ഈ കലികാലത്തിൽ ഒരു ഭക്തനു ലഭിക്കാവുന്ന അപൂർവ്വപുണ്യങ്ങളിലൊന്നായി ഗോവർദ്ധനഗിരിപരിക്രമയെ സനാതനധർമ്മികൾ കരുതിപ്പോരുന്നു.
ശ്രീമദ്ഭാഗവതത്തിൽ പരാമർശിച്ചിട്ടുള്ളതുപോലെ വ്രജവാസികൾ മഴ ലഭിക്കുന്നതിനായി ഇന്ദ്രനെ പൂജിക്കുക പതിവായിരുന്നു. എന്നാൽ ഒരിക്കൽ ശ്രീകൃഷ്ണൻ അവരോടു പറഞ്ഞു, നമ്മൾ ഗോക്കളെ പാലിക്കുന്ന വൃത്തി സ്വീകരിച്ചവരാണ്. വനങ്ങളിലും പർവ്വതങ്ങളിലും കഴിഞ്ഞുകൂടുന്ന നമ്മളുടെ ഗൃഹം ഈ വനം തന്നെയാണ്. അതിനാൽ നമ്മെ പരിപാലിക്കുന്ന ഈ ഗോവർദ്ധനപർവ്വതത്തിനും ഗോക്കൾക്കും ബ്രഹ്മജ്ഞർക്കുമായിട്ടാണ് യജ്‌ഞം അനുഷ്ഠിക്കേണ്ടത്.
ഭഗവാൻ്റെ വാക്കുകൾ കേട്ട നന്ദഗോപരുൾപ്പെടെയുള്ള വ്രജവാസികൾ ഇന്ദ്രനായി ഒരുക്കിവച്ച വിഭവങ്ങൾ കൊണ്ടുതന്നെ ഗോവർദ്ധനഗിരിയ്ക്കും ഗോക്കൾക്കും ബ്രഹ്മജ്ഞാനികൾക്കുമുള്ള യജ്‌ഞം ആരംഭിച്ചു.
പട്ടി, ചണ്ഡാളന്മാർ, പതിതർ തുടങ്ങി എല്ലാവർക്കും യഥാവിധി ഭക്ഷണം നൽകി. പശുക്കൾക്ക് ആദരവോടെ പച്ചപ്പുല്ലു കൊടുത്ത് അവയെ മുൻനടത്തി ഗോവർദ്ധനഗിരിയെ പ്രദക്ഷിണം വച്ചു. വിവിധതരം ഭക്ഷ്യപൂജാദിദ്രവ്യങ്ങൾ ഗോവർദ്ധനഗിരിക്കായി സമർപ്പിക്കപ്പെട്ടു. ഏവരുടെയും മനസ്സിനെ ഭക്തിയിൽ ഉറപ്പിക്കുവാനായി ഭഗവാൻ സ്വയം താൻ ഗോവർദ്ധനമാണെന്നു പറഞ്ഞുകൊണ്ട് വ്രജവാസികൾ സമർപ്പിച്ച പൂജകൾ സ്വീകരിക്കുകയും അന്നപാനീയങ്ങൾ ഭക്ഷിക്കുകയും ചെയ്തു. ഗോവർദ്ധനപർവ്വതം സ്വരൂപമെടുത്ത് തങ്ങൾ നൽകിയ യജ്‌ഞം സ്വീകരിച്ച് അനുഗ്രഹിച്ചിരിക്കുന്നുവല്ലോ എന്നു വ്രജവാസികളെല്ലാം അതിശയിച്ചു. വ്രജവാസികളുടെയും ഗോക്കളുടെയും ക്ഷേമത്തിനായി ഇനിമുതൽ ഗോവർദ്ധനപർവ്വതത്തെ സദാ നമസ്ക്കരിക്കണമെന്നു വ്രജവാസികൾ തീർച്ചയാക്കി. അന്നുമുതൽ ഭക്തർ ഗോവർദ്ധനഗിരിയെ പ്രദക്ഷിണം വയ്ക്കുന്നത് പരമപാവനമായി കരുതിപ്പോരുന്നു.
പരിക്രമയ്ക്കിടയിലെ ദൃശ്യങ്ങളോരോന്നും പ്രകൃതിസുന്ദരമാണ്. ഉയരം കുറഞ്ഞു നീളത്തിൽ കാണപ്പെടുന്ന ഗോവർദ്ധനഗിരിയുടെ ഇപ്പോഴത്തെ ഉയരം ഏതാണ്ട് എൺപത് അടിയും നീളം ഏതാണ്ട് എട്ടു കിലോമീറ്ററുമാണെന്നു പറയപ്പെടുന്നു. ആദ്യകാലങ്ങളിൽ ഈ പർവ്വതത്തിന് ഏതാണ്ട് നൂറ്റിപ്പതിനഞ്ചു കിലോമീറ്റർ നീളവും ഇരുപത്തിയഞ്ചു കിലോമീറ്റർ ഉയരവുമുണ്ടണ്ടായിരുന്നുവത്രേ. നിത്യവും ഒരു കടുകുമണിയോളം ചുരുങ്ങിപ്പോകട്ടെ എന്നു പുലസ്ത്യമുനി ഗോവർദ്ധനപർവ്വതത്തെ ശപിച്ചതായി പറയപ്പെടുന്ന പുരാണകഥ നേരിട്ടു കണ്മുന്നിൽ അനുഭവപ്പെടുന്നതായാണു ഗോവർദ്ധനഗിരിയെ അടുത്തറിയാവുന്നവർ പറയുന്നത്.
രണ്ടു മാർഗ്ഗങ്ങളിലൂടെ ഗോവർദ്ധനഗിരിയെ ചുറ്റാം. ഉള്ളിലൂടെയുള്ള പതിനെട്ടു കിലോമീറ്റർ പാതയും പുറത്തുകൂടിയുള്ള ഇരുപത്തിമൂന്നു കിലോമീറ്റർ പാതയും. ഉള്ളിലൂടെയുള്ള പരിക്രമപാത താരതമ്യേന കാഠിന്യം കുറഞ്ഞതാണ്. മാത്രവുമല്ല, ഉള്ളിലെ പാതയിലൂടെ പോകുമ്പോൾ വലതുവശത്തു ഗോവർദ്ധനപർവതത്തെ കണ്ടുകൊണ്ടു പ്രദക്ഷിണം വയ്ക്കാനാകും. ഗോവർദ്ധനഗിരിയുടെ ഏറിയ പങ്കും ഉത്തർപ്രദേശിലും കുറച്ചു ഭാഗം രാജസ്ഥാനിലുമാണ് സ്ഥിതി ചെയ്യുന്നത്. പരിക്രമമാർഗ്ഗത്തിലൂടെ ചെരുപ്പുപയോഗിക്കാതെ വേണം പതിനെട്ടു കിലോമീറ്റർ പരിക്രമ പൂർത്തിയാക്കാൻ. തണുപ്പുള്ള സമയമായതിനാൽ ചിലരെല്ലാം സോക്സ് ഉപയോഗിച്ചിരുന്നു. പരിക്രമ തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ തിരിഞ്ഞു നടക്കാതെ വേണം പ്രദക്ഷിണം പൂർത്തിയാക്കുവാൻ.
രാധാകൃഷ്ണന്മാരുടെ ദിവ്യസാന്നിദ്ധ്യമുള്ള തീർത്ഥസ്ഥാനമായ രാധാകുണ്ഡിലെയും ശ്യാമകുണ്ഡിലെയും പുണ്യജലത്തെ തൊട്ടുവണങ്ങി അനുവാദം വാങ്ങിയതിനു ശേഷമാണു ഭക്തർ ഗോവർദ്ധനഗിരിപരിക്രമയ്ക്കു പുറപ്പെടുക. പരിക്രമയ്ക്കിടയിലെ രണ്ടു പ്രധാനപ്പെട്ട സ്ഥാനങ്ങളാണ് 'അന്യോര'യും 'പൂഞ്ജരി കാ ലോഠ'യും.
അന്യോര ഒരു അതിപുരാതനമായ ഗ്രാമമാണ്. ഗോവർദ്ധനഗിരിയായി സ്വയം മാറിയ ഭഗവാൻ ഈ സ്ഥലത്തുവച്ച് വ്രജവാസികൾ നൽകിയ ഭക്ഷണപാനീയങ്ങളെല്ലാം സ്വീകരിച്ചശേഷം 'ഇനിയും കൊണ്ടുവാ...ഇനിയും കൊണ്ടുവാ' എന്ന അർത്ഥത്തിൽ 'അനോ രേ...അനോ രേ' എന്നു പറഞ്ഞുകൊണ്ടിരുന്നുവെന്നും അതിനാൽ ഈ സ്ഥലം അന്യോര എന്നറിയപ്പെട്ടു എന്നും ഐതിഹ്യം.
പൂഞ്ജരി കാ ലോഠാ ഉത്തർ പ്രദേശ് - രാജസ്ഥാൻ അതിർത്തിപ്രദേശമാണ്. ഗോവർദ്ധനപർവ്വതത്തിന്
ഒരു ഗോവ് ഇരിക്കുന്നതുപോലുള്ള ആകൃതിയാണ്. ഈ പ്രദേശത്തെത്തുമ്പോൾ ഗോവർദ്ധനഗിരിയ്ക്കു പശുവിൻ്റെ വാലറ്റമെന്നു തോന്നിക്കുന്ന ആകൃതി കൈവരുന്നു. പൂഞ്ജരി എന്നാൽ വാലറ്റം എന്നാണ് അർത്ഥം. ഈ പ്രദേശത്താണു
ലോഠാജി ബാബയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എത്രപേർ ഓരോ ദിവസവും പരിക്രമയ്ക്കായി എത്തുന്നു എന്ന കണക്കു സൂക്ഷിക്കാൻ ഭഗവാൻ ഏൽപ്പിച്ചു എന്നു കരുതപ്പെടുന്ന ലോഠാജി ബാബയോടും അനുവാദം വാങ്ങി വേണം ഗോവർദ്ധനഗിരിപരിക്രമയുടെ ശേഷിച്ച ദൂരം താണ്ടാൻ. ഹനുമാനുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങളും പൂഞ്ജരി കാ ലോഠായോട് ചേർത്തു പറഞ്ഞുകേൾക്കാറുണ്ട്.
എല്ലാ ഐതിഹ്യങ്ങളിലും പരമമായ ഒരു തത്വം ഒളിഞ്ഞിരിക്കുന്നുണ്ടാവും. വേദാധിഷ്ഠിതമായ പരമാർത്ഥതത്വഗ്രഹണം എളുപ്പമാക്കുവാൻ പറയപ്പെട്ടവയാണല്ലോ പുരാണകഥകൾ. അവയെ അതിനായി ഉപയോഗിച്ചതിനുശേഷം അവയിൽനിന്നും സത്തുമാത്രമെടുത്ത് പുറത്തുകടന്നു സ്വയം മനനം ചെയ്ത് ആത്മോദ്ധാരണം നടത്തുമ്പോഴേ ഓരോ തീർത്ഥയാത്രയും സഫലമാകുന്നുള്ളൂ.
ഗോവർദ്ധഗിരിപരിക്രമ എന്ന കർമ്മത്തിലൂടെ അത്തരമൊരു മാനസികോദ്ധാരണമാണ് ഭഗവാൻ നമ്മിൽ സാദ്ധ്യമാക്കുന്നത്. ഭഗവാൻ കൃഷ്ണനെക്കാൾ മികച്ച ഏതു പ്രകൃതിസ്നേഹിയെയും ഏതു സമത്വവാദിയെയുമാണു നമുക്കീ ലോകത്തിൽ കാണാനാവുക?!
ഗോ എന്നാൽ പശു എന്നും ഇന്ദ്രിയം എന്നും ഭൂമി എന്നുമെല്ലാം അർത്ഥമുണ്ട്. "ഉദ്ധരേതാത്മനാത്മാനം" എന്നു തുടങ്ങുന്ന ഗീതാശ്ലോകത്തിൽ (6.5) ഭഗവാൻ ഉപദേശിക്കുംപോലെ ഓരോരുത്തരെയും പരമമായി ഉദ്ധരിക്കേണ്ടത് അവരവർ തന്നെയാകുന്നു. അതിനായി ഇന്ദ്രിയങ്ങളെ സമ്യക്കായി നിയമിച്ച് മനസ്സാകുന്ന ഗോവർദ്ധനപർവ്വതത്തെ നമുക്ക് ആ ശ്രീകൃഷ്ണപരമാത്മാവിൻ്റെ വിരൽത്തുമ്പിൽ അർപ്പിക്കാം.
ഹരേ കൃഷ്ണ! 🙏
No comments:
Post a Comment