Followers

Thursday, October 4, 2018

ചന്ദ്രോത്സവം


പ്രാലേയഭാനുവിൻ പ്രാസാദമംബരേ  
തീർക്കുന്ന പാൽക്കടൽ നീന്തിക്കടക്കുവാൻ 
സുന്ദരനീരദറാണിമാർ മന്ദമായ് 
നീങ്ങുന്നു, ലാലസമാനസഗാമിമാർ,  
കാർക്കുഴൽവേണിയാലേണാങ്കനെ മുകിൽ 
മാലികമാർ മറച്ചീടുന്നിടയ്ക്കിടെ, 
മിന്നിത്തിളങ്ങുമുഡുക്കൾ നഭസ്സിലെ 
കണ്ണുപൊത്തിക്കളി കണ്ടു ഹസിക്കവേ   
യാമദളങ്ങൾ പൊഴിഞ്ഞു, നിശീഥിനി 
ക്രീഡാവിവശരോടോതുന്നുവിങ്ങനെ,
പോകുന്നു ഞാനുഷസന്ധ്യയ്‌ക്കു മുമ്പിനി 
ദ്യോവിൽ ദിവാകരനെത്തുന്ന നേരമായ്, 
പോവുക കേളി മതിയാക്കി നിങ്ങളീ  
മാലേയകമ്പളം കൊണ്ടുപോയീടുക!  
അർക്കനശ്വാരൂഢനായ് ദിഗ്വിജയിയായ്
പശ്ചിമദിക്കുകടക്കുമനന്തരം
കണ്ടിടാം വീണ്ടുമീയാകാശവീഥിയിൽ
സത്ചിദാനന്ദത്തിനുത്തുംഗസീമയിൽ!  


5 comments: