മൂകാംബിക ക്ഷേത്രത്തിലും കുടജാദ്രിയിലുമെല്ലാം മനസ്സു തെളിഞ്ഞു പ്രാർത്ഥിച്ചു നമസ്ക്കരിച്ചതിനു ശേഷമുള്ള മടക്കയാത്രയിൽ കൊല്ലൂരമ്മ അപ്രതീക്ഷിതമായി ഒരനുഗ്രഹം നൽകി ! മൂകാംബികയിൽ നിന്നു മുരുഡേശ്വരിലേയ്ക്കു പുറപ്പെട്ട് അധികം വഴി പിന്നിടുംമുമ്പ് വഴിയോരത്തായുള്ള ഒരു വനദേവതക്ഷേത്രത്തിൽ പൂജകൾ നടക്കുന്നു. അവിടെ നിന്നും ഒരാൾ കുങ്കുമപ്രസാദവുമായി കാറിനടുത്തേയ്ക്കു വന്നതുകൊണ്ടുമാത്രമാണ് അങ്ങനെയൊരു ക്ഷേത്രം അവിടെയുണ്ട് എന്നറിയാനായത്. മാസ്തി കാട്ടെ എന്നാണാ ക്ഷേത്രമിരിക്കുന്ന സ്ഥലത്തിന്റെ പേര് എന്നാണ് ഞങ്ങൾ യാത്രയ്ക്കായി വിളിച്ച ടാക്സിയുടെ ഡ്രൈവർ പറഞ്ഞത്. (Masti Katte - ഉച്ചാരണം ശരിയായി അറിയില്ല. )
ഈ ക്ഷേത്രത്തിൽ മൂകാംബികാദേവിയെ വനദേവതഭാവത്തിൽ ആരാധിച്ചുവരുന്നുവെന്നാണ് അറിയാനായത്. പ്രധാന പ്രതിഷ്ഠയെക്കൂടാതെ വർണ്ണാഭമായ വസ്ത്രങ്ങളോടു കൂടിയ, വനദേവതകളുടെ തന്നെയെന്നു തോന്നിക്കുന്ന വലിയ ബിംബങ്ങളും അരികിലായി കാണാം. കരിങ്കല്ലോ മണ്ണോ തടിയോ കൊണ്ടുണ്ടാക്കിയതാവണം അവ.
കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ഈ ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ച് വഴിപാടായി തൊട്ടിൽ തൂക്കാറുണ്ട്. ഇങ്ങനെ ധാരാളം തൊട്ടിലുകൾ ക്ഷേതത്തിനു മുന്നിലായി
കെട്ടിത്തൂക്കിയിരിക്കുന്നതു കാണാം.
പ്രകൃതിയോടിഴുകി നിൽക്കുന്ന ആ ക്ഷേത്രത്തിലെ വനദേവതകളെ തൊഴുതു പ്രദക്ഷിണം വച്ച് പഞ്ചഭൂതങ്ങളെയും നമിച്ചു പ്രാർത്ഥിച്ചിറങ്ങിയപ്പോൾ തോന്നി, ഇപ്പോഴാണു മൂകാംബികദർശനം ശരിക്കും പൂർത്തിയായതെന്ന് .
വനദേവതാസങ്കല്പം മനസ്സിൽ നിറയ്ക്കുന്ന ആ ഊർജ്ജം ചെറുതല്ല. വിശ്വപ്രകൃതിയാകെ നിറഞ്ഞിരിക്കുന്ന പരാശക്തിയുമായി നേരിട്ടു സംവദിക്കുന്ന അനുഭവമാണ് തനതു വനദേവതാ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ പ്രകൃതിയെ ഉപാസിക്കുന്ന ഭക്തർക്കു ലഭിക്കുക.
പണ്ടു ധാരാളമായി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന വനദേവതാക്ഷേത്രങ്ങൾ ഇപ്പോൾ എണ്ണത്തിൽ വളരെ കുറഞ്ഞുപോയി. ഉള്ളവതന്നെ പുനരുദ്ധാരണദുരന്തങ്ങൾ മൂലം രൂപമാറ്റം സംഭവിച്ച് കോൺക്രീറ്റും ടൈലും കുത്തിനിറച്ചും വനങ്ങളുടെ സ്വാഭാവികവളർച്ച നിയന്ത്രിച്ച് ഉദ്യാനപ്പരുവമാക്കിയുമെല്ലാം തനിമ നഷ്ടപ്പെട്ടു കഴിഞ്ഞു.
ഭഗവതി പലപ്പോഴും ഇങ്ങനെയാണ്. നാം പ്രതീക്ഷിച്ചിരിക്കാത്ത സമയത്ത് നമുക്ക് പിന്നീടൊരിക്കൽക്കൂടി കിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത ചില അമൂല്യനിമിഷങ്ങൾ സമ്മാനിക്കും ! 🙏
No comments:
Post a Comment