Followers

Tuesday, February 16, 2016

പ്രകൃതി പാഠങ്ങൾ


ഗൂഗിൾ ചിത്രം 



















പങ്കമാർന്ന ജലാശയം 
അതിലപങ്കിലം മൃദുപങ്കജം 
തലനീട്ടി നിന്നുചിരിക്കയായ് 
കറയറ്റ ജീവിതചാരുത!

ചെളി തന്നിലാണ്ടൊരു വേരുകൾ 
പകരുന്നതില്ലൊരു തുള്ളിയും 
മാലിന്യമീ സുമറാണിയാം 
ഏടലർദളരാജിയിൽ 

ചുറ്റുമുള്ളൊരഴുക്കിലും 
മന:ശുദ്ധി കാത്തുവയ്ക്കുന്നവൾ 
മലരിട്ടു നില്പു  ജലോപരി 
പരിശുദ്ധിതൻ പര്യായമായ് 

കണ്ടുകൊള്ളുക മാനവാ 
ശുഭചിന്ത കൊള്ളണമേതിലും 
സർവവും ശുഭമായതിൻ 
ശേഷമെന്നു ശഠിച്ചിടാ! 

ഉള്ളതെത്ര മനോഹരം 
എന്നു തോന്നണമെപ്പൊഴും 
ഉള്ളതെങ്ങിനെയെത്രമേൽ 
ചന്തമാക്കാമെന്നതും! 

ഗുണചിന്ത കൊണ്ടു ഗുണിക്കണം 
ഗുണമുള്ളതിൻ ഗണമൊക്കെയും 
ബാക്കിയൊക്കെ ഹരിക്കണം 
ശുഭചിന്ത വന്നുപെരുക്കുവാൻ 

ചുറ്റുമുള്ളവരൊക്കെയും 
ചെയ്തുവെന്നൊരു ഹേതുവാൽ 
തെറ്റിനെ ശരി വയ്ക്കണോ? 
ശരി ചെയ്വതിന്നു  ഭയക്കണോ?

ചുറ്റുമെത്രയിരുട്ടിലും 
വഴി തെറ്റിടാതെ പറക്കുവാൻ 
മിന്നാമിനുങ്ങിനു വേണമോ 
മറ്റുവല്ല വെളിച്ചവും!

കണ്ണിൽ കാണുവതൊക്കെയും 
കുറ്റമെന്നതു തോന്നുകിൽ 
സുഖമുള്ള കാറ്റു തലോടിലും 
കരിമുള്ളതെന്നു കലമ്പിടും 

നല്ല ചിന്തയിൽ നിന്നുമേ 
നല്ല വാക്കുകൾ പൊന്തിടൂ  
നല്ല വാക്കുകൾ പിന്നെയോ 
നല്ല കർമ്മവുമായിടും

ചരാചരങ്ങൾ വസിക്കുമീ 
അഖിലാണ്ഡമണ്ഡലമാകെയും 
ശുഭമായ ചിന്ത നിറയ്ക്കുവാൻ 
അശുഭം കളഞ്ഞുകുളിക്കണം .

കേട്ടുകേട്ടു മടുത്തുവോ 
ഗീർവാണമെന്നുമതിങ്ങനെ ?
എന്നെയൊന്നു നന്നാക്കുവാൻ 
തന്നെയൊന്നു ശ്രമിപ്പു ഞാൻ!


10 comments:

  1. നല്ല ചിന്തകള്‍ ടീച്ചര്‍
    തീര്‍ച്ചയായും,കുട്ടികളില്‍ ചെറുപ്പത്തില്‍ത്തന്നെ നല്ല ചിന്തകള്‍ വളര്‍ത്തണം.
    ഉന്നതിയിലേക്ക് നയിക്കേണ്ടത് നല്ല മാര്‍ഗ്ഗത്തിലൂടെയായിരിക്കണം...
    ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി സർ. പ്രകൃതിയിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ ഇന്നത്തെ കുട്ടികൾക്ക് നഷ്ടമാകുന്നു. virtual ലോകത്ത് നിന്ന് ഭ്രമിപ്പിക്കുന്ന അറിവുകളും പാഠങ്ങളും ഒരുപാട് ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അറിഞ്ഞ കാര്യങ്ങളും അനുഭവിക്കുന്ന കാര്യങ്ങളും തമ്മിൽ പലപ്പോഴും tally ആകാതെ പോകുന്നു. ഫലം നിരാശ, ദേഷ്യം, അന്തർമുഖത്വം, hyper activeness തുടങ്ങി നൂറായിരം പ്രശ്നങ്ങൾ.

      Delete
  2. കവിത വളരെ നന്നായി.

    ReplyDelete
  3. കേട്ടു കേട്ടു മടുത്തുവോ
    ഗീർവാണമെന്നുമതിങ്ങനെ ?
    എന്നെയൊന്നു നന്നാക്കുവാൻ
    തന്നെയൊന്നു ശ്രമിപ്പു ഞാൻ!
    ഇഷ്ടമായി


    ReplyDelete
  4. നല്ല കവിത,നല്ല എഴുത്ത്.. ഉള്ളത്കൊണ്ട് തൃപ്തിപ്പെടുക, ശരി ചെയ്യാൻ ആരെ ഭയക്കണം തുടങ്ങിയ കുറെ നല്ല ആശയങ്ങൾ. അധർമ്മം കൊടികുത്തി വാഴുന്ന ഈ കാലത്ത് ധർമത്തിന്റെ ഒരു മിന്നാമിനുങ്ങ് വെട്ടമെങ്കിലും കാണിച്ചു കൊടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.....

    ReplyDelete
    Replies
    1. നന്ദി യുനൈസ്. ബ്ലോഗിലേക്ക് സ്വാഗതം.

      Delete
  5. ചെറിയ പ്രായത്തിലേ കുട്ടികൾക്ക് താങ്ങാവുന്നതിലധികം ഭാരം
    തലയിലേറ്റിക്കൊടുക്കുന്ന വിദ്യാഭ്യാസരീതി. അടച്ചു മൂടിയ ക്ലാസ്സ് മുറികളിലിരുന്നുള്ള പഠനം. പ്രകൃതിയെ അറിയാനോ, പ്രകൃതിയിൽ നിന്നും അറിയേണ്ട കാര്യങ്ങൾ മനസ്സിലാക്കാനോ കുട്ടികൾക്കെവിടെ സമയം ടീച്ചർ? കവിത നന്നായിരുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. കുട്ടിത്തമുള്ള കുട്ടികളെ കാണാൻ കൊതിയാകുന്നുണ്ട്. വിലപ്പെട്ട സമയത്തിൽ അല്പം ഇത് വായിക്കാനും, വിശദമായ അഭിപ്രായം എഴുതാനും ചിലവാക്കിയതിന് നന്ദി ഗീത.

      Delete