മാനത്തുലാത്തുന്ന വാറൊളിത്തിങ്കളേ
താഴത്തു പോരുവാന്‍ മോഹമില്ലേ?
ചേലൊത്ത ഭൂമിയെ ദൂരത്തുനിന്നു
കൊതിയ്ക്കാതെ ചാരത്തു വന്നുനില്‍ക്കൂ.
പൂനിലാവിന്‍ കുടം തേച്ചുമിനുക്കി നീ
പോരുകില്‍ പൈമ്പാല്‍ നിറച്ചുനല്കാം,
താരസതീര്‍ത്ഥ്യരെപ്പോലുള്ള വെണ്മുല്ല-
ത്താരുകളെക്കൂട്ടു തന്നയയ്ക്കാം,
നിന്‍ മേനി മൂടും തണുപ്പു തോല്‍ക്കും നല്ല
പാല്‍നുരച്ചോലയില്‍ മുങ്ങിനീന്താം,
വെണ്‍നിശാപുഷ്പങ്ങള്‍ തൂകും നറുമണ-
മാകെനിന്‍ മേനിയില്‍ പൂശിനില്‍ക്കാം,
ഞങ്ങളോടൊത്തൊരാ വിണ്ണിനെ നോക്കിയീ
ഭൂമിയില്‍ നിന്നുമശംസ ചൊല്ലാം...
പോരുമോ താഴെ പൊന്നമ്പിളീ വെണ്‍കതിര്‍
ചോരും നിലാക്കുടം കയ്യിലേന്തി?
കുട്ടിക്കവിത നന്നായിട്ടുണ്ട് ടീച്ചര്‍
ReplyDeleteആശംസകള്‍