1. വിപിനമതിമോഹനം
വിജന,സുഖദായകം
2. വിസരഘനഭൂരുഹം
വിചലദലമർമ്മരം
3. വികച,ഋതുശോഭിതം
വിദളസുമസുന്ദരം
4. വികിരശുഭകൂജനം
വിയുതഭയവിശ്വകം
5. വിലസുമനിലൻ ചിരം
വിതറുമഗസൗരഭം
6. വിഗരഹിമവിദ്രുതം
വിമലസലിലാകരം
7. വിവിധമയഹാരിതം
വിഹിതസുഖശീതളം
8. വിപുലവനവൈഭവം
വിദയമരിയും ജനം
9. വിഗതവനരക്ഷണം
വിഭുതമതിലക്ഷണം
------------------------------------------------------------------------------------------------
വിഭുതമതിലക്ഷണം
------------------------------------------------------------------------------------------------
ടിപ്പണി
[വിഗതവനം=പൊയ്പോയ വനം,വിപിനം=കാട് ,
വിജനം=ഏകാന്തം, വിസരം= കൂട്ടം, ഭൂരുഹം=വൃക്ഷം, വിചല=ചപല, ദലമർമ്മരം=ഇലകൾ ഇളകുന്ന ശബ്ദം,
വിജനം=ഏകാന്തം, വിസരം= കൂട്ടം, ഭൂരുഹം=വൃക്ഷം, വിചല=ചപല, ദലമർമ്മരം=ഇലകൾ ഇളകുന്ന ശബ്ദം,
വികചം = പൂത്തുനിൽക്കുന്ന മരം, വിദളം =വിടർന്നത്, വികിരം =പക്ഷി, വിയുത =കൂടാതെ , വിശ്വകം= മൃഗസമൂഹം, അനിലൻ=കാറ്റ് , അഗം=വൃക്ഷം, വിദ്രുതം=ഉരുകിയത്, സലിലം=ജലം, ആകരം=രത്നഖനി, ഹാരിതം=പച്ചനിറം, വിഹിത=കൂടിയ, ശീതളം=തണുത്തത്,
വിപുലം= സമൃദ്ധം, വിദയം=ദയകൂടാതെ, വിഗതം=പോയ്‌പ്പോയത്, രക്ഷണം=രക്ഷിക്കൽ, വിഭുത=മഹത്തായ, മതി=ബുദ്ധി]
------------------------------------------------------------------------------------------------
സംഗ്രഹം
- അതിയായി മോഹിപ്പിക്കുന്നതും, സുഖമുള്ള ഏകാന്തത നൽകുന്നതുമായ കാട്.
- ഇടതിങ്ങിയ മരകൂട്ടങ്ങളും അവയുടെ ചപലമായ ഇലകൾ പുറപ്പെടുവിക്കുന്ന മർമ്മരവും ഉള്ളയിടം.
- മാറിവരുന്ന ഋതുക്കളെ ശോഭിതമാക്കുമാറ് പൂത്തുനിൽക്കുന്ന മരങ്ങൾ ഉള്ളയിടം.
- പക്ഷികൾ ശുഭസൂചകമായി കൂജനം ചെയ്യുകയും, മൃഗസമൂഹം ഭയം കൂടാതെ വിഹരിക്കുകയും ചെയ്യുന്നയിടം.
- വിലസിനടക്കുന്ന കാറ്റ് സദാ വൃക്ഷങ്ങളുടെ സൗരഭം വിതറുന്നയിടം.
- പർവ്വതങ്ങളിൽനിന്ന് ഹിമം ഉരുകിവീണ വിമലമായ ജലാശയങ്ങളാകുന്ന രത്നഖനികൾ നിറഞ്ഞയിടം.
- വിവിധങ്ങളായ പച്ചനിറങ്ങൾ കൂടിക്കലർന്നതും, സുഖകരമായ തണുപ്പുള്ളതുമായയിടം.
- സമൃദ്ധമായ ഈ വനസമ്പത്ത് ഒരു ദയയുമില്ലാതെ നശിപ്പിക്കുന്ന മനുഷ്യർ.
- പൊയ്‌പ്പോയ വനങ്ങളെ രക്ഷിക്കൽ മഹത്തായ ബുദ്ധിയുടെ ലക്ഷണമാണ്.
അര്‍ത്ഥവത്തായ കവിത
ReplyDeleteമനോഹരമായ രചന
ആശംസകള്‍ ടീച്ചര്‍
പ്രാസം
ReplyDeleteപദസമ്പത്ത്
ആശയം
എല്ലാം നന്നായിട്ടുണ്ട്