വന്നപ്പോഴൊക്കെ ഇന്ദുവിന് 
സൂര്യകാന്തിച്ചെടി വളർന്നാൽ പരിപാലിക്കേണ്ടതെങ്ങനെയെന്നും പറഞ്ഞുകൊടുത്തു. 

മാസങ്ങൾ കഴിഞ്ഞു. സൂര്യകാന്തിച്ചെടികൾ  ചൊടിയോടെ വളർന്നു. നനുത്ത രോമങ്ങൾ നിറഞ്ഞ വലിയ സൂര്യകാന്തിയിലകൾ  തൊട്ടും തലോടിയും നിൽക്കുമ്പോഴും  ഇന്ദുവിന് സന്തോഷിക്കാനായില്ല. കഴിഞ്ഞ ഒരു മാസമായി സന്ന്യാസി  വരാതെയായിട്ട്. കുറച്ചുനാളായി പിടിപെട്ടിരുന്ന വിട്ടുമാറാത്ത 
ചുമയുമായി ഒരു ശനിയാഴ്ച വന്ന് ധർമ്മം വാങ്ങി സൂര്യകാന്തിച്ചെടികളെയും ഇന്ദുവിനെയും  തലോടി അടുത്തയാഴ്ച വരാമെന്നു പറഞ്ഞ് പടിയിറങ്ങി
പ്പോയതാണ്. പിന്നീട് കണ്ടിട്ടില്ല. സന്ന്യാസിയെ  കാത്തുകാത്ത്    ഇന്ദുവിൻറെ ശനിയാഴ്ചകൾ കടന്നുപൊയ്ക്കൊണ്ടിരുന്നു.

സൂര്യകാന്തിച്ചെടികൾ ആദ്യമായി മൊട്ടിട്ടു. അവ വിരിയുമ്പോൾ ആ വസന്തം കാണാനെങ്കിലും   ഒരിക്കൽക്കൂടി സന്ന്യാസി  പടികടന്നുവരണേ എന്ന് ഇന്ദു അതിയായി ആഗ്രഹിച്ചു. പക്ഷേ...
പലവട്ടം സൂര്യകാന്തിപ്പൂക്കൾ വിടർന്നുകൊഴിഞ്ഞിട്ടും  വിത്തുകൾ മുളച്ച് പുതിയ സൂര്യകാന്തിച്ചെടികൾ ജനിച്ചിട്ടും  സന്ന്യാസി  മാത്രം വന്നില്ല... പിന്നീടൊരിക്കലും.

"ചേച്ചീടെ സ്റ്റോപ്പെത്തി കേട്ടോ ",

കണ്ടക്ടറുടെ ശബ്ദം ഇന്ദുവിനെ ചിന്തയിൽ നിന്നുണർത്തി.
സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. കവലയിലിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ അമ്മയുടെ വയ്യായ്കയെ പറ്റിയായി ചിന്ത. വളപ്പിൽ നിന്ന് കയറിയ നേരമില്ല അമ്മയ്ക്ക്. വേണ്ടാത്ത അസുഖങ്ങളെല്ലാം  വരുത്തിവയ്ക്കും.  ഇത്തവണ 
എന്തായാലും നിർബന്ധിച്ച്
ഡോക്ടറുടെ അടുത്ത് കൊണ്ടുപോകണം.


വിളക്കു വയ്ക്കാറാവുമ്പോഴേയ്ക്കും  വീടെത്തി.  ഗേറ്റിൽ കൈ വയ്ക്കും  മുമ്പേ കണ്ണുകൾ  മുറ്റത്തെത്തി.  
മുറ്റം നിറയെ വൃത്തമൊത്ത മഞ്ഞപ്പൂക്കൾ ചൂടി നിരനിരയായി നിൽക്കുന്ന സൂര്യകാന്തിച്ചെടികൾ! ഒരിക്കൽ യാത്ര പറയാതെ എങ്ങോട്ടോ പോയ സന്ന്യാസി  മണ്ണിലും മനസ്സിലും  വിരിയിച്ച വസന്തത്തിൻറെ ഏറ്റവും പുതിയ പരമ്പര! 

നാളത്തെ സൂര്യനെ കാത്തു തല കുമ്പിട്ടു നിൽക്കുന്ന ആ പീതപുഷ്പങ്ങൾക്ക്  കാഷായധാരിയും  സാത്വികനുമായ ഒരു സന്ന്യാസിയുടെ അതേ ഭാവമുണ്ടെന്ന് ഇന്ദുവിന് തോന്നി. നാളെ നിശ്ചയമായും പൊഴിഞ്ഞുപോകുമെന്നറിഞ്ഞാലും കൈ വന്ന ജീവിതം കൊണ്ട് തനിക്കാവുംപോലെ  ലോകത്തെ ധന്യമാക്കീടാമെന്ന ഭാവം!


*സമ്യക്ക്  = മുഴുവൻ 
ന്യാസം= ന്യസിക്കൽ = സമർപ്പണം, ത്യാഗം 
സന്ന്യാസം = പൂർണമായ സമർപ്പണം






Tuesday, June 26, 2018

ജലജാതം


ജലമൊരിന്ദ്രജാലം! 
പൊഴിഞ്ഞാൽ വർഷം  
തുഴഞ്ഞാലൊരു പുഴ 
വഴി തടഞ്ഞാലണ  
കര കവിഞ്ഞാൽ പ്രളയം  
കീഴെപ്പതിച്ചാൽ പ്രപാതം     
തിര ഞൊറിഞ്ഞാൽ സമുദ്രം  
തപിച്ചുയർന്നാൽ  ബാഷ്പം 
തണുത്തുറഞ്ഞാൽ  തുഷാരം   
മനമുടഞ്ഞാൽ ചുടുലോചം  
ഉരുളടർന്നാൽ  വിലയം!  
സർവ്വം ജലജാതജാലം!!  

Tuesday, June 19, 2018

നിയതിയുടെ ഗതി

ചിന്തകൾ  വന്മരങ്ങളിൽനിന്ന് തൂങ്ങിയാടുന്ന കാട്ടുവള്ളികൾ  പോലെയാണ്.  തോന്നിയതുപോലെയാണ് അവയുടെ ആട്ടം. മനസ്സാകട്ടെ,  വള്ളികളിൽ നിന്ന് വള്ളികളിലേക്ക്  ചാടിച്ചാടിനടക്കുന്ന കാട്ടുകുരങ്ങനും. ആ കുരങ്ങനെ  വേണമെങ്കിൽ കോടാനുകോടിവർഷങ്ങൾക്ക് മുൻപുള്ള പ്രപഞ്ചത്തിലേക്ക്  കൊണ്ടുപോകാൻ  യുഗങ്ങൾക്ക് പുറകിലേക്ക് തലമുറകളുള്ള  ചിന്താവേടുകൾക്ക് കഴിയും! എല്ലാ കടുംപിടുത്തങ്ങളും മുൻവിധികളും ധാരണകളും തല്ക്കാലം  മാറ്റിവയ്ക്കണമെന്നുമാത്രം.

നമുക്ക് നമ്മുടെ എത്ര തലമുറ മുമ്പുള്ളവരെ കുറിച്ച് ഓർമ്മിക്കാൻ  കഴിയും? കഴിയുന്നത്ര ഓർക്കാം. അവർക്ക് ശാരീരികമായും മാനസികമായും  എന്തെല്ലാം  കഴിവുകൾ ഉണ്ടായിരുന്നു? ആ കഴിവുകൾ എല്ലാം ഇന്നും നമുക്കുണ്ടോ? പലതും ഉണ്ട്. എന്നാൽ അപൂർവ്വം ചിലതെല്ലാം പൊയ്‌പ്പോയിരിക്കുന്നു. എല്ലാവരിലും അതിൻറെ അളവ്  ഒരുപോലെ ആകണമെന്നില്ല. എങ്കിലും പതുക്കെ, വളരെ പതുക്കെ നമ്മുടെ പൂർവ്വികർക്കുണ്ടായിരുന്ന പല കഴിവുകളും ശ്രദ്ധയിൽപ്പെടാവുന്നതിലും  പതുക്കെ നമ്മിൽനിന്നും അടർന്നുപൊയ്ക്കൊണ്ടിരിക്കുന്നുണ്ട്. 
പണ്ട് ആളുകൾ  കാൽനടയായി ദേശാന്തരഗമനം ചെയ്തിരുന്നത് ഒരു വാർത്തയായിരുന്നില്ല. അതവരെ  കായികമായി വളരെയൊന്നും തളർത്തിയിരുന്നുമില്ല. ഇന്ന് കന്യാകുമാരി മുതൽ കാസർഗോഡ് വരെ ഒരു കാൽനടയാത്ര എന്നു  പറഞ്ഞാൽത്തന്നെ അപൂർവ്വമായി സംഭവിക്കുന്ന, പത്രത്തിലൊക്കെ വാർത്ത വരാവുന്ന അത്രയും അത്ഭുതകരമായ കാര്യമാണ്. നമ്മിൽ പലർക്കും അത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യവും. രണ്ടു മൈൽ ദൂരത്തേക്ക് പോകണമെങ്കിൽപ്പോലും നമുക്കിന്ന് മോട്ടോർവാഹനങ്ങളെ ആശ്രയിക്കണം. ഏതു ദിക്കിലേക്കുള്ള വഴിയറിയില്ലെങ്കിലും കുഴപ്പമില്ല, 
ജി.പി. എസ് നമ്മെ ഭൂമിയുടെ അറ്റംവരെ കൊണ്ടുപോയ്ക്കോളും! മറിച്ച് ഒന്ന് വഴിതെറ്റിക്കളയാമെന്ന് തോന്നിയാലാണ്  സാധിക്കാത്തത്! അങ്ങനെ ബുദ്ധിരാക്ഷസന്മാരായ മോട്ടോർവാഹനങ്ങളെ വികസിപ്പിക്കാനുള്ള കൂർമ്മബുദ്ധി നമ്മൾ നേടി. എന്നാൽ നമ്മുടെ ശരീരവും ബുദ്ധിയും സ്വയം ചെയ്തിരുന്ന, സഞ്ചരിക്കുക, വഴി ഓർത്തിരിക്കുക എന്നീ കഴിവുകൾ  നമ്മൾ യന്ത്രത്തിന് കൈമാറി.

കാൽക്കുലേറ്ററിൻറെ കണ്ടുപിടുത്തത്തിന് മുൻപ്  അത്യാവശ്യം മനക്കണക്കുകൾ ചെയ്യാൻ നമ്മിൽ ഒരുവിധപ്പെട്ടവർക്കൊക്കെ സാധിക്കുമായിരുന്നു. കാൽക്കുലേറ്ററിൻറെ കാലവും  പോയി മൊബൈൽ ഫോൺ കൂടി  വന്നതോടെ നമ്പറുകൾ ഓർത്തുവയ്ക്കുക എന്ന കഴിവ്  നമ്മിൽ തീരെ ശോഷിച്ചു.  നാടോടുമ്പോൾ നടുവേ ഓടാതെ  കുറച്ചുപേരൊക്കെ കുറേക്കാലംകൂടി പിടിച്ചുനിൽക്കുമായിരിക്കും. എന്നാൽ കുറച്ചുപേർക്കെങ്കിലും  ഇനിയൊരിക്കലും  ആ കഴിവ് തിരിച്ച്കിട്ടുവാനും പോകുന്നില്ല. അതുകൊണ്ടാണ് ആരെങ്കിലും പതിവിൽ കൂടുതൽ കാര്യങ്ങൾ ഓർമ്മയിൽനിന്നും പറയുന്നതും മറ്റും ഇന്ന് വാർത്തയിൽ സ്ഥാനം പിടിക്കുന്നത്.

ഇടിക്കാനും പൊടിക്കാനും അലക്കാനും ഉണക്കാനും 
അരയ്ക്കാനും അരിയാനും  ഒക്കെ  യന്ത്രങ്ങളായി. ഈ ജോലികളെല്ലാം സ്വയം ചെയ്തിരുന്ന അവസാനത്തെ വ്യക്തിയും അവരെ ഓർമ്മയുള്ള പിന്നത്തെ തലമുറകളുംകൂടി ഇല്ലാതായാൽ ഈവക ജോലികളൊക്കെ ഒരിക്കൽ മനുഷ്യർ സ്വയം ചെയ്തിരുന്നു എന്ന് വിശ്വസിക്കുന്നവർ ഭ്രാന്തന്മാരോ അന്ധവിശ്വാസികളോ ആകും.
ഇനി, ഇതിലും ഒക്കെ വേഗത്തിൽ വേരറ്റുപോകുവാൻ തയ്യാറെടുക്കുന്ന  ഒരു മനുഷ്യസവിശേഷതയാണ് സ്വന്തം കൈപ്പടയിൽ എഴുതുക എന്നത്. ഇന്ന് വികസിതരാജ്യങ്ങളിൽ എല്ലാം തന്നെ ചെറിയ ക്ലാസ്സുകൾ മുതൽക്കേ ഐപാഡുകൾ ഉപയോഗിച്ചാണ് പഠനം.  കൈകൊണ്ട് എഴുതുക എന്ന പ്രക്രിയ  ക്രമേണ അന്യംനിന്നുപോവുകതന്നെ ചെയ്യും എന്നതിൽ സംശയമേതുമില്ല. പണ്ടത്തെ മണലിലെഴുത്ത് പോലെ സ്‌ക്രീനിൽ വിരൽ കൊണ്ടെഴുതുന്ന വിദ്യ ഇപ്പോൾ വീണ്ടും ഉടലെടുത്തിട്ടുള്ളത് നിലനിന്നാൽ മാത്രം ഇതിനൊരപവാദമാകും! അല്ലെങ്കിൽ ഒരു നൂറു വർഷങ്ങൾക്കുശേഷം കൈകൊണ്ട് അക്ഷരങ്ങൾ എഴുതിയിരുന്ന നമ്മളെയൊക്കെ  പരിണാമം സംഭവിച്ച അന്നത്തെ ജീവികൾ അതിമാനുഷർ ('യന്ത്രാതീതർ'  എന്നാവും കൂടുതൽ ശരി)  എന്നുവിളിക്കും. അന്ന് അക്ഷരങ്ങൾ ഉണ്ടാകുമോ എന്നത് വേറെ കാര്യം!

ചിന്തകളാകുന്ന കാട്ടുവള്ളികൾ ആട്ടം നിറുത്തുന്ന ലക്ഷണമില്ല! ഞാനോർത്തു...
പത്ത്നാലായിരം വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന  മഹാഋഷിമാർക്കും  മറ്റും വായുവേഗത്തിൽ സഞ്ചരിക്കുവാൻ കഴിഞ്ഞിരുന്നു എന്നതും, അതീന്ദ്രിയജ്ഞാനം കൊണ്ട് പ്രപഞ്ചഗോളങ്ങളുടെ വ്യതിയാനങ്ങളും രഹസ്യങ്ങളും പ്രവചിക്കാൻ കഴിഞ്ഞിരുന്നു എന്നതും ഒക്കെ  നമുക്കിന്ന് അന്ധവിശ്വാസമാണ്. ഇന്ദ്രിയാതീതവിചാരവിനിമയം അഥവാ ടെലിപ്പതി പോലുള്ള കാര്യങ്ങളും അത്യധികം തപശ്ശക്തിയുള്ള യോഗിമാർക്ക് പണ്ട് സാധിച്ചിരുന്ന കാര്യങ്ങളാണെന്നത്   നമുക്കിന്ന്  വിശ്വസിക്കാനാകുന്നില്ല.  എന്നാൽ വിമാനം വായുവിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും,  ഇലക്ട്രോണിക് മെയിലുകളും മിസൈലുകളും മറ്റും   മാത്രകൾക്കുള്ളിൽ എത്തേണ്ടിടത്ത് എത്തുന്നതും, ബാഹ്യഗ്രഹങ്ങളിൽ നിന്ന് സാറ്റലൈറ്റു കൾ ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നതും ഒന്നും നമുക്കിന്ന് അത്ഭുതമല്ല.
ഒരുപക്ഷേ  ഓരോ നൂറ്റാണ്ടിനിപ്പുറവും അദ്ധ്വാനഭാരം കുറയ്ക്കാനായി യന്ത്രങ്ങൾക്ക് ഏല്പിച്ചുകൊടുക്കുകമൂലം മനുഷ്യന്   കൈമോശം വന്ന കഴിവുകൾ ആയിക്കൂടേ  ഇതെല്ലാം? യന്ത്രങ്ങളില്ലാതിരുന്ന പുരാതനകാലത്തെ മഹാനിർമ്മിതികൾ ഇന്നും നമ്മെ അന്ധാളിപ്പിച്ചുകൊണ്ട് തലയുയർത്തിനിൽക്കുന്നു. നമ്മളോ നമ്മുടെ പിതാമഹന്മാരുടെ പ്രപിതാമഹന്മാർ പോലുമോ കണ്ടിട്ടില്ലാത്ത ആ ലോകത്തെ ജീവജാലങ്ങൾ എങ്ങനെയൊക്കെ ജീവിച്ചിരുന്നില്ല എന്നോ അവർക്ക് എന്തെല്ലാം മനുഷ്യാതീതമായ കഴിവുകൾ ഉണ്ടായിരുന്നില്ല  എന്നോ തീർത്തുപറയുവാൻ നമുക്കാവുമോ? 

സ്രഷ്ടാവ്  തൻറെ മറ്റു സൃഷ്ടികൾക്ക് കൊടുത്തതിനേക്കാൾ  വിശേഷബുദ്ധി മനുഷ്യനാണ്  കൊടുത്തത്. തെറ്റും ശരിയും തിരിച്ചറിയാനുള്ള ആ സവിശേഷബുദ്ധി അവനിൽ കൂടുതൽ വികസിച്ചിട്ടുള്ളതുകൊണ്ടാണ് തന്നെ സൃഷ്ടിച്ചതാരെന്ന ചോദ്യം മനുഷ്യൻ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നതും 'തങ്ങൾക്കതീതമായ ഒരു പ്രപഞ്ചശക്തി' എന്ന്  വിവേകമുള്ളവർ അതിനുത്തരം കണ്ടെത്തുന്നതും. ചിലരാകട്ടെ അങ്ങനെയൊരു ശക്തിയില്ലെന്ന് ആണയിട്ട് പറയുമ്പോഴും അതുപറയാനുള്ള തലച്ചോറിൻറെ സന്ദേശം ശബ്ദമാക്കി നാക്കിലൂടെ പുറത്തുവരുത്തുവാനുള്ള തത്വം  തന്നിൽ ഉരുവാക്കിയ ശക്തി എവിടെനിന്നെന്നറിയാതെ കുഴങ്ങുകയും  ചെയ്യുന്നു! മനുഷ്യരൊഴിച്ചുള്ള മൃഗങ്ങൾ തങ്ങൾക്കതീതമായ ആ പ്രപഞ്ചശക്തിയെ മനസ്സിലാക്കി അതിനു വിധേയരായി കഴിയുക മൂലം അവയ്ക്ക് ഭാവിയെക്കുറിച്ച് മനുഷ്യനോളം വേവലാതിയും ആവലാതിയും ഒന്നുമില്ല.

എന്തായാലും ഇനിയും ഒരു രണ്ടായിരം വർഷങ്ങൾക്കപ്പുറം (ഭൂമി അന്നും ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിൽ) നമ്മുടെ വരുംതലമുറകൾ എങ്ങനെയൊക്കെ  ജീവിക്കും എന്നോ, മനുഷ്യബുദ്ധിയിൽ പിറന്നുവെങ്കിലും  തങ്ങളുടെ ബുദ്ധിയും പ്രവർത്തിയും വംശവർദ്ധനയ്ക്കുള്ള തന്ത്രങ്ങളും  നിർണ്ണയിക്കുന്നതിൽ  ഇനിയൊരു മനുഷ്യൻറെ സഹായം ആവശ്യമില്ലാത്തവണ്ണം പരമാധികാരം കിട്ടിയ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്   എന്നുവിളിക്കുന്ന റോബോട്ടുകളുടെ അടിമകൾ മാത്രമായി, സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയാത്ത, നിശബ്ദമാക്കപ്പെട്ട ജീവനുള്ള  ജഡങ്ങൾ മാത്രമായി അവർ മാറുമോ  എന്നും ഇപ്പോൾ തീർച്ചപ്പെടുത്താനാകില്ല.
ദൈവമാണോ പ്രപഞ്ചം സൃഷ്ടിച്ചത്, ദൈവമുണ്ടോ ഇല്ലയോ എന്നൊക്കെ ഇന്ന് നമ്മൾ തമ്മിൽ അടികൂടുന്നതുപോലെ മനുഷ്യർ എന്ന ജീവികൾ തന്നെയോ തങ്ങളെ സൃഷ്ടിച്ചത് എന്നും മനുഷ്യൻ എന്നത് സത്യമോ മിഥ്യയോ എന്നുമൊക്കെ അവരുടെ വരുംതലമുറകളും തർക്കിക്കുമായിരിക്കും! മനുഷ്യവംശത്തിൻറെ തെളിവ് ശേഷിപ്പിക്കുന്ന അവസാനത്തെ രേഖയും നശിപ്പിച്ചു കളയാൻ അവർക്കിടയിലെ 'അവിശ്വാസികൾ' ശ്രമിച്ചുകൊണ്ടിരുന്നേക്കും!
മനുഷ്യൻ അവൻറെ  സ്രഷ്ടാവിനോട് ചെയ്തതെന്തോ അതുതന്നെ അവൻറെ   സൃഷ്ടികൾ അവനോടും ചെയ്തിരിക്കും! ദൈവീകമായ ഗുണങ്ങൾ ലോപിച്ച മനുഷ്യനെ സ്രഷ്ടാവ് പ്രപഞ്ചത്തിൻറെ അധികാരം ഏൽപ്പിച്ചപ്പോൾ മനുഷ്യൻ  തൻറെ സ്രഷ്ടാവിനെത്തന്നെ   നിശബ്ദനാക്കിയതുപോലെ മനുഷ്യബുദ്ധിയുടെ സന്തതിയായ കൃത്രിമബുദ്ധി  പ്രപഞ്ചപരമാധികാരം കയ്യടക്കുമ്പോൾ  മനുഷ്യനും നിശ്ശബ്ദനായേ   പറ്റൂ. നിയതിയുടെ ഗതി എപ്പോഴും നീതിയുടേതുകൂടിയാണ്.
Human race can survive only if it attains and preserves goodness of heart, wisdom of mind and efficiency in action. 

വായനദിനം

Sunday, June 17, 2018

മേഘഗർജ്ജനം

വേദമാകുമാരണ്യകം തീണ്ടുവാൻ
തോന്നലുണ്ടാകുവാനെന്തു കാരണം?
പൂർവ്വപുണ്യമോ! ജന്മജന്മാന്തര
കർമ്മബന്ധമാം യജ്ഞസായൂജ്യമോ!

തീഷ്ണമാം അരുഷജ്ഞാനജ്വാലാഗ്രമെൻ 
പ്രജ്ഞതൻതുമ്പിൽ വന്നൊന്നു കൊണ്ടതേ
പൊള്ളിടുന്നുവാത്മാവ,തിന്നുള്ളിൽനി-
ന്നെങ്ങുനിന്നറിയാത്തൊരു  നൊമ്പരം!

തൊട്ടുമുന്നിലീ വേദരത്‌നാകരം
കണ്ടിടാഞ്ഞതെന്തിന്നീ ദിനം വരെ?
കേട്ടുകേൾവികൾ കൊണ്ടുനടന്നൊരെൻ
കെട്ട കാതുകൾ പട്ടുപോയീടണം

നിന്നു വിങ്ങുന്നുവജ്ഞത കൊണ്ടു ഞാൻ,
കൊട്ടിഘോഷങ്ങളോർത്തു ലജ്ജിപ്പു ഞാൻ,
ഇത്രനാൾ കണ്ട കാഴ്‌ചതൻ കൂരിരുൾ
വെട്ടമാണെന്നു തെറ്റിദ്ധരിക്കയാൽ.

മൂഢതകൊണ്ടു മൂടിയിരിക്കുമെൻ
ബോധമണ്ഡലമൂടി തുറന്നതിൽ
ഊറിടും ദിവ്യസോമലതാമൃതം
കണ്ടെടുക്കുവാൻ വേദം തുണയ്ക്കണം!

ബോധസാഗരം വറ്റും വരൾച്ചയിൽ
മേഘഗർജ്ജനം കേട്ടുനടുങ്ങണം!
ജ്ഞാനരശ്മിയെ മൂടും തമസ്സിനെ
വേദമാം മിന്നൽ  കൊണ്ടു വേധിക്കണം.

കൂരിരുൾഗുഹയ്ക്കുള്ളിൽ പുളഞ്ഞിടും
വിഭ്രമങ്ങൾ തൻ ദുർഗ്ഗം തകർക്കണം
ജ്ഞാനസൂര്യപ്രകാശമുദിച്ചുയർ-
ന്നേകമാം ദിവ്യജ്യോതിയിൽ മുങ്ങണം!

Wednesday, May 23, 2018

വിഗതവനം



     
1.  വിപിനമതിമോഹനം
     വിജന,സുഖദായകം
2.  വിസരഘനഭൂരുഹം  
     വിചലദലമർമ്മരം 
3.  വികച,ഋതുശോഭിതം 
     വിദളസുമസുന്ദരം 
4.  വികിരശുഭകൂജനം 
     വിയുതഭയവിശ്വകം 
5.  വിലസുമനിലൻ ചിരം 
     വിതറുമഗസൗരഭം 
6.  വിഗരഹിമവിദ്രുതം  
     വിമലസലിലാകരം 
7.  വിവിധമയഹാരിതം 
     വിഹിതസുഖശീതളം 
8.  വിപുലവനവൈഭവം 
     വിദയമരിയും ജനം 
9.  വിഗതവനരക്ഷണം
     വിഭുതമതിലക്ഷണം 

------------------------------------------------------------------------------------------------

ടിപ്പണി 
[വിഗതവനം=പൊയ്പോയ വനം,വിപിനം=കാട് ,
വിജനം=ഏകാന്തം, വിസരം= കൂട്ടം, ഭൂരുഹം=വൃക്ഷം, വിചല=ചപല, ദലമർമ്മരം=ഇലകൾ ഇളകുന്ന ശബ്ദം, 
വികചം = പൂത്തുനിൽക്കുന്ന മരം,  വിദളം =വിടർന്നത്, വികിരം =പക്ഷി, വിയുത =കൂടാതെ , വിശ്വകം= മൃഗസമൂഹം, അനിലൻ=കാറ്റ് , അഗം=വൃക്ഷം, വിദ്രുതം=ഉരുകിയത്, സലിലം=ജലം, ആകരം=രത്നഖനി, ഹാരിതം=പച്ചനിറം,  വിഹിത=കൂടിയ,   ശീതളം=തണുത്തത്, 
വിപുലം= സമൃദ്ധം, വിദയം=ദയകൂടാതെ, വിഗതം=പോയ്‌പ്പോയത്, രക്ഷണം=രക്ഷിക്കൽ, വിഭുത=മഹത്തായ, മതി=ബുദ്ധി]    
------------------------------------------------------------------------------------------------

സംഗ്രഹം  
  1. അതിയായി മോഹിപ്പിക്കുന്നതും, സുഖമുള്ള  ഏകാന്തത നൽകുന്നതുമായ കാട്. 
  2. ഇടതിങ്ങിയ മരകൂട്ടങ്ങളും അവയുടെ ചപലമായ ഇലകൾ പുറപ്പെടുവിക്കുന്ന മർമ്മരവും ഉള്ളയിടം.
  3. മാറിവരുന്ന ഋതുക്കളെ ശോഭിതമാക്കുമാറ് പൂത്തുനിൽക്കുന്ന മരങ്ങൾ ഉള്ളയിടം.  
  4. പക്ഷികൾ ശുഭസൂചകമായി കൂജനം ചെയ്യുകയും, മൃഗസമൂഹം ഭയം കൂടാതെ വിഹരിക്കുകയും ചെയ്യുന്നയിടം.
  5. വിലസിനടക്കുന്ന കാറ്റ് സദാ വൃക്ഷങ്ങളുടെ സൗരഭം വിതറുന്നയിടം.
  6. പർവ്വതങ്ങളിൽനിന്ന് ഹിമം ഉരുകിവീണ വിമലമായ ജലാശയങ്ങളാകുന്ന രത്നഖനികൾ നിറഞ്ഞയിടം.
  7. വിവിധങ്ങളായ പച്ചനിറങ്ങൾ കൂടിക്കലർന്നതും, സുഖകരമായ തണുപ്പുള്ളതുമായയിടം.
  8. സമൃദ്ധമായ ഈ വനസമ്പത്ത് ഒരു ദയയുമില്ലാതെ നശിപ്പിക്കുന്ന മനുഷ്യർ.
  9. പൊയ്‌പ്പോയ വനങ്ങളെ രക്ഷിക്കൽ മഹത്തായ ബുദ്ധിയുടെ ലക്ഷണമാണ്.

Wednesday, May 9, 2018

വരിക വാർത്തിങ്കളേ... (കുട്ടിക്കവിത)

മാനത്തുലാത്തുന്ന വാറൊളിത്തിങ്കളേ
താഴത്തു പോരുവാന്‍ മോഹമില്ലേ?
ചേലൊത്ത ഭൂമിയെ ദൂരത്തുനിന്നു 
കൊതിയ്ക്കാതെ ചാരത്തു വന്നുനില്‍ക്കൂ.
പൂനിലാവിന്‍ കുടം തേച്ചുമിനുക്കി നീ
പോരുകില്‍ പൈമ്പാല്‍ നിറച്ചുനല്കാം,
താരസതീര്‍ത്ഥ്യരെപ്പോലുള്ള വെണ്മുല്ല-
ത്താരുകളെക്കൂട്ടു തന്നയയ്ക്കാം,
നിന്‍ മേനി മൂടും തണുപ്പു തോല്‍ക്കും നല്ല
പാല്‍നുരച്ചോലയില്‍ മുങ്ങിനീന്താം,
വെണ്‍നിശാപുഷ്പങ്ങള്‍ തൂകും നറുമണ-
മാകെനിന്‍ മേനിയില്‍ പൂശിനില്‍ക്കാം,
ഞങ്ങളോടൊത്തൊരാ വിണ്ണിനെ നോക്കിയീ 
ഭൂമിയില്‍ നിന്നുമശംസ ചൊല്ലാം...
പോരുമോ താഴെ പൊന്നമ്പിളീ വെണ്‍കതിര്‍
ചോരും നിലാക്കുടം കയ്യിലേന്തി?

Saturday, May 5, 2018

ലോകചിരിദിനം

05-05-2018 
നാളെ ലോകചിരിദിനം.
മെയ് 5 
നാളെ ലോകചിരിദിനം.

ചിരി... അതെത്ര ഉദാത്തമാണ്!  ദൈവം തൻറെ സൃഷ്ടികളിൽ മനുഷ്യന് മാത്രം കനിഞ്ഞുനല്കിയിരിക്കുന്ന അപൂർവ്വസിദ്ധി. (മറ്റുള്ള ജീവജാലങ്ങളും ചിരിക്കുന്നുണ്ടാകാം. നമുക്ക് മനസ്സിലാകുന്ന ഭാവഹാവാദികളോടെയല്ലായിരിക്കാം അവരുടെ ചിരി.) എന്നിരുന്നാലും മനുഷ്യൻറെ ചിരിക്കാനുള്ള കഴിവ് - അത് എടുത്തുപറയണ്ട ഒന്നുതന്നെയാണ്.  അങ്ങനെയൊരു മഹത്തായ സിദ്ധി കൈവശമുള്ള മനുഷ്യൻ അതുകൊണ്ട് എന്താണ് ചെയ്യുന്നത്? 
കുഞ്ഞുങ്ങളെപ്പോലെ നിഷ്ക്കളങ്കമായി ചിരിക്കാൻ കഴിയുന്ന മുതിർന്ന മനുഷ്യർ എത്രപേർ ഉണ്ടാകും? അത്തരം മനുഷ്യർ തീർച്ചയായും ലോകനന്മയ്ക്ക്  മുതൽക്കൂട്ടാണ്. 

ഒരു ചെറുചിരി കൊണ്ട് പരിഹരിക്കാനാകുന്ന എത്രയെത്ര പുകയുന്ന മാനസികവ്യഥകൾ നമുക്കോരോരുത്തർക്കും ഉണ്ടാകാം? പരസ്പരം മുഖത്തോടുമുഖം നോക്കി കളങ്കമില്ലാതെ, മടിയില്ലാതെ, മറയില്ലാതെ, പിടിവാശിയില്ലാതെ, മുൻവിധികളില്ലാതെ, 
ഗൂഢോദ്ദേശ്യങ്ങളൊന്നുമില്ലാതെ  ആത്മാർത്ഥമായി ചിരിച്ചാൽ തീരാത്ത പിണക്കങ്ങളുണ്ടോ ഈ ലോകത്തിൽ?  പിണക്കം തീർന്ന മനസ്സ് എത്ര ശാന്തമാണ്! 

ചിരിക്കാനുള്ള കഴിവ് ഒരു വരദാനമാണ്. അത് നന്മയിൽ നിന്ന് ഉദയം ചെയ്യേണ്ടതാണ്. മറ്റൊരുവനെ പറ്റിച്ചും അപഹസിച്ചുമുള്ള ചിരി, അശ്ലീലത്തിൽ നിന്നുയരുന്ന ചിരി, ക്രൂരതയിൽ നിന്നും പകയിൽ  നിന്നുമുയരുന്ന ചിരി, കള്ളത്തരത്തിൽ നിന്നുയരുന്ന ചിരി,  പണക്കൊഴുപ്പിൽ നിന്നും ആർഭാടങ്ങളിൽ  നിന്നും, അമിതാവേശത്തിൽ നിന്നും  ഉയരുന്ന ചിരി, അധികാരത്തിമിർപ്പിൽ നിന്നുയരുന്ന ചിരി, പ്രശസ്തിയിലും നേട്ടങ്ങളിലും  മതിമറന്നുള്ള ചിരി,  വിവേകവും വകതിരിവുമില്ലായ്മയിൽ നിന്നുയരുന്ന ചിരി, വിവിധലഹരികളിൽ നിന്നും വിഷയാസക്തിയിൽ നിന്നും ഉയരുന്ന ചിരി... ഇത്തരം ചിരികളെല്ലാം ഭാവിയിൽ  നമ്മളേയോ നമ്മുടെ സന്തതിപരമ്പരകളേയോ  തീർച്ചയായും കരയിപ്പിക്കുകതന്നെ ചെയ്യും. നമ്മുടെ ചിരി ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്നും ഉത്ഭവിച്ചിട്ടുള്ളതാണോ എന്ന് നമ്മൾ വിചിന്തനം ചെയ്യുകയും അങ്ങനെയാണ് എങ്കിൽ ഇവയിൽ നിന്ന് പുറത്ത് കടക്കുകയും ചെയ്യേണ്ടതുണ്ട്. 

ഏത് രോഗവും മാറ്റാൻ കെൽപ്പുള്ള ദിവ്യൗഷധം കൈവശമുണ്ടായിട്ടും മാറാവ്യാധിക്ക് മരുന്നന്വേഷിച്ചലയുന്ന രോഗിയെപ്പോലെ ചിരി എന്ന ദിവ്യശേഷി കൈമുതലായ നമ്മൾ സുഖം, സന്തോഷം, സമാധാനം എന്നിവ തേടി ജീവിതകാലം  മുഴുവൻ അലയുന്നു.  ഒരു ശിശുവിൻറെ ചിരി പോലെ നിർമ്മലമായ ചിരിയാണ്  ദൈവം നമുക്ക് നൽകിയത്. അതിലേക്ക് കാലക്രമേണ നമ്മുടെ ഇന്ദ്രിയങ്ങൾ കടത്തിവിടുന്ന മാലിന്യങ്ങളെ നമ്മൾ അരിച്ച്മാറ്റിക്കൊണ്ടിരുന്നാൽ അതെന്നും നമുക്ക് സമാധാനം നല്കിക്കൊണ്ടിരിക്കും.

ആരേയും വേദനിപ്പിക്കാതെ  നിർമ്മലമായി, പരസ്പരം നോക്കിയും സ്വന്തം മനസ്സിലേക്ക് നോക്കിയും ചിരിക്കാൻ നമുക്കേവർക്കുമാകട്ടെ. വ്യക്തികളിൽ നിന്ന് കുടുംബങ്ങളിലേക്കും കുടുംബങ്ങളിൽ നിന്ന് സമൂഹത്തിലേക്കും രാജ്യത്തിലേക്കും  പിന്നീട്  ലോകമാകമാനവും ശാന്തമായ ആ ചിരി പടരട്ടെ! ഏവർക്കും ലോകചിരിദിനാശംസകൾ!! 

Sunday, February 25, 2018

സെൽഫി




ഇത് അനുഗ്രഹീതചിത്രകാരൻ ഷാഫി ഹസ്സൻ വരച്ച മധുവിൻറെ രേഖാചിത്രം, "നന്ദി വിശപ്പില്ലാത്ത ലോകം തന്നതിനു" എന്ന ഒറ്റ വാചകത്തോടൊപ്പം എഫ് ബിയിൽ പോസ്റ്റ് ചെയ്ത ഈ ചിത്രം മനസ്സിലേക്ക് തറഞ്ഞിറങ്ങി.

https://www.facebook.com/photo.php?fbid=340191676484265&set=a.128710534299048.1073741827.100014803060001&type=3&theater&comment_id=341129343057165&notif_t=feedback_reaction_generic&notif_id=1519560845107721

വെറും അധരവ്യായാമവും തൂലികാവ്യായാമവും ധാർമ്മികരോഷം പ്രകടിപ്പിക്കലും കൊണ്ട് മാത്രം കൊണ്ട് മധുവിനോട് മാപ്പിരക്കാൻ യോഗ്യത നേടില്ല എന്ന തോന്നൽ മൂലം ഇതേക്കുറിച്ച് എഴുതാതിരിക്കുകയായിരുന്നു.  ഇന്ന് ഷാഫിയുടെ ഈ ചിത്രം കണ്ടപ്പോൾ എഴുതാതിരിക്കാനാവുന്നില്ല.
















 സെൽഫി

ദൈന്യമേറുംതോറുമെന്തു-
രസമാണുതച്ചുകൊല്ലുവാൻ!
അല്ലെങ്കിലു,മവനുമില്ലൊരു 
തെല്ലും പരിഭവം കണ്ണിൽ 
ഇല്ല പരിഭ്രാന്തിയും പേടിയും, 
പക തീരെയും! നിസ്സംഗൻ!
വരൂ, വകവരുത്താമെളുപ്പം,
ഇവൻ വിശപ്പുതിന്നവൻ!

Friday, February 2, 2018

എഴുതാതെ വയ്യ!


നെഞ്ചുപൊള്ളുന്നുവെൻ  കുഞ്ഞുപൈതങ്ങളേ 
നിങ്ങൾതൻ നല്ലിളം കൺകൾ കാൺകേ 
പിഞ്ചിളംപ്രായത്തിൽ കാണാനരുതാത്ത 
കാഴ്ചകളെത്രമേൽ  കാണ്മൂ നിങ്ങൾ? 

പൂക്കളെക്കണ്ടും പറവയെക്കണ്ടുമുൽ-
ത്സാഹം തുടിക്കേണ്ട കൺകളിപ്പോൾ
കാണുന്നു കാലമാകും മുൻപ്, കാമനും 
കണ്ണുപൊട്ടും രതിവൈകൃതങ്ങൾ... 

തുമ്പിച്ചിറകിൻറെ ചാരുത കാണവേ 
കൊഞ്ചിച്ചിരിക്കേണ്ട കുഞ്ഞുമക്കൾ 
തമ്മിലടക്കം പറഞ്ഞുചിരിക്കുന്ന-
തെന്തെന്നു നെഞ്ചുനടുങ്ങിടുന്നു! 

മുത്തുപൊഴിയേണ്ടനാക്കിൽ നിന്നശ്ലീല-
ധോരണി തന്നെയുയർന്നിടുന്നു 
പാകമാകാതെ പഴുത്തും പുഴുക്കുത്ത-
ലേറ്റുമീ ബാല്യം നശിച്ചിടുന്നു. 

കാണാമറയത്തിരുന്നാലുമെപ്പൊഴും 
സ്നേഹമാം കാണാച്ചരടു കൊണ്ടേ, 
കെട്ടറ്റുപോകാതെ കാത്തു പണ്ടമ്മമാർ 
മക്കൾക്ക് നേർവഴിത്താരയായി 

നേരമില്ലാർക്കുമിന്നാരെയും നേരായ 
മാർഗ്ഗത്തിലൂടെ നയിച്ചിടുവാൻ,
'ആപ്പു'കളല്ലോ നയിക്കുന്നുലകിനെ
 ആപത്തിലേക്കുള്ള പാതയെങ്ങും.  

ആഘോഷമിന്നെങ്ങുമാരവമാണെന്നു-
മാർഭാടജീവിതം തന്നെയെങ്ങും, 
ആയതിനായ് ധനം പോരഞ്ഞുമക്കളി-
ന്നമ്മയെക്കൊല്ലാൻ മടിച്ചിടാതായ്‌.

എന്തുണ്ട് പോംവഴിയെന്നു തിരിയാഞ്ഞു 
വേവുന്ന നെഞ്ചിലെ തീയണയ്ക്കാൻ,
മക്കൾക്ക് നല്ലതുതോന്നുവാനെന്നെന്നു-
മമ്മതന്നുൾക്കണ്ണ് കാവൽ വേണം.
അമ്മതന്നുൾകണ്ണ് കൂട്ട്  വേണം.
അമ്മതന്നുൾക്കണ്ണ് തന്നെ വേണം!

Tuesday, January 9, 2018

പാർവ്വതി


കാണ്മവർക്കവൾ  വെറും ഭ്രാന്തി, 
കാണുമക്കലാലയ കവാടത്തിൽ നിത്യം, 
വർഷമാകിലും കടുംവേനലെരിക്കിലും 
എത്തുമാരെയോ കാത്തെന്നപോൽ കൃത്യം.

വറ്റിയ കടൽ പോലുടലും മിഴികളും, 
വെറ്റ തിന്നു കറുത്ത ദന്തങ്ങളും, 
കത്തിനിന്ന തിരി കെട്ടത് പോലെഴും 
ചിരിയറ്റുയിർകെട്ട മുഖം, കവിളൊട്ടിയും... 

ചപ്രച്ചുപാറിടും ചെമ്പന്മുടിയിഴ-  
ച്ചുറ്റുകോർത്തുവിരലൊട്ടു ചുഴറ്റിയും 
ചെളിനഖമുനയാലുടലാകെ വരഞ്ഞും
കൈത്തണ്ടയിൽ കുപ്പിവളയണിഞ്ഞും.    

ഉറ്റവരാരിവൾക്കാരുടയോർ? ചുറ്റിലും 
മിഴിയുറ്റിവളാരെത്തിരയുന്നു നിത്യം?  
ആരുകൈവിട്ടിവളെത്തെരുവിലെ-
ങ്ങാരെ വിട്ടകന്നിവൾ? സത്യമാർക്കറിയാം?!

"ഭ്രാന്തി ഭ്രാന്തി"യെന്നു നിത്യം പലവുരു  
കേട്ടുകേട്ടു തഴമ്പിച്ച കാതിനാൽ 
മറ്റെന്തു കേൾക്കാനാശിച്ചവൾ തൻ - 
വളച്ചാർത്തിളക്കിച്ചെവിയോട് ചേർപ്പൂ? 

ഊരില്ല, പേരറിയില്ലാരുമില്ലിവൾ-
ക്കാരോ  കനിഞ്ഞൊരു പേരിട്ടു , 'പാർവ്വതി'!
സ്വന്തമവൾക്കൊരു ഭാണ്ഡ,മതത്രയും 
ഓർമ്മപ്പുറ്റുകൾ കൊണ്ടോ കനത്തുപോയ്?

ആരോടുമൊന്നുമുരിയാടിയില്ലവൾ 
ആരെയോ കാത്തിരുന്നവൾ ഭ്രാന്തമായ്    
വന്നുനിൽക്കുന്ന വണ്ടികൾക്കുള്ളിൽ നി-
ന്നേതൊരാൾ വന്നിറങ്ങുവാൻ കാത്തവൾ?

നേർത്ത വിങ്ങലായ് തീർന്നവൾ, എന്നുമെൻ 
രാത്രിയിൽ നിദ്ര ചോർത്തുന്നൊരോർമ്മയായ്.
കാലമെത്രമേൽ  നിർദ്ദയം പാഞ്ഞുപോയ്,  
നീർപ്പോളയത്രേ  കലാലയ ജീവിതം! 

പിന്നൊരു നാൾ ദിനപ്പത്രം വിടർത്തവേ 
കണ്ടൊരു വാർത്ത, കാണാത്ത കോണിലായ്, 
ചിത്തഭ്രമം പെട്ട  സ്ത്രീയെയിടിച്ചിട്ടൊ-
രാഡംബരക്കാറ് നിർത്താതെ പോയിപോൽ! 

ഒപ്പമാ ഭാണ്ഡവും   കാണാതെ പോയിപോൽ!
കത്തുമോർമ്മകൾ കാണാതെ പോയിപോൽ!