Followers

Showing posts with label ധാർഷ്ട്യം. Show all posts
Showing posts with label ധാർഷ്ട്യം. Show all posts

Monday, November 19, 2018

പുനർനവം പുരാണം!


ദുര മൂത്ത രാജനുലകേഴും  ഭരിപ്പതിനു
കൊതി മൂത്തു കാട്ടുമിഹ ക്രൗര്യങ്ങളെന്തു കഥ!
പക മൂത്ത ചിത്തമതിനകമേ നിറച്ച മല-
മതിൽ നിന്നുയർന്നിടുമശുദ്ധാണു സംഗരവും. 

അണുബാധയേറ്റു സുഖമകമേ നശിച്ചരചൻ 
ചെയ്യുന്നു കർമ്മമവയോരോന്നധർമ്മവഴി, 
ചെയ്യിച്ചിടുന്നതുമധർമ്മങ്ങളാജ്ഞ നിറ-
വേറ്റാൻ വിധിച്ചവരെ വച്ചും, ജയിപ്പതിനായ്‌.

അരുതാരുമഖിലേശ്വരൻ തൻറെ നാമമിനി 
മേലാൽ ജപിക്കരുതുരയ്ക്കുന്നു  രാജനിഹ!
ഭജനങ്ങളൊക്കെയുമെനിക്കുള്ളതാകണ-
മതല്ലാത്തതൊക്കെയുമടക്കും, സ്മരിക്ക പ്രജ!

പണ്ടോരു രാക്ഷസനവൻ  തൻറെ പുത്രനൊടു-
രച്ചൂ നിറുത്തിടുക നിൻ വിഷ്ണുനാമജപം 
ഹരിനാമകീർത്തനമതല്ലാതെയില്ല ഗതി- 
യെന്നത്രെയന്നു ഭയമില്ലാതെ ചൊന്നു സുതൻ!

എന്നാലതൊന്നറിയതന്നേ,യുടൻ തരിക 
ദൃഷ്ടാന്തമിത്തരുണമല്ലായ്കിലന്ത്യമുടൻ,   
കോപാഗ്നി കൊണ്ടു മതി കെട്ടോരു രാക്ഷസ-
നവൻ തൻറെ പുത്രനെയൊടുക്കാനുറച്ചുടനെ. 

കാണട്ടെ, നിൻറെ ഹരി തൂണിൽ, തുരുമ്പിലു-
മതുണ്ടെങ്കിലിന്നിവിടെയിത്തൂൺ പിളർന്നുടനെ... 
ചൊല്ലേണ്ടതാമസമതാ തൂൺ പിളർന്നുടനെ 
കാണായി വിഷ്ണു നരസിംഹം കണക്കെ, ഹര! 

ശേഷം നടന്ന കഥ ചൊല്ലേണ്ടതില്ല, ഹരി-
നാമം ജപിക്കുമവരൊക്കെയറിഞ്ഞ കഥ.
ഭുവനത്തിലെത്ര മനുഭാവങ്ങളത്ര  വിധ-
മോരോന്നുമുണ്ടു കഥയാചാര്യഭാവനയിൽ!

ഇന്നും ജഗത്തിലിഹ കാണായ്‌ വരുന്നു ചില 
ജന്മങ്ങളിത്തരമഹങ്കാരരൂപികളായ് 
ബാഹ്യേ നടിച്ചിടുമവർ ധൈര്യശാലികൾ പോ-
ലെന്നാൽ ഭയം തൻ നിഴൽ പോലുമെന്ന ഗതി! 

ഏറുന്നു ചിന്തയവനും ഭാരമുള്ള മടി-
ശീലയ്ക്കു വന്നുപെടുമൂനം നിനച്ചിടവേ, 
കൈവിട്ടു പോകുമൊരു സൗഭാഗ്യജീവിതവു-
മോർത്താൽ മതിയ്ക്കു ഭ്രമമല്ലെങ്കിലെന്തു വഴി?  

തൂണും തുരുമ്പുമൊരു പുല്ലിൻറെ തുമ്പുമൊരു 
നാളെൻറെയന്തകനതായീടുമെന്ന ഭയം 
വർദ്ധിച്ചിടുന്നളവിലൂണും ഉറക്കവു -
മൊഴിഞ്ഞങ്ങിരിക്കുമൊരു ഭ്രാന്തൻ കണക്കുമിതി!!