വൃന്ദാവനത്തിലെ പൊൻപുലരി
കണ്ടെൻ മനം മയിലായിളകി,
ഗോരോചനത്തിൻ്റെ ഹൃദ്യഗന്ധം
ചോരുന്ന കാറ്റുമ്മ വച്ച നേരം
ഏകാകിയായിമ പൂട്ടി മെല്ലെ
ചുണ്ടിൽ ഹരേകൃഷ്‌ണമന്ത്രമോടെ
ശാന്തമായേകാഗ്രചിത്തമോടെ
ഗോവിന്ദരൂപം നിനച്ചിരുന്നേൻ,
കണ്ടേനൊരു മാത്ര മിന്നൽ പോലെ
മാധവാ, നിൻ വാമപാദപദ്‌മം!
നീലാരവിന്ദദലാംഗുലികൾ ,
ചിപ്പിത്തിളക്കമോലും നഖങ്ങൾ,
മേലെ നീലാംബരചാരുവർണ്ണം,
പാടലമാം കാലടിപ്രഭയും...!
കണ്ടുകൊതിതീർന്നതില്ല, മാഞ്ഞേൻ
ചിത്തേ തെളിഞ്ഞ നിൻ ദിവ്യപാദം!
നിൻ രമണീയത്രിഭംഗരൂപം
നിത്യവുമുള്ളിൽത്തെളിഞ്ഞുകാണാൻ
കൃഷ്ണാ! ഹരേ! സച്ചിദാനന്ദമേ!
നിൻ ചരണാഗതിയ്ക്കായണഞ്ഞേൻ!
No comments:
Post a Comment