Followers

Wednesday, January 24, 2024

ധർമ്മപാദുകം
























രാമനെക്കാണുവാൻ പോകണം വൈകാ-
തയോദ്ധ്യാപുരിയ്ക്കു പോയീടണം
സാകേതബാലനെക്കണ്ടുവണങ്ങുവാൻ
കോസലത്തിൽച്ചെന്നുചേരണം.

എണ്ണക്കറുപ്പാർന്നൊരഞ്ജനക്കല്ലിലെ-
യത്ഭുതമൂർത്തിയെക്കാണണം,
തൃക്കാൽക്കലാനന്ദബാഷ്പമുതിർത്തിടു-
മഞ്ജനാപുത്രനെക്കാണണം!

കാഞ്ചനസായകം, പൊൻധനുസ്സെന്നിവ -
യേന്തിയ ബാഹുക്കൾ കാണണം,
ശംഖുചക്രഗദപത്മങ്ങളാർന്നൊരാ
വിഷ്ണുസ്വരൂപനെക്കാണണം!

വെള്ളിപ്പളുങ്കൊത്ത കൺകൾ ചൊരിയു-
മാനന്ദതീർത്ഥത്തിലാറാടണം!
പുണ്യസരയുവിന്നോളങ്ങളോടൊത്തു
രാമനാമം ജപിക്കേണം.

മുത്തു,പവിഴ,മാണിക്യ,വജ്രങ്ങളാൽ
മിന്നും സുവർണ്ണമുകുടം,
പച്ചമരതകമുത്തുമണിക -
ളിളകിയാടും ഹേമഹാരം, 

മിന്നുമരപ്പട്ട, മഞ്ഞപ്പുടവയും 
ചാർത്തിനിൽക്കും ബാലരൂപം!
കാണുമാറാകണം, പോകണം വൈകാതെ - 
യെൻ രാമലല്ലയെക്കാണാൻ!

ത്രേതായുഗാരംഭമായ് വീണ്ടു -
മീ മണ്ണിലാനന്ദരാമനണഞ്ഞു,
സ്വാമിയെക്കണ്ടു ഭരതനും നന്നായ്
നിറഞ്ഞു മിഴിയും മനസ്സും!

നല്ല ഭരതർഷഭൻമാരിനിയുമീ
ഭാരതദേശം ഭരിക്കാൻ,
ധർമ്മം പുലർന്നിടാൻ ശ്രീരാമപാദുകം
ചിത്തത്തിൽ നിത്യം സ്മരിപ്പൂ!

ശ്രീരാമ രാമ ജയ രാമ രാമ
ഹരേ രാമ രാമ ശരണം!

No comments:

Post a Comment